കറിവേപ്പു വിപ്ലവം — ഡോ. എം. കുര്യന്‍ തോമസ്
ജൂണ്‍ 5 – അന്തര്‍ദേശീയ പരിസ്ഥിതി ദിനം. വൃക്ഷത്തെ വിതരണം, വൃക്ഷത്തെ നടീല്‍, ബോധവല്‍ക്കരണം, ഫോട്ടോ എടുക്കല്‍, കുറെ കോടികള്‍ ചിലവഴിക്കല്‍ എന്നീ പതിവു പരിപാടികളുമായി ഈ വര്‍ഷവും അതു കഴിഞ്ഞുപോവുകയാണ്. വരും വര്‍ഷം അതേ കുഴിയില്‍ വീണ്ടും നടാന്‍! ദശാബ്ദങ്ങളായി നടന്നുവരുന്ന ഫലരഹിതമായ തനിയാവര്‍ത്തനം! സെല്‍ഫി എടുക്കല്‍ എന്ന പുതിയ ആചാരവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതല അഴിമതി ഒഴിച്ചു നിര്‍ത്തിയാല്‍ പരിസ്ഥിതി ദിനത്തേപ്പറ്റിയും വനവല്‍ക്കരണത്തെപ്പറ്റിയുമുള്ള പരമ്പരാഗതമായ ചില തെറ്റിദ്ധാരണകളാണ് ഭുമിയെ കുട ചൂടിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പരാജയപ്പെടുന്നതിനു കാരണമാകുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍, അഥവാ പൊതുസ്ഥലങ്ങളില്‍, സര്‍ക്കാര്‍ നല്‍കുന്ന വൃക്ഷത്തൈകള്‍ ഒരേ ദിവസം നിരനിരയായി നടുന്നതാണ് വനവല്‍ക്കരണം എന്ന് ഈ തെറ്റിദ്ധാരണയെ സംഗ്രഹിക്കാം. അടിമുടി തെറ്റായ ഒരു സങ്കല്പമാണിത്.
ഒന്നാമതായി, സര്‍ക്കാര്‍ ഭൂമിയിലും പൊതുസ്ഥലങ്ങളിലും വന്‍തോതില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതു മാത്രമല്ല വനവല്‍ക്കരണം. ഓരോ ചെറുവൃക്ഷംപോലും അമൂല്യമാണ്. സ്വന്തം വീട്ടുവളപ്പിലായാലും ടെറസിലായാലും കുഴപ്പമില്ല. ജീവനുള്ള വൃക്ഷമാണ് മുഖ്യം. ഒന്നെങ്കില്‍ ഒന്ന്.
രണ്ടാമതായി, പ്രകൃതിസന്തുലനം നിലനിര്‍ത്താന്‍ പ്രാദേശിക ജനുസ് വൃക്ഷങ്ങളാണ് വേണ്ടത്. കമ്മീഷന്‍റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു കൂടയിലാക്കി നല്‍കുന്ന വൃക്ഷത്തെകളില്‍ ഭൂരിപക്ഷവും ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുന്നവയാണ്. പ്രാദേശിക വൃക്ഷത്തൈകള്‍ കേരളത്തില്‍ മിക്കയിടങ്ങളിലും സുലഭമാണ്. അവ ഫലവൃക്ഷങ്ങളോ അലങ്കാര വൃക്ഷങ്ങളോ ആകാം. പലപ്പോഴും തെകളേക്കാള്‍ വിത്തുകളാണ് ഫലപ്രദം. കുടുതല്‍ നടാന്‍ സാധിക്കുമെങ്കില്‍ എകവൃക്ഷകൃഷി ഒഴിവാക്കുകയാകും ഉത്തമം.
മൂന്നാമതായി, വൃക്ഷത്തെ നടീല്‍ ജൂണ്‍ 5-നു മാത്രം നടത്തേണ്ട ഒരു ആചാരമല്ല. അനുയോജ്യമായ എതു സമയത്തും ചെയ്യാവുന്നതും ചെയ്യേണ്ടുതുമായ ഒന്നാണ്. നട്ടു എന്നതിനേക്കാള്‍ നട്ടതു നിലനില്‍ക്കുന്നു എന്നു ഉറപ്പു വരുത്തുന്നതാണ് പ്രാധാനം. അത് ഏതാനും വര്‍ഷത്തേക്കു നിരന്തര ശ്രദ്ധ ആവശ്യമായ ഒരു പ്രക്രിയയാണ്.
നാലാമതായി, ഒരു തുണ്ടുഭൂമിയെ ഹരിതകഞ്ചുകമണിയിക്കുമ്പോള്‍ അനേകതരം വൃക്ഷങ്ങള്‍ ഇടകലര്‍ത്തി വളരെ അടുപ്പിച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. അതു പിടിച്ചുകിട്ടിയാല്‍ ബാക്കി പ്രകൃതി ചെയ്തുകൊള്ളും. എതാനും വര്‍ഷത്തിനുള്ളില്‍ അവിടെ ഒരു ചെറുവനം രുപപ്പെടും. പാതയോരവൃക്ഷങ്ങള്‍ നല്ല ഇലച്ചാര്‍ത്തും വേരുപിടുത്തവുമുള്ള വയായിരിക്കണം.
അഞ്ചാമതായി, സ്ഥലമില്ല; എവിടെ നടും? എന്നു ചോദിക്കുന്നവരോട് – വൃക്ഷം നടാന്‍ സ്ഥലം ആവശ്യമില്ല. കറിവേപ്പും ഒരു മരമാണ്. ഈ ലേഖകന്റെ മറ്റൊരു ലേഖനത്തില്‍നിന്നും സ്വല്‍പ്പം ഉദ്ധരിക്കട്ടെ:
“……….ലോകത്തെവിടെയും മലയാളിക്ക് അനിവാര്യമായ വസ്തുക്കളാണ് നാളികേരവും കറിവേപ്പിലയും എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഇവയില്‍ എന്തു വിലകൊടുത്താലും അമേരിക്കയില്‍ ലഭ്യമല്ലാതിരുന്ന ഒന്നാണ് കറിവേപ്പില. മൂന്നു ദശവല്‍സരങ്ങള്‍ക്കുമുമ്പ്, കൊച്ചി മുംബൈ വഴി വളഞ്ഞുചുറ്റി മൂന്നു ദിനംകൊണ്ടുമാത്രം ന്യൂയോര്‍ക്കിലെത്തുന്ന കാലത്ത്, പെട്ടിക്കുള്ളില്‍ കറിവേപ്പിന്‍ തൈകള്‍ ഒളിച്ചുകടത്തി കസ്റ്റംസിനെ വെട്ടിച്ച് വിദേശ ജനുസ് ചെടികള്‍ക്കും വിത്തുകള്‍ക്കും നിരോധനമുള്ള അമേരിക്കയിലെത്തിച്ച വീരന്മാരാണ് മലയാളികള്‍! എന്നു മാത്രമല്ല, അതിശൈത്യമുള്ള ആ നാട്ടില്‍ ചെടിച്ചട്ടിയില്‍ കറിവേപ്പ് നട്ട് ഹേമന്തകാലത്ത് വീടിനുള്ളിലും ഇതരകാലങ്ങളില്‍ പുറത്തും വെച്ച് ചെറുമരമായി വളര്‍ത്തിയെടുക്കുകയും ചെയ്തു. വീട്ടാവശ്യത്തിനുള്ള കറിവേപ്പിലയും പുതിയ തൈകളും അവിടെത്തന്നെ ഉല്പാദിപ്പിക്കുന്ന സ്ഥിതിയിലാണ് ഇന്നു മലയാളികള്‍! ഇങ്ങു കേരളത്തിലോ? അത്യാവശ്യം പുരയിടമുള്ളവര്‍പോലും ഇന്നു കറിവേപ്പു വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നില്ല. അവരും കറിവേപ്പില വിലയ്ക്കു വാങ്ങുകയാണ്. ഒരുകാലത്ത് വാടകവീടുകളുടെ പരിസരങ്ങളില്‍പ്പോലും കറിവേപ്പു വെച്ചുപിടിപ്പിച്ചിരുന്ന മലയാളിയാണ് ഈ നിലയിലേയ്ക്ക് അധഃപതിച്ചത്! പ്രതികൂല കാലാവസ്ഥയുള്ള അമേരിക്കയില്‍ സാധിക്കുമെങ്കില്‍ കേരളത്തിലും ഫ്ളാറ്റുകളില്‍ ചെടിച്ചട്ടികളില്‍ കറിവേപ്പു കൃഷി സാദ്ധ്യമാണ്. പക്ഷേ ഫ്ളാറ്റുകളില്‍ പോയിട്ട് “വില്ലാ ” പരിസരത്തുപോലും ഒരു കറിവേപ്പ് കാണാനില്ല. വെറും നാലുസെന്‍റ് പുരയിടത്തില്‍ വീടുകഴിഞ്ഞുള്ള പരിമിതസ്ഥലത്ത് അലങ്കാര വൃക്ഷമായി കറിവേപ്പ് വളര്‍ത്തുന്നവരും അപൂര്‍വമായി ഉണ്ടന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല.
ഇത് ” കറിവേപ്പില പോലെ ” തള്ളിക്കളയാവുന്ന ഒരു നിസാര വസ്തുതയല്ല. ഇതര സ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്ന കറിവേപ്പലയുടെ അളവറിഞ്ഞാല്‍ ഞെട്ടും. ഒരു വ്യാഴവട്ടം മുമ്പ് ഓണം സീസണില്‍ തേനി ജില്ലയിലെ ഒരു കര്‍ഷകന്‍ അഞ്ച് ട്രക്ക് ലോഡ് കറിവേപ്പില കേരളത്തിലേയ്ക്കു കയറ്റി അയക്കുന്നതിനു ഈ ലേഖകന്‍ ദൃക്സാക്ഷിയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ഇന്ന് എറ്റവുമധികം ഉപയോഗിക്കുന്നത് കറിവേപ്പില കൃഷിയിലാണന്നാണ് പറയപ്പെടുന്നത് എന്ന വസ്തുതകൂടി ഇതിനോടൊപ്പം പരിഗണിക്കുക. കറിവേപ്പിലയ്ക്ക് പണമായും ആരോഗ്യമായും മലയാളി കൊടുക്കുന്ന വില ഒന്നു കണക്കുകൂട്ടുക! (വിഷഭൂമികളില്‍ മയങ്ങുന്നവര്‍, സാമൂഹ്യനീതി മാസിക, സെപ്റ്റംബര്‍ 2015)
ഈ അന്തര്‍ദേശീയ പരിസ്ഥിതി ദിനത്തില്‍ ഒരു കറിവേപ്പെങ്കിലും വെച്ചുകൂടെ? ഒന്നുമില്ലങ്കില്‍ വിഷലിപ്തമല്ലാത്ത ഒരു സംഭാരമെങ്കിലും കലക്കി കുടിക്കാമല്ലോ? ഒരു “കറിവേപ്പു വിപ്ളവത്തിനും” കേരളത്തെ മാറ്റിമറിക്കാനാവും.
“………..നോക്ക്. സുജലയും സുഫലയുമായ പ്രകൃതി. ഉദാരയായ പ്രകൃതി. നമ്മെ പരിചരിയ്ക്കാനൊരുങ്ങി നില്‍ക്കുന്നു. അവളുടെ ഔദാര്യത്തെ നാം ചൂഷണം ചെയ്യരുത്. നമുക്കത്യാവശ്യം വേണ്ടത്, നമ്മുടെ ശരീരം നിലനിര്‍ത്താന്‍ വേണ്ടത്, മാത്രമേ നാം കൈക്കൊള്ളാവൂ…….”(കെ. പി. ബാബുദാസ്, അഹം ബ്രഹ്മാസ്മി, 1981)