പുതുപ്പള്ളി പള്ളിയിൽ വെച്ചൂട്ടിന് ഒരുക്കങ്ങൾ ആരംഭിച്ചു
പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിൽ വെച്ചൂട്ടിന് ഒരുക്കങ്ങൾ ആരംഭിച്ചു. പെരുന്നാൾ സമാപന ദിനമായ എട്ടിനാണ് വെച്ചൂട്ട് നടത്തുന്നത്. മാങ്ങാഅച്ചാറും, മോരും, ചമ്മന്തിപ്പൊടിയുമാണ് വെച്ചൂട്ടിലെ പ്രധാന വിഭവങ്ങൾ. ഇടവകകൂട്ടായ്മ ഇവ തയാറാക്കുന്നത് പ്രാർഥനാപൂർവമാണ്. പതിനായിരക്കണക്കിനു വിശ്വാസികളാണ് എല്ലാ വർഷവും വെച്ചൂട്ടിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു ഒഴുകിയെത്തുന്നത്.
വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയാറാക്കൽ ഇന്ന് ആരംഭിക്കും. വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനകൾക്കു ശേഷം ഭക്തിപൂർവമാണ് വിഭവം തയാറാക്കൽ നടത്തുക. വിഭവങ്ങൾ തയാറാക്കൽ എല്ലാ വർഷവും പ്രധാന പെരുന്നാളിനു ദിവസങ്ങൾക്കു മുൻപേ ആരംഭിക്കും. മാങ്ങാ അരിയുന്നതും ചമ്മന്തിപ്പൊടിക്കുള്ള തേങ്ങ ചുരണ്ടുന്നതും സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തി ഇടിക്കുന്നതിനു പുരുഷന്മാരും മുൻനിരയിലുണ്ടാകും.
നേർച്ചയായാണ് ഭക്തജനങ്ങളും ഇടവക ജനങ്ങളും ഈ ചടങ്ങുകളിലും പങ്കെടുക്കുന്നത്. വെച്ചൂട്ടിനുള്ള വിഭവങ്ങളും നേർച്ചയായി പള്ളിയിൽ എത്തിക്കുന്നവരുണ്ട്. വാഴയിലകൾ വരെ ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നു നേർച്ചയായി എത്തിച്ചു നൽകും.
വെച്ചൂട്ടിനായി 2500 കിലോ മാങ്ങായ്‌ക്കുള്ള മാങ്ങാക്കറിയാണ് തയാറാക്കിയത്. കൊശമറ്റം ഫിനാൻസ് മാനേജിങ് ഡയറക്ടർ മാത്യു കെ.ചെറിയാന്റെ പത്നി ലൈല മാത്യുവും കോട്ടയം നഗരസഭാ വൈസ് ചെയർപഴ്‌സൻ ജാൻസി ജേക്കബും ചേർന്നാണു മാങ്ങാ അരിയലിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
പെരുന്നാളിനോടനുബന്ധിച്ചു പാറക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ അഖില മലങ്കര സംഗീത മൽസരം പള്ളിയിൽ ഇന്നലെ നടന്നു.കുർബാനയ്ക്കു ഫാ. പി.ജെ.ജോസഫ് പാലക്കപ്പറമ്പിലും വചനപ്രഘോഷണത്തിനു ജോസഫ് സാമുവൽ കോറെപ്പിസ്ക്കോപ്പ കറുകയിലും കാർമികത്വം വഹിച്ചു. ഇന്നു 10.30നു താഴത്തുകുന്നേൽ അഹറോൻ എസ്. ചെറിയാൻ മെമ്മോറിയൽ അഖില മലങ്കര പ്രസംഗ മൽസരം നടത്തും. കെ.വി.ജോൺ കോറെപ്പിസ്കോപ്പ കൊടുവത്ത് ഉദ്ഘാടനം ചെയ്യും. 6.30നു ഫാ. ഫിലിപ് ജി.വർഗീസ് കൊല്ലം വചനപ്രഘോഷണം നടത്തും.
https://ovsonline.in/articles/puthuppally_perunal_features/