മാര്‍ അപ്രേമിന്റെ പ്രവചനം: ഇടവഴിക്കല്‍ കത്തനാരുടെ ദര്‍ശനം: നിവര്‍ത്തിയാക്കിയത്…….???
ക്രിസ്തുവര്‍ഷം 306 മുതല്‍ 373 വരെ ജീവിച്ചിരുന്ന സഭാപിതാവാണ് സുറിയാനിക്കാരന്‍ അപ്രേം (Ephrem the Syrian) എന്നറിയപ്പെടുന്ന മാര്‍ അപ്രേം. ദൈവദത്തമായ സുന്ദര ഭാഷാശൈലിയും, കവിയുടെ ഭാവനാസമ്പത്തും, ഗായകന്റെ രാഗമാധുരിയും, ആത്മീയാനുഭവത്തിന്റെ ആര്‍ജ്ജവത്വവും, വേദശാസ്ത്രജ്ഞാനത്തിന്റെ ആഴമായ വിശകലനശേഷിയും ഇദ്ദേഹത്തില്‍ സമഞ്ജസമായി സമ്മേളിച്ചിരുന്നു. ആദ്ധ്യാത്മിക കവിയും വേദശാസ്ത്രജ്ഞനും മല്പാനുമായ മാര്‍ അപ്രേം, പരിശുദ്ധാത്മാവിന്റെ കിന്നരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അനേക കൃതികളുടെ കര്‍ത്താവാണ്. ഇദ്ദേഹത്തിന്റെ കൃതികളില്‍ വേദപുസ്തക സംബന്ധമായും, വേദശാസ്ത്രപരമായും, സന്യാസജീവിതത്തോടു ബന്ധപ്പെട്ടും ഉള്ള അനേകം ഗദ്യപദ്യങ്ങളുണ്ട്.
1799 മുതല്‍ 1867 വരെ ജീവിച്ചിരുന്ന ക്‌നാനായ സമുദായത്തിലെ ഒരു പ്രമുഖ വൈദീകനായിരുന്നു കോട്ടയം ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍. കോട്ടയം പഴയ സെമിനാരിയിലെ ആദ്യ വിദ്യാര്‍ത്ഥിയും സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്റെ ശെമ്മശനും സെക്രട്ടറിയുമായിരുന്ന അദ്ദേഹം അക്കാലം മുതല്‍ മരണപര്യന്തം സഭാകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ 1816-ല്‍ രചന ആരംഭിച്ചതും അദ്ദേഹത്തിന്റെ നാലാം തലമുറവരെ അവിഛിന്നം രചിക്കപ്പെട്ടതുമായ ഒരു വൃത്താന്ത പുസ്തകമാണ് ഇടവഴിക്കല്‍ ക്രോണിക്കിള്‍. അക്കാലത്തെ മലങ്കരസഭാ സഭാചരിത്രത്തെപ്പറ്റിയുള്ള ഒരു അക്ഷയ ഖനിയാണ് ഇടവഴിക്കല്‍ ക്രോണിക്കിള്‍.
1850-60 കാലത്ത് അക്കാലത്തെ സഭയുടെ തത്ക്കാല അവസ്ഥയ്ക്ക് അനുരൂപമായ മാര്‍ അപ്രേമിന്റെ ഒരു മെമ്ര ഇടവഴിക്കല്‍ കത്തനാര്‍ മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി തന്റെ വൃത്താന്ത പുസ്തകത്തില്‍ രസകരമായ ഒരു ആമുഖത്തോടുകൂടി ചേര്‍ത്തിട്ടുണ്ട്.
ഇന്നും പ്രസക്തമായ ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
പരദെശത്തും മലയാളത്തും ഉള്ള സുറിയാനി മെല്പട്ടക്കാരും പട്ടക്കാരും ഭക്തിഹീനത്വും വിശ്വാസത്തിന്റെയും പള്ളിക്രമത്തിന്റെയും അഴിച്ചിലും കൊണ്ടു വഞ്ചിക്കുന്നു.
എന്തെന്നാല്‍ ഇവര്‍ എല്ലാവരുടെയും പ്രധാന ചുവടായ ആഗ്രഹം പാപത്തില്‍ പ്രധാന ചുവടായ ദ്രവ്യാഗ്രഹം ആകുന്നു.
മാര്‍ അപ്രേമിന്റെ ഒരു മെമ്രായില്‍ പറഞ്ഞിരിക്കുന്നത് ഇപ്പോള്‍ നിവൃത്തി ആയിരിക്കുന്നു.
അതെന്തെന്നാല്‍ –
– ആദ്യം എടവ്കയുടെ എടയന്മാരെ ചെകുത്താന്‍ വീശി എടുക്കും.
– വിവാദുകളും തര്‍ക്കങ്ങളും ഉണ്ടാകും.
– വിശ്വാസത്തിന്റെ ഉറപ്പില്‍നിന്നും അവരു തെറ്റിപൊകും.
– പള്ളികളിടെ ഉള്ളില്‍ ദെയ്‌വ ശുശ്രൂഷക്കു പകരം പിരാക്കും ശാപവും ദുര്‍വാശിയും അത്യഗ്രഹവും അഹമ്മതിയും ദ്രവ്യമൊഹവും ഉണ്ടാകും.
– പെലയില്ലാതെ (= വിലക്കുകള്‍ ഇല്ലാതെ) പട്ടസുഖത്തെ (= പട്ടത്വം) വിലയ്ക്കു വില്ക്കും.
– പാപപൊറുതിക്കായി കൈക്കൊണ്ടിരിക്കുന്ന മാമ്മൂദീസീസായെ ഉപേക്ഷിച്ചു കളയും.
– ശുദ്ധമാന രഹസ്യം വൈക്കപ്പെടുന്നു എന്നയവിടെ തീനും കുടിയും ഉണ്ടാകും.
– ശുദ്ധമാന രകസ്യത്തെ നെറ്റിയാകുന്ന (=സാധാരണ) അപ്പത്തെ പൊലെയും വീഞ്ഞുപൊലെയും തിന്നുകയും കുടിക്കുകയും ചെയ്യും.
– ദൈയ്‌വ ശിശ്രൂഷയ്ക്കു പകരം പാപ ശിശ്രൂഷയുണ്ടാകും.
– വ്യപിചാരവും സൊല്ലൂര്‍ത്തവും (= adultery) ഷുദ്രവും ചെയ്യുന്നവരു ബെസ്‌കുദിശായടത്ത (= പരിശുദ്ധസ്ഥലത്ത്) ശിശ്രൂഷ ചെയ്യും.
– പള്ളികളിലും ദയറാകളിലും പ്രായം കുറഞ്ഞവരു അധികാരികള്‍ ആകും.
– ക്ഷവര (= പ്രായമുള്ളവര്‍, മൂപ്പന്മാര്‍) അപമാനിക്കപ്പെടും.
– തമ്മില്‍ തമ്മില്‍ ദ്വെഷിക്കുന്നവരാകും.
– പുസ്തക വായനയ്ക്കു പകരം നെരംപൊക്കുകള്‍ കളിക്കും.
– എല്ലാവനും അവനവന്റെ സ്വന്ത ദെഹകാര്യം മാത്രം വിചാരിക്കും.
– എളിമ പൊയിപൊകും.
– അഹമ്മതി വര്‍ദ്ധിക്കും.
– കൈക്കൂലി പെരുകും.
– ചതിവാലെ ന്യായം വിധിക്കും.
– അനുഗ്രഹം പൊയിപ്പൊകും.
– പൈശൂന്യം (= ഏഷണി, ദുഷ്ടത) വര്‍ദ്ധിക്കും.
പരിഭാഷാകാലം കഴിഞ്ഞ് 150 വര്‍ഷം പിന്നിട്ടപ്പോഴും മലങ്കരസഭയില്‍ ഈ മെമ്രായ്ക്ക് ഉയര്‍ന്ന പ്രസക്തിയുണ്ട്. ആര്, എങ്ങിനെ, എന്ത്, എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല താനും.
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 26 October 2021)
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |