നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു
കോട്ടയം : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാനേജിങ് കമ്മിറ്റിയംഗങ്ങളായഫാ.ലാബി പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോ എബ്രഹാം, ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത എന്നിവർ ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദീയന്‍ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു. ശ്ലൈഹിക വാഴ്‌വുകള്‍ നല്‍കിയ പരിശുദ്ധ കാതോലിക്ക ബാവ ഇത്തരത്തിലൊരു സന്ദര്‍ശനം ഇതാദ്യമാണെന്നും അതിന്റെ ഹൃദ്യത മനസിലാക്കുന്നുവെന്നു അഭിപ്രായപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടതുമായ സഭാ മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍ ഒത്തൊരുമയോടെ കാണാനെത്തിയതിലുള്ള സന്തോഷം കാതോലിക്ക പരിശുദ്ധ ബാവ പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപ്പോസ്‌തോലിക സന്ദര്‍ശനത്തില്‍ പുതിയതായി വാങ്ങിയ ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ പോയി കണ്ടു മനസിലാക്കിയ പരിശുദ്ധ ബാവ പുരോഗതിയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം അന്വേഷിച്ചു. മാര്‍ നിക്കോളോവസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഭദ്രാസനം ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നതില്‍ പരിശുദ്ധ ബാവ സന്തുഷ്ടി രേഖപ്പെടുത്തി.
പരിശുദ്ധ കാതോലിക്ക സിംഹാസനത്തോടും പരിശുദ്ധ കാതോലിക്ക ബാവയോടുമുള്ള കൂറും വിധേയത്വവും പ്രകടിപ്പിച്ച മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്ന ഭദ്രാസനത്തിലെ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സഭാതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത പരിശുദ്ധ ബാവയെ അറിയിച്ചു. ജൂലൈ 12 മുതല്‍ 15 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുവാന്‍ കമ്മിറ്റിയംഗങ്ങള്‍ പരിശുദ്ധ ബാവയെ ക്ഷണിച്ചു. പരിശുദ്ധ ബാവയുടെ സാന്നിധ്യം അമേരിക്കന്‍ ഭദ്രാസനത്തിന് മുതല്‍ക്കൂട്ടാണെന്നും ക്ഷണം സ്വീകരിച്ച് അനുഗ്രഹിക്കണമെന്നും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അഭ്യര്‍ഥിച്ചു.