കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും
മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് (12/07/2021 – തിങ്കളാഴ്ച) രാവിലെ 02.35 ന് കാലം ചെയ്തു. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും
തിങ്കളാഴ്ച (12/07/2021)രാവിലെ 05.30-ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയില്‍ നിന്നും പരുമല പള്ളിയിലേയ്ക്ക് കൊണ്ടുപോകും. ഇന്നേ ദിവസം രാവിലെ 06.00 മണിയോടെ പള്ളിയില്‍ എത്തിച്ചേരുന്ന ഭൗതിക ശരീരം വിശ്വാസികള്‍ ദര്‍ശിച്ച് ഉപചാരം അര്‍പ്പിക്കുന്നതിനായി ക്രമീകരിക്കുന്നതാണ്. രാവിലെ 07.00 മണിക്ക് അഭി. ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും; വൈകിട്ട് 07.00 മണിവരെ പരിശുദ്ധ പിതാവിന്‍റെ ഭൗതിക ശരീരം പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.
വൈകുന്നേരം 07.00 മണിയോടെ പരുമല പള്ളിയില്‍ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി 08.00 മണിയോടെ പരിശുദ്ധ പിതാവിന്‍റെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്ക് വിലാപയാത്രയായി കാവുംഭാഗം – മുത്തൂര്‍ – ചങ്ങനാശ്ശേരി വഴി ദേവലോകം അരമനയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. രാത്രി 09.00 മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം ദേവലോകം അരമന ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
ചൊവ്വാഴ്ച ദിവസം രാവിലെ 06.00 മണിക്ക് കാതോലിക്കേറ്റ് അരമന ചാപ്പലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 08.00 മണിയോടെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി, അരമന കോമ്പൗണ്ടില്‍ ക്രമീകരിച്ചിട്ടുള്ള പന്തലിലേയ്ക്ക് പരിശുദ്ധ ബാവാ തിരുമനസ്സിന്‍റെ ഭൗതിക ശരീരം മാറ്റുന്നതാണ്.
കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകുന്നേരം 3.00 മണിയോടുകൂടി പ. ബാവാ തിരുമനസ്സിന്‍റെ ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്‍റെ പരിശുദ്ധ മദ്ബഹായിലേയ്ക്ക് കൊണ്ടു വരുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് 05.00 മണിയോടുകൂടി ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോട് ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോട് ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.
05.30 മണിയോടുകൂടി പരിശുദ്ധ പിതാവിന്‍റെ കബറടക്ക ശുശ്രൂഷയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിക്കുന്നതാണ്.