വളയൻചിറങ്ങര പള്ളിയില്‍ പരിസ്ഥിതി ദിനാചരണവും യുവജന പ്രസ്ഥാന യൂണിറ്റ് സമ്മേളനവും
വളയൻചിറങ്ങര:-പരിസ്ഥിതി ദിനാചരണവും യുവജന പ്രസ്ഥാന യൂണിറ്റ് സമ്മേളനവും വളയൻചിറങ്ങര സെയിന്റ് പീറ്റെർസ് ആൻഡ് സെന്‍റ് പോൾസ് പള്ളിയില്‍ വെച്ച് യുവജന പ്രസ്ഥാന കേന്ദ്ര പ്രസിഡന്റ് അഭി.യുഹാനോൻ മാർ പോളികാർപ്പോസ് തിരുമനസ്സിന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
“വേനലിന്‍റെ ആലിംഗനത്താൽ വെന്തുരുകിയ ഭൂമിക്ക് ആശ്വാസം പകർന്ന് അനേകായിരം ഹരിത നാമ്പുകൾ സമർപ്പിക്കപ്പെട്ട മറ്റൊരു പരിസ്ഥിതി ദിനവും കടന്നു പോയിരിക്കുന്നു. ഭൂമിക്ക് സമർപ്പിക്കപ്പെട്ട ചെടികൾ വെറും പാഴ് വേലകളായി തീരാതിരിപ്പാൻ നാം ശ്രദ്ധിക്കണം. ദാവിദ് പുത്രന് ഓശാന പാടുന്ന കുരുത്തോലകളുടെ വിശുദ്ധിയും പുഷ്പങ്ങളുടെ സുഗന്ധവും പേറി വരുന്ന ഇളം തെന്നൽ നമ്മെ എന്നും തലോലിക്കട്ടെ. അതിനു വിഖാതമായി പ്രകൃതിയെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്ന മാനവ കുലത്തിന്റെ ആ അത്യാഗ്രഹവും ധാർഷ്ട്യവും വെടിഞ്ഞ് ഏദൻ തോട്ടത്തിന്റെ മനോഹാരിതയിലേക്ക് മടങ്ങിപ്പോകാം. പ്രാർത്ഥനയും പ്രവർത്തനവും നമ്മിൽ നിന്നുയരട്ടെ. നാം നട്ട തൈകൾക്കൊപ്പം നമ്മുടെ പിൻ തലമുറയുടെ ഹൃദയത്തിൽ ‘ഹരിത ദൈവശാസ്‌ത്രം’ (Green Theology) ആകുന്ന പ്രകൃതി സംരക്ഷണത്തിന്റെ ക്രൈസ്തവ മാതൃക ഉയർന്നു വരുവാൻ അഭ്യസിപ്പിക്കണം. കണ്ണുനീർ തെളിമയുള്ള ജലകണങ്ങളാൽ നമ്മുടെ കിണറുകൾ നിറയട്ടെ. ശുദ്ധ ജലത്തിന്റെ വില അറിയുന്നത് നമ്മുടെ കിണറുകൾ വറ്റുന്ന നേരത്ത് ആണെന്ന പഴമൊഴി ഉണ്ടല്ലോ. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വരൾച്ച നമ്മുടെ പിൻ തലമുറക്ക് ഉണ്ടാകാതിരിക്കാൻ നമുക്ക് സൂക്ഷിക്കാം. പ്രകൃതിയും സകല ജീവജാലങ്ങളും അവന്‍റെ വചനത്താൽ ഉത്ഭൂതമായതാണെന്നും
അത് നമ്മുടെ രക്ഷയ്ക്ക് വേണ്ടി ഉള്ളതാണെന്നും നമുക്ക് മറക്കാതിരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ….
അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പൊലീത്ത