Departed Spiritual FathersOVS - ArticlesOVS - Latest News

യിസ്രായേലില്‍ ഒരു വലിയ രാജാവ് ഇന്നു വീണിരിക്കുന്നു…

ചെങ്ങന്നൂര്‍ എന്ന ഭദ്രാസനവും കിഴക്കേതലയ്ക്കല്‍ തോമസ് മാര്‍ അത്താനാസ്യോസ് എന്ന മെത്രാപ്പോലീത്തായും പിറവിയെടുത്തത് ഒരേ കാലത്താണ്. പുതുതായി വേര്‍തിരിക്കപ്പെട്ട ആടുകളും പുല്‍മാലിയും ഇടയനോടൊപ്പം ചേര്‍ക്കപ്പെട്ടു. ഇന്ന് മലങ്കരസഭയില്‍ നവംനവങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പാക്കുന്ന ഏറ്റവും മികച്ച ഭദ്രാസനമാണ് ചെങ്ങന്നൂര്‍. അതിനേക്കാള്‍ ഉപരി, മലങ്കരസഭയിലെ പ്രശ്‌നരഹിതമായ ഭദ്രാസനവുമാണിത്.Copyright-ovsonline.in

ഇതിൻ്റെ കാരണം തേടി ചെല്ലുമ്പോളാണ് തോമസ് മാര്‍ അത്താനാസ്യോസ് സീനിയര്‍ മെത്രാപ്പോലീത്തായുടെ വിയോഗം സഭയ്ക്കുണ്ടാക്കിയ നഷ്ടം യഥാര്‍ത്ഥത്തില്‍ എന്തെന്നു മനസിലാകുന്നത്. മലങ്കരസഭയ്ക്ക് നഷ്ടപ്പെട്ടത് പ്രായോഗികതയുള്ള ഒരു നിയമജ്ഞനേയും കാര്യക്ഷമതയും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണാധികാരിയേയും സര്‍വോപരി ആഭിജാത്യമുള്ള ഒരു നസ്രാണിപ്രമുഖനേയേയുമാണ്. ഈ നഷ്ടത്തിൻ്റെ ആഴം ആരും മനസിലാക്കിയിട്ടില്ല. പക്ഷേ അതു മനസിലാക്കാന്‍ സഭയ്ക്ക് അധികം കാലം വേണ്ടിവരികയില്ല.

ആഭിജാത്യമുള്ള ഒരു നസ്രാണി എന്ന വിശേഷണം ആദ്യമെടുക്കാം. ഇന്ത്യന്‍ സംസ്‌കാരത്തിലും നസ്രാണി പൈതൃകത്തിലും തികഞ്ഞ അഭിമാനബോധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മാര്‍ അത്താനാസ്യോസ്. അതൊരുതരം അഹങ്കാരമായിത്തന്നെ അദ്ദേഹം കൊണ്ടുനടന്നു. അതല്ല ഇവിടെ വിഷയം.

കഴിഞ്ഞ സഭാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ സര്‍വധാ യോഗ്യനായിരുന്നിട്ടും അദ്ദേഹം പങ്കെടുത്തില്ല. ബൈപാസ് സര്‍ജറിക്കായി ആശുപത്രിയില്‍ ആയിരുന്ന അദ്ദേഹത്തിനു പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ അദ്ദേഹത്തിനു പരിഭവവും പരാതിയും ഉണ്ടെന്നു കണക്കുകൂട്ടി. അത് ആദായപ്പെടുത്താമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ മാര്‍ അത്താനാസ്യോസ് ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും പ. പൗലൂസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണത്തിനു കാപ്പയിട്ടു വി. കുര്‍ബാന ചൊല്ലി സ്ഥാനാരോഹണം നടത്തി. അതിനു ശേഷം പരുമലനിന്നും ചെങ്ങന്നൂര്‍ക്കു മടങ്ങുന്നവഴി ഈ ലേഖകനെ വിളിച്ചു പറഞ്ഞു. …എടാ, ഞാന്‍ കാപ്പയൂരി കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സഭാപ്രമാണി വന്നു ചോദിച്ചു. ”തിരുമേനി; നമുക്കൊരു നിയുക്തന്‍ വേണ്ടേ?” ഞാന്‍ ഒരാട്ടാട്ടി. ”അങ്ങേരു കുറച്ചു കാലം ആ കസേരയില്‍ ഒന്നിരിക്കെട്ട. എന്നിട്ടു പോരെ നിയുക്തന്‍’ എന്നു ഞാന്‍ ചോദിച്ചു… അതായിരുന്നു മാര്‍ അത്താനാസ്യോസ്.

അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഒരു സുന്നഹദോസ് അധിഷ്ഠിത (Synodical) ഭരണ സംവിധാനത്തില്‍ മെത്രാന്‍ എന്ന നിലയില്‍ തനിക്കുള്ള അധികാരവും അവകാശവും ഉപയോഗിച്ച് തന്റെ കാഴ്ചപ്പാടുകള്‍ മുഖത്തുനോക്കി വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. പക്ഷേ അതു സുന്നഹദോസിൻ്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രമായിരുന്നു. അല്ലാതെ സദസറിയാതെ കിട്ടുന്ന വേദികളില്‍ അവയൊക്കെ വിളിച്ചുകൂവി സഭയെ നാണംകെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. അതിനെയാണ് ആഭിജാത്യം എന്നു വിളിക്കുന്നത്.Copyright-ovsonline.in

നസ്രാണികളുടെ ജാതിക്കുതലവന്മാരോാട് പല നടപടികളിലും അഭിപ്രായവിത്യാസം വെച്ചുപുലര്‍ത്തിയിരുന്നു എങ്കിലും ആ സ്ഥാനമഹിമയ്ക്ക് കോട്ടം വരുത്തുവാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. തൻ്റെ അഭിപ്രായഭിന്നതകള്‍ സുന്നഹദോസില്‍ വ്യക്തമായി പ്രകടിപ്പിക്കുമ്പോഴും ആ സ്ഥാനമഹിമയക്ക് കോട്ടം വരുന്ന സംഭാഷണങ്ങള്‍ സുന്നഹദോസില്‍പ്പോലും ഉയരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. …എടാ ബാവാ തിരുമേനി സഭയുടെ തലവനാണ്. അദ്ദേഹം മോശക്കാരനാകുന്നത് സഭയെ മോശമാക്കും. അതു സംഭവിക്കാന്‍ പാടില്ല. അദ്ദേഹത്തിനു തെറ്റുപറ്റിയാല്‍ തിരുത്തണം. അത് സുന്നഹദോസിൻ്റെ കടമ. പക്ഷേ ഇരുചെവി അറിയരുത്… ഒരിക്കല്‍ മാര്‍ അത്താനാസ്യോസ് ഈ ലേഖകനോട് പറഞ്ഞതാണിത്. …എനിക്കു പറയാനുള്ളത് ഞാന്‍ പറയും. അത് പറയേണ്ട വേദിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അവിടെ മാത്രമേ ഞാന്‍ പറയു… എന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. അഭിപ്രായഭിന്നത നിലനില്‍ക്കുമ്പോഴും കാഴ്ച്ചക്കുലയുമായി മാത്രം ജാതിക്കുതലവനെ സന്ദര്‍ശിക്കുന്ന അദ്ദേഹം പിന്തുടര്‍ന്നത് യഥാര്‍ത്ഥ നസ്രാണി സംസ്‌ക്കാരമാണ്.

സഭയുടെ കൊമ്പ് എപ്പോഴും ഉയര്‍ന്നു നില്‍ക്കണം എന്നാണ് മാര്‍ അത്താനാസ്യോസ് ആഗ്രഹിച്ചിരുന്നത്. അതിന് മെത്രാന്മാര്‍ തങ്ങളുടെ ആഭിജാത്യം നിലനിര്‍ത്തണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതേ സമയംതന്നെ സഭാദ്ധ്യക്ഷന്മാര്‍ തങ്ങളുടെ ഇടയനടുത്ത കടമകള്‍ സ്വന്തം നിലയില്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കരുതിയിരുന്നു.

മലങ്കരസഭാംഗമായ ഉമ്മന്‍ ചാണ്ടി ആദ്യ തവണ മുഖ്യമന്ത്രിയായി നിയോഗിതനായപ്പോള്‍ സത്യപ്രതിജ്ഞാ ദിനം അതിരാവിലെ മാര്‍ അഅത്താനാസ്യോസ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് അന്നു വാര്‍ത്തയും പിന്നീട് വിവാദവുമായിരുന്നു. അതിനെപ്പറ്റി അദ്ദേഹം ഈ ലേഖകനോട് പിന്നീട് പറഞ്ഞത്: …എടാ, നമ്മുടെ സഭയില്‍നിന്നും ആദ്യമായി ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. അയാള്‍ക്ക് ഒരു ആശംസയും അനുഗ്രഹവും കൊടുക്കേണ്ടത് സഭയുടെ കടമയാണ്. ഇനി എന്ന് ഈ സ്ഥാനത്ത് നമ്മുടെ ഒരാള്‍ ഉണ്ടാകുമെന്നു ഒരു നിശ്ചയവുമില്ല. ഞാന്‍ അതങ്ങു ചെയ്തു. ആരും പറഞ്ഞിട്ടല്ല; എൻ്റെ സ്വന്തം ഇഷ്ടം. അതു ചെയ്തില്ലെങ്കില്‍ ശരിയല്ല എന്നെനിക്കു തോന്നി… പിന്നീടൊരിക്കലും – ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം സത്യപ്രതിജ്ഞയ്ക്കുപോലും – അദ്ദേഹം പോയില്ല എന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ആ സഭാ സ്‌നേഹത്തിൻ്റെയും ഇടയധര്‍മ്മത്തിൻ്റെയും ആഴം മനസിലാകുന്നത്.

മെത്രാന്മാരുടെ ആഭിജാത്യത്തെക്കുറിച്ചുള്ള അതേ കാഴ്ചപ്പാടുതന്നെയാണ് കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു സമയം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ...രാഷ്ട്രീയക്കാരെ മെത്രാന്മാര്‍ ഹോട്ടലില്‍ പോയി കാണേണ്ട ആവശ്യം സഭയ്ക്കില്ല. കാണേണ്ടത് അവരുടെ ആവശ്യമാണ്. എന്നെ ബഥേലിലോ (ആസ്ഥാനം) ഓതറയോ (വാസഗൃഹം) മുന്‍കൂട്ടി സമയമറിയിച്ചുവന്നാല്‍ ആര്‍ക്കും കാണാം. എല്ലാവരും ചെയ്യുന്നത് അതാണ്. കാണേണ്ടത് എൻ്റെ ആവശ്യമല്ല; അവരുടെയാണ്. ആരെയും ഞാന്‍ കാണാതിരിക്കില്ല എന്നു നിനക്കറിയാമല്ലോ. എന്നാണ് ഈ വിഷയത്തെപ്പറ്റി ഈ ലേഖകനോട് അദ്ദേഹം പ്രതികരിച്ചത്.Copyright-ovsonline.in

നിയമജ്ഞന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് നിയമശാസ്ത്ര വിശാരദന്‍ എന്നല്ല. മറിച്ച് സ്വന്തം നിയമത്തെപ്പറ്റി ധാരണയുള്ള, അതു കൃത്യമായി പാലിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ്. ഇക്കാര്യത്തില്‍ മാര്‍ അത്താനാസ്യോസ് സംശയലേശമന്യെ മുന്‍പന്തിയിലാണ്. …(സഭാ നിയമങ്ങള്‍) അനുസരിച്ചാല്‍ സഭയില്‍ ഒരു പ്രശ്‌നങ്ങളുമുണ്ടാകില്ല. നിയമലംഘനമാണ് എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം. റൂള്‍സ് എന്താണെന്ന് നമ്മള്‍ മനസ്സിലാക്കണം… എന്നാണ് 2018 ഏപ്രിലില്‍ നടന്ന അദ്ദേഹത്തിന്റെ അശീതി ആഘോഷത്തോട് അനുബന്ധിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ ഔദ്യോഗിക മുഖപത്രമായ ബഥേല്‍ പത്രികയ്ക്കുവേണ്ടി ഈ ലേഖകന്‍ നടത്തിയ ഇന്‍ര്‍വ്യൂവില്‍ വ്യക്തമാക്കിയത്. തന്റെ ആത്മീയപിതാവും മാതൃകാ പുരുഷനുമായ കിഴക്കിന്റെ മഹാനായ കാതോലിക്കാ ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനായിരുന്നു ഇക്കാര്യത്തിലും അദ്ദേഹത്തിന്റെ മാതൃക.

മുകളില്‍ പറഞ്ഞ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയ ഒരു വസ്തുതയുണ്ട്. …ഞാന്‍ റോള്‍മോഡല്‍ ആയി കാണുന്നത് പ. വട്ടക്കുന്നേല്‍ ബാവാ തിരുമേനിയെയാണ്. ആബുദാബിയില്‍ ഞാന്‍ വികാരിയായിരിക്കുമ്പോള്‍ കഷ്ടാനുഭവ ആഴ്ച നടത്തുന്നതിനായി മാത്യൂസ് പ്രഥമന്‍ ബാവാ എഴുന്നുള്ളി. ഒരു ദിവസം സഭാഭരണഘടന എടുത്തു കൊണ്ടുവരുന്നതിന് എന്നോട് ആവശ്യപ്പട്ടു. ഒരു ദിവസം മുഴുവന്‍ ഇരുന്നു ഭരണഘടനയുടെ ഒരോ വകുപ്പും, പിന്നെയുള്ള ഓരോ ദിവസവും കൂദാശകളും എല്ലാം പഠിപ്പിച്ചു. പിന്നെ കുറെ ഉപദേശങ്ങള്‍ ഒക്കെ തന്നു. അവയില്‍ ചിലത്; എത് കര്‍മ്മം നടത്തിയാലും അതില്‍ പൂര്‍ണ്ണമായും ഇഴുകി ചേര്‍ന്ന് നടത്തണം. കാട്ടികൂട്ടി കര്‍മ്മം നടത്തിയാല്‍ ഫലകരമാകില്ല. ഏതു പ്രോഗ്രാം എവിടെ ഏറ്റിരുന്നാലും സമയത്ത് ചെന്നിരിക്കണം. ഭരണഘടന ഓരോരുത്തര്‍ക്കും ഒരോ റോള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരേയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തണം… അതുതന്നെയാണ് മാര്‍ അത്താനാസ്യോസ് പ്രാവര്‍ത്തികമാക്കിയതും.

നിയമം ലൗകീകഭരണത്തിനു മാത്രമുള്ളതല്ല. അത് കൗദാശികമായ വിഷയങ്ങളെയും ബാധിക്കുന്നതാണ്. ഇക്കാര്യത്തിലും മാര്‍ അത്താനാസ്യോസ് മാതൃത കാണിച്ചു. ഒക്കുന്നിടത്ത് ഒപ്പിക്കുന്ന കൗദാശിക അനുഷ്ഠാനങ്ങള്‍ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സ്വന്തമായ നിലയില്‍ അദ്ദേഹം അതിനു പ്രതിവധി കണ്ടെത്തിയിരുന്നു, മുകളില്‍ പറഞ്ഞ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ …ആരാധനയില്‍ വേദഭാഗങ്ങള്‍ വെട്ടിച്ചുരുക്കി പ്രാര്‍ത്ഥനകള്‍ പൂര്‍ത്തീകരിക്കാതെ പോകുന്നതില്‍ മനോവിഷമമുണ്ട്. ഇതിന് പരിഹാരമായിട്ടാണ് ശവസംസ്‌കാര ശുശ്രൂഷയില്‍ പഴയനിയമമടക്കം വേദഭാഗങ്ങള്‍ ഞാന്‍ വായിപ്പിക്കുന്നത്. ദേശീയ ഭാവങ്ങള്‍ സഭയുടെ സമ്പത്താണ്. തദ്ദേശീയമായ ആചാരങ്ങളും ഭാവങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കണം…. എന്നപ്രസ്താവനതന്നെ ഉദാഹരണം. ഈ ആവശ്യത്തിനായി സ്വന്തം ആനീദാ പുസ്തകത്തിൻ്റെ അവസാനം യുക്തമായ പഴയ നിയമഭാഗം എഴുതിയിടുകയും അത് കൃത്യമായി വായിപ്പിക്കുകയും ചെയ്ത പ്രതിബന്ധതയെ നമിക്കണം.

ഏതൊരു വിഷയത്തേയും സഭാനിയമങ്ങളോടൊപ്പം നിശിതമായ ചരിത്ര ബോധത്തോടെയാണ് മാര്‍ അത്താനാസ്യോസ് സമീപിച്ചിരുന്നത്. ഈ യുക്തിബോധമാണ് ചെങ്ങന്നൂര്‍ ഭദ്രാസനത്തെ പ്രശ്‌നരഹിതമാക്കി രൂപാന്തരപ്പെടുത്തിയത്. ഏതൊരു വിഷയത്തിലും വിദഗ്ദരുടെ സേവം തേടാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. അത്തരമൊരു സംഭവമാണ് ഈ ലേഖകനെ വിശ്വാസത്തിലെടുക്കാന്‍ മാര്‍ അത്താനാസ്യോസിനെ പ്രേരിപ്പിച്ചത് എന്നാണ് ഈ ലേഖകൻ്റെ വിശ്വാസം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിൻ്റെ ഭൂമികയിലുള്ള ഒരു പള്ളിയെ സംബന്ധിച്ച് ആത്മീയമായ ഒരു പ്രശ്‌നം ഉടലെടുത്തു. അതില്‍ സഭാചരിത്രപരമായ ഒരു ഘടകമുണ്ട്. അതിനെക്കുറിച്ച് ഈ ലേഖകൻ്റെ സുഹൃത്തായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ അഭിപ്രായപ്രകാരം ഈ ലേഖകൻ്റെ വിദഗ്‌ദോപദേശം അദ്ദേഹം തേടി. എഴുതിക്കൊടുത്ത മറുപടി അദ്ദേഹം സ്വീകരിച്ചു. അതനുസരിച്ച് തീരുമാനം ഉണ്ടായി. ആ പ്രശ്‌നവും തീര്‍ന്നു. അതോടെയാണ് ഈ ലേഖകനെ അദ്ദേഹം അംഗീകരിച്ചത്.

നിയമജ്ഞന്‍ മുഖംനോക്കാതെ നീതിനിഷ്ഠമായി നടപടി എടുക്കുന്നവനായിരിക്കണം എന്നാണ് വയ്പ്പ്. അക്കാര്യത്തിലും മാര്‍ അത്താനാസ്യോസ് മാതൃകയാണ്. ഉന്നത സ്വാധീനമുള്ള ഒരു കത്തനാര്‍ തൻ്റെ അറിവോ സമ്മതമോ കൂടാതെ കോര്‍എപ്പിസ്‌ക്കോപ്പാ സ്ഥാനം സ്വീകരിച്ച വിവരം അദ്ദേഹം അറിയുന്നത് സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷമാണ്. എങ്കിലും നവ കോര്‍എപ്പിസ്‌ക്കോപ്പാ വീട്ടിലെത്തുന്നതിനുമുമ്പ് അദ്ദേഹത്തെ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നിന്നും വിടര്‍ത്തിയ കല്‍പ്പന അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ചു ചരിത്രം സൃഷ്ടിച്ചത് മാര്‍ അത്താനാസ്യോസ് ആണ്. അങ്ങിനെ ചെയ്യാന്‍ നിയമനിഷ്ട വേണം, ധൈര്യം വേണം, സഭയോടും അതിൻ്റെ കീഴ്‌വഴക്കങ്ങളോടും പ്രതിബന്ധത വേണം. അവ ഉണ്ടായിരുന്നു മാര്‍ അത്താനാസ്യോസിന്.

ഇതിന് സഭയുടെ മുഖ്യധാരയില്‍ അദ്ദേഹം നടത്തിയ വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ പരിശോധിച്ചാല്‍ മതി. സുന്നഹദോസ് സെക്രട്ടറി എന്ന നിലയില്‍ സുന്നഹദോസിൻ്റെയും ഇതര സമതികളുടേയും നടപടിചട്ടങ്ങളില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍, സ്‌കൂള്‍ മാനേജര്‍ എന്ന നിലയില്‍ എം.ഡി. & കാതോലിക്കേറ്റ് സ്‌കൂളുകള്‍ക്ക് ഒരു പൊതുവായ മാനേജ്‌മെന്ററൂം നിയമാവലിയും ഗവേണിംഗ് ബോര്‍ഡും, എം.ഒ.സി. പബ്‌ളിക്കേഷന് വ്യപസ്ഥാപിതമായ ചട്ടക്കൂട് … ഇവയൊക്കെ ഇതിനു ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവില്‍ മെത്രാന്‍ തിരഞ്ഞെടുപ്പിനു വ്യക്തമായ മാര്‍ഗ്ഗരേഖ ഉണ്ടാക്കിയതും രണ്ടു തിരഞ്ഞെടുപ്പുകള്‍ക്ക് അതനുസരിച്ചുള്ള നേതൃത്വം വിജയകരമായി വഹിച്ചതും മുഖപക്ഷമില്ലാത്ത നിയമജ്ഞനെ കണ്ടെത്താനുള്ള ശ്രോതസുകളാണ്.

കാര്യപ്രാപ്തിയും ദീര്‍ഘവീക്ഷണവുമുള്ള ഭരണധികാരി ആയിരുന്നു മാര്‍ അത്താനാസ്യോസ്. അതിന് സ്വന്തം ഭദ്രാസനമായ ചെങ്ങന്നൂര്‍ പരിശോധിച്ചാല്‍ മതി. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തിൻ്റെ പ്രതിമാസ മുഖപത്രം. നവഭദ്രാസനത്തിൻ്റെ ചുമതല ഏറ്റയുടന്‍ അദ്ദേഹം ഭദ്രാസനത്തിനൊരു മുഖപത്രം ആരംഭിച്ചു ബഥേല്‍ പത്രിക. ആദ്യം ത്രൈമാസികം ആയിരുന്ന ബഥേല്‍ പത്രിക അധികം താമസിയാതെ മാസിക ആയി. മൂന്നു ദശാബ്ദത്തിലധികമായി ഒരു ലക്കം പോലും മുടങ്ങാതെ അത് ഇന്നും പ്രസിദ്ധീകരിക്കുന്നു. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കരസഭ ഒഴികെ മറ്റൊരു സഭാ പ്രസിദ്ധീകരണത്തിനും ഇത്തരമൊരു റിക്കാര്‍ഡ് അവകാശപ്പെടാനാവില്ല. ഇടവകപ്പള്ളികളിലെ ജനസംഖ്യ അനുസരിച്ച് പള്ളി ട്രസ്റ്റില്‍നിന്നും വാര്‍ഷിക വരിസംഖ്യ മുന്‍കൂര്‍ പിഴിഞ്ഞെടുത്ത പല ഭദ്രാസന പ്രസിദ്ധീകരണങ്ങളും ഏന്തിവലിഞ്ഞോടുകയും സൗകര്യപ്രദമായി കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയുമാണ് ചെയ്തത് എന്നുകൂടി ചിന്തിക്കണം. ബഥേല്‍ പത്രികയുടെ വിജയത്തിനു കാരണം സൂക്ഷ്മമായ മാനേജ്‌മെന്റ് എന്ന് ഈ ലേഖകന്‍ പറയും. കാരണം എപ്പോഴും തൻ്റെ ഭദ്രാസനത്തിലെ കഴിവുള്ള ഒരു വൈദീകനെ അദ്ദേഹം പൂര്‍ണ്ണസമയം ബഥേല്‍ പത്രികയുടെ ചുമതലയില്‍ നിയോഗിക്കുന്നതുകൊണ്ട്. ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷേ അതു വിജയകരമായി മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഭരണനിര്‍വഹണ പാടവം വേണം. വ്യക്തിപരമായ താല്‍പ്പര്യങ്ങളോ ആശ്രിത വാത്സല്യമോ ഉണ്ടാകരുത്. കഴിവുള്ളവരെ കൈകാര്യകര്‍ത്രത്വം ഏല്‍പ്പിക്കുക, കൃതമായ മേല്‍നോട്ടം നടത്തുക എന്നത് അടിസ്ഥാനപരമായ ഭരണനിര്‍വഹണ വൈദഗ്ദ്യമാണ്. അത് മാര്‍ അത്താനാസ്യോസിനു ഉണ്ടായിരുന്നു. തല്‍ക്കാലം ഈയൊരോറ്റ ഉദാഹരണം മതി.Copyright-ovsonline.in

ഒരു ഭരണധികാരി വിജയിക്കണമെങ്കില്‍ സ്വന്തം പൈതൃകത്തേയും പാരമ്പര്യത്തേയും കുറിച്ച് അവബോധവും അഭിമാനവും ഉണ്ടാകണം. ഇവ രണ്ടും മാര്‍ അത്താനാസ്യോസിന് ഉണ്ടായിരുന്നു. പുത്തന്‍കാവ് കിഴക്കേതലയ്ക്കല്‍ തോമ്മാ കത്തനാരുടെ കൊച്ചുമകനും പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്ന മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ സഹോദര പുത്രനുമായിരുന്ന മാര്‍ അത്താനാസ്യോസ് ആ പൈതൃകവും ആഭിജാത്യവും ഒരിക്കലും മറന്നിരുന്നില്ല. … എടാ ഇതൊന്നും കുടുംബത്തു പിറന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല… എന്നു സഭയിലെ പല വിഷയങ്ങളേപ്പറ്റിയും ഈ ലേഖകനോട് അദ്ദേഹം സൂചിപ്പിച്ചുണ്ട്. തികച്ചും സ്വകാര്യമായ ഈ സംഭാഷണങ്ങളുടെ ഉള്ളടക്കം തല്‍ക്കാലം വെളിപ്പെടുത്താന്‍ സാദ്ധ്യമല്ല.

മലങ്കര സഭയുടെ പൈതൃകത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും തികഞ്ഞ അവബോധം മാര്‍ അത്താനാസ്യോസിന് ഉണ്ടായിരുന്നു. ആ ചരിത്രബോധമാണ് മലങ്കരയുടെ മഹാചരിത്രകാരനായ ഇസഡ്. എം. പാറേട്ടിൻ്റെ സമ്പൂര്‍ണ്ണ സഭാചരിത്ര രചനകളുടെ പുനഃപ്രസിദ്ധീകരണം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. … എടാ, എന്തു ചിലവായാലും നമുക്കത് പ്രസിദ്ധകരിക്കണം.. അതൊരു മുതലാണ്. നശിച്ചുപോകാന്‍ ഇടയാകരുത്. ലാഭനഷ്ടങ്ങള്‍ കണക്കാക്കേണ്ട... എം.ഒ.സി. പബ്‌ളിക്കേഷനുവേണ്ടി ഇവ പുനഃപ്രസിദ്ധീകരിക്കുന്നതിൻ്റെ ചുമതല ഏല്‍പ്പിച്ചുകൊണ്ട് ഈ ലേഖകനോട് പറഞ്ഞ വാക്കുകളാണിവ.

മാര്‍ അത്താനാസ്യോസ് ഭാഗ്യവാനാണ്. അതുപറയാന്‍ കാരണം പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറടക്കവേളയില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നടത്തിയ ചരമപ്രസംഗമാണ്. വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയാണ് പ. വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമപ്രസംഗത്തില്‍ പറഞ്ഞത്; …ഒരാള്‍ മരിച്ചാല്‍ അതിൻ്റെ മൂന്ന്, ഒന്‍പത്, മുപ്പത് എന്നീ ദിവസങ്ങളില്‍ ആ ആള്‍ക്കുവേണ്ടി വി. ബലി അര്‍പ്പിക്കണമെന്നാണല്ലോ സഭയുടെ കല്പന. നമ്മുടെ മെത്രാച്ചന്‍ ഇന്നലെ കാലം ചെയ്തതുകൊണ്ട് മേല്‍പ്പറഞ്ഞ മൂന്നു ദിവസങ്ങളിലും സകല പള്ളികളിലും കുര്‍ബ്ബാനയില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നതിനു സൗകര്യമുണ്ടായിരിക്കുന്നു. ഇവയൊക്കെയും അത്ഭുതകരമല്ലയോ?… എന്നാണ്. അതേപോലെ മാര്‍ അത്താനാസ്യോസ് കാലംചെയ്തത് ഓഗസ്റ്റ് 24 വെള്ളിയാഴ്ചയാണ്. മൂന്നാം ദിവസം ഓഗസ്റ്റ് 26 ഞായര്‍. ഒമ്പതാം ദിവസം സെപ്റ്റംബര്‍ 1 ശനി. ഞായര്‍, ആദ്യശനി/എട്ടുനോമ്പാരംഭം എന്ന നിലയില്‍ മലങ്കരയിലെ എല്ലാ പള്ളികളിലും ഈ ദിവസങ്ങളില്‍ വി. കുര്‍ബാനയുണ്ട്. 30 അടിയന്തിരവും ശനിയാഴ്ചയാണ്. നസ്രാണി പാരമ്പര്യപ്രകാരം – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ പറഞ്ഞതുപോലെ – ഇതില്‍പരം ഒരു ക്രൈസ്തവഭാഗ്യം മറ്റെന്തു ലഭിക്കാന്‍?

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമപ്രസംഗത്തിലെ മറ്റൊരു വാചകം ഉദ്ധരിച്ച് ഈ ലേഖനം ഉപസംഹരിക്കാം. …അദ്ദേഹം ഏതെല്ലാം തത്വങ്ങളെയും പ്രമാണങ്ങളെയും മുന്‍ നിര്‍ത്തി പോരാടിയോ, അവയെ സംരക്ഷിച്ചുപോകേണ്ട കടമ നാമേവര്‍ക്കുമുണ്ട്. ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എൻ്റെ കല്പനകള്‍ അനുഷ്ഠിപ്പിന്‍” എന്ന് നമ്മുടെ കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് കൊടുത്ത അന്ത്യസന്ദേശപ്രകാരം നമ്മുടെ ഈ വലിയ മെത്രാച്ചനോടു നമുക്കുള്ള സ്‌നേഹത്തെ പ്രത്യക്ഷപ്പെടുത്തേണ്ടത് അദ്ദേഹത്തിൻ്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ധൈര്യസമേതം പുരോഗമനം ചെയ്യുന്നതിലായിരിക്കണം എന്നു നാം നിങ്ങളെ അനുസ്മരിപ്പിച്ചുകൊള്ളുന്നു… ഇതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

ഡോ. എം. കുര്യന്‍ തോമസ് Copyright-ovsonline.in
(‘OVS Online’, 25 ഓഗസ്റ്റ് 2018)

https://ovsonline.in/articles/hg-thomas-mar-athanasius-2/

error: Thank you for visiting : www.ovsonline.in