HH Catholicos Paulose IIOVS - Latest NewsOVS-Kerala News

മഹാഇടയനു കണ്ണീർപ്പൂക്കളോടെ വിട.

കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ സഭാ ആസ്ഥാനമായ ദേവലോകം അരമനയിലെ ചാപ്പലിൽ നടന്നു. ആസ്ഥാനദേവാലയത്തോടു വിട ചൊല്ലി ബാവാ നിത്യതയിലേക്കു മടങ്ങി. മതമേലധ്യക്ഷന്മാരും നാനാതുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങിയ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി. സഭാഭരണകാര്യങ്ങൾ നടത്താൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാർ കാർമികത്വം വഹിച്ചു. ഇന്നു മുതൽ‍ 40 ദിവസം സഭയിൽ നോമ്പ് ആചരിക്കും. ഈ ദിവസങ്ങളിൽ ദേവലോകം അരമന ചാപ്പലിൽ കുർബാനയും ഉണ്ടാകും.

ബാവായുടെ ഭൗതിക ശരീരം ഇന്നലെ രാവിലെ കുർബാനയ്ക്കു ശേഷം 10.30-നാണു പ്രത്യേകം തയാറാക്കിയ പന്തലിലേക്കു കൊണ്ടുവന്നത്. കബറടക്ക ശുശ്രൂഷകളിലെ അവസാന നാലു ശുശ്രൂഷകൾ ഇവിടെ പൂർത്തിയാക്കി. മൂന്നരയോടെ പൊലീസ് സേന ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു. ബാവായുടെ അന്ത്യകൽപന കുര്യാക്കോസ് മാർ ക്ലിമ്മീസ് വായിച്ചു. മുഖ്യ അനുശോചന സന്ദേശം ഡോ. മാത്യൂസ് മാർ സേവേറിയോസും സഭയുടെ അനുശോചനം വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ.ജോണും അറിയിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നന്ദി അറിയിച്ചു.

ഭാരതത്തിൻ്റെ ദേശീയ സഭയായ മലങ്കര സഭയുടെ പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ ഓറിയന്റൽ ഓർത്തഡോക്സ്‌ സഭാ പിതാക്കന്മാരും, കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും, അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – ആത്മീയ രംഗങ്ങളിൽ നിന്നുള്ള അനേകം ആളുകൾ അനുശോചനം അറിയിച്ചു.

ദേശീയ സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ ആദരവും, അനുശോചനവും.

error: Thank you for visiting : www.ovsonline.in