സഭാപിതാക്കന്മാര്‍ : ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
ആരാണ് സഭാപിതാക്കന്മാര്‍?
പൌരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാപിതാക്കന്മാര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. സഭയുടെ വിശ്വാസം, വേദശാസ്ത്രം എന്നിവയിലാണു പിതാക്കന്മാര്‍ക്ക് ആധികാരികമായ സ്ഥാനം നാം കൊടുക്കുന്നത്. എ.ഡി. 325-ലെ നിഖ്യാ സുന്നഹദോസിനു ശേഷം, ‘പിതാക്കന്മാരുടെ വിശ്വാസം’ എന്ന പ്രയോഗം സഭയില്‍ വേരുറച്ചു. അറിയോസിന്റെ വേദവിപരീതത്തിനെതിരെ, സഭയുടെ സത്യവിശ്വാസമാണു നിഖ്യായില്‍ കൂടിയ പിതാക്കന്മാര്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ ‘പിതാക്കന്മാരുടെ വിശ്വാസം’ എന്ന പ്രയോഗത്തില്‍ക്കാണുന്ന ‘പിതാക്കന്മാരെ’ പൊതുവായ അര്‍ത്ഥത്തില്‍ സത്യവിശ്വാസ സംരക്ഷകന്മാര്‍ എന്നു നിര്‍വ്വചിക്കാം. അങ്ങനെയെങ്കില്‍, സത്യവിശ്വാസം സംരക്ഷിച്ച നമ്മുടെ പൂര്‍വ്വികന്മാര്‍ എല്ലാവരും സഭാപിതാക്കന്മാരാണോ, അതോ ആ ബഹുമതി ഏതാനും ചിലര്‍ക്കു മാത്രമായി സഭ മാറ്റിവച്ചിരിക്കുകയാണോ?
‘ആരാണ് സഭാപിതാക്കന്മാര്‍’ എന്ന ചോദ്യത്തിനു വളരെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ പൌരസ്ത്യ പാരമ്പര്യം മടിക്കുന്നു. എന്നാല്‍ റോമന്‍ കത്തോലിക്കാ സഭ അതിനു ചില വ്യക്തമായ മാനദണ്ഡങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു പിന്നാലെ കാണാം. സഭാപിതാക്കന്മാര്‍, പിതാക്കന്മാരുടെ വിശ്വാസം എന്ന രണ്ട് പുരാതന പ്രയോഗങ്ങളുടെ പശ്ചാത്തലം സൂചിപ്പിക്കേണ്ടതുണ്ട്.
യഹൂദപശ്ചാത്തലം
യഹൂദന്മാരുടെ വേദപുസ്തകത്തില്‍ (ക്രിസ്തീയ വേദത്തിലെ പഴയനിയമം) പിതാക്കന്മാര്‍ എന്ന പ്രയോഗം സാര്‍വ്വത്രികമായിട്ടുണ്ട്. ഒരാളുടെ സ്വന്തം പിതാവു മുതല്‍ മുകളിലേക്ക് കുടുംബത്തിലും വംശത്തിലുംപെട്ട പൂര്‍വ്വികരെയാണ് ഇവിടെ പിതാക്കന്മാര്‍ എന്നു സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഇവര്‍ രക്തബന്ധമുള്ള പൂര്‍വ്വികരാണ്. ഗോത്ര സംസ്കാരത്തില്‍ ഈ പൂര്‍വ്വികര്‍ എത്ര തലമുറയ്ക്ക് മുമ്പുള്ളവരാണെങ്കിലും പിതാക്കന്മാരാണ്. ബൈബിളില്‍ നല്‍കിയിരിക്കുന്ന വംശാവലികളില്‍ ഇത് വ്യക്തമാണ് (പുതിയനിയമത്തില്‍ മത്താ. 1:17, ലൂക്കോ. 3:23-38 എന്നിവയും പഴയനിയമത്തില്‍ നിരവധി പട്ടികകളുമുണ്ട്). ഇങ്ങനെ പൊതുവായി യഹൂദന്മാര്‍ അവരുടെ പിതാക്കന്മാരെ ഓര്‍ക്കുന്നുണ്ടെങ്കിലും, അവരില്‍ ചില വ്യക്തികളെ സവിശേഷമായി സ്മരിക്കുന്നു. അവര്‍ എബ്രായക്കാരുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഉദാഹരണമായി അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവര്‍. അവരില്‍ത്തന്നെ പ്രത്യേകിച്ചും അബ്രഹാം. അബ്രഹാം വംശസ്ഥാപകനാണ്. ഇസഹാക്ക് ദിവ്യ വാഗ്ദാനത്തിന്റെ നിവൃത്തിയാണ്, ഇസ്രായേല്‍ ജനതയുടെ പേരിന്റെയും തനിമയുടെയും കാരണക്കാരനാണ് യാക്കോബ്. സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മെയെല്ലാം ‘അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയില്‍ പ്രാര്‍പ്പിക്കണമേ’ എന്നാണല്ലോ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന. എത്ര വിശ്വവിശാലമായ മടിയായിരിക്കും അവരുടേത്! ഇസ്രായേല്‍ ജനതയുടെ ഗോത്രസ്മൃതിയുടെ ബാക്കിപത്രമാണ് ഈ പ്രാര്‍ത്ഥനയും. അതനുസരിച്ച് എത്ര തലമുറകളുടെ അന്തരമുണ്ടായാലും നാമെല്ലാം ഏക ശരീരമായി നമ്മുടെ ഗോത്ര പിതാക്കന്മാരുടെ മടിയിലേക്ക് മടങ്ങുന്നു. ചിതറിപ്പോയ തലമുറകള്‍ അവരുടെ ഉറവയിലേക്ക് തിരിച്ചെത്തി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. പൈതൃകം എന്നത് ഐക്യത്തിന്റേയും തനിമയുടെയും സ്വത്വബോധത്തിന്റെയും പ്രതീകമാവുന്നു. അതിനാണ് പാരമ്പര്യം (ഠൃമറശശീിേ) എന്ന് പൊതുവെ പറയുന്നത്. യഹൂദന്മാര്‍ പലപ്പോഴും ഈ പൈതൃകത്തെപ്പറ്റി അതിരുകടന്ന അഭിമാനം കാണിച്ച് അത് അഹങ്കാര പ്രകടനത്തിനും മറ്റുള്ളവരെ പുച്ഛിക്കുന്നതിനും ഉപാധിയാക്കിയിട്ടുണ്ട്. അവര്‍ക്കിടയില്‍ത്തന്നെ, ‘പാപികളെയും ചുങ്കക്കാരെയും” എളിയവരെയും നിന്ദിക്കുവാനും ഇത് ഉപയോഗിച്ചു. പൈതൃകത്തിന്റെ അഥവാ പാരമ്പര്യത്തിന്റെ ഇത്തരം ഹീനമായ ഉപയോഗത്തിനെതിരെ യേശുക്രിസ്തു വിപ്ളവകരമായ പ്രതിഷേധമുയര്‍ത്തി. താന്‍ സൌഖ്യമാക്കിയ കൂനിയും അഗതിയുമായ സ്ത്രീയെ ‘അബ്രഹാമിന്റെ മകള്‍’ എന്നും താന്‍ മാനസാന്തരപ്പെടുത്തിയ ചുങ്കക്കാരനായ സക്കായിയെ ‘അബ്രഹാമിന്റെ മകന്‍’ എന്നും പരസ്യമായി വിശേഷിപ്പിച്ചു. ഒരു യഹൂദ വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് കര്‍ത്താവ് അവര്‍ക്ക് നല്‍കിയത്. പൈതൃക പാരമ്പര്യത്തെപ്പറ്റിയുള്ള യഹൂദപ്രമാണിമാരുടെ സങ്കല്പത്തിന് കടകവിരുദ്ധമായിരുന്നു ഇത്.
ദാവീദ് ആണ് ഇസ്രായേല്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്. ദാവീദിന്റെ പട്ടണവും സിംഹാസനവും നിര്‍ണ്ണായകമായിരുന്നു. മിശിഹാ വരുന്നത് ദാവീദിന്റെ പുത്രനായി വിശുദ്ധ നഗരത്തില്‍ അവന്റെ സിംഹാസനത്തിന് അവകാശിയായിട്ടായിരിക്കും എന്ന് അവര്‍ പഠിപ്പിച്ചു. അപ്പോഴാണ് ഒന്നുമില്ലാത്ത നസ്രേത്തില്‍ നിന്ന് വെറും തച്ചന്റെ മകന്‍ “ദാവീദുപുത്രനാ”ണെന്ന് യറുശലേം നഗരത്തില്‍ ഓശാന സ്തുതികളോടെ ജനം ആര്‍ത്തുവിളിച്ചത്. ഇവിടെയും, അധികാരസ്ഥാനങ്ങളിലിരുന്ന യഹൂദമതാദ്ധ്യക്ഷന്മാരുടെ പാരമ്പര്യ-പൈതൃക സങ്കല്പങ്ങള്‍ തകര്‍ന്നടിഞ്ഞു.
ക്രിസ്തീയ സഭയില്‍
ക്രിസ്തീയസഭയില്‍ ‘പൈതൃകം’ എന്ന വാക്കിന് ഒരു വശത്ത് യഹൂദ ധാരണയോട് വളരെ കടപ്പാടുണ്ട്. മറുവശത്ത് യേശുക്രിസ്തു അതിന് തീര്‍ത്തും പുതിയൊരു അര്‍ത്ഥം നല്‍കി. ഗോത്രം, വംശാവലി, രക്തബന്ധം എന്നിവയൊന്നും ക്രിസ്തീയ പൈതൃകസങ്കല്‍പ്പത്തില്‍ ഇല്ല. കാരണം ക്രിസ്തുവിന്റെ സുവിശേഷം ജാതീയവും വംശീയവും ഭാഷാപരവുമായ എല്ലാ വേലിക്കെട്ടുകള്‍ക്കും ഉപരിയായി സകല മനുഷ്യവര്‍ഗ്ഗത്തെയും ഒന്നായിക്കാണാനും എല്ലാവരെയും ദൈവമക്കളായി കരുതാനുമാണ് പഠിപ്പിക്കുന്നത്. “നമ്മുടെ പിതാക്കന്മാര്‍” എന്ന പ്രയോഗം ക്രിസ്തീയ സഭയിലുമുണ്ട്. പക്ഷേ സങ്കുചിത വംശീയാര്‍ത്ഥത്തിലല്ല. ലോകരക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കയും തങ്ങളുടെ ജീവിതം മൂലം ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കയും ദൈവരാജ്യത്തിന്റെ നീതിയും സമാധാനവും സമൂഹത്തില്‍ കൈവരുത്തുവാന്‍ പ്രയത്നിക്കയും ചെയ്ത എല്ലാവരും പൊതുവായ അര്‍ത്ഥത്തില്‍ സഭാപിതാക്കന്മാരാണ്. പിതാക്കന്മാര്‍ എന്നതിലെ പുല്ലിംഗസൂചന ക്രിസ്തീയ സുവിശേഷ വെളിച്ചത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വാസ്തവത്തില്‍ ‘പിതാക്കന്മാരുടെ പാരമ്പര്യം’ ആദ്ധ്യാത്മികമായി രൂപപ്പെടുത്തുന്നതിലും പിന്‍തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിലും നിര്‍ണ്ണായകപങ്കു വഹിക്കുന്നത് അമ്മമാരാണ്. എന്നാല്‍ സ്ത്രീകളും അമ്മമാരും നിശ്ശബ്ദരും അദൃശ്യരുമാണ്. പുരുഷാധിപത്യമുള്ള എല്ലാ സമൂഹങ്ങളിലും ഭാഷാപ്രയോഗവും പിതൃകേന്ദ്രീകൃതമായിട്ടാണല്ലോ രൂപപ്പെട്ടത്. പഴയ ഭാഷയൊക്കെ തിരുത്താന്‍ ചിലപ്പോള്‍ പ്രയാസമാണെങ്കിലും, പ്രായോഗികമായി അത് ഭേദപ്പെടുത്താനാവും. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വിശ്വാസപാരമ്പര്യം എന്ന പൈതൃകത്തെ കരുപ്പിടിപ്പിക്കയും അതിനെ പകര്‍ന്നുകൊടുക്കയും ചെയ്ത എല്ലാവരെയും, സ്ത്രീപുരുഷഭേദമോ, വൈദിക അല്‍മായ വ്യത്യാസമോ, കൂടാതെ ഉള്‍ക്കൊള്ളുന്ന വേദവ്യാഖ്യാനവും ജീവിതശൈലിയുമാണ് സഭ പിന്‍തുടരേണ്ടത്.
ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്, ഇപ്പോള്‍ അക്കാദമിക് വൃത്തങ്ങളിലും ദൈവശാസ്ത്ര പഠനപദ്ധതികളിലും നിലവിലുള്ള ‘പൈതൃക’ സിദ്ധാന്തത്തെ സൂചിപ്പിക്കട്ടെ.
ഇംഗ്ളീഷില്‍ Partistic അല്ലെങ്കില്‍ Patrology എന്നു പറയുന്നത് പുരാതന ക്രിസ്തീയ ഗുരുക്കന്മാരുടെയും വേദശാസ്ത്രജ്ഞരുടെയും രചനകളും അവയെക്കുറിച്ചുള്ള പഠനങ്ങളുമാണ്. ചുരുക്കം ചില പണ്ഡിതന്മാര്‍ ഈ വാക്കുകള്‍ തമ്മില്‍ ……….. ഓര്‍ത്തഡോക്സ് ദൈവശാസ്ത്രത്തില്‍ അവയെ ഒന്നായിട്ടാണ് കാണുന്നത്.
ഗുരു, പിതാവ്
വിശുദ്ധ പൌലോസ് അപ്പോസ്തലന്‍ കൊരിന്ത്യര്‍ക്ക് എഴുതുമ്പോള്‍, സ്വയം അവരുടെ ‘പിതാവ്’ എന്ന് വിശേഷിപ്പിക്കുന്നു. “നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും, പിതാക്കന്മാര്‍ ഏറെയില്ല. ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചത്” (1 കൊരി. 4:15). കൊരിന്ത്യരെ ആത്മീയമായി വീണ്ടും ജനിപ്പിച്ചത് വിശുദ്ധ പൌലോസാണ്. അതുകൊണ്ട് അദ്ദേഹം അവരുടെ യഥാര്‍ത്ഥ പിതാവും, യഥാര്‍ത്ഥ ഗുരുവുമാണ്. അതിപുരാതനകാലം മുതല്‍, ഭാരതീയ സംസ്ക്കാരമുള്‍പ്പെടെയുള്ള പല സംസ്ക്കാരങ്ങളിലും ഗുരുവിനു പിതാവിന്റെ സ്ഥാനമാണു നല്കുന്നത്. കാരണം മാനസികവും ആത്മീയവുമായ തലങ്ങളില്‍ വ്യക്തിത്വത്തിന്റെ ഉത്ഭവവികാസങ്ങള്‍ക്ക് കാരണഭൂതന്‍ ഗുരുവാണ്. ക്രിസ്തീയസഭയുടെ ആദിമ നൂറ്റാണ്ടുകളില്‍ എപ്പിസ്ക്കോപ്പാ (ബിഷപ്പ്) മാരെയാണു പിതാവ് എന്നു വിളിച്ചുവന്നത്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി, എപ്പിസ്ക്കോപ്പായാണു ഔദ്യോഗികമായി ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്ന ഗുരു എന്നാണ് സങ്കല്പം. എപ്പിസ്ക്കോപ്പാ ക്രിസ്തുവിന്റെ പ്രതീകവും സാന്നിദ്ധ്യവുമെന്ന നിലയില്‍ ജനങ്ങളുടെ മദ്ധ്യത്തില്‍ നിലകൊള്ളുന്നതുകൊണ്ട്, ക്രിസ്തുവിനെപ്പോലെ, ജനങ്ങളെ വിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കുവാനുള്ള പ്രധാന ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. അദ്ദേഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന വൈദികരും ശെമ്മാശ്ശന്മാരും മറ്റുള്ളവരും ആ ബന്ധത്തിലാണ് സഭയില്‍ പഠിപ്പിക്കുന്നത്. രണ്ടാമതായി, ജനങ്ങള്‍ക്കു ക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം നല്‍കി, അവരെ പുതിയ ജീവിതത്തിലേക്കു നയിക്കാനുള്ള ഔപചാരിക ചുമതലയും എപ്പിസ്ക്കോപ്പാമാര്‍ക്കാണ്. വൈദികര്‍ നിയോഗപ്രകാരം സ്നാനം നല്‍കുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ കാര്‍മ്മികന്‍ ബിഷപ്പാണ് എന്നാണ് ധാരണ. ആദ്യനൂറ്റാണ്ടുകളില്‍, ഉയിര്‍പ്പു പെരുന്നാളിനു മുമ്പുള്ള ആഴ്ചകളില്‍ എപ്പിസ്ക്കോപ്പാ തന്നെ വിശ്വാസത്തെക്കുറിച്ച് സ്നാനാര്‍ത്ഥികളെ പഠിപ്പിക്കുകയും, ഉയിര്‍പ്പിന്റെ തലേന്നാള്‍ അദ്ദേഹം തന്നെ അവരെ സ്നാനം കഴിപ്പിക്കുകയും ചെയ്തുപോന്നു. ഈ രണ്ട് ചുമതലകളും കണക്കിലെടുത്തുകൊണ്ടാണ് എപ്പിസ്ക്കോപ്പായെ ‘പിതാവ്’ എന്നു വിളിക്കുന്നത് (കേരളത്തിലെ കത്തോലിക്കാസഭയില്‍ അങ്ങനെയാണ് ബിഷപ്പിനെ വിളിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയില്‍ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മറ പിടിച്ചും, ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടമായും ‘തിരുമേനി’ എന്നു വിളിക്കുന്നു.).
നാലാം നൂറ്റാണ്ടോടു കൂടി ‘പിതാവ്’ എന്ന പദം കുറെക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചു തുടങ്ങുന്നതായി കാണാം. വേദവിപരീതങ്ങള്‍ സഭയെ ഉലയ്ക്കുന്ന കാലഘട്ടമാണിത്. ക്രിസ്തീയ വിശ്വാസത്തിനു സൈദ്ധാന്തികവും ബുദ്ധിപരവുമായ രൂപവും ഘടനയും ഉണ്ടാകുന്നതു നാലാം നൂറ്റാണ്ടോടു കൂടിയാണ്. അലക്സന്ത്രിയായിലെ അത്താനാസ്യോസ്, കപ്പോദോക്യന്‍ പിതാക്കന്മാരായ ബസ്സേലിയോസ്, നാസിയാന്‍സിലെ ഗ്രീഗോറിയോസ്, നിസ്സായിലെ ഗ്രീഗോറിയോസ് തുടങ്ങിയവരാണ് ഈ കാലയളവില്‍ ശ്രദ്ധേയരായത്. അറിയോസ്, അപ്പോല്ലിനാരിസ്, എവുനോമിയോസ് തുടങ്ങിയവരുടെ തെറ്റായ ഉപദേശങ്ങളെ നേരിട്ട്, സത്യവിശ്വാസം എന്താണെന്ന് വ്യക്തമാക്കിയവരാണിവര്‍. ഇവരുടെ പുസ്തകങ്ങളില്‍ത്തന്നെ “പിതാക്കന്മാരുടെ വിശ്വാസം” എന്ന പ്രയോഗം കാണാം. പക്ഷേ, അതു നിഖ്യാ വിശ്വാസപ്രമാണത്തെ ഉദ്ദേശിച്ചാണു പറയുന്നത്. ഇവരെല്ലാം തന്നെ മേല്പട്ടക്കാരായിരുന്നു. പില്‍ക്കാലത്ത് ഇവരെ സഭാപിതാക്കന്മാരായി കരുതുകയും ചെയ്തു. എന്നാല്‍ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ അപ്രേം ഒരു ശെമ്മാശ്ശന്‍ മാത്രമായിരുന്നു. എങ്കിലും പൌരസ്ത്യ സഭയുടെ വലിയ പിതാക്കന്മാരില്‍ ഒരാളാണ് അദ്ദേഹം.
അപ്പോള്‍, സഭാപിതാക്കന്മാര്‍ അവശ്യമായും മേല്പട്ടസ്ഥാനമുള്ളവര്‍ ആയിരിക്കണം എന്നു നിര്‍ബന്ധമില്ലെന്നു കാണാം. സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍, സത്യവിശ്വാസം ശരിയായി പഠിപ്പിച്ചു സഭയെ നയിച്ചിട്ടുള്ള ഗുരുക്കന്മാരും ഈ പേരിന് അര്‍ഹരാണ്. മൂന്നാം നൂറ്റാണ്ടില്‍ അലക്സന്ത്രിയായില്‍ ജീവിച്ചിരുന്ന ഓറിഗോനോസ് മഹാനായ ഒരു വേദശാസ്ത്ര ഗുരുവും, പില്ക്കാലത്തുണ്ടായ പല സഭാപിതാക്കന്മാരുടെ ബഹുമാന പാത്രമായിരുന്നെങ്കിലും, സഭ അദ്ദേഹത്തിനു പിതാവെന്നോ ഗുരുവെന്നോ ഉള്ള സ്ഥാനം നല്‍കുന്നില്ല. കാരണം, അതിപ്രതിഭാശാലിയായ അദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ ചിലത് സത്യവിശ്വാസത്തിനു യോജിക്കാത്തതായിരുന്നു. സഭാപിതാക്കന്മാര്‍ എന്ന് ഇന്നു വിളിക്കപ്പെടുന്നവര്‍ മിക്കവാറും എല്ലാവരുംതന്നെ വേദശാസ്ത്രപരമായും വിശ്വാസസംബന്ധമായും വളരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളവരാണ്.
റോമന്‍ കത്തോലിക്കാസഭയില്‍, സഭാപിതാവെന്നു വിളിക്കപ്പെടുന്ന ഒരാള്‍ക്കു നാലു ഗുണങ്ങളുണ്ടായിരിക്കണമെന്നു നിഷ്ക്കര്‍ഷിച്ചിരിക്കുന്നു: (1) സത്യവിശ്വാസം (2) വിശുദ്ധ ജീവിതം (3) സഭയുടെ അംഗീകാരം- പാപ്പായോ സുന്നഹദോസോ പിതാവായി പ്രഖ്യാപിച്ചിരിക്കണം. (4) പൌരാണികത. എന്നാല്‍ പൌരസ്ത്യസഭയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നില്ല. ഉദാഹരണമായി, സഭാപിതാക്കന്മാര്‍ വിശ്വാസ സംരക്ഷകരാണെന്നു നാം കരുതുന്നുവെങ്കിലും, അവരുടെ വിശുദ്ധിയുടെ നിലവാരം അളക്കുവാന്‍ നാം തുനിയുന്നില്ല. ദൈവത്തിനു മാത്രമേ ഒരുവന്റെ വിശുദ്ധിയെ അളക്കുവാന്‍ കഴിയൂ. അതുകൊണ്ടാണ് പരിശുദ്ധന്മാരായി പ്രഖ്യാപിക്കുന്ന രീതി പൊതുവെ പൌരസ്ത്യ പാരമ്പര്യത്തിലില്ലാത്തത്. കാലക്രമേണയും, ജനങ്ങളുടെ പൊതു സമ്മതം കൊണ്ടുമാണ് ഒരാള്‍ വിശുദ്ധനായി അറിയപ്പെടുന്നത്. അല്ലാതെ, ഔദ്യോഗിക പ്രഖ്യാപനം മൂലമല്ല. പ. പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും പിന്നീട് വട്ടശ്ശേരില്‍ തിരുമേനിയേയും വിശുദ്ധന്മാരായി പ്രഖ്യാപിച്ചതു നമ്മുടെ പാരമ്പര്യത്തിലെ പുതിയ സംഗതിയാണ്. അതുപോലെ തന്നെ, സഭാപിതാക്കന്മാരെല്ലാവരും പുരാതന കാലത്തു ജീവിച്ചവരാകണം എന്നു പൌരസ്ത്യസഭ നിര്‍ബന്ധിക്കുന്നില്ല. നമ്മുടെ കാലത്തും സഭാപിതാക്കന്മാരുണ്ടാകാം. ഉദാഹരണമായി നമ്മുടെ സഭയില്‍ നവീകരണപ്രസ്ഥാനം പ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, വിശ്വാസസ്ഥിരതയോടുകൂടി, സഭയെ നയിച്ച പ. പരുമല തിരുമേനി സഭാപിതാവെന്ന സ്ഥാനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍, സഭാപിതാക്കന്മാരുടെ പട്ടികയോ കാലഘട്ടമോ കൃത്യമായി പരിമിതപ്പെടുത്തുവാന്‍ പൌരസ്ത്യ പാരമ്പര്യം തയ്യാറാകുന്നില്ല.
പക്ഷേ, നമ്മുടെ വി. കുര്‍ബ്ബാനയിലെ ‘തുബ്ദേനി’ല്‍ നാം ഓര്‍ക്കുന്ന പിതാക്കന്മാരുടെ പട്ടിക 8-ാം നൂറ്റാണ്ടുകൊണ്ട് അവസാനിക്കുന്നു. എ.ഡി. 700-ല്‍ നിര്യാതനായ നിനുവേയിലെ മാര്‍ ഇസഹാക്കും 708-ല്‍ നിര്യാതനായ ഉറഹായിലെ മാര്‍ യാക്കോബുമാണ് അവസാനമായി തുബ്ദേനില്‍ സ്ഥാനം പിടിച്ചത്. ഗ്രീക്കു സഭയിലും സഭാപിതാക്കന്മാരുടെ പട്ടിക 8-ാം നൂറ്റാണ്ടില്‍ ദമസ്ക്കോസിലെ യോഹന്നാന്‍ എന്ന വലിയ പണ്ഡിതനായ പിതാവിനോടുകൂടി അവസാനിക്കുന്നു. ലത്തീന്‍ സഭയില്‍ പിതാക്കന്മാരുടെ കാലം 7-ാം നൂറ്റാണ്ടില്‍ ‘സെവീയി’ലെ ഇസിഡോര്‍ എന്ന പിതാവിനോടുകൂടി അവസാനിക്കുന്നു. മുകളില്‍പ്പറഞ്ഞ മൂന്നു പാരമ്പര്യങ്ങളിലും 8-ാം നൂറ്റാണ്ടിനു ശേഷവും അതിപ്രശസ്തരായ പിതാക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, 8-ാം നൂറ്റാണ്ടോടു കൂടി ‘പിതാക്കന്മാരുടെ പാരമ്പര്യം’ എന്നു പിന്നീടു വന്നവര്‍ വിളിച്ച സുദൃഢവും ഏകീകൃതവുമായ ഒരു പാരമ്പര്യം ഉടലെടുത്തു കഴിഞ്ഞിരുന്നു. സഭയുടെ വിശ്വാസാചാരങ്ങള്‍, വേദശാസ്ത്ര വ്യാഖ്യാനങ്ങള്‍ എന്നിവയ്ക്കെല്ലാം വ്യക്തമായ രൂപഭാവങ്ങള്‍ നല്‍കിക്കഴിഞ്ഞിരുന്നു ഈ പാരമ്പര്യം. തന്മൂലം അതിനു വിശുദ്ധ ഗ്രന്ഥത്തോടൊപ്പം ആധികാരികമായ ഒരു സ്ഥാനം പിന്നീടു വന്നവര്‍ നല്‍കുകയും, സഭയുടെ പില്‍ക്കാല ചിന്തയില്‍ സുപ്രധാനമായ ഒരാധാരമായി അതിനെ കരുതുകയും ചെയ്തു.
ലത്തീന്‍ പാരമ്പര്യത്തില്‍ സഭാപിതാക്കന്മാരെ കൂടാതെ ‘സഭാഗുരുക്കന്മാര്‍’ എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടം ആളുകളുണ്ട്. സഭാഗുരു (Doctor of the church) എന്ന സ്ഥാനം പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചു നല്‍കുന്നതാണ്. പിതാക്കന്മാര്‍ക്കു ആവശ്യമായ ഗുണങ്ങള്‍ കൃത്യമായി നിര്‍വ്വചിച്ചതുപോലെ ഒരാളെ സഭാഗുരുവായി അംഗീകരിക്കാന്‍ മൂന്നു പ്രത്യേക ഗുണങ്ങള്‍ ആവശ്യമുണ്ട്: (1) വിശുദ്ധി-പ്രഖ്യാപിത പരിശുദ്ധന്മാര്‍ക്കു മാത്രമേ സഭാഗുരുവായിത്തീരാന്‍ സാധിക്കൂ. (2) ദൈവിക വിഷയങ്ങളെക്കുറിച്ചുള്ള ആഴമേറിയ അറിവ്. (3) പാപ്പായോ സുന്നഹദോസോ സഭാഗുരുവായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം. പൌരസ്ത്യസഭയുടെ പിതാവായ മാര്‍ അപ്രേമിനെ 1920-ലാണ് ലത്തീന്‍ സഭ സഭാഗുരുവായി അംഗീകരിച്ചത്. കന്യകമറിയാമിന്റെ അമലോല്‍ഭവ സിദ്ധാന്തത്തെ പിന്താങ്ങുന്നതിനു മാര്‍ അപ്രേമിന്റെ ചില ഗാനങ്ങള്‍ സഹായിക്കും എന്ന ധാരണയിലാണ് അദ്ദേഹത്തെ സഭാഗുരുവായി റോമാസഭ പ്രഖ്യാപിച്ചത് എന്നു പറയപ്പെടുന്നു. ‘കളങ്കമില്ലാത്ത’, ‘നിര്‍മ്മലമായ’ തുടങ്ങിയ വിശേഷങ്ങള്‍ മാര്‍ അപ്രം തന്റെ കവിതകളില്‍ വിശുദ്ധ കന്യകയ്ക്കു നല്‍കുന്നുണ്ടെങ്കിലും റോമ്മാ സഭ പഠിപ്പിക്കുന്നതുപോലെയുള്ള അമലോല്‍ഭവ സിദ്ധാന്തം അദ്ദേഹമോ, അദ്ദേഹത്തെ ബഹുമാനിക്കുന്ന സുറിയാനി പാരമ്പര്യമോ പഠിപ്പിക്കുന്നില്ല. ലത്തീന്‍ പാരമ്പര്യത്തില്‍ ഏകദേശം 20 ഗുരുക്കന്മാരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവരില്‍ ആംബ്രോസ്, ആഗസ്തിനോസ്, ജറോം, ഗ്രീഗോറിയോസ് പാപ്പാ (7-ാം നൂറ്റാണ്ട്) എന്നിവര്‍ക്കു അഗ്രിമസ്ഥാനം നല്‍കുന്നു. അതുപോലെ പൌരസ്ത്യ പാരമ്പര്യത്തില്‍ കൈസര്യയിലെ മാര്‍ ബസേലിയോസ്, നാസിയാന്‍സിലെ മാര്‍ ഗ്രിഗോറിയോസ്, സ്വര്‍ണ്ണനാവുകാരനായ മാര്‍ ഈവാനിയോസ്, അലക്സാന്ത്രിയായിലെ മാര്‍ അത്താനാസ്യോസ് എന്നിവര്‍ക്കു സുപ്രധാനമായ സ്ഥാനം നല്‍കിവരുന്നു. ലത്തീന്‍ സഭയില്‍ അടുത്തകാലത്ത് രണ്ടു സ്ത്രീകള്‍ക്കു ‘സഭാഗുരു’ എന്ന സ്ഥാനം നല്‍കിയിരിക്കുന്നു – ആവിലായിലെ തെരേസയും സിയന്നയിലെ കാതറിനും. ഇവര്‍ രണ്ടും റോമാസഭയുടെ പ്രഖ്യാപിത വിശുദ്ധകളായ രണ്ടു കന്യാസ്ത്രീകളായിരുന്നു.
പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ സഭാപിതാക്കന്മാരുടെ കാലഘട്ടത്തെയും സംഭാവനകളെയും കുറിച്ചു ചരിത്രപരമായും വേദശാസ്ത്രപരമായും പഠിക്കുന്ന ശാസ്ത്രത്തിനാണു ുമൃീഹീഴ്യ അല്ലെങ്കില്‍ ജമൃശശെേര എന്നു പറയുന്നത്. പക്ഷേ, ഇതു സത്യവിശ്വാസം പാലിച്ച പിതാക്കന്മാരെക്കുറിച്ചുള്ള പഠനമല്ല, പ്രത്യുത ഏതെങ്കിലും വിധത്തില്‍ സഭയോടു ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാ ക്രിസ്തീയ എഴുത്തുകാരേയും പരാമര്‍ശിക്കുന്ന പഠനമാണ്. ഇതില്‍ സഭാപിതാക്കന്മാരും വേദവിപരീതികളും ഉള്‍പ്പെടും. ഇതു ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ പഠനമാണ്. സത്യവിശ്വാസമാണോ വേദവിപരീതമാണോ ഈ എഴുത്തുകാര്‍ പഠിപ്പിച്ചത് എന്ന് ഇവിടെ അന്വേഷിക്കുന്നില്ല. പല പുരാതന ഭാഷകളിലുമായി ഇവരുടെ കണക്കില്ലാത്ത കൈയെഴുത്തുപ്രതികള്‍ ഇനിയും വെളിച്ചം കാണാനുണ്ട്. ഇവ പ്രസാധനം ചെയ്യുന്നതിനും ചരിത്രപരമായി പഠിക്കുന്നതിനും പാശ്ചാത്യ സര്‍വ്വകലാശാലകള്‍ മുന്‍കൈയെടുക്കുന്നുണ്ട്.
അവിഭാജ്യസഭയിലെ പിതാക്കന്മാരുടെ വേദശാസ്ത്ര സംഭാവനകളെപ്പറ്റിയുള്ള പഠനങ്ങള്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടായിട്ടുണ്ട്. സഭയെ ഭിന്നിപ്പിച്ച പില്‍ക്കാല പ്രശ്നങ്ങള്‍ക്കു പലതിനും ഏകകണ്ഠമായ ഒരുത്തരം ലഭിക്കുന്നതിന് ആദിമ സഭാപിതാക്കന്മാരെക്കുറിച്ചുള്ള അറിവ് വളരെയേറെ സഹായിക്കും. സഭയുടെ അഖണ്ഡപാരമ്പര്യത്തിന്റെ സാക്ഷികളാണ് ആദിമപിതാക്കന്മാര്‍. തന്മൂലമാണ് ഇന്നും എല്ലാ പുരാതന സഭകളും ഈ പിതാക്കന്മാരുടെ അഭിപ്രായത്തിനു സമുന്നതമായ പ്രാധാന്യം നല്‍കുന്നത്. അതേസമയം തന്നെ, നമ്മുടെ യാഥാസ്ഥിതിക ചിന്തയ്ക്കും ദുരഭിമാനത്തിനും ഇന്നത്തെ ലോകത്തിന്റെ പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യക്കുറവിനും ഒരു മറയായി “പിതാക്കന്മാരുടെ പാരമ്പര്യത്തെയും വിശ്വാസത്തെയും” ഉപയോഗിക്കാന്‍ നാം ശ്രമിക്കുന്നുവെങ്കില്‍, അതു വളരെയേറെ ദയനീയമാണ്. പല പൌരസ്ത്യ സഭകളിലും ഇതു കുറയൊക്കെ സംഭവിച്ചിട്ടുണ്ട്. ആന്തരിക ചൈതന്യവും കര്‍മ്മശേഷിയും ഇല്ലാതെ, ക്രിസ്തുവിന്റെ ചൂടും വെളിച്ചവും ഉള്‍ക്കൊണ്ടു കത്തിജ്വലിക്കാന്‍ കഴിയാതെ, ഭൂതകാലത്തിലേക്കു തിരിഞ്ഞിരുന്നു “ഞങ്ങള്‍ പിതാക്കന്മാരുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നു” എന്നു പറയുന്ന ക്രിസ്തീയ സമൂഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ സഭാപിതാക്കന്മാരെ അപമാനിക്കയാണു ചെയ്യുന്നത്. കാരണം ക്രിസ്തുവിന്റെ ജീവിതവും ക്രിസ്തീയ സുവിശേഷവും മനുഷ്യ യാഥാര്‍ത്ഥ്യത്തെ നിരന്തരം വെല്ലുവിളിക്കുകയും, അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്നും, സഭയെ എന്നും പുതിയ ജീവിതത്തിന്റെ അനുഭവത്തിലേക്കു നയിച്ച് അനുനിമിഷം നവീകരിക്കുന്നു എന്നും മനസ്സിലാക്കിയവരാണു പിതാക്കന്മാര്‍. അതുകൊണ്ടു ക്രിസ്തീയ വിശ്വാസത്തെ ക്രിയാത്മകമായി മനസ്സിലാക്കുവാനും പ്രയോഗത്തില്‍ വരുത്തുവാനും അവര്‍ ശ്രമിച്ചു. ക്രിസ്തീയ വിശ്വാസം അദ്ഭുതകരവും സര്‍ഗ്ഗപ്രവണവുമായ ഒരു മഹാശക്തിയായി അവരില്‍ നിറഞ്ഞു നിന്നിരുന്നു. ചേതനയറ്റ ഒരു പാരമ്പര്യത്തെ അന്ധമായി അനുകരിച്ചവരല്ലായിരുന്നു സഭാപിതാക്കന്മാര്‍; ശക്തവും ക്രിയാത്മകവുമായ ഒരു പാരമ്പര്യത്തിന്റെ സ്രഷ്ടാക്കളായിരുന്നു അവര്‍.