മെത്രാപ്പൊലീത്ത സ്ഥാനാരോഹണം നാളെ
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴു റമ്പാന്മാരെ മെത്രാപ്പൊലീത്ത സ്ഥാനത്തേക്കു ഉയർത്തുന്നു. മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം കുന്നംകുഴം പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നാളെ (ജൂലൈ 28) നടക്കും. ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്ത് സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച എബ്രഹാം തോമസ് റമ്പാന്‍ (53), പി. സി. തോമസ് റമ്പാന്‍ (53), ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ (50), ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ (49), അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (48), ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍ (48), ചിറത്തിലാട്ട് സഖറിയ റമ്പാന്‍ (44) എന്നിവരാണ് മെത്രാപ്പോലീത്താമാരാകുന്നത്.
നാളെ രാവിലെ 6.45-ന് കുര്‍ബാനയ്ക്ക് ശേഷം ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ക്ക് ശേഷം പഴഞ്ഞി കത്തീഡ്രല്‍ അങ്കണത്തില്‍ ചേരുന്ന അനുമോദന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ രമ്യ ഹരിദാസ് എംപി, എ സി മൊയ്തീന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുന്നംകുളം നഗരം ചുറ്റിയുള്ള ഘോഷയാത്ര നടക്കും. ബുധനാഴ്ച വൈകീട്ട് പള്ളിയില്‍ സുന്നഹദോസ് ചേരും.
ഇതു മൂന്നാം തവണയാണ് പഴഞ്ഞി കത്തീഡ്രല്‍ പള്ളി, മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന് വേദിയാകുന്നത്. സഭയുടെ ചരിത്രത്തില്‍ മൂന്നാം വട്ടമാണ് ഏഴ് പേരെ ഒന്നിച്ച് മെത്രാപ്പോലീത്താമാരായി വാഴിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സഭ മെത്രാപ്പോലീത്താമാരെ വാഴിക്കുന്നത്. ഇതോടെ സഭയിലെ മേല്‍പ്പട്ടക്കാരുടെ എണ്ണം 31 ആകും. ഏഴു ഭദ്രാസനങ്ങളാണ് മെത്രാപ്പോലീത്താമാരില്ലാതെ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. പരിശുദ്ധ കാതോലിക്കാബാവാ നേരിട്ടാണ് ഈ ഭദ്രാസനങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചു വരുന്നത്.