OVS - Latest NewsOVS-Kerala News

ചേപ്പാട് നടന്നത് ഭരണകൂട തീവ്രവാദം ; പിന്നിൽ കൈക്കൂലിയും അഴിമതിയുമെന്ന് അക്കമിട്ട് വികാരി

ആലപ്പുഴ : മാവേലിക്കര ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുമായി ബന്ധപ്പെട്ട് ഹൈ വേ വികസനത്തിന്റെ മറവിൽ നടക്കുന്ന സംഭവവികാസങ്ങളിൽ വസ്തുതകൾ നിരത്തി പള്ളി വികാരി.ചേപ്പാട് പള്ളിക്ക് വേണ്ടി വന്ദ്യനായ ലിനു തോമസ് അച്ഛൻ ഉയർത്തുന്ന ആക്ഷേപങ്ങൾ തെളിവുകളോടെ ഫെയിസ്ബുക്കിൽ വിമർശനമുന്നയിച്ചിരിക്കുന്നത്.ചരിത്ര പ്രാധാന്യമുള്ള കുരിശ് പൊളിച്ച ഉത്തരവിന്റെ വിവരങ്ങൾ തേടി സമർപ്പിച്ച വിവരാവകാശ രേഖയിൽ അത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.പ്രൊജക്റ്റ്‌ ഡയറക്ടർക്ക് ലക്ഷങ്ങൾ കോഴ നൽകി എൻട്രി എക്‌സിറ്റ് യൂടേൺ പോയിന്റുകൾ തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിൽ ആക്കിയിട്ടുള്ള സമാന അഴിമതി ചേപ്പാടും നടന്നിട്ടുണ്ടെന്ന് സംശയിക്കണം.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ചേപ്പാട് പള്ളിയും കുരിശ്ശടിയുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ വ്യക്തമാക്കണം എന്ന് ആഗ്രഹിക്കുന്നു.

ആദ്യ ഫോട്ടോ ഇന്നലെ എനിക്കെതിരായി രജിസ്റ്റർ ചെയ്ത no. 0004/2026 FIR കോപ്പി ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന നമ്പർ 27396/2025 ഹൈകോടതി ഉത്തരവാണ് രണ്ടാമത് നൽകിയിരിക്കുന്നത്. ഈ ഉത്തരവിൽ എവിടെയാണ് പള്ളിയുടെ സ്ഥലത്ത് നിർമ്മാണം നടത്താൻ അധികാരം നൽകിയിരിക്കുന്നത്? പള്ളിയുടെ സ്ഥലം ദേശീയ പാതാ അധികാരികൾക്ക് ആവശ്യമുണ്ട് എന്ന് ആവശ്യപ്പെട്ടു കോടതിയിൽ സമർപ്പിച്ച സബ്‌മിഷൻ കോടതി ഫയലിൽ സ്വീകരിച്ചു എന്ന റെക്കോർഡ് ആണ്. ഇതിനു മുൻപ് ഈ സ്ഥലം വേണ്ട എന്ന് പറഞ്ഞു അവർ കോടതിയിൽ സബ്‌മിഷൻ നൽകിയിരുന്നു. അതിൻപ്രകാരം ആ കേസ് കോടതി അവസാനിപ്പിച്ചു. അതാണ് മൂന്നാമത് നൽകിയിരിക്കുന്ന ഫോട്ടോ. ഈ കേസ് ഇപ്പോളും കോടതിയിൽ വാദം തുടരുന്നതേ ഉള്ളൂ. ഏറ്റവും ഒടുവിൽ കോടതി അവരോട് ആവശ്യപ്പെട്ടത് പള്ളിയുടേതായി ഇപ്പോൾ 3D നോട്ടിഫിക്കേഷൻ വഴി പറഞ്ഞിരിക്കുന്ന സ്ഥലം ദേശീയ പാതാ അതോറിറ്റിയ്ക്ക് വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്ത് കോടതിയിൽ അറിയിക്കണം എന്നാണ്. അത് സമർപ്പിക്കുന്നതിനു മുൻപാണ് പോലീസ് സഹായത്തോടെ അത് നശിപ്പിച്ചത്. ഈ ഉത്തരവ് വായിച്ചു മനസ്സിലാക്കാൻ വിദ്യാഭ്യാസമില്ലാത്തവരല്ല കലക്ടറും dysp യും ഒന്നും.

അടുത്തതായി 4- മത് നൽകിയിരിക്കുന്ന നമ്പർ 0875/2025 FIR കോപ്പി ആദ്യം ഒക്ടോബർ മാസത്തിൽ അവർ വന്നു കുരിശ് നശിപ്പിച്ചപ്പോൾ എതിർത്തതിനാണ്. ഇതിൽ പറഞ്ഞിരിക്കുന്ന സെക്രട്ടറിയുടെ M2/404/2025 നമ്പർ ഉത്തരവ് തേടി വിവരവകാശനിയമം വഴി അപേക്ഷ നൽകി. അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്.

കൂനൻ കുരിശ് സത്യം നടന്ന അതേ ദിവസം തന്നെ ചേപ്പാട് പള്ളിയിൽ അതിക്രമിച്ചു കയറി ഇങ്ങനെ ഒരു നടപടി എടുക്കാൻ അടിസ്ഥാനമായി അവർ പറഞ്ഞ ഒരു ഡോക്യുമെന്റ് പോലും വാലിഡ് അല്ല.

പിന്നെ എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന വാക്കാണ് ഏറ്റവും യോജിച്ചത്. ഒരു അധികാരി ഒരു പേപ്പറിൽ ഒപ്പിട്ട് സീൽ പതിച്ചാൽ അത് “കല്ലേ പിളർക്കുന്ന രാജകൽപ്പന” ആകുന്നു. സാക്ഷാൽ കോടതി പോലും അതിന്റെ മുന്നിൽ നിസ്സഹായമായി നിൽക്കുന്നു.

വൻ തോതിൽ കൈക്കൂലിയും അഴിമതിയും ഹൈവേ നിർമ്മാണത്തിന്റെ പേരിൽ നടക്കുന്നുണ്ട് എന്നത് സ്പഷ്ടമാണ്. പ്രൊജക്റ്റ്‌ ഡയറക്ടർക്ക് ലക്ഷങ്ങൾ വരെ കൈക്കൂലി നൽകി പെട്രോൾ പമ്പ്-ഹോട്ടൽ ഉടമകൾ എൻട്രി, എക്സിറ്റ്,യൂട്ടേൺ പോയിന്റുകൾ തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിൽ ആക്കിയിട്ടുണ്ട്. ഇതേ പോലെ അഴിമതി ഇവിടെയും നടന്നിട്ടുണ്ട്. ഈ അതിക്രമത്തിന് കൂട്ടുനിന്ന അധികാരികളും ഈ അഴിമതിയിൽ പങ്കുകാരാണെന്ന് സംശയിക്കണം. അല്ലെങ്കിൽ ആദ്യ തവണ, ഇല്ലാത്ത ഉത്തരവിന്റെ പേരിലും ഇപ്പോൾ, ഒരു വിധിയുമല്ലാത്ത ഒരു കോടതി റെക്കോർഡിന്റെ അടിസ്ഥാനത്തിലും ഈ അതിക്രമം നടത്താൻ കളക്ടർക്കും DySp ക്കും എങ്ങനെ സാധിക്കും. അത്കൊണ്ട് തന്നെയാണ് ഇത് പൊളിക്കാൻ വന്നപ്പോൾ ഞാൻ അതിനുള്ള ഉത്തരവ് ചോദിച്ചപ്പോൾ അത് അവർ നൽകാതിരുന്നതും എന്നെ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തതും.

ഇത് വികസനത്തിന്‌ എതിരല്ലേ എന്ന് പറയുന്നവരോട് ഒരു വാക്ക്.

ദേവാലയത്തിന്റെ പടിഞ്ഞാറു വശത്തുള്ള രണ്ട് കെട്ടിടങ്ങൾ ഇതിനു വേണ്ടി പള്ളി വിട്ടുനൽകി. ഒരു എതിർപ്പും ഇല്ലാതെ. ഈ ദേവാലയവുമായി ബന്ധപ്പെട്ട് കേസ് കോടതിയിൽ നടക്കുമ്പോൾ ബഹുമാനപ്പെട്ട ഹൈകോടതി ചോദിച്ച ഒരു ചോദ്യമുണ്ട്. ഗുരുവായൂർ അമ്പലത്തിന്റെ മുകളിൽ കൂടെ നിങ്ങൾ റോഡ് പണിയുമോ? ഇല്ലെങ്കിൽ ഈ പള്ളിയുടെ മുകളിലും അത് പണിയാൻ പാടില്ല. ഗുരുവായൂർ ക്ഷേത്രം നിലവിലുള്ളത് പോലെ പണിയപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. ചേപ്പാട് പള്ളി പണിയപ്പെട്ടത് 7 മുതൽ 11 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിലാണ്. കേരള ടൂറിസം വകുപ്പിന്റെ ഡാറ്റാ അനുസരിച്ചു 1175ൽ. ഇപ്പോൾ തകർക്കപ്പെട്ട കൽക്കുരിശിന്റെ പഴക്കം ഏകദേശം ഇതിനോട് അടുത്തുണ്ട്.

പരിശുദ്ധ ബാവ തിരുമേനി വടക്കേ ഇന്ത്യയിൽ നടക്കുമെന്ന് പറഞ്ഞ ഭരണകൂട തീവ്രവാദത്തിന്റെ ഏറ്റവും വലിയ അടയാളം ചേപ്പാട് നടന്നുകഴിഞ്ഞു. അത് കേരളത്തിൽ ചെയ്യുന്നത് ബിജെപിയോ ആർഎസ്എസോ അല്ല ഇപ്പോളത്തെ ഇടത് സർക്കാറാണ് എന്ന് മാത്രം.

പിന്നെ വൈദികകുപ്പായം ഇട്ടു പോലീസിനെ എതിർത്തത് ശെരിയായില്ല എന്ന് പറയുന്നവരോട് ഒരു വാക്ക്. പ്രവാചകന്മാർ അന്നത്തെ അധികാരികൾക്കെതിരെ എതിർത്തിട്ടുണ്ട്. അവർക്ക് തോന്നാത്ത നാണക്കേട് എനിക്ക് തോന്നേണ്ട ആവശ്യമില്ല. ചാട്ടവാറെടുത്ത യേശു വിസ്മരിക്കപ്പെടരുത്.

2000 വർഷത്തെ പഴക്കമുള്ള മലങ്കര നസ്രാണികളുടെ നിലനിൽപ്പിന്റെ ദൃശ്യ ചരിത്രങ്ങളിൽ ഒന്നാണ് ഈ പള്ളി. നമ്മുടെ ചരിത്ര അടയാളങ്ങൾ ഓരോന്നായി നശിപ്പിക്കപ്പെടുമ്പോൾ 100 വർഷം കഴിഞ്ഞാൽ നാം ഇവിടെ നിനനിന്നിരുന്നു എന്നതിന് ഒരു അടയാളവും ഉണ്ടാകില്ല. ശ്രീലങ്കയിലും ഡിണ്ഡിഗലിലും ഒക്കെ ഉണ്ടായിരുന്ന ഓർത്തഡോൿസ്‌ വിശ്വാസികൾ ഒരു തെളിവും അവശേഷിപ്പിക്കാതെ മായിക്കപ്പെട്ടത് നമ്മുടെ മുൻപിൽ ഉണ്ട്. ഉണ്ടായിരുന്ന ചരിത്ര രേഖകളും ആരാധനാക്രമങ്ങളും ഒക്കെ കത്തോലിക്കാ സഭയുടെ ഗോവൻ മത പീഡന കേന്ദ്രത്തിന്റെ ആർച്ച് ബിഷപ് മെനെസിസ് കത്തിച്ചു കളഞ്ഞു. അയാൾ ചേപ്പാട് പള്ളിയിലും താമസിച്ചു ഈ ദേവാലയത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു തലതാഴ്ത്തി മടങ്ങിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി എന്നവണ്ണം ഈ ദേവാലയം പൊളിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സമീപ കത്തോലിക്കാ ഇടവക കേസ് നൽകിയിട്ടുണ്ട്.

ആ അതിക്രമങ്ങൾ എല്ലാം ദൈവകൃപയാൽ അതിജീവിച്ചു തല ഉയർത്തി നിന്നതാണ് ഈ ദേവാലയം.

ഇതിന്റെ ചുമതലയിൽ ഉള്ള ദിവസം വരെ
ആരെതിർത്താലും
ആരൊക്കെ ഓടിമാറിയാലും
ആരൊക്കെ പിന്നിൽ നിന്ന് കുത്തിയാലും

തമ്പുരാൻ അനുവദിക്കുന്നത് വരെ ഞാൻ ഇവിടെ തന്നെ നിൽക്കും.

error: Thank you for visiting : www.ovsonline.in