പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ പഴയ സെമിനാരിയില്‍
മലങ്കരയുടെ മണ്ണിൽ വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ സഭയുടെ കാവൽ പോരാളി , കാതോലിക്കേറ്റിന്റെ കാവൽ ഭടൻ, സഭാ ഭരണഘടനയുടെ മുഖ്യ ശില്‍പി, മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനി !
കോട്ടയം : മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 83-മത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ പരിശുദ്ധന്‍ കബറടങ്ങിയിരിക്കുന്ന പഴയസെമിനാരിയില്‍ ആചരിക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ചടങ്ങുകളില്‍ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ സഹ കാര്‍മ്മീകാരായിരിക്കും.പെരുന്നാളിന് തുടക്കംകുറിച്ചു 19 ന് രാവിലെ 9 -ന് യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ കൊടിയേറ്റ് നിര്‍വ്വഹിക്കും. 20 ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.21 ന് പ്രൊഫ. തോമസ് കുരുവിളയും പ്രസംഗം നടത്തും. 22 ന് രാവിലെ ധ്യാനത്തിന് ഫാ. ഡോ. ഒ. തോമസ് നേതൃത്വം നല്‍കും.
വിവിധ ദേവാലയങ്ങളില്‍ നിന്ന് കാല്‍നടയായി എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് വൈകീട്ട് 5 മണിക്ക് സെമിനാരി കവാടത്തില്‍ സ്വീകരണം. വൈകിട്ട് 7 മണിക്ക് ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 23 ന് രാവിലെ 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ് . 11 ന് മര്‍ത്തമറിയം വനിതാ സമ്മേളനം പരിശുദ്ധ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ആനി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സന്യാസ സമ്മേളനം മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഭവന നിര്‍മ്മാണ സഹായവിതരണം സോഫിയാ സെന്‍ററില്‍ പരിശുദ്ധ ബാവാ നിര്‍വ്വഹിക്കും. ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.