ഗ്രീക്ക് ആർച്ച്ബിഷപ് മക്കാറിയോസ് പരുമല, നിരണം പള്ളികൾ സന്ദർശിച്ചു
പത്തനംതിട്ട : ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ജറുസലേം പാത്രീയർക്കേറ്റിനു കീഴിലുള്ള ഖത്തർ ആർച്ച്ബിഷപ് ആർച് ബിഷപ്പ് മക്കാറിയോസ് മെത്രാപോലീത്ത മലങ്കരസഭയുടെ പ്രധാന തീർഥാടന കേന്ദ്ര ദേവാലയങ്ങളായ പരുമല സെമിനാരിയും നിരണം പള്ളിയും സന്ദർശിച്ചു. ജൂലൈ 30 ശനിയാഴ്ച പരുമലയിലെത്തിയ മക്കാറിയോസ് മെത്രാപ്പോലീത്തയെ സെമിനാരി മാനേജർ ഫാ.സി.എം കുര്യാക്കോസ് സ്വീകരിച്ചു. മെത്രാപ്പോലീത്ത പരുമല തിരുമേനിയുടെ കബറിങ്കൽ പ്രാർത്ഥിച്ചു. തുടർന്ന് സന്ധ്യാ പ്രാർത്ഥനയിൽ പങ്കുചേർന്ന മക്കാറിയോസ് മെത്രാപ്പോലീത്ത അന്നേ ദിവസം പരുമല സെമിനാരിയിൽ ചിലവഴിച്ചതിന് ശേഷം പിറ്റേന്ന് നിരണം വലിയ പള്ളിയിൽ നടന്ന കുർബാനയിൽ സംബന്ധിച്ചു. ഇടവക വികാരി ഫാ.ജിജി വർഗീസ് പള്ളിയുടെ ഉപഹാരം മെത്രാപ്പോലീത്തയ്ക്ക് സമ്മാനിച്ചു. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത സഭയുടെ പ്രതിനിധിയായി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നിരണത്തെ തോമാ കടവ് സന്ദർശിച്ച ശേഷമാണ് മക്കാറിയോസ് മെത്രാപ്പോലീത്ത മടങ്ങിയത്. പീരുമേട്ടിൽ സമാപിച്ച ഗൾഫ് ഓർത്തഡോക്സ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായിയാണ് അദ്ദേഹം മലങ്കരയിൽ എത്തിയത്.