പരിശുദ്ധ കാതോലിക്ക ബാവ നവംബറില്‍ ന്യൂസിലാന്‍ഡിലെത്തും
ന്യൂസിലാന്‍ഡ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതിയന്‍ കാതോലിക്ക ബാവ നവംബര്‍ മാസം 10 മുതല്‍ 14 വരെ ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്നതാണ്. പരി. കതോലിക്ക ബാവായുടെ ആദ്യ ന്യൂസിലാന്‍ഡ് സന്ദര്‍ശനമാണിത്. കേരളത്തില്‍ നിന്നും പുറപ്പെട്ട് 10ന് ഓക് ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, വികാരി റവ. അനൂപ് ഈപ്പന്‍, കമ്മറ്റി അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് വരവേല്‍ല്‍പ്പ് നല്‍കും.
ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി പരിശുദ്ധ കാതോലിക്ക ബാവാ വെല്ലിംഗ്ടന്‍, ഹാമില്‍ട്ടന്‍ എന്നിവിടങ്ങളിലെ ഇടവക പളളികള്‍ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. നവംബര്‍ 13 ന് ഓക് ലാന്‍ഡില്‍ എത്തുന്ന പരിശുദ്ധ പിതാവ് ന്യൂസിലാന്‍ഡില്‍ ആദ്യമായി പണിത് കൂദാശ ചെയ്ത സെന്റ് ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിനുശേഷം പരിശുദ്ധ മാതാവിന്റെ നാമത്തിലുളള കുരിശും തൊട്ടിയുടെ കൂദാശയും മറ്റുളള പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. 14നു പരിശുദ്ധ പിതാവ് ന്യൂസിലാന്‍ഡില്‍ നിന്നു യാത്ര തിരിച്ച് ഓസ്ട്രേലിയ്ക്ക് പോകും. വികാരി റവ. അനൂപ് ഈപ്പന്‍, കമ്മറ്റി അംഗങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.