Ancient ParishesOVS - Articles

മലങ്കര സഭയുടെ മാതൃദേവാലയമായ നിരണം പള്ളി ; ചരിത്രത്തിലൂടെ

ഒന്നാം നൂറ്റാണ്ടിന്‍റെ  ആദ്യപകുതിയില്‍ വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിതമായതാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം. ആ ക്രൈസ്തവ സമൂഹത്തിന്‍റെ ആരാധനപരമായ കര്‍മ്മങ്ങള്‍ നടത്തുവാന്‍ പരിശുദ്ധ ശ്ലീഹാ എട്ട് പള്ളികള്‍ (7 അര പള്ളികള്‍) സ്ഥാപിച്ചു നല്‍കിയെന്നുമാണ് ചരിത്രം. അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ദേവാലയമാണ് എ.ഡി. 54 ല്‍ പരിശുദ്ധ മാര്‍ത്തോ മ്മാശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ട നിരണം പള്ളി അഥവാ നിരണം സെന്‍റ്  മേരീസ് ദേവാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ പെട്ട അതിപുരാതനമായ ഒരു ഗ്രാമമാണ് നിരണം. ക്രിസ്തുവിന് മുമ്പ് മുതല്‍ വിദേശനാടുകളുമായി വ്യാപാരബന്ധം നിരണത്തിന് ഉണ്ടായിരുന്നുവെന്നുള്ളത് ചരിത്രപരമായി തെളിയിക്കപ്പെട്ടിരിക്കുന്നയൊന്നാണ്. ആ വ്യാപാര ബന്ധം വഴി യഹൂദരും പേര്‍ഷ്യക്കാരും, മറ്റ് അന്യനാട്ടുക്കാരും ഇവിടെ ഉണ്ടായിരുന്നതായി സംശയാതീതമായി മനസ്സിലാക്കാം. ആ ബന്ധമാണ് പരിശുദ്ധ മര്‍ത്തോമ്മാശ്ലീഹായെ നിരണത്ത് എത്തിച്ചത് വേദപണ്ഡിതരുമായി പണ്ഡിതോചിത രീതിയില്‍ പെരുമാറിയ ശ്ലീഹായുടെ നസ്രാണി മാര്‍ഗത്തെ തദ്ദേശിയരും, യഹൂദരും സ്വീകരിക്കുകയുണ്ടായി. ആ മനംതിരിവാണ് നിരണത്ത് ക്രൈസ്തവ സമൂഹത്തിന് വിത്തുപാകിയത്. വിശ്വസിച്ചവരെ കോവിലെയാറിലെ ”പള്ളിക്കടവ്” എന്ന സ്ഥലത്തുവെച്ച് വി. മാമോദീസ നല്‍കി നസ്രാണി മാര്‍ഗ്ഗം പകര്‍ന്നു നല്‍കി. ആ ആരാധന സമൂഹത്തിന്‍റെ ആവശ്യത്തിനായി സ്വന്തം കൈപ്പണിയാല്‍ ഉണ്ടാക്കിയെടുത്ത ആരാധനാലയമാണ് നിരണം പള്ളി. കൂടാതെ ദേവാലയത്തിന്‍റെ ശുശ്രൂഷ യ്ക്കായി വൈദികരെയും പട്ടംകെട്ടി.

കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികമായ ആരാധന സമൂഹങ്ങള്‍ ജാതിക്കുതലവന്‍ എറിയപ്പെട്ടിരുന്ന ”അര്‍ക്കദിയാക്കോന്‍റെ” നായകത്വത്തിന്‍ കീഴില്‍ അണിനിരന്നു. കുപ്രസിദ്ധമായ ഉദയംപേരൂര്‍ സുഹദോസില്‍ വച്ച് നസ്രാണിമാര്‍ഗ്ഗത്തെ ലത്തീന്‍ വത്കരിക്കാന്‍ ശ്രമിച്ച ഗോവന്‍ ആര്‍ച്ച് ബിഷപ്പ് മെനെസിസ് മെത്രാന്‍ മലങ്കര നസ്രാണികളുടെ ഉറപ്പുള്ള കോട്ടയായ നിരണത്തു വപ്പോള്‍ ”മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തെ ഞങ്ങള്‍ ബലികഴിക്കില്ല” എന്ന് പറഞ്ഞ്, വിട്ട് നിന്ന് മറ്റു ദേവാലയങ്ങള്‍ക്ക് മാതൃകകാട്ടിയവരാണ് നിരണത്തെ നസ്രാണികള്‍. കച്ചവടത്തിനു വന്നവര്‍ വീടിന് അധികാരി ആകാന്‍ ശ്രമിച്ചപ്പോള്‍ മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശ് സത്യത്തിന് നേതൃത്വം നല്‍കാന്‍ നിരണം പള്ളിയുടെ പുത്രന്‍മാരും ഉണ്ടായിരുന്നുവെള്ളത് ചരിത്രത്തിന് മാറ്റി കാണുവാന്‍ കഴിയാത്ത സത്യമായി നിലകൊള്ളുന്നു കൂനന്‍കുരിശു സത്യത്തിനു മുമ്പ് അര്‍ക്കദിയാക്കോന്മാരുടെയും അതിനുശേഷം മലങ്കര മെത്രാപ്പോലീത്താമാരുടെയും ആസ്ഥാനമായിരുന്നു നിരണം പള്ളി ഇതിന് ഉത്തമ ഉദാഹരണമാണ് നിരണം ദേശത്തിനായി ജീവന്‍ നല്‍കിയ പുണ്യശ്ലോകനായ മാര്‍ത്തോമ്മന്‍ രണ്ടാമന്‍ തിരുമേനിയുടെയും മലങ്കര സഭയ്ക്ക് സ്വാതന്ത്ര്യത്തിലൂന്നിയ ദിശാബോധം നല്‍കിയ മാര്‍ത്തോമ്മന്‍ അഞ്ചാമന്‍ തിരുമേനിയുടെയും കബറിടം. ആറാം മര്‍ത്തോമ്മാ തിരുമേനി ഇവിടെ വച്ച് കാലം ചെയ്തു എങ്കിലും ആ പിതാവിന്‍റെ ആഗ്രഹത്താല്‍ പുത്തന്‍കാവ് പള്ളിയില്‍ കബറടക്കുകയായിരുന്നു. 1876 -ല്‍ മുളന്തുരുത്തിയില്‍ പരിശുദ്ധ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രസിദ്ധമായ മുളന്തുരുത്തി സുഹദോസില്‍ വച്ച് മലങ്കര സഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിക്കുകയും നിരണം പള്ളിയും ചുറ്റുമുള്ള 22 പള്ളികളും ചേർന്ന് നിരണം ഭദ്രാസനം രൂപീകൃതമാവുകയും ചെയ്തു.

നിരണം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്ത ഭാരത ക്രൈസ്തവ സഭയുടെ ഭാരതീയനായ പ്രഥമപ്രഖ്യാപിത പരിശുദ്ധന്‍ പരുമല തിരുമേനി ദീര്‍ഘകാലം ഭദ്രാസനഭരണം നിര്‍വ്വഹിച്ചതായ ആസ്ഥാനമായിരുന്നു നിരണം പള്ളി. പരിശുദ്ധ പിതാവിന്‍റെ കിടക്കയും മറ്റു തിരുശേഷിപ്പുകളും ഇന്നുമവിടെ ദര്‍ശിക്കുവാന്‍ സാധിക്കും. മലങ്കരസഭയുടെ സ്വയംഭരണ അധികാരത്തിന്‍റെയും സ്വയംശീര്‍ഷകത്വത്തിന്‍റെയും പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് 1912 സെപ്റ്റംബര്‍ 15 ന് നിരണം പള്ളിയില്‍ വച്ചാണ് അന്ത്യോഖ്യായുടെ സീനിയര്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ അബ്‌ദേദ് മിശിഹ ബാവായും മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയും ചേര്‍ന്ന് പുനസ്ഥാപിച്ചത്. മലങ്കര സഭയുടെ പൗരസ്ത്യ മാര്‍ത്തോമ്മോന്‍ തീര്‍ത്ഥാടനകേന്ദ്രമായ നിരണം പള്ളിയില്‍ വി. മാര്‍ത്തോമ്മാശ്ലീഹായുടെ പരിശുദ്ധമായ തിരുശേഷിപ്പും പരിശുദ്ധ മാര്‍ത്തോമ്മാശ്ലീഹ വന്നിറങ്ങിയ കോട്ടച്ചാലിലെ തോമത്ത് കടവും അമൂല്യമായ സ്വര്‍ണ്ണകുരിശും താളിയോല ഗ്രന്ഥങ്ങളും മറ്റ് അമൂല്യമായ ചരിത്രശേഖരങ്ങളും വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. കേരളത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളും പ്രത്യേകിച്ച് ചെങ്ങൂര്‍, കല്ലൂപ്പാറ, ചമ്പക്കുളം, എടത്വ, ചങ്ങനാശ്ശേരി, മണിമല, പുത്തന്‍കാവ്, മുതലായ ദേവാലയങ്ങള്‍ ഇവിടെനിന്നും കാലാകാലങ്ങളില്‍ പിരിഞ്ഞു പോയിട്ടുള്ളവയാണ്. പരി.ദൈവമാതാവിന്‍റെയും വി. മാര്‍ത്തോമ്മാ ശ്ലീഹായുടെയും സജീവ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന നിരണം ദേവാലയം നാനാജാതി മതസ്ഥരുടെ ആശ്രയകേന്ദ്രമായി പരിലസിക്കുന്നു

  • ജിജോ നിരണം

St. Marys Orthodox Church , Niranam built by St Thomas

 

error: Thank you for visiting : www.ovsonline.in