സിഡ്‌നി സെന്റ് മേരീസ് ചർച്ച് ഗാൽസ്റ്റണിൽ സ്വന്തം ദേവാലയത്തിലേക്ക്.
ഗാൽസ്റ്റൺ, സിഡ്‌നി: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സിഡ്‌നി (SMIOC Sydney) അംഗങ്ങളുടെ ഹൃദയങ്ങളിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണ്. ഇടവക പുതിയ ആരാധനാലയത്തിലേക്ക് 2023 നവംബർ 12-ന് ഔദ്യോഗികമായി മാറും. ചരിത്രത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നതോടൊപ്പം, മുഴുവൻ സമൂഹത്തിനും ശോഭനമായ ഭാവിയും വിളിച്ചോതുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് (ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്) പ്രത്യേകിച്ച് മദ്രാസ് ഭദ്രാസനത്തിന് സിഡ്നിയിൽ വി. ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയം ഉയരുന്ന അഭിമാന-നിമിഷം കൂടിയാണിത്.
ഗാൽസ്റ്റണിലെ 35 മിഡ് ഡ്യൂറൽ റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ പള്ളി, ശാന്തമായ ചുറ്റുപാടുകൾക്ക് നടുവിലാണ്. വിശ്വാസികൾക്ക് സ്വാഗതാർഹവും സൗകര്യപ്രദവുമായ ഇടം പ്രദാനം ചെയ്യുന്ന ഈ ദേവാലയം ആത്മീയ പ്രതിഫലനത്തിനുള്ള ഒരു ഇടവും, സാമൂഹ്യ ഇടപഴകലിന്റെയും കൂട്ടായ്മയുടെയും ഒരു കേന്ദ്രവുമാണ്.
ഇടവക വികാരി, ഫാ. നിഖിൽ അലക്സ് തരകന്റെ നേതൃത്വത്തിൽ SMIOC സിഡ്‌നിയിലെ അംഗങ്ങൾ ഈ മാറ്റം സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ചിരിക്കുന്നു. ഒപ്പം സഭയുടെ പുതിയതും സ്ഥിരവുമായ ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതു മറ്റ് ഇടവകളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനയോടെയാണ്.
SMIOC സിഡ്‌നി പുതിയ ദേവാലയത്തിൽ ആദ്യമായി വിശുദ്ധ കുർബാന നവംബർ 12-ന് ആരംഭിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും പതിവ് ആരാധനകളും പ്രാർത്ഥനകളും നടക്കും. 2024 മാർച്ച് 2, 3 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത, അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലോക്‌സീനോസിന്റെ മുഖ്യ കർമികത്തിൽ പ്രതിഷ്ഠാ ശുശ്രൂഷ നടത്തും. വിശദമായ പരിപാടികളും പദ്ധതികളും പതിവായി https://smioc.org.au/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും