മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
നിലമ്പൂർ (മലപ്പുറം) : സമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചു കോഴിക്കോട് മൗണ്ട് ഹെർമോൺ അരമനയിൽ നടത്തിയ ചടങ്ങിൽ സംസാരിക്കവേ ആണ് അദേഹം ഇങ്ങനെ അഭിപ്രായപെട്ടത്.
ആദിവാസി മേഖലയിലെ മികച്ച സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥന് ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്‍റെ ആദരവ് സ്പീക്കര്‍ കൈമാറി . സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്ഐ എ. സദാശിവനെയാണ് ചടങ്ങിൽ ആദരിച്ചത്. രജത ജൂബിലി ചടങ്ങിൽ 25 നവദമ്പതികൾക്ക് ഒരുലക്ഷം രൂപയും ഒരു പവനും വിവാഹ വസ്ത്രങ്ങളും നൽകി. ഇതിൽ 15 ജോടികൾ നിലമ്പൂർ മേഖലയിലെ ആദിവാസികളാണ്. അർഹത നോക്കി അവരെ തിരഞ്ഞെടുത്തത് സദാശിവനും മഹിളാ സാമൂഹ്യ പ്രവർത്തകരുമാണ്.
പാട്ടക്കരിമ്പ്, നെടുങ്കയം, ചിങ്കക്കല്ല് തുടങ്ങിയ ആദിവാസി കോളനികളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സദാശിവന്‍റെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ഡോ. സഖറിയ മാർ തെയോഫിലോസ്, ജയിംസ് മാത്യു എം.എൽ.എ എന്നിവർ ഉപഹാരം നൽകി. വിശിഷ്ട സേവനത്തിന് സംസ്ഥാന സർക്കാരിന്‍റെ അവാർഡും സദാശിവൻ നേടിയിട്ടുണ്ട്. ചടങ്ങിൽ എരുമമുണ്ട കൃപ ഡി–അഡിക്‌ഷൻ സെന്ററിലെ എം.എം.ചാക്കോ ചുങ്കത്തറയെയും ആദരിച്ചു. ലഹരിക്കടിമപ്പെട്ട 7,000 പേരെയാണ് 22 വർഷത്തെ പ്രവർത്തനംകൊണ്ട് അദ്ദേഹം സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്.
കടപ്പാട് (ഫോട്ടോസ്) – രാഹുല്‍ കോശി കുര്യന്‍
നിലമ്പൂര്‍ മേഖല യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം 28-ന് ചുങ്കത്തറയില്‍