സർക്കാരിന്റേത് യാക്കോബായ പ്രീണനം : ഓർത്തഡോക്സ് യുവജന പ്രസ്ഥാനം
കോട്ടയം: 2017-ലെ സുപ്രീംകോടതിയുടെ അന്തിമവിധി അട്ടിമറിക്കാൻ യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിന് നിയമം നിർമിക്കാനുള്ള കേരളസർക്കാർ നീക്കം നീതീകരിക്കാനാകില്ലെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്താ പറഞ്ഞു. അഖിലമലങ്കര ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര അസംബ്ലി കോട്ടയയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ കൈയേറിയ യാക്കോബായ വിഭാഗത്തിന്റെ നടപടി നീതിന്യായവ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണ് കോടതിവിധിയിൽ പറയുന്നത്. എന്നാൽ, സാമുദായികപ്രീണനത്തിനായി, നിയമനിർമാണത്തിന് സർക്കാർ ശ്രമിക്കുന്നു. ഇത് അപലപനീയമാണ്.ഓർത്തഡോക്സ് സഭയെ, പള്ളിപിടിത്തക്കാർ എന്നരീതിയിൽ തരംതാഴ്ത്തിക്കാണിക്കുന്നതിന് ഗൂഢാലോചനയുണ്ട്.
നിയമവിരുദ്ധമായി മലങ്കര പള്ളികൾ കൈവശം വെച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തെ സഹായിക്കാനും ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധി വിലകുറച്ചുകാണാനുമാണ് ചില മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നതെന്നും അസംബ്ലി കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു.