Departed Spiritual FathersOVS - Latest News

പുന്നത്ര മാർ ദിവന്നാസിയോസ്: മലങ്കരയുടെ സത്യവിശ്വസ സംരക്ഷകൻ

കർത്ത്യ ശിഷ്യനായ വിശുദ്ധ മാർത്തോമ്മയുടെ സിംഹാസനത്തെ അലങ്കരിച്ച മലങ്കര മെത്രാപ്പോലീത്താ, സഭയുടെ പാരമ്പര്യത്തെയും പൈതൃകത്തേയും സംരക്ഷിച്ച ഉത്തമ ഇടയൻ, അടിപറതാത്ത തീരുമാനങ്ങളുടെ കാവൽക്കാരൻ, ദീർഘ വീക്ഷകൻ, എന്നീ വിശേഷണങ്ങളോടുകൂടി മലങ്കര സഭയെ നയിച്ച ശ്രേഷ്ഠ മഹാപുരോഹിതനാണ് പുന്നത്ര മാർ ദിവന്നാസിയോസ് മുന്നാമൻ.

കോട്ടയം താഴത്തങ്ങാടിയിലെ പുന്നത്ര കുടുംബത്തിൽ 1785-ലാണ്‌ കുര്യൻ എന്നറിയപ്പെട്ടിരുന്ന പുന്നത്ര തിരുമേനി ജനിച്ചത്. കോട്ടയം മർത്തമറിയം ചെറിയപള്ളിയിൽ മാമോദീസാ സ്നാനമേറ്റ് സഭയുടെ ഭാഗമായ കുര്യൻ ആ പള്ളിയുടെ വിശുദ്ധ മദ്ബഹയിൽ വച്ച് തന്നെ കോറൂയോ സ്ഥാനം മുതൽ മേല്പട്ട സ്ഥാനം വരെ സ്വീകരിച്ചു എന്ന് ചരിത്ര രേഖകളിൽ പറയപ്പെടുന്നു. വൈദീക പട്ടം സ്വീകരിച്ചതോടെ പുന്നത്ര കുര്യൻ കത്തനാർ എന്ന് അറിയപ്പെട്ടു.

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ പെട്ടെന്നുള്ള നിര്യാണത്തെത്തുടർന്ന് 1816 നവംബർ 24-ന് ബ്രിട്ടീഷ് റസിഡന്റ് തിരുവിതാംകൂർ ദിവാനെയും കൊച്ചിയിലെ ദേവാലയങ്ങളിലെ മുതിർന്നവരെയും വിളിച്ചുകൂട്ടി. 1816-ൽ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിനെ വാഴിച്ച മലബാർ സ്വതന്ത്ര സുറിയാനി സഭയിലെ ഗീവർഗീസ് മാർ പീലക്‌സീനോസിനെ (കിടങ്ങൻ) (1811–29) മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കാൻ ഈ യോഗം തീരുമാനിച്ചു. ഇത് അംഗീകരിക്കപ്പെടുകയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും മഹാരാജാക്കന്മാർ ഇത് പ്രജകൾ അംഗീകരിക്കുന്നതിനായി രാജകീയ വിളംബരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാൽ ഗീവർഗീസ് മാർ പീലക്‌സീനോസ് മലങ്കര സഭയുടെ അധികാരം ഏറ്റെടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹം ഇടവക പ്രതിനിധികളുടെ പൊതുയോഗം വിളിച്ചുകൂട്ടുകയും അവർ പുന്നത്ര കുര്യൻ കത്തനാരെ അടുത്ത മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കുകയും ചെയ്യ്തു. കുര്യൻ കത്തനാർ കല്ലുംകത്ര ഇടവകയുടെ ചുമതലകൾ കൈതയിൽ ഗീവർഗീസ് മൽപ്പാന് കൈമാറി ഇടവക ചുമതലകളിൽ നിന്നും ഒഴിഞ്ഞു. മലബാർ സ്വതന്ത്ര സുറിയാനി സഭയിലെ ഗീവർഗീസ് മാർ പീലക്‌സീനോസ് നിന്നും 1817 ഒക്ടോബർ 19-ന് പുന്നത്ര കുര്യൻ റമ്പാൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അക്കാലങ്ങളിൽ മലങ്കര സഭക്ക് ഒരു മെത്രാപ്പോലീത്താ മാത്രമേ ഉണ്ടായിരുന്നുള്ളു.

മലങ്കര സഭയെ നവീകരിക്കാൻ ആഗ്രഹിച്ച ആംഗ്ലിക്കൻ മിഷനറിമാരുടെ സമ്മർദ്ദം പുന്നത്ര മാർ ദിവന്നാസിയോസിനുമേൽ ഉണ്ടായിരുന്നു. 1818 ഡിസംബർ 3-ന് മാവേലിക്കരയിൽ വെച്ച് മിഷനറിമാരുടെ സാന്നിധ്യം കൊണ്ട് നടപ്പാക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു യോഗം ചേർന്നു. സഭയിൽ വരുത്തേണ്ട മെച്ചപ്പെടുത്തലുകൾ നിർദേശിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു. പാലക്കുന്നത്തു ഏബ്രഹാം മൽപ്പാൻ, കോനാട്ട് വർഗീസ് മൽപ്പാൻ, കൈതയിൽ ഗീവർഗീസ് മൽപ്പാൻ എന്നിവരും ഉൾപ്പെടുന്നു. മാവേലിക്കര സുന്നഹദോസിന്റെ ഫലത്തെപറ്റി പുന്നത്ര മാർ ദിവന്നാസിയോസ് തികച്ചും ആശങ്കാകുലനായിരുന്നു. ഒരു കയ്യെഴുത് ഗ്രന്ഥത്തെ ആസ്‌പതമാക്കി ഇ. എം. ഫിലിപ്പോസ് അദ്ദേഹത്തിന്റെ ആകുലതയെ വിവരിക്കുന്നത്, “1818 മാവേലിക്കരയോഗത്തിന് പോവുന്നതിനു മുൻപായി അദ്ദേഹം ചെറിയപ്പള്ളി മദ്ബഹയിൽ പ്രവേശിച്ചു ദീർഘമായി രഹസ്യപ്രാർത്ഥന നടത്തുകയും വള്ളത്തിൽ കയറിയ അവസരത്തിൽ സമീപമുണ്ടായിരുന്ന വിശ്വസ്ഥന്മാരോട് ഇപ്രകാരം രഹസ്യം ആയി പറഞ്ഞു: “ഞാൻ ഒരു തിട്ടയിലാണ് നിൽക്കുന്നത്. നാളെ ഞാൻ ഒന്നുകിൽ സായ്പ്പന്മാരോട് പിണങ്ങി പിരിയുകയോ അല്ലാത്തപക്ഷം എന്റെ സഭയെ ഒറ്റികൊടുക്കയോ ചെയ്യണം. അവരുടെ ഉദ്ദേശം നമ്മുടെ സത്യവിശ്വാസം ഭേതപ്പെടുത്തണമെന്നുള്ളതാകുന്നു. എന്റെ മാനം നഷ്ടപ്പെട്ടാലും ഞാൻ വഞ്ചകനായി തീരുകയില്ല. അപകടം കൂടാതെ ഈ പരീക്ഷയിൽ കൂടി കടന്നുകൂടുന്നതിന് നിങ്ങളും പ്രാർത്ഥിക്കുക”. സഭയുടെ ഭാവിയെ കുറിച്ചും തന്റെ വിശ്വാസികളുടെ സമൂഹത്തെ കുറിച്ചു അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ടായിരുന്നു. ജീവൻ പണയം വച്ചും തന്റെ സഭയെ നിലനിർത്തുക എന്ന ഉത്തമ ബോധം എന്നും പുലർത്തിയിരുന്നു. അതിന് വേണ്ടി തന്റെ ജീവൻ കൊടുക്കുവാനും തയ്യാറായി നിന്നിരുന്ന ധീര പോരാളിയായിരുന്നു മാർ ദിവന്നാസിയോസ്.

പുന്നത്ര മാർ ദിവന്നാസിയോസിന്റെ കാലത്ത് തിരുവിതാംകൂറും കൊച്ചിയുമായുള്ള ബന്ധം വളരെ ഊഷ്മളമായിരുന്നു. 1817 മുതൽ 1825 വരെ ആ വന്ദ്യപിതാവ് മലങ്കര സഭയ്ക്ക് സുധീരമായ നേതൃത്വം നൽകി. കോട്ടയത്ത്‌ ഒരു സെമിനാരി സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടു വച്ച അദ്ദേഹം കോട്ടയം പഴയ സെമിനാരിക്കു കൈവരുന്നതിൽ പ്രധാനപങ്ക് വഹിച്ചു. സെമിനാരിക്ക് തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതി ഭായ് വിശേഷാധികാരങ്ങൾ നൽകുന്നതിന് ആ ഊഷ്മളബന്ധം വളരെ സഹായകമായി. തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതി ബായി സെമിനാരിയുടെ നടത്തിപ്പിന് നിരവധി സംഭാവനകളും പ്രോത്സഹനങ്ങളും നൽകിയിരുന്നു. പുന്നത്ര മാർ ദിവന്നാസിയോസിന്റെ കാലഘട്ടത്തിൽ, 1818-ൽ തിരുവിതാംകൂറിൽ ആദ്യമായി മഹാറാണി നിരവധി ക്രിസ്ത്യാനികളെ ജഡ്ജിമാരായി നിയമിച്ചു കൊണ്ട് ഉത്തരവുകൾ പുറപെടുവിച്ചു.

1825 കാലഘട്ടത്തിൽ കേരളത്തിൽ വ്യാപിച്ചിരുന്ന കോളറ രോഗത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കോളറ രോഗം മൂലം 1825 മേയ് 17-ന് പുന്നത്ര മാർ ദിവന്നാസിയോസ് തിരുമേനി ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം ചെറിയപ്പള്ളിയിൽ (സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി) പരിശുദ്ധ പിതാവിനെ കബറടക്കി. പുന്നത്ര മാർ ദിവന്നാസിയോസ് മൂന്നാമന്റെ ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ ഭക്തി ആദരവുകളോടുകൂടി മെയ് 19-ന് ആചരിക്കുന്നു.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

error: Thank you for visiting : www.ovsonline.in