മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴു പുതിയ ഇടയശ്രേഷ്ഠർ.
തൃശൂർ: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇതു ചരിത്ര നിമിഷം. സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാർ അഭിഷിക്തരായി. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്‌ഥാനാഭിഷേകച്ചടങ്ങിൽ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയുടെ 23 മെത്രാപ്പൊലീത്തമാരും സഹകാർമികരായിരുന്നു.
പുലർച്ചെ, സൂര്യനും മുൻപേ പ്രാർഥനകൾ ഉദിച്ചുയർന്നു. 6-ന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ച ശുശ്രൂഷ 7 മണിക്കൂർ നീണ്ടു. പുലർച്ചെ പള്ളിയിലെത്തിയ നിയുക്ത മെത്രാന്മാരെ ആഘോഷപൂർവം മദ്‌ബഹായിലെ ധ്യാന മുറിയിലേക്ക് ആനയിച്ചു. കുർബാന മധ്യേയാണു സ്‌ഥാനാഭിഷേക ശുശ്രൂഷകൾ നടന്നത്. നിയുക്‌ത മെത്രാന്മാർ സഭയോടും പരിശുദ്ധ കാതോലിക്കാ ബാവായോടുമുള്ള വിശ്വാസപ്രഖ്യാപനം (ശൽമൂസാ) നടത്തി. തുടർന്നു പരിശുദ്ധാത്മ നിറവിനായുള്ള ശുശ്രൂഷയ്‌ക്കു ശേഷം കാതോലിക്കാ ബാവാ, മെത്രാൻ സ്‌ഥാനാർഥികളുടെ തലയിൽ കൈവച്ചു പുതിയ പേരു നൽകി പട്ടാഭിഷേക പ്രഖ്യാപനം നടത്തി.
ഏബ്രഹാം മാർ സ്തേഫാനോസ് (ഏബ്രഹാം തോമസ് റമ്പാൻ–53), തോമസ് മാർ ഇവാനിയോസ് (പി.സി.തോമസ് റമ്പാൻ–53), ഗീവർഗീസ് മാർ തെയോഫിലോസ് (ഡോ. ഗീവർഗീസ് ജോഷ്വ റമ്പാൻ–50), ഗീവർഗീസ് മാർ പീലക്സിനോസ് (ഗീവർഗീസ് ജോർജ് റമ്പാൻ–49), ഗീവർഗീസ് മാർ പക്കോമിയോസ് (കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ–48), ഗീവർഗീസ് മാർ ബർണബാസ് (ഡോ.കെ.ഗീവർഗീസ് റമ്പാൻ–48), സഖറിയ മാർ സേവേറിയോസ് (ചിറത്തിലാട്ട് സഖറിയ റമ്പാൻ–45) എന്നിവരാണ് അഭിഷിക്‌തരായത്.
സ്‌ഥാനവസ്‌ത്രങ്ങൾ അണിഞ്ഞ ഇവരെ സിംഹാസനത്തിലിരുത്തി വൈദികർ മൂന്നുതവണ ഉയർത്തി യോഗ്യൻ എന്നർഥമുള്ള ഓക്‌സിയോസ് ചൊല്ലി. വിശ്വാസികൾ അതേറ്റു ചൊല്ലി. അധികാരത്തിന്റെ ചിഹ്നമായ അംശവടി കാതോലിക്കാ ബാവായും മറ്റു മെത്രാപ്പൊലീത്തമാരും ചേർന്നു നൽകി. നവാഭിഷിക്‌തർ അംശവടി ഉയർത്തി വിശ്വാസികളെ ആശീർവദിച്ചതോടെ സ്‌ഥാനാരോഹണച്ചടങ്ങു സമാപിച്ചു. നവാഭിഷിക്തരിലെ മുതിർന്ന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് കുർബാന പൂർത്തിയാക്കി.
ഇത് മൂന്നാം തവണയാണ് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ, മെത്രാപ്പൊലീത്താ സ്ഥാനാരോഹണത്തിന് വേദിയാകുന്നത്. സഭയുടെ ചരിത്രത്തില്‍ തുടർച്ചയായ മൂന്നാം തവണയാണ് 7 പേരെ ഒന്നിച്ച് മെത്രാപ്പോലീത്താമാരായി വാഴിക്കുന്നത്. 2009 ഫെബ്രുവരി 19-ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും 2010 മേയ് 12-ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിലുമാണ് മുൻപ് 7 പേരെ വീതം ഒന്നിച്ച് മെത്രാപ്പൊലീത്താമാരായി വാഴിച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്താമാരെ വാഴിക്കുന്നത്. ഏഴു പേരെ കൂടി വാഴിച്ചതോടെ കാതോലിക്കാ ബാവാ അടക്കം ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരുടെ എണ്ണം 31 ആയി.
മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, കുന്നംകുളം, മലബാര്‍, സൗത്ത് വെസ്റ്റ് അമേരിക്ക എന്നിങ്ങനെ 7 ഭദ്രാസനങ്ങളിൽ മെത്രാപ്പൊലീത്താമാരുടെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ മെത്രാപ്പോലീത്താമാരെ വാഴിച്ചത്. ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ സഭയുടെ പരമോന്നത സമിതിയായ മലങ്കര സുറിയാനി അസോസിയേഷന്‍ തിരഞ്ഞെടുത്ത് സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച ഏഴു പേരെയാണ് ഇന്ന് മെത്രാപ്പൊലീത്തമാരായി വാഴിച്ചത്. സഭയുടെ ഉന്നതസമിതികളില്‍ കൂടിയാലോചനകള്‍ നടത്തി നവാഭിഷിക്ത മെത്രാപ്പൊലീത്താമാര്‍ക്ക് ചുമതല നൽകേണ്ട ഭദ്രാസനങ്ങള്‍ തീരുമാനിക്കും.
സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ്, രണ്ടാമത്തെ ബർന്നബാസ്,… :- ഡെറിൻ രാജു