OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 9

എട്ടാം ഭാഗം തുടർച്ച ….

27. പൈതൃകം എന്നത് സമ്മേളനം നടത്തി കിട്ടുന്നതല്ല എന്ന തറയില്‍ പണ്ഡിതരുടെ പ്രസ്താവന സത്യമാണ്. പക്ഷേ ഒരു വിശദീകരണം ആവശ്യമുണ്ട്. സ്വന്തം പിതാമഹന്മാര്‍ ആരെന്ന് അറിയാവുന്ന ആഭിജാത്യമുള്ള കുടുംബത്തിലെ കാരണവന്മാര്‍ പല കാരണങ്ങള്‍ക്ക് – പ്രത്യേകിച്ചും പിതാമഹന്മാരുടെ ശ്രാദ്ധം കഴിക്കാന്‍ – ശേഷക്കാരെ കാലാകാലങ്ങളില്‍ വിളിച്ചുകൂട്ടാറുണ്ട്. പിതൃത്വവും പാരമ്പര്യവുമറിയാവുന്ന മക്കളും കൊച്ചുമക്കളും ആ വിളി കേട്ട് അഹമഹമഹിയ അതില്‍ പങ്കെടുക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് 2024 ഫെബ്രുവരി 25-ന് കോട്ടയത്ത് നടന്നത്. ആളും അര്‍ത്ഥവുമുള്ള കുടുംബത്തില്‍ കുടുംബയോഗത്തിന് ആളു കൂടും. പ്രത്യേകിച്ച്, കാരണവരുടെ കല്പന ഭംഗിയായി നടത്താന്‍ കഴിവുള്ള ശേഷക്കാര്‍ ഉണ്ടെങ്കില്‍.

28. കോട്ടയം സമ്മേളനത്തില്‍ റോമാപാപ്പായ്ക്കും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനും എതിരെ മുദ്രാവാക്യം വിളിച്ചു എന്നതാണ് തറയില്‍ പണ്ഡിതരുടെ മറ്റൊരു പരാതി. അത് മലങ്കര നസ്രാണികള്‍ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. റോമന്‍ കത്തോലിക്കാ അധിനിവേശ ശ്രമം ആരംഭിച്ച 16-ാം നൂറ്റാണ്ടില്‍ തുടങ്ങിയതാണ്. ആത്മാഭിമാനവും ദേശീയ ബോധവുമുള്ള മലങ്കര നസ്രാണികള്‍ ഇന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. 1807-ലെ ആര്‍ത്താറ്റു പടിയോലയില്‍ റോമായില്‍നിന്നോ അന്ത്യോഖ്യയില്‍നിന്നോ ബാബേലില്‍നിന്നോ മറ്റെവിടെനിന്നോ ഉള്ള ഒരു മെത്രാന്മാരുടെയും ഉപദേശം സ്വീകരിക്കുകയില്ലെന്നും, പൂര്‍വികമായി നമുക്കുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമെന്നുമുള്ള സത്യപ്രതിജ്ഞയില്‍ നിലനില്‍ക്കുന്നതാണ് മലങ്കര സഭ. പൈതൃക ബോധമുള്ള നസ്രാണികള്‍ക്ക് അത് മാറ്റാന്‍ സാദ്ധ്യമല്ല; തയ്യാറുമല്ല. ആ സമൂഹം ഇന്ന് മലങ്കര സഭയെ വിഴുങ്ങാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അന്ത്യോഖ്യന്‍, റോമന്‍ കത്തോലിക്കാ സഭാ അദ്ധ്യക്ഷന്മാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെങ്കില്‍ പണ്ഡിതര്‍ ഖേദിക്കേണ്ടാ. അതവരുടെ സഹജമായ ദേശീയ ബോധത്തില്‍ നിന്നും സ്വാതന്ത്ര്യവാഞ്ചയില്‍നിന്നും ഉരുത്തിരിഞ്ഞതാണ്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

29. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു. അന്ന് ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ നിന്ന തിരുവിതാംകൂര്‍, കാഷ്മീര്‍, ഹൈദ്രബാദ് മുതലായ നാട്ടുരാജ്യങ്ങളേയും പോര്‍ട്ടുഗീസ് ഗോവയേയും പല മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. 1950-ല്‍ ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അതിനുശേഷം ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷവും സ്വതന്ത്ര ഇന്ത്യ, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ പതിതരായ ഒരു വിഭാഗം മാത്രമാണെന്ന് ആരെങ്കിലും ചിന്തിക്കുന്നതുപോലയാണ് മലങ്കര സഭ 1912-ല്‍ ആരംഭിച്ച ഒരു വിഭാഗമാണന്ന് തറയില്‍ പണ്ഡിതര്‍ ആരോപിക്കുന്നത്.

തറയില്‍ പണ്ഡിതരേ, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെയില്‍വേ, ടെലിഫോണ്‍, ടെലിഗ്രാഫ് മുതലായവ ഒന്നും ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ തിരിച്ച് ആവശ്യപ്പെട്ടില്ല. തിരിച്ചു കൊടുക്കുന്നതിനെപ്പറ്റി ഇന്ത്യ ചിന്തിച്ചുമില്ല. ജോര്‍ജ്ജ് ആറാമന്‍ എന്ന ബ്രിട്ടീഷ് ചക്രവര്‍ത്തിയെ ഒഴിവാക്കിയാണ് 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചത്. മുകളില്‍ പറഞ്ഞവ ഒക്കയും ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യാ മഹാരാജ്യം തന്റെ ഭരണത്തിന്‍ കീഴെ നില്‍ക്കണം എന്ന് ജോര്‍ജ്ജ് ആറാമന്റെ പിന്‍ഗാമിയായ ചാള്‍സ് മൂന്നാമന്‍ അവകാശപ്പെട്ടാല്‍ അതിനുള്ള വിലപോലുമില്ല തറയില്‍ പണ്ഡിതരുടെ തിരുവസ്ത്ര അവകാശവാദത്തിന്.

30. പുത്തന്‍ ചരിത്ര കഥകളും വളച്ചൊടിച്ച ലേഖനങ്ങളും പുറത്തിറക്കുന്നവര്‍ കേരള യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയില്‍ ഉള്ള യഥാര്‍ത്ഥ ചരിത്ര പുസ്തകങ്ങള്‍ വായിക്കുക എന്ന തറയില്‍ പണ്ഡിതരുടെ ഉപദേശത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ ആദ്യം അങ്ങുതന്നെ അതു ചെയ്യണം എന്നുമാത്രം. അതിനുമുമ്പ് മലയാള വ്യാകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എങ്കിലും മനസിലാക്കിയിട്ടുവേണം ഇത്തരം കായിതങ്ങള്‍ എഴുതുവാന്‍. അല്ലെങ്കില്‍ അങ്ങയുടെ മൂലസ്ഥാനമായി പറയുന്ന ചങ്ങനാശേരി എസ്. ബി. കോളേജിനു മോശമാണ്.

യഥാര്‍ത്ഥ ചരിത്ര പുസ്തകങ്ങള്‍ പലയിടത്തുമുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയില്‍ മാത്രമല്ല കോട്ടയം വടവാതൂരിലെ പൗരസ്ത്യ വിദ്യാപീഠം അടക്കം അനേക സ്ഥലങ്ങളില്‍ ഉണ്ട്‌. അവ ആദ്യം തറയില്‍ പണ്ഡിതര്‍ വായിക്ക്. എന്നിട്ട് മറ്റുള്ളവരെ വായിക്കാന്‍ ഉപദേശിക്ക്. അതല്ലേ ഭംഗി?

പ്രൊഫസര്‍ സെബാസ്റ്റ്യന്‍ ടി. തറയില്‍ എന്നവകാശപ്പെടുന്ന കായിത കര്‍ത്താവിനെ തറയില്‍ പണ്ഡിതര്‍ എന്നു ഈ മറുപടിയില്‍ സംബോധന ചെയ്യുന്നതില്‍ കുണ്ഠിതപ്പെടേണ്ട. കരിയാറ്റി മല്‍പ്പാന്‍, നിധീരിക്കല്‍ കത്തനാര്‍, കാവുകാട്ട് പിതാവ് എന്നൊക്കെ കുടുംബമുള്ളവരെ സംബോധന ചെയ്യുന്നത് നസ്രാണി സംസ്‌ക്കാരമാണ്. ആ വിശ്വാസത്തില്‍ മാത്രം ഇതും ചെയ്തതാണ്. പ്രൊഫസര്‍ എന്ന വാക്കിന് പണ്ഡിതന്‍ എന്നും അര്‍ത്ഥമുണ്ട്. അതിനോടൊപ്പം ദ്രാവിഡ പൂജകബഹുവചനമായ യാര്‍ കൂടി ചേര്‍ത്തു. അത്രമാത്രം.

ഡോ. എം. കുര്യന്‍ തോമസ്

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1

error: Thank you for visiting : www.ovsonline.in