പരിശുദ്ധ കാതോലിക്ക ബാവ ലോകമെമ്പാടുമുള്ളവര്‍ക്ക് ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്നു
“ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം” എന്ന സ്വര്‍ഗീയ ആശംസ ഹൃദയങ്ങളില്‍ ഉള്‍ക്കൊള്ളേണ്ട കാലമാണ് ക്രിസ്മസ്. ദൈവഹിതമറിഞ്ഞ് ദൈവപ്രസാദമുള്ള പ്രവൃത്തികള്‍ ചെയ്യുവാനും കൂടുതല്‍ നന്മയുള്ള മനുഷ്യരായി രൂപപ്പെടുവാനും രക്ഷകന്‍റെ തിരുജനനം ആഹ്വാനം ചെയ്യുന്നു. നിര്‍മലഹൃദയത്തോടെ അവനെ അന്വേഷിച്ചുകൊണ്ട്, പൂര്‍ണ്ണ സമര്‍പ്പണത്തോടെ അവനെ ആരാധിക്കുവാന്‍ സാധിക്കുമ്പോഴാണ് ദൈവപുത്രന്‍റെ പിറവി നമ്മുടെ ജീവിതത്തില്‍ അര്‍ത്ഥവത്താകുന്നത്. ദൈവത്തെ ഒരു ശിശുവിനെപ്പോലെ കാണുവാനും മനസ്സിലാക്കുവാനും സ്വീകരിക്കുവാനും സാധിക്കുക-ക്രിസ്മസിന്‍റെ സൗഭാഗ്യമാണത്. അഗതിയുടെയും ദരിദ്രന്‍റെയും ദുഃഖത്തിന്‍റെയും പക്ഷം ചേര്‍ന്നുകൊണ്ട്, അവരുടെ കണ്ണീരൊപ്പുന്നതിന് പര്യാപ്തമായ കര്‍മപരിപാടികള്‍ ഓരോ ക്രൈസ്തവ കുടുംബവും പ്രാര്‍ത്ഥനാപൂര്‍വ്വം ഏറ്റെടുക്കുവാന്‍ തയ്യാറാകണം. നമ്മുടെ അറിവുകളും അന്വേഷണങ്ങളും വഴിതെറ്റുന്നുണ്ടോ എന്നുള്ള ഒരു ചോദ്യവും ക്രിസ്മസ് അവശേഷിപ്പിക്കുന്നുണ്ട്. ക്രിസ്തുജനനം ഹെരോദേസിനെപ്പോലെ നമുക്ക് അസ്വസ്ഥതകളാണ് നല്‍കുന്നതെങ്കില്‍ നമ്മുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് ഹൃദയങ്ങളിലെ മാലിന്യത്തെ നീക്കുവാന്‍ ഈ ജനനപ്പെരുന്നാള്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ് ഈ ക്രിസ്മസ് അനുഗ്രഹപൂര്‍ണമായിത്തീരുന്നത്. അനുഗ്രഹകരമായ ക്രിസ്മസും നന്മകള്‍ നിറഞ്ഞ പുതുവത്സരവും എല്ലാവര്‍ക്കും ആശംസിക്കുന്നു.