പഴഞ്ഞി പെരുന്നാളിന് കൊടിയേറി; പെരുന്നാൾ ദിവസങ്ങളിൽ വൺവേ കർശമാക്കി
കുന്നുകളും/തൃശ്ശൂര്‍ : പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാളിന് കൊടിയേറി. പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധനായ എൽദോ മാർ ബസേലിയോസ് ബാവായുടെ 331-മത് ഓർമ്മ പെരുന്നാളിന് തുടക്കംകുറിച്ചു കൽക്കട്ട ഭദ്രസന അധിപൻ ഡോ.ജോസഫ് മാർ ദിവന്നസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒക്ടോബർ 2,3 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ പരിശുദ്ധ കാതോലിക്ക ബാവ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. പരിശുദ്ധനായ എല്‍ദോ ബാവായുടെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന ദേവാലയമാണിത്.
(ഫയല്‍ : 2015)
പള്ളിയിൽ കൊടി കയറ്റിയതിന് ശേഷം അങ്ങാടികളിൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടി കയറ്റി. പെരുനാൾ വരെ ദിവസവും രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനയും വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും ഉണ്ടാകും. പെരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 7.30ന് യൂഹാനോൻ റമ്പാൻ മുഖ്യകാർമികനായി മൂന്നിന്മേൽ കുർബാന അർപ്പിക്കും. 6.30ന് പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം. തുടർന്ന് കൊടിയും കുരിശുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം.
വിവിധ കുരിശുപള്ളികളിൽ ധൂപപ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിലെത്തി സമാപിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്ക ബാവാ ശ്ലൈഹിക വാഴ്‌വ് നൽകി അനുഗ്രഹിക്കും. രാത്രിയോടെ ദേശക്കാരുടെ വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പ് ആരംഭിക്കും. അൻപതോളം കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് പുലർച്ചെ പള്ളിയിലെത്തി സമാപിക്കും . തിങ്കളാഴ്ച 6.30ന് പഴയ പള്ളിയിൽ യൂഹാനോൻ റമ്പാൻ മുഖ്യകാർമികനായി മൂന്നിന്മേൽ കുർബാന അർപ്പിക്കും.
ഒൻപതിന് പുതിയ പള്ളിയിൽ പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ട് പള്ളിയിൽ സമാപിക്കും. 3.45ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. തുടർന്ന് പൊതുസദ്യ വിതരണവും ഉണ്ടാകും. ചൊവ്വാഴ്ച ഏഴിന് കുർബാനയ്ക്ക് ശേഷം ലേലംവിളി നടക്കും. പെരുന്നാളിന് വികാരി ഫാ.സൈമൺ വാഴപ്പിള്ളി,സഹവികാരി ഫാ.മാത്യു വർഗീസ് കൊളങ്ങാട്ടിൽ, ട്രസ്റ്റി അനീഷ് സി.ജോർജ്, സെക്രട്ടറി സജു കെ.ഡേവിഡ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.
പെരുന്നാള്‍ തിരക്ക് : പോലീസ് നിയന്ത്രണം
പഴഞ്ഞി കത്തീഡ്രലിൽ ഞായറും തിങ്കളും നടക്കുന്ന പെരുന്നാളിനു നാസിക് ഡോൾ ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു. ശനിയാഴ്ച മിനി പെരുന്നാളിനു നാസിക് ഡോൾ കൊട്ടാൻ ഉപാധികളോടെ പൊലീസ് അനുമതി നൽകി. രാത്രി ഏഴു മുതൽ 11 വരെ മാത്രമേ വാദ്യമേളങ്ങൾ പാടുള്ളു.
പെരുന്നാൾ ദിവസങ്ങളിൽ വൺവേ കർശനമായി നടപ്പിലാക്കും. പകൽ മൂന്നു വരെ ആനയെ എഴുന്നള്ളിക്കാൻ പാടില്ലെന്നും മദ്യം കഴിച്ച പാപ്പാൻമാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. പെരുന്നാൾ കമ്മിറ്റികളുടെയും പൊലീസിന്റെയും സംയുക്ത യോഗത്തിലാണു നിർദേശങ്ങൾ നൽകിയത്. കുന്നംകുളം എസ്ഐ ടി.പി.ഫർഷാദ്, വികാരി ഫാ. സൈമൺ വാഴപ്പിള്ളി, സഹവികാരി ഫാ. മാത്യു വർഗീസ് കൊളങ്ങാട്ടിൽ, ട്രസ്റ്റി അനീഷ് സി. ജോർജ്, സെക്രട്ടറി സജു കെ.ഡേവിഡ് എന്നിവർ പ്രസംഗിച്ചു.