ഭാരതത്തിന്റെ പ്രഥമ വനിതക്കു ആദരം അർപ്പിച്ചു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ
പത്തനാപുരം: ഭാരതത്തിന്റെ പ്രഥമ വനിത ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമ്മുവിന് ആദരവ് അർപ്പിച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. ശ്രീമതി ദ്രൗപതി മുർമ്മു കടന്നു വന്ന സഹന വഴികളിലെ ചൂടും വെളിച്ചവും ഈ മഹാരാജ്യത്തിന്റെ ആത്മാവിന്റെ പ്രഭയും പ്രകാശവും കൂടി ആണെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ഈ രാജ്യത്തിന്റെ സാധാരണ ജനങ്ങളുടെ പ്രതിനിധി കൂടി ആയി ഭാരതത്തിന്റെ പരമോന്നത പദത്തിലേക്കു എത്തിയ രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിക്കു മലങ്കര അസോസിയേഷന്റെ ആദരവ് അർപ്പിക്കുന്നു എന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. ക്രൈസ്തവ സഭകളുടെ ഏറ്റവും വലിയ ജനാധിപത്യ പാർലമെന്റ് ആണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. സഭയുടെ വൈദീക ട്രസ്റ്റി, അൽമായ ട്രസ്റ്റി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണു അസോസിയേഷൻ പത്തനാപുരം തോമാ മാർ ദിവന്നാസിയോസ് നഗറിൽ കൂടുന്നത്. ലോകമെമ്പാടുമുള്ള മലങ്കര ഓർത്തഡോക്സ് സഭയിലെ നാലായിരത്തോളം പ്രതിനിധികൾ അസോസിയേഷനിൽ പങ്കെടുക്കുന്നു.