പാലിയേക്കര പള്ളിയിലെ ചുവർചിത്രങ്ങൾക്ക് പുതുജീവൻ
തിരുവല്ല:- ദേശത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവും പരിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ നാനാജാതിമതസ്ഥർ നിത്യേന പ്രാർത്ഥനയ്ക്കായി വന്നു ചേരുന്നതുമായ പാലിയേക്കര പള്ളിയുടെ മദ്ബഹായിലെ ജീർണാവസ്ഥയിൽ ഇരുന്ന ചുവർചിത്രങ്ങൾക്ക് ശാപമോക്ഷം. കാലങ്ങളായി പുകയും പൊടിയും പിടിച്ചു നാശോന്മുഖമായിരുന്ന അമൂല്യമായ ചിത്രങ്ങളാണ് രാജ്യത്തെ മികച്ച ചുവർചിത്ര കലാകാരന്മാരുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കപ്പെടുന്നത്. ചുമർചിത്രങ്ങൾ നിലവിലുള്ള കേരളത്തിലെ വിരലിലെണ്ണാവുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്ന് എന്ന നിലയിൽ ഇവ എക്കാലത്തും ചരിത്ര ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ദൈവമാതാവിനോടുള്ള മാലാഖയുടെ അറിയിപ്പു മുതൽ കർത്താവിന്റെ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങൾ പ്രകൃതിദത്തമായ ചായക്കൂട്ടുകൾ കൊണ്ട് മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നു.
കാലക്രമത്തിൽ പള്ളിയിലെ പുകയും പൊടിയും നിമിത്തം മിക്ക ചിത്രങ്ങളുടെയും നിറം മങ്ങി. ചില ഭാഗങ്ങളിൽ കുമ്മായം പൊള്ളി പുറത്തേക്കു തള്ളുകയും പൊളിഞ്ഞു വീഴുകയും ചെയ്തിരുന്നു. പള്ളി ഭാരവാഹികൾ ഇവയുടെ സംരക്ഷണത്തെപ്പറ്റി പലവട്ടം ചർച്ച നടത്തിയെങ്കിലും ചിത്രങ്ങളുടെ തനിമ ചോരാതെ എങ്ങനെ കേടുപാടുകൾ തീർക്കും എന്ന് ആശങ്കപ്പെട്ടു. അടുത്തിടെ ഇടവക വികാരി ഫാ. ചെറിയാൻ ജേക്കബ് പ്രശസ്‌ത ചുവർചിത്ര പണ്ഡിതനും ചരിത്ര ഗവേഷകനുമായ ഡോ.എം.ജി. ശശിഭൂഷണുമായി ചർച്ച നടത്തുകയും പള്ളിയിലെ ചുവർചിത്രങ്ങളുടെ സംരക്ഷണത്തിനു രൂപരേഖ തയ്യാറാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അനുവാദത്തോടെ രാജ്യത്തെ മികച്ച ചുവർചിത്ര വിദഗ്ദ്ധനായ ശ്രീ.ജിജുലാൽ അത്തോളിയുടെ നേതൃത്വത്തിൽ കലാകാരന്മാർ ചിത്രങ്ങളുടെ കേടുപാടു തീർക്കുന്ന ജോലി ഓഗസ്റ് ആദ്യവാരം ആരംഭിച്ചു.
പരമ്പരാഗതമായി ചുവർചിത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ശർക്കര, ഊഞ്ഞാൽവള്ളി, പഞ്ഞി, ആറ്റുമണൽ, കക്ക നീറ്റിയത് തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കിയ മിശ്രിതം കൊണ്ടാണ് ഇളകിപ്പോയ ഭാഗങ്ങൾ പുനർനിർമ്മിക്കുന്നത്. പ്രധാനമായും ഏറ്റവും താഴത്തെ ബോർഡറിൽ ആണ് പുനർനിർമ്മിതി നടത്തിയത്. പൊള്ളിത്തുടങ്ങിയ ഭാഗങ്ങളിൽ പ്രത്യേക മിശ്രിതം ഉള്ളിലേക്ക് കുത്തിവച്ച് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. മങ്ങിയ ഭാഗങ്ങൾ നിറങ്ങൾ ഇളകാതെ ശ്രദ്ധാപൂർവം കെമിക്കൽ ഉപയോഗിച്ചു തുടയ്‌ക്കുകയാണ് ചെയ്യുന്നത്. ഓഗസ്റ് പകുതിയോടെ പണികൾ പൂർത്തിയാകുമെന്ന് കരുതുന്നു. വികാരി ഫാ. ചെറിയാൻ ജേക്കബ്, സഹവികാരി ഫാ.ജെയിൻ.സി.മാത്യു, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ആദ്യാവസാനം മേൽനോട്ടം വഹിക്കുന്നു.
യുനെസ്കോയുടേത് ഉൾപ്പെടെ അനേക പുരസ്കാരങ്ങൾ നേടിയിട്ടുള്ള മുഖ്യ ചിത്രകാരൻ ശ്രീ.ജിജുലാൽ അത്തോളി ലഡാക്കിലെ മൈത്രേയ ക്ഷേത്രം ഉൾപ്പെടെയുള്ള ബുദ്ധവിഹാരങ്ങൾ, പഞ്ചാബിലെ രഞ്ജിത് സിങ് മഹൽ, രവിവർമ്മ ചിത്രങ്ങൾ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രസംരക്ഷണ പ്രോജക്ടുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. തൊടുപുഴ സ്വദേശി ആർട്ടിസ്റ് സുനിൽ ദിവാകർ കുറവിലങ്ങാട്, ഈരാറ്റുപേട്ട തുങ്ങി കേരളത്തിലെ ഇരുപതോളം പള്ളികളിലെ മദ്ബഹാകളിൽ ചിത്രസംവിധാനം ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ് ഷിനു ഒറ്റപ്പാലം കരിങ്ങാച്ചിറ പള്ളി, ശബരിമല ക്ഷേത്രം, ആർപ്പൂക്കര സുബ്രമണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ ചുവർചിത്രങ്ങൾ ചെയ്‌തിട്ടുണ്ട്. പാലിയേക്കര പള്ളിയുടെ അഭിമാനമായ ചുമർചിത്രങ്ങൾ സംരക്ഷിക്കാൻ സഹായിച്ച ഈ കലാകാരന്മാർക്ക് ഓഗസ്റ് 21 ഞായറാഴ്‌ച രണ്ടാമത്തെ കുർബാനയ്ക്കു ശേഷം ഇടവകയുടെ ആദരവുകൾ അർപ്പിക്കും.