പരിശുദ്ധന്മാർ കാട്ടി തന്ന സഹനമാണ് വിശ്വാസികൾ ജീവിതത്തിൽ പകർത്തേണ്ടത് – മാർ ക്രിസോസ്റ്റമോസ്
പത്തനംതിട്ട :- പരിശുദ്ധന്മാർ തങ്ങളുടെ ജീവിതത്തിലൂടെ കാട്ടി തന്ന സഹനം ആണ് ക്രൈസ്തവ വിശ്വാസികൾ വെക്തി ജീവിതങ്ങളിൽ പകർത്തേണ്ടത് എന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ജീവിതത്തെ കൂടുതൽ സമ്മർദ്ദങ്ങളിലൂടെ കടത്തി വിടുമ്പോളാണ് നാം ദൈവത്തിനു കൂടുതൽ പ്രിയങ്കരർ ആയി മാറുക.പരിശുദ്ധന്മാരുടെ ജീവിതം എപ്പോഴും സഹനത്തിൽ അധിഷ്ഠിതമായിരുന്നു. അത്തരത്തിൽ ഒരു മഹാ പരിശുദ്ധൻ ആയിരുന്നു മാർ ശെമവൂൻ ദെസ്തൂനി. ലോക സുഖങ്ങളെ ത്യജിച്ചു ദൈവത്തിനു പ്രീതികരനായി തീരുവാൻ ശെമവൂൻ ദെസ്തൂനിയെ പോലുള്ള പരിശുദ്ധന്മാർ തങ്ങളുടെ ജീവിതത്തെ കൂടുതൽ സഹനപൂർണ്ണം ആക്കുകയായിരുന്നു.ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിലും ഇത്തരം സഹനങ്ങൾ ആണ് ആവശ്യം എന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
കുമ്പഴ മാർ ശെമവൂൻ ദെസ്തൂനി ഓർത്തോഡോക്സ് കത്തീഡ്രലിൽ ദേശത്തിന്റെ കാവൽ പിതാവായ പരിശുദ്ധനായ മാർ ശെമവൂൻ ദെസ്തൂനി പിതാവിന്റെ 1557 ആമത് ഓർമ്മപ്പെരുനാൾ ശുശ്രുഷകൾക്കു മുഖ്യ കാർമികത്വം നൽകുകയായിരുന്നു അഭിവന്ദ്യ തിരുമനസ്സ് കൊണ്ട്. പെരുന്നാളിനോടനുബന്ധിച്ചു നടന്ന വചന – ഗാന ശുശ്രുഷകൾക്കു തിരുവനന്തപുരം ഭദ്രാസനത്തിലെ ‘ദിവ്യദൂത്’ മിഷൻ ടീം നേതൃത്വം നൽകി. പെരുന്നാൾ പ്രദക്ഷിണത്തിൽ ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്തു . പ്രദക്ഷിണത്തെ തുടർന്ന് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് ശ്ലൈഹീക വാഴ്വ് നൽകി. പ്രധാന പെരുന്നാൾ ദിവസത്തെ വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമനസ്സ് കൊണ്ട് മുഖ്യ കാർമികത്വം നൽകി.കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പെരുന്നാൾ സപ്ലിമെന്റ് ആയ ‘എസ്തുനോയോ’ അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് പ്രകാശനം ചെയ്തു. മദ്ധ്യസ്ഥ പ്രാർത്ഥനയും, നേർച്ചവിളമ്പിനെയും തുടർന്ന് ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിച്ച് കൊണ്ട് ഇടവക വികാരി റവ.ഫാ. ജോർജ് വർഗീസ് വട്ടപ്പറമ്പിൽ കൊടിയിറക്കി.