സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കണം : പരിശുദ്ധ കാതോലിക്കാ ബാവ
പരുമല : സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സമൂഹത്തില്‍ തള്ളപ്പെട്ടുപോകുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നതാണ് ക്രൈസ്തവ ദൗത്യം, ആയതിനായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ പ്രസ്ഥാനം മുന്നിട്ടിറങ്ങണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര അസംബ്ലി പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.സി.വൈ.എം. ന്റെ ആദരവുകള്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സമര്‍പ്പിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. വിനോദ് ജോര്‍ജ്ജ്, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ്, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, കേന്ദ്ര ട്രഷറാര്‍ ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. യുവജന പ്രസ്ഥാനത്തിന്റെ 2022-2025 വര്‍ഷത്തെ കേന്ദ്ര വൈസ് പ്രസിഡന്റായി ഫാ.ഷിജി കോശി, കേന്ദ്ര ട്രഷററായി പേള്‍ കണ്ണേത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായി എബിന്‍ സജി, അജു ജേക്കബ്, ദിപു അച്ചന്‍കുഞ്ഞ്, നോബിന്‍ സി.ജെ., അഞ്ജു വര്‍ഗീസ്, ആര്‍ദ്ര സൂസന്‍ സിബി, ജോമി ഏബ്രഹാം, പത്രാധിപ സമിതി അംഗങ്ങളായി ബിബിന്‍ ബാബു, റ്റിബിന്‍ ചാക്കോ, ഓഡിറ്റര്‍മാരായി അലന്‍ ദാനിയേല്‍, ജോസി ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സുപ്രീംകോടതി വിധിക്കെതിരെ പൊതുജനാഭിപ്രായം ആരായുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.