OVS - Articles

ആചന്ദ്രതാരമേ സന്തതിപ്രവേശമേ !

വ്യാജനും ബദലും അപരനും ഫേക്കും കളംനിറഞ്ഞാടുന്ന വര്‍ത്തമാനകാലത്ത് സാമൂഹിക മാദ്ധ്യമ വാര്‍ത്തകളുടെ വിശ്വാസ്യത എപ്പോഴും സംശയത്തിന്റെ മുള്‍മുനയിലാണ്. അത്തരമൊരു വാര്‍ത്തയാണ് പള്ളത്തിട്ട ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മലങ്കര മെത്രാന്‍ സ്ഥാനാരോഹണം. copyright@ovsonline.in

സാമൂഹിക മാദ്ധ്യമ വാര്‍ത്ത ഇപ്രകാരമാണ്:

”ആകമാന സുറിയാനി യാക്കോബായ സഭയുടെ കേരളത്തിലെ സഭയുടെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനാരോഹണം 2024 ഫെബ്രുവരി 4-ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആകമാന സുറിയാനി യാക്കോബായ സഭയുടെ കേരളത്തിലെ സഭയുടെ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ മുഖ്യ കാര്‍മ്മികത്തില്‍.”

ഇതോടൊപ്പം മലങ്കര മെത്രാപ്പോലീത്തായുടെ മുതലവായന്‍ തൊപ്പി വെച്ച് രണ്ടു മാലയും ധരിച്ച ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്.

ആദ്യമേതന്നെ പറയട്ടെ, ഈ വാര്‍ത്തയ്ക്ക് ഔദ്യോഗികമായി യാതൊരു സ്ഥിതീകരണവും ഉണ്ടായിട്ടില്ല. എന്നാല്‍ 2023 ഡിസംബര്‍ 2 -ന് ”…യാക്കോബായസഭയുടെ ഭരണത്തലവന്‍ സഭയില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനപ്പേരിലായിരിക്കും അറിയപ്പെടുകയെന്ന് യാക്കോബായ സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു…” എന്നൊരു വാര്‍ത്ത ഉത്തരവാദിത്വപ്പെട്ട മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്താ എന്നാണ് വാര്‍ത്തകളില്‍ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാനാരോഹണ വാര്‍ത്തയെ തീര്‍ത്തും കഴമ്പില്ലാത്തത് എന്നു തള്ളിക്കളയാന്‍ ആകില്ല.

കുഴഞ്ഞല്ലോ കുറുപ്പാളേ കുഴഞ്ഞല്ലോ? മൊത്തം എടങ്ങേടാണല്ലോ? മുമ്പു പറഞ്ഞതൊക്കെ മൊത്തം വിഴുങ്ങേണ്ടി വരുമല്ലോ കുറുപ്പാളെ. ആദ്യം മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ ധരിച്ച ചിത്രം തന്നെയെടുക്കാം. അന്ത്യോഖ്യന്‍ സഭയില്‍ അംശവടി, സ്ലീബാ ഇവ എല്ലാ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനികളും, രണ്ടു മാല എല്ലാ മെത്രാപ്പോലീത്താമാരും ഉപയോഗിക്കുന്നതാണ്. അതില്‍ പുതുമയൊന്നുമില്ല. കുരിശിനോടൊപ്പം പനാജിയ എന്നറിയപ്പെടുന്ന പ. ദൈവമാതാവിന്റെ ഐക്കണ്‍ ആണ് ഉപയോഗിക്കുക. അതിലും പ്രത്യേകതയൊന്നും ഇല്ല. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ പാത്രിയര്‍ക്കീസ് – കാതോലിക്കാ എന്നിവര്‍ ഇവ രണ്ടിനോടും ഒപ്പമാണ് യഥാക്രമം പ. പത്രോസ് ശ്ലീഹാ, മാര്‍ തോമാ ശ്ലീഹാ എന്നിവരുടെ ഐക്കണ്‍ കൂടി കഴുത്തില്‍ ധരിക്കുക.

പ്രശ്‌നം അവിടെയല്ല. അത് മുതലവായന്‍ തൊപ്പിയാണ്. മലങ്കര മെത്രാപ്പോലീത്തായുടെ പരമ്പരാഗത സ്ഥാനചിഹ്നങ്ങളാണ് മുതലവായന്‍ തൊപ്പിയും അല്‍മുത്തിക്കാപ്പയും. നിര്‍ദ്ദിഷ്ട മലങ്കര മെത്രാപ്പോലീത്തായുടെ ചിത്രം സൃഷ്ടിച്ചവര്‍ അല്‍മുത്തിയുടെ കാര്യം മറന്നുപോയതാണോ?

മുതലവായന്‍ തൊപ്പിയും അല്‍മുത്തിക്കാപ്പയും ഉപയോഗിക്കുന്നത് പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ കല്പനയ്ക്ക് വിരുദ്ധമാണന്നുള്ള വസ്തുത ജോസഫ് മാര്‍ ഗ്രീഗോറിയോസിന് അജ്ഞാതമായിരിക്കാം. എന്നാല്‍ അങ്ങിനെ ഒന്നുണ്ട്. 1876-ല്‍ അദ്ദേഹം കണ്ടനാട് പള്ളിയില്‍ വെച്ച് ”…ഈ പള്ളിയില്‍ ഉണ്ടായിരുന്ന കൂമ്പന്‍ തൊപ്പിയും അല്‍മുത്തിയും എടുപ്പിച്ചു കണ്ടാറെ, ഇനിമെലില്‍ പട്ടക്കാരു കൂമ്പന്‍ തൊപ്പി വയ്ക്കുകയും അല്‍മുത്തി ഇടുകയും ചെയ്തു പൊകരുതന്നും, ഈ ചമയം റൊമ്മാക്കാരുടെതാകയാല്‍ സുറിയാനിക്കാരായ നമുക്കു ഇതു ധരിപ്പാന്‍ ന്യായമില്ലന്നും…” കല്‍പ്പിച്ചു എന്ന് ദൃക്‌സാക്ഷിയായ കാരോട്ടുവീട്ടില്‍ ശെമവോന്‍ മാര്‍ ദീവന്നാസ്യോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാര്‍ ഗ്രീഗോറിയോസിന് ഈ ചമയങ്ങള്‍ ധരിക്കത്തക്കവിധം പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ കല്പന ആരെങ്കിലും പിന്‍വലിച്ചിട്ടുണ്ടോ?

ഇനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണം. മലങ്കരയിലെ പ്രഥമ ദേശീയ മെത്രാനായ മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ മുതല്‍ മലങ്കര മെത്രാന് പ്രത്യേക സ്ഥാനാരോഹണമോ അതിനൊരു ശുശ്രൂഷയോ ഇല്ല. അവരില്‍ ഭൂരിപക്ഷവും മുന്‍ഗാമിയുടെ കാലശേഷം മേല്‍പ്പട്ടക്കാരായി വാഴിക്കപ്പെട്ടത് മലങ്കര മെത്രാനായി ആണ്. മുന്‍ഗാമികളാല്‍ വാഴിക്കപ്പെട്ട മാര്‍ത്തോമ്മാ അഞ്ചാമന്‍, മാര്‍ത്തോമ്മാ ആറാമന്‍, മാര്‍ത്തോമ്മാ ഏഴാമന്‍ എന്നിവര്‍ മുന്‍ഗാമികളുടെ കാലശേഷം മലങ്കര മെത്രാനായി സ്ഥാനം ഏറ്റെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുന്‍ഗാമികളുടെ കാലശേഷം തിരഞ്ഞെടുക്കപ്പെട്ട പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്നിവരുടെ കാര്യവും വിപരീതമല്ല. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ എന്നിവര്‍ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ മലങ്കര മെത്രാന്‍ സ്ഥാനം സ്വയമേ ഏറ്റെടുക്കുക ആയിരുന്നു.

കാതോലിക്കാമാര്‍ മലങ്കര മെത്രാന്‍ സ്ഥാനം കൂടി വഹിക്കുന്ന കീഴ്‌വഴക്കംനിലവില്‍ വന്നതോടെ മുന്‍ഗാമി സ്ഥാനം ഒഴിയുകയോ കാലം ചെയ്യുകയോ ചെയ്യുന്ന നിമിഷം മുമ്പുകൂട്ടി തിരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമി മലങ്കര മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുകയും പിന്നീട് ആഘോഷപുര്‍വം കാതോലിക്കാ സ്ഥാനാരോഹണം നടത്തുകയുമാണ് പതിവ്. ഇനി ജോസഫ് മാര്‍ ഗ്രീഗോറിയോസിന് വേണമെങ്കില്‍ ഒരു പുതിയ ക്രമം എഴുതി ഉണ്ടാക്കണം!

പിന്നെ പരീക്ഷിക്കാവുന്നത് സുന്ത്രോണീസ ആണ്. സുന്ത്രോണീസ എന്നാല്‍ സിംഹാസന ആരോഹണമാണ്. അതിന് ആദ്യം വേണ്ടത് ഒരു സിംഹാസനമാണ്. ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഏതു സിംഹാസനത്തിലേയ്ക്ക് ആരോഹണം ചെയ്യും?

പരമ്പരാഗതമായി മലങ്കര മെത്രാപ്പോലീത്താമാര്‍ ആരൂഡരാകുന്നത് പ. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖകള്‍ മാത്രം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും. 1817-ല്‍ പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മൂന്നാമനെ “മലങ്കരയുടെ സിംഹാസനത്തിലേക്ക് മെത്രാപ്പോലീത്താ” ആയി വാഴിക്കുന്നത് അന്ന് മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ, “തോമസ് അപ്പോസ്‌തോലന്റെ സിംഹാസനമാകുന്ന മലങ്കരയുടെയും ഇന്ത്യ മുഴുവന്റെയും സിംഹാസനത്തില്‍ ഗീവര്‍ഗീസ് എന്നു പേരുള്ള പീലക്‌സീനോസ് മെത്രാപ്പോലീത്താ” എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ്.

“…പരിശുദ്ധനും ഭാഗ്യവാനുമായ മാര്‍ തോമസ് അപ്പോസ്‌തോലന്റെ സിംഹാസനാരൂഢനുമായിരിക്കുന്ന ഫിലിപ്പോസെന്ന ദീവന്നാസിയോസ് മെത്രാപ്പോലീത്താ ആയ നാം…..” എന്ന തലവാചകത്തോടെയാണ് ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്താ 1830-ല്‍ കുത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് സ്താത്തിക്കോന്‍ നല്‍കുന്നത്.

പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്താ തന്റെ പിന്‍ഗാമിയായി തോമസ് അത്താനാസിയോസിനെ വാഴിച്ചപ്പോള്‍ നല്‍കിയ സ്ഥാത്തിക്കോനില്‍ അദ്ദേഹം മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനാരൂഡനാണെന്നും പിന്‍ഗാമിയെ വാഴിക്കുന്നത് ആ സിംഹാസനത്തിലേയ്ക്കാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കടുത്ത അന്ത്യോഖ്യാ ഭക്തനായ ഇ. എം. ഫിലിപ്പ്, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് മലങ്കര മെത്രാന്‍ സ്ഥാനം ഉറപ്പിച്ചുകിട്ടിയ 1889-ലെ റോയല്‍ കോടതി വിധിയുടെ അനന്തരഫലത്തെപ്പറ്റി ”…മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ മാര്‍ തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ വാഴ്ച ഉറപ്പിക്കുകയും ചെയ്തു…” എന്നാണ് വിലയിരുത്തുന്നത്.

”നാടന്‍ സാധനങ്ങള്‍’‘ ഒക്കെ പോകട്ടെ, സാക്ഷാല്‍ ”ശീമ ബാവാ”യുടെ അവകാശവാദം മാത്രം പരിഗണിക്കാം. 1846-ല്‍ മലങ്കരെ എത്തി, മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ച അന്ത്യോഖ്യന്‍ മേല്‍പ്പട്ടക്കാരനായിരുന്നു യുയാക്കിം മാര്‍ കൂറീലോസ്. ആ സ്ഥാനത്തിനായുള്ള നിയമ യുദ്ധത്തില്‍ പരാജയപ്പെട്ട അദ്ദേഹം 1874-ല്‍ കാലം ചെയ്യുന്നതു വരെയും അധികാരമില്ലെങ്കിലും ”മലങ്കര മെത്രാപ്പോലീത്താ” എന്നു ഭാവിച്ചിരുന്നു. 1857-ല്‍ മലങ്കര സന്ദര്‍ശിച്ച യറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസായ മാര്‍ ഗ്രീഗോറിയോസ് അബ്‌ദേദുനുഹറോ, “മലങ്കരയുള്ള മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ വാഴുന്ന” എന്നാണ് യുയാക്കിം മാര്‍ കൂറിലോസിനെപ്പറ്റി വിശേഷിപ്പിക്കുന്നത്. താന്‍ കൂദാശചെയ്ത തബ്ലൈത്തായിലും തന്റെ കല്പനകളിലും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ”മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്റെ മെത്രാപ്പോലീത്താ” എന്നാണ്.

അതിനുമപ്പുറം, ”…അറബിയില്‍ മുദ്രണം ചെയ്ത മറ്റൊരു ചെറിയ മദ്രയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിപ്രകാരം ആയിരുന്നു. ‘മോര്‍ തോമാശ്ലീഹായുടെ സിംഹാസനത്തിന്റെ മെത്രാപ്പോലീത്ത കൂറിലോസ് യൂയാക്കിം.” എന്നായിരുന്നുവെന്ന് മുളന്തുരുത്തിയില്‍ കബറടങ്ങിയിരിക്കുന്ന അദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരുന്ന പ. ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ ആണ്! ഈ മുദ്ര ചുമന്ന മഷിയിലായിരുന്നുവെന്ന് രേഖകളുണ്ട്.

ഇതു വല്ലതും നിര്‍ദ്ദിഷ്ട മലങ്കര മെത്രാപ്പോലീത്തായ്ക്ക് സാധിക്കുമോ? മലങ്കര മെത്രാപ്പോലീത്തായുടെ സിംഹാസനം പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനമാണ്. മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് സിംഹാസനം ഇല്ലന്ന് 1959-ല്‍ യാക്കൂബ് ത്രിതീയന്‍ കല്‍പ്പിച്ചു. അതും പോരാഞ്ഞിട്ട് മാര്‍ത്തോമ്മാ ശ്ലീഹാ പട്ടക്കാരന്‍ പോയിട്ടു കപ്യാരുപോലും അല്ലായെന്ന് തന്റെ കുപ്രസിദ്ധമായ 203/70 -ാം നമ്പര്‍ കല്‍പ്പനപ്രകാരം അദ്ദേഹം വീണ്ടും വിധിച്ചു. ഇതു വല്ലതും പിന്‍വലിച്ചിട്ടുണ്ടോ? തങ്ങള്‍ എന്നും എതിര്‍ത്തുവന്ന ”ഇല്ലാത്ത” സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, തന്റെ മേലദ്ധ്യക്ഷന്‍ എന്നു വിശേഷിപ്പിക്കുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് സമ്മതിക്കുമോ?

അതും പോകട്ടെ, യുയാക്കിം മാര്‍ കൂറിലോസിനെപ്പോലെ ചുമന്ന മഷിയില്‍ മുദ്രകുത്തുന്ന കാര്യം നിയുക്ത മലങ്കര മെത്രാപ്പോലീത്തായ്ക്ക് സ്വപ്നം കാണുവാന്‍ സാധിക്കുമോ? 1958-ലെ പരസ്പര സ്വീകരണത്തിനുശേഷം അധികം വൈകാതെ ”ചുവന്ന മേലെഴുത്തും മുദ്രയും” തന്റെ മാത്രം അധികാരവും അവകാശവുമാണന്നും പൗരസ്ത്യ കാതോലിക്കാ അത് ഉപയോഗിക്കെരുതെന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. തകര്‍പ്പന്‍ ഒരു മറുപടി പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയനില്‍നിന്നും വാങ്ങിക്കൂട്ടുകയും ചെയ്തു.

ഒന്നുമാത്രം പറയാം. മലങ്കര മെത്രാപ്പോലീത്താ, മലങ്കര സുറിയാനി സഭയുടെ നിയമാനുസൃത ഭരണാധികാരിയാണ്. മലങ്കര മെത്രാപ്പോലീത്തായ്ക്ക് ജനങ്ങളുടെ തിരഞ്ഞെടുപ്പ് അനിവാര്യമാണന്ന് 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതിയാണ് നിശ്ചയിച്ചത്. ആ വിധി ഇന്നും നിലനില്‍ക്കുകയാണ്. മലങ്കര മെത്രാന്റെ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം 1934-ലെ മലങ്കരസഭാ ഭരണഘടനപ്രകാരം വിളിച്ചുകൂട്ടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മാത്രമാണ്. താന്‍ 1934-ലെ ഭരണഘടനയ്ക്ക് വിധേയനാണന്നു കോടതിയില്‍ കൊടുത്ത സത്യവാഗ്മൂലം നിലനില്‍ക്കുന്നിടത്തോളം കാലം ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം എടുത്തണിയുന്നത് കോടതി അലക്ഷ്യവും ആള്‍മാറാട്ടവുമാണ്.

വാല്‍ക്കഷണം: മെത്രാപ്പോലീത്തന്‍ ട്രസ്റ്റി എന്ന സ്ഥാനം പരിഷ്‌ക്കരിച്ച് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ആക്കി അണിഞ്ഞതിലൂടെ പള്ളത്തിട്ട ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആപ്പിലാക്കിയിരിക്കുന്നത് സ്വന്തം പക്ഷത്തുള്ളവരെയാണ്. പേരില്‍പ്പോലും ‘‘മലങ്കര’‘ ഇല്ലാത്ത ”യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ”യുടെ സാധുവല്ലാത്ത ഭരണഘടപ്രകാരം മെത്രാപ്പോലീത്തന്‍ ട്രസ്റ്റിക്ക് കാലാവധി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ജോസഫ് മാര്‍ ഗ്രീഗോറിയോസിന് 2023-ല്‍ വീണ്ടും തിരഞ്ഞെടുപ്പു നാടകം നടത്തേണ്ടിവന്നത്. മലങ്കര മെത്രാപ്പോലീത്താ ആയി നാമപരിവര്‍ത്തനം ചെയ്ത് സ്ഥാനാരോഹണം നടത്തിയാല്‍ ആ വേലി ശാശ്വതമായി പൊളിക്കാം. ഇനി തിരഞ്ഞെടുപ്പൊന്നും വേണ്ട! ഈ പേരില്‍ ”ആചന്ദ്രതാരമേ സന്തതിപ്രവേശമേ” പ്രാദേശിക തലവനായി തുടരാം!! ആഹ്ഹാ!!!copyright@ovsonline.in

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 19 January 2024)

error: Thank you for visiting : www.ovsonline.in