നാലുന്നാക്കല്‍ പള്ളിയിൽ സമാന്തര ഭരണത്തിന് കുരുക്ക്
1934-ലെ ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കപ്പെടണമെന്നും, വികാരിമാരെ നിയമിക്കുന്നതിന് പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ , ബാവായാല്‍ നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാര്‍ക്കോ മാത്രമേ അവകാശമുള്ളുവെന്ന് കോടതി .നാലുന്നാക്കല്‍ സെന്‍റ് ആദായീസ് പള്ളി 1934 സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കാണിച്ച് വികാരി ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സഹവികാരി ഫാ. ഗീവറുഗീസ് തോമസ് എന്നിവര്‍ വാദിയായി ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലാണ് വിധി.
പാത്രിയര്‍ക്കീസ് ബാവായക്ക് ഇടവകയില്‍ യാതൊരു അവകാശവും അധികാരവുമില്ല എന്നും, നാലുന്നാക്കല്‍ സെന്‍റ് ആദായീസ് പള്ളി ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും ബഹു. സുപ്രീം കോടതിയുടെ 2017 വിധി അന്തിമമാണ് എന്നുമാണ് വിധിപ്രസ്താവത്തിലെ കണ്ടെത്തലുകള്‍. പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ വാദങ്ങളെല്ലാം മുന്‍സിഫ് തള്ളിക്കളഞ്ഞു. കെ. എസ്. വര്‍ഗീസ് കേസിലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളി ഭരിക്കപ്പെടുന്നതിന് വിധിനടത്തു ഹര്‍ജ്ജി നല്‍കാവുന്നതാണ് എന്നും ആയതിനാല്‍ പ്രത്യേക കേസ് ആവശ്യമില്ലെന്നും വിധിയില്‍ പറയുന്നുണ്ട്. വാദിഭാഗത്തിനു വേണ്ടി അഡ്വ. എം. സി. സ്കറിയാ ഹാജരായി.
വിധി സ്വാഗതാർഹമെന്ന് കോട്ടയം ഭദ്രാസനം
മലങ്കര സഭ ഭരണഘടനക്ക് വിധേയമായി ഒരുമിച്ചു ഭരണത്തിൽ മുന്നോട്ട് പോകണമെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത.എക്കാലത്തും പ്രതിസന്ധികളുണ്ടാക്കി ക്രൈസ്തവ സാക്ഷ്യത്തിനെതിരായി മുന്നോട്ട് പോകാമെന്ന് വിചാരിക്കുന്നവർ സ്വയം പുറത്തേക്ക് പോകണമെന്ന് മാർദിയസ്കോറോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
