ദുക്റോനോ: പുനര്‍വായന വേണ്ടത് സത്യമറിയുവാന്‍.
മലങ്കരസഭ മാസിക 2010 ആഗസ്റ്റ് ലക്കത്തില്‍ “മറുമൊഴി” യായി “വി. തോമാശ്ലീഹായുടെ ദുക്റോനോ ദിനം ഒരു പുനര്‍വായന” എന്ന ബ. ഫാ. വില്‍സണ്‍ മാത്യു, ബേസില്‍ ദയറ എഴുതിയ ലേഖനം വായിച്ചു. മാര്‍ത്തോമ്മാശ്ലീഹാ ഡിസംബര്‍ 21-ന് രക്തസാക്ഷിയായെന്നും തിരുശേഷിപ്പ് ജൂലൈ 3-ന് എഡേസായിലേക്ക് മാറ്റപ്പെട്ടുവെന്നും നാം വിശ്വസിക്കുന്നു എന്ന് പ്രാരംഭത്തില്‍ തന്നെ എഴുതിക്കാണുന്നു. രേഖകളും പകര്‍പ്പും നോക്കി വിശകലനം ചെയ്യേണ്ടതില്ല; വിശ്വാസം പാരമ്പര്യം ഒക്കെയാണ് പ്രസക്തമായതെന്നും പറഞ്ഞിരിക്കുന്നു. അത് മനസ്സിലുറച്ചതും നിഷ്ക്കളങ്കവും ചോദ്യം ചെയ്യാനാകാത്തതുമായ അനുഭവമാണ് എന്നും സൂചിപ്പിച്ചിരിക്കുന്നു.
ചരിത്രം വിശ്വാസകാര്യമല്ല
ചരിത്രം എന്നത് എതാനുമാളുകളുടെ വിശ്വാസത്തിൻ്റെ കാര്യമല്ല. വിശ്വാസം ചരിത്രമായി തെറ്റിദ്ധരിക്കപ്പെടുന്ന ദയനീയത കേരള ക്രിസ്ത്യാനികളുടെ ദുര്യോഗമായി തോന്നുന്നു. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശുദ്ധാത്മാക്കളുണ്ട്. മാര്‍ത്തോമ്മാശ്ലീഹാ നമ്പൂതിരിമാരെ മാനസ്സാന്തരപ്പെടുത്തിയെന്നത് വിശ്വാസസത്യമായി ചിലര്‍ ഗണിക്കുന്നു. കേരളസഭ ആദിമുതലേ റോമാ പാപ്പായുടെ കൈക്കീഴായിരുന്നുവെന്ന് വിശ്വസിക്കുന്നു ചിലര്‍. ക്നായിത്തൊമ്മന്‍ എന്ന മഹാത്മാവ് വന്നാണ് കേരളസഭയ്ക്ക് അന്ത്യോക്യാ പാത്രിയര്‍ക്കീസിൻ്റെ നിര്‍ദ്ദേശപ്രകാരം പട്ടത്വകൈവെപ്പും മറ്റും ശരിയാക്കി തന്നതെന്ന് വിശ്വാസമായി ഏറ്റു പറയുന്നു എത്രയോ പേര്‍. പറങ്കികള്‍ കൊച്ചിക്കടലില്‍ കൊട്ടിത്താഴ്ത്തിക്കൊന്നത് അന്ത്യോഖ്യായിലെ പാര്രിയര്‍ക്കീസിനെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട് (അവരൊക്കെ അക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് പകര്‍ത്തി പുസ്തകങ്ങള്‍ എഴുതുന്നുമുണ്ട്). അങ്ങനെയുള്ള വിശ്വാസങ്ങള്‍ സ്ഥാപിക്കുവാന്‍ പറ്റിയ ചരിത്രപുസ്തക പരാമര്‍ശങ്ങള്‍ അനേകം കണ്ടത്തി ഉദ്ധരിക്കുവാനും കഴിഞ്ഞേക്കും.
എന്നാല്‍ ഈദൃശപരാമര്‍ശങ്ങള്‍ അടിസ്ഥാനരേഖകളെ ആശ്രയിച്ചാണോ, മുമ്പേ എഴുതപ്പെട്ടു കണ്ടതിൻ്റെ വെറും ആവര്‍ത്തനമാണോ എന്നത് ചരിത്രവിദ്യാര്‍ത്ഥി പരിശോധിക്കുന്നില്ലെങ്കില്‍ ചതിക്കുഴിയില്‍ ചെന്നു വീഴും.
മാര്‍ത്തോമ്മാശ്ലീഹായുടെ ചരമദിനം എതെന്ന കാര്യത്തില്‍ പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പ് കേരള ക്രിസ്ത്യാനിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. പൌസ്ത്യ സുറിയാനിക്കാര്‍ക്കും, പാശ്ചാത്യ സുറിയാനിക്കാര്‍ക്കും ജൂലൈ 3 (കര്‍ക്കടകം 3) മാത്രമായിരുന്നു മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാള്‍. സുറിയാനിസഭകളിലെങ്ങും ജൂലൈ 3 അല്ലാതെ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ കൊണ്ടാടിയിരുന്നില്ല. പൌരസ്ത്യദേശങ്ങളില്‍ സുവിശേഷവെളിച്ചം വിതച്ച ശ്ലീഹായുടെ ചരമതീയതി അസ്ഥി മാറ്റിയ ശേഷവും ഒന്നേയുണ്ടായിരുന്നുള്ളു. അവിടങ്ങളില്‍ ഡിസംബര്‍ 21-നും ജൂലെ 3-നും രണ്ടു പെരുന്നാള്‍ എന്തുകൊണ്ട് ആവിര്‍ഭവിച്ചില്ല എന്നാണ് ഒരു ചരിത്രാന്വേഷി ചിന്തിക്കേണ്ടത്. അന്നത്തെ പാരമ്പര്യവും വിശ്വാസവും ഇളകിത്തുടങ്ങിയത് റോമന്‍ പാരമ്പര്യങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടതോടെയാണ്.
റോമന്‍രേഖകള്‍ സുറിയാനിക്കാര്‍ അംഗീകരിച്ചില്ല
റോമന്‍രേഖകളുടെ അണക്കെട്ട തുറന്നുവിട്ട തെറ്റായ ധാരണ സ്ഥിരീകരിക്കാന്‍ ശ്രമിക്കേണ്ടതില്ല. റോമന്‍സുറിയാനി കത്തോലിക്കരായ ബ. ഫാ. ബര്‍ണാഡ്, ഫാ. പ്ലാസിഡ് തുടങ്ങിയ പണ്ഡിതന്മാര്‍ അത്തരം രേഖകള്‍ കാണാത്തവരൊന്നുമായിരുന്നില്ല. അവരെപ്പോലെയുള്ളവര്‍ക്ക് ജൂലൈ 3 ആണ് ചരമതീയതി എന്നതില്‍ സംശയവുമുണ്ടായിരുന്നില്ല. ഡിസംബര്‍ 21 ആണ് ചരമതീയതി എന്ന റോമന്‍ നിലപാടിനെ കേരളസുറിയാനിക്കാരുടെ പുത്തന്‍കൂര്‍ വിഭാഗവും പഴയകൂര്‍ വിഭാഗവും അക്കാലത്തുതന്നെ അംഗീകരിച്ചിരുന്നില്ല. അക്കാലത്തെ ചില രേഖകളില്‍ ഡിസംബര്‍ 21-നെ അസ്ഥിമാറ്റ തീയതിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (പിറവം കലണ്ടര്‍ ഉദാഹരണം.) അതുകൊണ്ടൊക്കെയാകാം കേരളകത്തോലിക്കര്‍ ആകമാനം ഇപ്പോള്‍ ജൂലൈ 3 തിരുനാളായി ആഘോഷിക്കുന്നത്. (ചരിത്രവും വിശ്വാസവും തമ്മില്‍ കൂടിക്കുഴയുമ്പോള്‍ ശാസ്ര്രീയവും യുക്തിപരവും ചരിത്രപരവുമായി അന്വേഷണം നടത്തി തീരുമാനമെടുക്കുന്ന രീതി അവര്‍ക്കുണ്ട്. പ. ഗീവര്‍ഗീസ് പുണ്യവാളൻ്റെ കാര്യത്തില്‍ ആ സഭ എടുത്ത തീരുമാനം ഇവിടെ ശ്രദ്ധേയമാണ്.)
റോമാക്കാരുടെ വരവുവരെ ഈ സഭയില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റോനെയെ സംബന്ധിച്ചുണ്ടായിരുന്ന വിശ്വാസപാരമ്പര്യങ്ങള്‍ ഈവിധം തെറ്റിദ്ധരിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ആ തെറ്റുദ്ധാരണ ഇന്ന് വിശ്വാസമാണെന്ന് ലജ്ജയില്ലാതെ ഘോഷിക്കുന്നു.
ഏട്ടുനോമ്പും പെരുന്നാളും
ഇതോടനുബന്ധിച്ച് ഇത്തരം മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പ. കനൃകമറിയാമമ്മയുടെ ജനനപ്പെരുന്നാളും എട്ടുനോമ്പും ഇന്ന് ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ആചരിക്കപ്പെടുന്നുണ്ട്. അതേസമയം, പരിശുദ്ധരുടെ ജനനദിനമല്ല, മരണദിനമാണ് ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ പെരുന്നാളായി ആഘോഷിക്കപ്പെടുന്നതെന്ന വേദശാസ്ത്രവും പാരമ്പര്യവും നിഷേധിക്കുന്നില്ല. റോമന്‍ കത്തോലിക്കാവിഭാഗം പലപ്പോഴും രേഖകള്‍ ചൂണ്ടിക്കാട്ടിത്തന്നെ കേരളസഭയില്‍ പ. കന്യകയുടെ ജനനപ്പെരുന്നാല്‍ കൊണ്ടാടിയിയിരുന്നതായി പറഞ്ഞുവരുന്നുണ്ട്. ഇതും റോമന്‍ബാന്ധവത്തിൻ്റെ അവശേഷമാണെന്ന് ചരിത്രാന്വേഷികള്‍ക്കറിയാം. ഈ നിലയ്ക്കു പോയാല്‍ പ. കനകയുടെ ജനനപ്പെരുന്നാളാഘോഷവും എട്ടുനോമ്പും ഇന്ന് നടത്തിവരുന്നവര്‍, ഈ സഭയുടെ പാരമ്പര്യവും വിശ്വാസവും അതായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ അത്തരം രേഖകള്‍ ഉദ്ധരിക്കുന്ന കാലം അതിവിദൂരമല്ല.
ഇതുതന്നെയാണ് മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റോനോ സംബന്ധിച്ചും ഉണ്ടായത്. റോമന്‍ അധിനിവേശത്തിനു ശേഷം അവരുടെ രേഖകളുടെ ചുവടുപിടിച്ചും അവരുടെ ആഘോഷങ്ങളെ അനുകരിച്ചും നാമും ചിലതൊക്കെ ചെയ്തു. പക്ഷേ അത് യഥാര്‍ത്ഥ ചരിത്രവും വിശ്വാസവും പാരമ്പര്യവുമൊന്നുമല്ല. സത്യം നമ്മെ സ്വാതന്ത്രരാക്കും.
ഓരോ പള്ളിയിലും ചുമതലയിലുള്ളവര്‍ തങ്ങള്‍ക്കു ബോധിച്ചു രീതിയിലും തീയതിയിലും ദുക്റോനോ പെരുന്നാള്‍ ഘോഷമായും അല്ലാതെയും പല തരത്തില്‍ നടത്തിവരുന്ന ഇന്നത്തെ രീതി ഏതായാലും അഭികാമ്യമല്ല എന്നത് സൂചിപ്പിക്കട്ടെ. ഒരു നിശ്ചിത തീയതിയില്‍ ഭംഗിയായി ഈ പെരുന്നാൾ ആഘോഷിക്കുന്നതിനെപ്പറ്റി ഗൌരവമായ പരിചിന്തനം വേണ്ടതാണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
13-8-2010
മലങ്കര സഭ മാസികയില്‍ (ജൂലൈ 2010) വന്ന ലേഖനത്തിൻ്റെ ആദിരുപം
മാര്‍ത്തോമ്മാശ്മീഹായുടെ ചരമസ്മരണ എന്ന്? പി. തോമസ്, പിറവം
മാര്‍ തോമാശ്ലീഹായുടെ ദുക്റോനോ സംബന്ധിച്ച് ബഹുമാനപ്പെട്ട ഡോ. കെ.എം. ജോര്‍ജ് അച്ചൻ്റെ മലങ്കരസഭ മാസികയിലെ ലേഖനത്തെപ്പറ്റി (സെപ്റ്റമ്പര്‍ 2009) ഒരു പ്രസിദ്ധീകരണത്തില്‍ എഡിറ്റോറിയലും, ”ജൂലൈ 3 മലങ്കരസഭയുടെ കരിദിനം” എന്നൊരു കുറിപ്പും ശ്ലീഹായുടെ ഓര്‍മ്മയെപ്പറ്റി ഒരു വൈദികൻ്റെതടക്കം ചില ലേഖനങ്ങളും കണ്ടു. ഒരു ലക്കം തന്നെ ആ പ്രസിദ്ധീകരണം ഇതിനായി നീക്കിവച്ചതുപോലെ തോന്നി. അടുത്തകാലത്ത് ഈ വിഷയത്തെപ്പറ്റി വേറെയും ചിലത് പ്രസിദ്ധീകരിച്ചു കണ്ടു. മാര്‍തോമ്മാശ്ലീഹായുടെ ചരമസ്മരണ ഡിസമ്പര്‍ 21 എന്ന് ചിന്തിക്കുന്ന ധാരാളം പേര്‍ ഉണ്ട്. ബഹുമാനപ്പെട്ട ഡോ. കെ.എം. ജോര്‍ജ് അച്ചന്‍ തന്നെ “ശ്ലീഹായുടെ തിരുശേഷിപ്പുകള്‍ ഇന്‍ഡ്യയില്‍ നിന്ന് കൊണ്ടുപോയ ജൂലൈ 3′ എന്നാണ് എഴുതിയത്. നമ്മുടെ സഭയില്‍ ഉണ്ടായ ആദ്യകാലത്തെ ചില ഗുളികരൂപ ചരിത്രരചനകളെ കണ്ണടച്ചു വിശ്വസിക്കുകയും തദനുസൃതം ഇന്നും ചരിത്രം പകര്‍ത്തുകയും ചെയ്യുന്നവരും കുറവല്ല. അവര്‍ ചരിത്രം വിശദമായി നോക്കുന്നില്ല. പില്‍ക്കാലത്തുണ്ടായ പഠനങ്ങള്‍ക്കു നേരേ മുഖം തിരിക്കുകയും ചെയ്യുന്നു.
സ്വന്തം പിതാവിൻ്റെ ചാത്തപ്പെരുന്നാള്‍ തീയതി, എവിടെയോ ഉള്ളവര്‍, “കണ്ട നീയല്ല; കേട്ട ഞാന്‍” എന്ന മട്ടില്‍ പറഞ്ഞതെല്ലാം ഏറ്റുപാടാനേ ഈ 21-ാം നൂറ്റാണ്ടിലും കഴിയുന്നുള്ളല്ലോ എന്നോര്‍ത്ത് മലങ്കരസഭയേ, നിനക്ക് ലജ്ജിക്കാം. മാര്‍ത്തോമ്മാശ്ലീഹായുടെ ചരമതീയതി വിവിധ സഭകളില്‍ വൃത്യസ്തമാണെങ്കിലും, ഇ.എം. ഫിലിപ്പിനെപ്പോലുള്ളവര്‍ ഒരു തീയതിയും സൂചിപ്പിക്കുന്നില്ലെങ്കിലും, മാര്‍ തോമ്മാശ്ലീഹായുടെ യഥാര്‍ത്ഥ ചരമദിനം (ദുക്റോനോ) ജൂലൈ 3 ആണെന്നതില്‍ സംശയിക്കേണ്ട ഒരു കാര്യവുമില്ല.
ഇക്കാര്യത്തില്‍ ദുക്റോനോ എന്ന വാക്കിൻ്റെ ഉത്പത്തിയും ചരിത്രവും കൂടി അന്വേഷിക്കണം. പോര്‍ട്ടുഗീസ് കാലഘട്ടത്തിനു മുമ്പുള്ള ഈ സഭയുടെ ആരാധനാക്രമങ്ങളിലും പാരമ്പര്യത്തിലും ചരിത്രരേഖകളിലും കര്‍ക്കടകം 3- നെപ്പറ്റി കാണുന്നതെന്തെന്ന് നോക്കാതെ, പാശ്ചാത്യരേഖകള്‍ അപ്രമാദിത്വമുള്ളതായി കരുതരുത്.
പെങ്കീസാക്രമത്തില്‍ പന്ത്രണ്ട് ശ്ലീഹന്മാരുടെ പെരുന്നാളിനു ശേഷമാണല്ലോ, (യല്‍ദോ പെരുന്നാളിനു മുമ്പല്ല) ദുക്റോനോ കാണുക. അത് ആ തീയതിക്ക് എങ്ങനെ സ്ഥാനം പിടിച്ചുവെന്ന് ചിന്തിക്കുക. പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള ആരാധന്രകമങ്ങളും നമ്മോടു ബന്ധപ്പെട്ട സഭകളുടെ ആരാധന്രകമങ്ങളും പെരുന്നാള്‍ പട്ടികകളും താരതമ്യം ചെയ്ത് നോക്കിയാണ് തീരുമാനമെടുക്കേണ്ടത്.
ചില റോമന്‍ സഭാരേഖകളില്‍, അക്കൂട്ടര്‍ അക്കാലത്ത് കൊണ്ടാടി വന്ന ഡിസം. 21 ആണ് ശരിയായ ചരമദിനം എന്ന മിഥ്യാധാരണയില്‍, ഇവിടെ ആചരിച്ചു വന്ന കര്‍ക്ക. (ജൂലൈ) 3 -ന് അസ്ഥിമാറ്റ ദിനമെന്ന വ്യാഖ്യാനം നല്‍കി. ആ കഥ വിശ്വസിച്ചാണ് “കര്‍ക്കടകം. (ജൂലൈ) 3 കരിദിനം” എന്നൊക്കെ പറയുന്നത്.
ചിലര്‍ ധനു 18 -ന് നോമ്പാചരിച്ച് 21 -ന് സമാപിക്കുന്ന പാരമ്പര്യത്തെക്കുറിച്ച് പറയാറുണ്ട്. ധനു 1 മുതല്‍ 25 വരെയുള്ള യല്‍ദോ നോമ്പാചരണത്തിൻ്റെ കാര്യം മറന്നാണോ ഇങ്ങനെയൊക്കെ പറയുന്നത്? യല്‍ദോ നോമ്പില്‍ ഇപ്രകാരം ഒരു പെരുന്നാള്‍ 1900 -നൊക്കെ മുമ്പ് മലങ്കരയിലെ പള്ളികളില്‍ വ്യാപകമായി കൊണ്ടാടിയിരുന്നതായി എതെങ്കിലും പള്ളിചരിത്രമോ പെരുന്നാള്‍ പട്ടികകളോ ഇതര രേഖകളോ (റോമന്‍ രേഖകളും അതിൻ്റെ കോപ്പിയടികളും ഒഴികെ) കാണിക്കാനുണ്ടോ?
1064 /1889 ധനു 21 -ലെ കോനാട്ട് മാത്തന്‍ മല്പാൻ്റെ ഡയറിയില്‍ മാര്‍ തോമ്മാശ്ലീഹായുടെ പെരുന്നാള്‍ സംബന്ധിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഈ പെരുന്നാള്‍ ശീമകളില്‍ ഇല്ല. അവര്‍ക്ക് വിവരമില്ലാഞ്ഞിട്ട് ഈ പെരുന്നാള്‍ ആചരിക്കാത്തതാണെന്നും അതിനാല്‍ നാം ആചരിക്കണമെന്നും ഒരു പഴയ “കവിഥ” അതിനു സാക്ഷിയുണ്ടെന്നും കൊച്ചപ്പന്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കല്‍പിച്ചു. ഇപ്രകാരം എന്നെ ചൊല്ലി കേള്‍പ്പിച്ചു. (ധനുമാസം പതിനെട്ടില്‍ ചതി വാലെ കുന്തമേറ്റു; കിടന്നു മൂന്നു ദിനം മരിച്ചങ്ങിരുപത്തൊന്നില്‍’.) ഈ പെരുന്നാള്‍ ശരിയായി ആചരിക്കണമെന്ന് ഞാനും വിചാരിക്കുന്നു.
മേല്‍ക്കാണിച്ചിരിക്കുന്നതില്‍ പ്രധാനകാര്യം 19-ാം നൂറ്റാണ്ട് ഒടുവില്‍പോലും സുറിയാനി സഭയില്‍ ധനു / ഡിസം. 21 പെരുന്നാള്‍ നടപ്പിലില്ലെന്നതാണ്. 1900-നു മുൻപ് ഏതെങ്കിലും പഴയ സുറിയാനിപ്പള്ളികളില്‍ ജൂലൈ 3 അല്ലാതെ, മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചുവന്നതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യഘട്ടത്തില്‍ ചില റോമന്‍ പ്രചാരണങ്ങളെ വിശ്വസിച്ച് (കോനാട്ടു മല്പാന്‍ കണ്ടെത്തിയപോലെയുള്ളവ) ഈ സഭയില്‍ അവിടവിടെ ധനു 21 പെരുന്നാള്‍ ആചരിച്ചുതുടങ്ങി. അതും 1952-ലെ തോമാശ്ലീഹാ ജൂബിലിയാഘോഷങ്ങളെ തുടര്‍ന്നാണ് കാര്യമായി വേരു പിടിച്ചത്. മാര്‍ തോമ്മാശ്ലീഹായുടെ നാമത്തിലുള്ള മുളന്തുരുത്തിപ്പള്ളിയിലെ പെരുന്നാളിന് അക്കാരണത്താല്‍ ജൂബിലിപ്പെരുന്നാളെന്നാണ് പറയുന്നത്.
ധനു 18-ന് മൈലാപ്പൂരിലെ ആദമ്പമലയിലെ (സെന്റ് തോമസ് മാണ്ട്) കുരിശു വിയര്‍ത്തതായി പറയുകയും ആ തീയതിക്ക് ശ്ലീഹാ കുന്തമേറ്റതുകൊണ്ടാണ് കുരിശ് രക്തം വിയര്‍ത്തതെന്ന് ഒരു കഥ പ്രചരിപ്പിക്കുകയും ചെയ്ത് തങ്ങളുടെ സഭയുടെ ഓര്‍മ്മപ്പെരുന്നാള്‍ തീയതിയെ റോമന്‍ മിഷനറിമാര്‍ ബലപ്പെടുത്തി. എന്നാല്‍ ആരംഭസമയത്ത് കുന്തമേറ്റ പെരുന്നാള്‍ എന്നല്ല, കുരിശുവിയര്‍ത്ത പെരുന്നാള്‍ എന്നാണ് അവര്‍ പറഞ്ഞിരുന്നത്.
ശരിയായ ചരമതീയതി തങ്ങള്‍ ആഘോഷിക്കുന്ന ഡിസം. 21 ആണെന്ന് കരുതിയ അക്കൂട്ടര്‍ ജൂലൈ മൂന്ന് പെരുന്നാളിനെ അസ്ഥിമാറ്റവുമായി ബന്ധപ്പെടുത്തി. മൈലാപ്പൂരിലെ ആദമ്പമലയില്‍ കുരിശില്‍ രക്തം വിയര്‍ത്ത കഥ പ്രചരിപ്പിച്ച് ഡിസ. 18 കുരിശു വിയര്‍ത്ത തിരുനാളായി റോമന്‍ സഭാധികാരികള്‍ കൊണ്ടുവന്നതായി രേഖകളുണ്ട്.
പക്ഷെ അക്കാലത്ത് ഈ സഭ അതിനെ എങ്ങനെ കണ്ടുവെന്നതിന് പിറവം കലണ്ടര്‍ (പെരുന്നാള്‍ പട്ടിക) സാക്ഷ്യം നല്‍കും.
“കര്‍ക്കടകം. 3 മാര്‍ത്തൊമ്മാ ശ്ലീഹായുടെ പെരുന്നാള്‍” എന്നും, “ധനു 18 ആദമ്പമലയില്‍ സ്ലീബാ കണ്ടെത്തിയ പെരുന്നാള്‍” എന്നും “ധനു 21 ഉറഹായുടെ പള്ളിയില്‍ മാര്‍തൊമ്മാ ശ്ലീഹാ കബറടങ്ങിയ ഗോഷിപ്പിനുടെ പെരുന്നാള്‍” എന്നുമാണ് അതില്‍ കാണുന്നത്. അസ്ഥിമാറ്റുകഥയുടെ സൂചനയുള്ള ഉറഹാ പള്ളിയിലെ പെരുന്നാള്‍ റോമന്‍ പെരുന്നാളായ ധനു 21-ന് ചാര്‍ത്തിയിരിക്കുന്നു. (ധനു പെരുന്നാള്‍ ഇതില്‍ കടന്നുകൂടിയത് റോമന്‍ സ്വാധീനകാലത്ത് എഴുതപ്പെട്ടതുകൊണ്ടാണ് )
ഇടവക പ്രതികയുടെ ലക്കങ്ങളിലൂടെ കണ്ണോടിച്ചാല്‍ അക്കാലത്ത് മാര്‍ തോമ്മാശ്ലീഹായുടെ പെരുന്നാള്‍ കർക്ക. 3-ന് മാത്രമേ കണ്ടെത്താനാകൂ. എന്നാല്‍ പില്‍ക്കാലത്ത് സഭ വക പഞ്ചാംഗങ്ങളിലും മറ്റും തീയതിയും വിവരണങ്ങളും മാറി മാറി വരുകയുണ്ടായി. ഇന്നും തുടരുന്നമുണ്ട്. വേദ വായനക്കുറിപ്പിലേക്കും അത് പകര്‍ന്നിരിക്കുന്നു. അബദ്ധചരിത്രങ്ങള്‍ അവയുടെ ചുമതലകളില്‍ വരുന്നവര്‍ മുന്‍പിന്‍ നോക്കാതെ ഏറ്റുപാടുന്നതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. അന്വേഷണങ്ങള്‍ക്ക് മുതിരാതെ പഴയ ചരിത്ര പുസ്തകങ്ങളിലെ അബദ്ധങ്ങള്‍ അപ്പാടെ വിഴുങ്ങുന്നതുകൊണ്ടുള്ള കുഴപ്പമാണത്.
എഡേസായില്‍ (ഉറഹായില്‍) കര്‍ക്കടകം 3 പെരുന്നാള്‍ കൊണ്ടാടിയതും പള്ളി പണിതതും സംബന്ധിച്ച് ചിലര്‍ വാചാലരാകുന്നു. അത് എപ്പോള്‍, എങ്ങനെ എന്നൊക്കെ ശ്രദ്ധയോടെ അമ്പേഷിക്കണം. മതിയായ അന്വേഷണം കൂടാതെ ആദ്യം എഴുതിക്കണ്ട അബദ്ധം വിശ്വസിച്ചാല്‍ കുഴപ്പമാണ്.
ഇതു സംബന്ധിച്ച് നമ്മുടെ തെറ്റായ ധാരണയുടെ മാതൃകയായി രണ്ട് വിജ്ഞാനകോശങ്ങളില്‍നിന്ന് ഉദ്ധരിക്കട്ടെ:
1. മാര്‍ത്തോമ്മാശ്ലീഹാ: … 4-ാം നൂറ്റാണ്ടില്‍ ഭാതികാവശിഷ്ടം എഡേസയിലേക്ക് കൊണ്ടുപോയത്രേ. പുതുഞായറാഴ്ചയും ഡിസം. 18, 21 -നും ജൂലൈ 3-നും അദ്ദേഹത്തിൻ്റെ ഓര്‍മ്മപ്പെരുന്നാള്‍ നടത്തുന്നു. രണ്ടാമത്തേത് രക്തസാക്ഷിത്വമരണം. മുന്നാമത്തേത് എഡേസായിലേക്ക് തിരുശേഷിപ്പുകള്‍ കൊണ്ടുപോയ ദുക്റോനോ. (സഭാചരിത്രവിജ്ഞാനകോശം, കോട്ടയ്ക്കല്‍ പബ്ലീഷേഴ്സ്. പേ. 409, 620)
2. ദുക്റോനോ: … മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് മൈലാപ്പൂരില്‍ നിന്ന് ഉറഹായിലേക്ക് കൊണ്ടുപോയതിൻ്റെ അനുസ്മരണം മലങ്കരസഭയില്‍ ആചരിക്കുന്നത് ജൂലായ് 3-നാണ്. (മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശം, പേ. 404)
ഉറഹാ പള്ളിയില്‍ മാര്‍ തോമ്മാശ്ലീഹായുടെ പെരുന്നാള്‍ കൊണ്ടാടിയതിനെപ്പറ്റിയുള്ള ഒരു രേഖയുടെ വ്യാഖ്യാനം ഒട്ടേറെ തെറ്റുധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തോമാശ്ലീഹായുടെ കാര്യം നന്നായി അറിയാവുന്ന ഉറഹാക്കാര്‍ ജൂലൈ 3-ന് പുതിയ പെരുന്നാള്‍ കൊണ്ടാടിയെങ്കില്‍ അവിടെ പൂര്‍വ്വികമായ പെരുന്നാള്‍ എന്നായിരുന്നു? ഇവിടെ പറയുന്നതുപോലെ അവിടെ രണ്ടു പെരുന്നാള്‍ കൊണ്ടാടിയിരുന്നോ, ഡിസം. 21-നും ജൂലൈ 3 -നും എന്നൊന്നും ആരും തിരക്കുന്നില്ല.
തീയതി രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴയ രേഖ എഡേസന്‍ നളാഗമമാണ്. അസ്സേമാനി ബിബ്ലിയേത്തോക്കാ ഒരിയന്താളിസ് (ഒന്നാം വാള്യം 399-ഠം പുറം) -ല്‍ ഇത് ഉദ്ധരിക്കുന്നു. പനളിനോസ് നല്‍കുന്നത് ഇപ്രകാരമാണ്: യവനരുടെ 705-ാം വത്സരത്തില്‍ (അത് ക്രിസ്തുവര്‍ഷം 394 ആകുന്നു) ആഗസ്റ്റ് മാസം 22 -ന് മാര്‍ കൂറിലോസ് മെത്രാൻ്റെ നാളുകളില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ പേടകം അദ്ദേഹത്തിനു പ്രതിഷ്ഠിക്കപ്പെട്ട വലിയ പള്ളിയിലേക്ക് അവര്‍ കൊണ്ടുവന്നു.
മിഖായേല്‍ റാബോ, ബാര്‍ എബ്രായ എന്നീ സുറിയാനി സഭാചരിത്രകാരന്മാരും തിരുവിതാം കൂര്‍ സ്റ്റേറ്റ് മാനുവലും (വാള്യം 1 പേ. 465, 656) പല മലയാള സഭാചരിത്രരഗന്ഥങ്ങളും (ഫാ. ശീവ റുഗീസ് നെടുന്തള്ളില്‍, മലങ്കരസഭയും തോമസ് അപ്പൊസ്തോലനും, പേ. 56, 81 (History of Syrian Church Vol.1 p.165) ഇത് ഉദ്ധരിക്കുന്നുണ്ട്. പല പാശ്ചാത്യ ചരിത്രകാരന്മാരും ഈ ഭാഗം അംഗീകരിക്കുന്നു. ഇതനുസരിച്ച് അസ്ഥികള്‍ കൊണ്ടുപോയി സ്ഥാപിച്ചത് 394-ല്‍ ആണെന്ന് പറയുകയും ചെയ്യുന്നു.
എഡേസന്‍ നളാഗമത്തിലെ മേല്‍പ്രസ്താവന തിരുശേഷിപ്പ് ആദ്യമായി പ്രതിഷ്ഠിച്ചതിനെപ്പറ്റിയല്ലെന്ന് മാര്‍ അപ്രേമിൻ്റെ രചനകളില്‍ നിന്ന് അറിയാം. അദ്ദേഹത്തിൻ്റെ മരണത്തിനു (373) മുമ്പേ അസ്ഥികള്‍ അവിടെയുണ്ടല്ലോ. അതില്‍ പറയുന്ന തീയതി ജൂലൈ 3 അല്ല, ആഗസ്റ്റ് 22 ആണു താനും.
അസ്ഥിമാറ്റം 233-ല്‍ നടന്നതായി പൌനളിനോസ് “ഇന്ത്യാ ഒരിയന്താളിസ് ക്രിസ്ത്യാന‘യില്‍ പറയുന്നു. (Z M പാറേട്ട്, മലങ്കര നസ്രാണികൾ വാള്യം 1 പേ. 417) 165 -ലാണ് കൊണ്ടുപോയതെന്ന് J N ഫാര്‍ക്വര്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ((J N Farquhar, The Apostle Thomas in India p. 65) അസ്ഥിമാറ്റം തോമായുടെ നടപടികള്‍ എന്ന ഗ്രന്ഥത്തിൻ്റെ രചനയ്ക്ക് കാരണമായി എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ (വാല്യം 5) അഭിപ്രായപ്പെടുന്നു. നടപടികള്‍ 180 -നും 230 -നും ഇടയ്ക്ക് രചിക്കപ്പെട്ടുവെന്ന് ഫാ. ഡോ. വി.സി. ശമുവേല്‍ സമ്മതിക്കുന്നുണ്ട്. (സഭ വളരുന്നു. പേ. 11) തോമായുടെ നടപടികളിലാണ് അസ്ഥിമാറ്റം നടന്നതായുള്ള ആദ്യപരാമര്‍ശം.
ഇറ്റലിക്കാരനായ റൂഫൈനസ് (അക്വില) 371-നും 396-നും ഇടയ്ക്ക് എഡേസായില്‍ താമസിച്ചിരുന്നു. അദ്ദേഹം പറഞ്ഞപ്രകാരം അക്കാലത്ത് തിരുശേഷിപ്പുകള്‍ അവിടെയുണ്ട്.
സ്പെയിന്‍കാരിയായ തീര്‍ത്ഥാടക ഈഗേറിയ 394 -ല്‍ എഡേസാ സന്ദര്‍ശിച്ച് അതിനടുത്ത കാലത്ത് നിര്‍മ്മിച്ചതെന്നു തോന്നിയ ശവകുടീരം സന്ദര്‍ശിച്ച് ശ്ലീഹായെ സംബന്ധിച്ച ചില രേഖകള്‍ വായിച്ചതായി തെളിവുണ്ട്. (Jacob Vellian, in introduction to J N Farquhar, The Apostle Thomas in India p. ii iv) ഇത് തോമായുടെ നടപടികള്‍ ആയിരിക്കാം. (Do p. ii)
രണ്ടാം നൂറ്റാണ്ടില്‍ കൊണ്ടുപോയി സ്ഥാപിച്ച തിരുശേഷിപ്പിന് പല തവണ പുനപ്രതിഷ്ഠ നടന്നിരിക്കാം. (Z M പാറേട്ട്, മലങ്കരന്രസാണികള്‍ വാല്യം 1 പേ. 175) അതിലൊന്നിന് 394-ല്‍ ആഘോഷം അഥവാ സൌഹാ (താത്ക്കാലികാഘോഷം) പ്രഖ്യാപിക്കപ്പെട്ടിരിക്കാം. ഏതായാലും എഡേസന്‍ നളാഗമത്തിലെ തീയതി (ആഗ. 22) ഒരു പുനഃപ്രതിഷ്ഠയുടേതു മാത്രമാണ്.
തീയതി സൂചിപ്പിക്കുന്ന ടൂര്‍സിലെ വി. ഗ്രിഗറിയുടെ ഒരു രേഖയുണ്ട് (രക്തസാക്ഷിമഹത്ത്വം). 590 -നടുത്ത് തിയഡോര്‍ എന്ന സഞ്ചാരിയില്‍ നിന്നാണ് മാര്‍ത്തോമ്മായുടെ പെരുന്നാളിൻ്റെ വിവരണം അദ്ദേഹത്തിനു ലഭിച്ചത്. അസ്ഥികള്‍ മാറ്റപ്പെടുന്നതിനു മുമ്പ് അതു സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഒരു സന്യാസാശ്രമം ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അവിടത്തെ പെരുന്നാള്‍ അഞ്ചാം മാസത്തില്‍ കൊണ്ടാടുന്നതായി പറയുന്നു. ടൂര്‍സ് ഉള്‍പ്പെടുന്ന രാജ്യത്തെ പഞ്ചാംഗപ്രകാരം അത് ജൂലൈ ആണെന്ന് പാറേട്ട് പറയുന്നു. (Z M പാറേട്ട്, മലങ്കരന്രസാണികള്‍ വാള്യം 1 പേ. 392) അഞ്ചാം മാസം ഇന്നത്തെ ജൂലൈ തന്നെയാണെന്ന് സെപ്റ്റമ്പര്‍ (7) ഒക്ടോബര്‍ (8) നവമ്പര്‍ (ഒ) ഡിസമ്പര്‍ (10) എന്നീ മാസപ്പേരുകള്‍കൊണ്ടുതന്നെ അറിയാമല്ലോ. മാര്‍ച്ചിലായിരുന്നു ആണ്ടു പിറപ്പ്, ഈ പെരുന്നാള്‍ ഇന്‍ഡ്യയിലെയോ എഡേസായിലെയോ എന്നതില്‍ ചരിത്രകാരന്മാരുടെ ഇടയിൽ യോജിപ്പില്ല. (Rt. Rev. Herman Dsouza, In the Steps of St. Thomas, p.30) രണ്ടു സ്ഥലത്തെയും പെരുന്നാളുകള്‍ വ്യത്യസ്ത തീയതികളിലായിരുന്നുവെങ്കില്‍ അത് സൂചിപ്പിക്കപ്പെട്ടനേ.
പൌരാണിക സഭാപഞ്ചാംഗങ്ങള്‍ നോക്കിയാല്‍ പൌരസ്തൃസഭയുടേതില്‍ “ജൂലൈ 3 – ഇന്ത്യയില്‍ വച്ച് കുന്തത്താല്‍ കുത്തേറ്റ് മരണമടഞ്ഞ വി. തോമ്മാ. അദ്ദേഹത്തിൻ്റെ ശരീരം ഖാബിന്‍ എന്ന വ്യാപാരി ഉറഹായില്‍ കൊണ്ടുവന്നു സ്ഥാപിച്ചു. വലിയ പെരുന്നാള്‍” എന്ന് കാണാം. (V. C. George, Apostalate & Martyrdom of St.Thomas, p. 153, Z M പാറേട്ട്, മലങ്കരന്രസാണികള്‍ വാള്യം 1 പേ. 170) മരണമടഞ്ഞതിൻ്റെ ഓര്‍മ്മ എന്നാണ്, അസ്ഥികള്‍ സ്ഥാപിച്ചതിൻ്റെ ഓര്‍മ്മ എന്നല്ല പറയുന്നത്. തിരുശേഷിപ്പ് സ്ഥാപിച്ച ഇടം സൂചിപ്പിക്കുന്നതേയുള്ളു.
മലങ്കരസഭയില്‍ നിലവിലിരുന്ന പൗരസ്ത്യസുറിയാനി പ്രാര്‍ത്ഥന്രകമത്തില്‍ ജൂലൈ 3 പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയില്‍ ശ്ലീഹീയുടെ രക്തസാക്ഷിത്വമാണ് അനുസ്മരിക്കുന്നത്. (പാശ്ചാത്യസുറിയാനിക്രമത്തിലും അങ്ങനെ തന്നെയാണല്ലോ.) ഇത് അഞ്ചാം നൂറ്റാണ്ടിനു മുമ്പ് രചിക്കപ്പെട്ടതാണ്. (Rev. Romeo Thomas, in introduction to V.C.George, Apostalate & Martyrdom of St. Thomas, p.20. Also p.164, 168, 174) ഈ പെരുന്നാളിൻ്റെ കാനോന നമസ്‌കാരത്തില്‍ എട്ടു ദിവസത്തെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. പോര്‍ട്ടുഗീസുകാര്‍ തിരുത്താതെ അവശേഷിച്ച ഒന്നാകയാല്‍ ഇതിന് വളരെ പ്രാധാന്യവുമുണ്ട്. (ഫാ. ബര്‍ണാഡ്, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഒന്നാം ഭാഗം പേ. 19, 29, 21, 31, 139) ഈ പെരുന്നാള്‍ പേര്‍ഷ്യയില്‍ ഒരു ദിവസത്തേക്കു മാത്രമേയുള്ളു. അവിടെ അത് കടമുള്ള ദിവസമല്ല. പാശ്ചാതൃസുറിയാനിസഭയ്ക്കും മാറാനായ പെരുന്നാളല്ല. മലങ്കരയില്‍ കടമുള്ള ദിവസമായി പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടിരുന്നതിനാല്‍ പേര്‍ഷ്യയില്‍നിന്ന് പകര്‍ത്തിയതുമല്ല. (ക്രൈസ്തവ വിജ്ഞാനകോശം, പ്രകാശം പബ്ലിക്കേഷന്‍സ്, Gal. 113, 114.)
കേരളത്തിലെ പാരമ്പര്യങ്ങളും രേഖകളും നോക്കാം. റമ്പാന്‍പാട്ടില്‍ “എഴുപത്തിരണ്ടാം കര്‍ക്കടകത്തില്‍ … കാലം ചെയ്തിതു മാര്‍ത്തോമ്മാ” എന്ന് കാണാം. കേരളപ്പഴമ “കര്‍ക്കടകം മൂന്നാം തീയതി മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാളാകുന്നു” എന്ന് പറയുന്നു. (പേ. 39)
വത്തിക്കാന്‍ സിറിയക് കോഡക്സ് 22-ല്‍ കര്‍ക്കടകം മൂന്നിന് മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റാന ആചരിക്കുന്ന കാര്യം പറയുന്നു. 1500 -ല്‍ ക്രബാളിനോടൊപ്പം യൂറോപ്പിനു പോയ ഇന്‍ഡ്യാക്കാരന്‍ ജോസഫ് കത്തനാര്‍ ഇവിടെ കര്‍ക്കടകം 3 ന് ദുക്റാന ആചരിക്കുന്നതായി പറഞ്ഞു. 1504 -ല്‍ മാര്‍ യാക്കോബ് എഴുതിയ പഞ്ചാംഗത്തിലും ഇക്കാര്യം പറയുന്നു. (ക്രൈസ്തവ വിജ്ഞാനകോശം, പ്രകാശം പബ്ലിക്കേഷന്‍സ്, പേ. 114) 1-ാം നൂറ്റാണ്ടില്‍ ശ്ലീഹായുടെ ചരമവാര്‍ഷികാചരണത്തിന് നസ്രാണികള്‍ പറവുൂരുനിന്ന് കൊടുങ്ങല്ലുരേക്ക് തീര്‍ത്ഥയാത്ര നടത്തുമ്പോല്‍ പഴയ ചില പാട്ടുകള്‍ പാടിയ കാര്യം പോര്‍ട്ടുഗീസ് രേഖകളിലുണ്ട്. (V.C.George, Apostalate & Martyrdom of St. Thomas, p.20)
1751 -ല്‍ ഇവിടെ വന്ന മഫ്രിയാന മാര്‍ ബസേലിയോലിൻ്റെ കത്തില്‍ “കര്‍ക്ക. 3-ാം തീയതി മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാള്‍ ദിവസം കമ്പനി വക ആളുകളോടും പട്ടാളക്കാരോടും ഹെസക്കിയേല്‍ എന്ന യൂദനോടും കൂടി കൊച്ചിരാജാവിനെ കാണ്മാന്‍ ഞങ്ങളെ അയച്ചു” എന്ന് കാണുന്നു. (ഇ.എം. പീലിപ്പോസ്, മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യൻ സഭ, പേ. 166)
കേരളത്തിലെ റോമന്‍ കത്തോലിക്കര്‍ ഇപ്പോള്‍ ജൂലൈ 3 -നാണ് ശ്ലീഹായുടെ ഓര്‍മ്മ ആഘോഷിക്കുന്നത്. റോമില്‍ ആദ്യകാലത്ത് അങ്ങനെതന്നെ ആയിരുന്നു. ഇടക്കാലത്ത് അവര്‍ക്കുണ്ടായ തീയതിപ്പിണക്കം അവര്‍ 1972-ല്‍ തിരുത്തി. മഴ തീര്‍ന്നു. പക്ഷെ ഇവിടെ മരം പെയ്തുകൊണ്ടേയിരിക്കുന്നു.
ഈ വിഷയത്തെപ്പറ്റി മലങ്കരസഭ (1984 മാര്‍ച്ച്), കുന്നംകുളം ഇടവകപ്രതിക (2004 സെപ്റ്റ – 2005 ജനു) എന്നിവയില്‍ മുമ്പ് വിശദമായി എഴുതിയിരുന്നു. അന്വേഷണതല്‍പ്പരര്‍ക്ക് അവയും http:/www.malankaraorthodox.tv/mosc-riters/P. Thomas എന്ന സൈറ്റില്‍ ഇതിനെപ്പറ്റിയുള്ള ലേഖനവും, പിറവം പെരുന്നാള്‍ പട്ടികയുടെ ഒരു പഠനവും നോക്കാം. പ്രകാശം പബ്ലിക്കഷേന്‍സിൻ്റെ വിജ്ഞാനകോശത്തിൽ പലയിടങ്ങളിലായി വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്താം. ജോസഫ് കൂര്‍മ്മാങ്കലിൻ്റെ “തെക്കും ഭാഗരും വടക്കും ഭാഗരും” എന്ന പുസ്തകത്തില്‍ (ശ്രീ. ജോസഫ് ചാഴികാടൻ്റെ പുസ്തകത്തിൻ്റെ ഖണ്ഡനം) സുപ്രധാനവിവരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. തങ്ങള്‍ പഠനം തുടങ്ങിയ കാലത്ത് പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അവസാനവാക്കാണെന്ന് കരുതിക്കുടെന്നാണ് ഈയുള്ളവൻ്റെ പക്ഷം. ക്രിസ്തുവില്‍ നമ്മെ ജനിപ്പിച്ച പിതാവിൻ്റെ ചാത്തപ്പെരുന്നാള്‍, ശ്ലീഹായെ നേരിട്ടറിയാത്തവര്‍ പറഞ്ഞതു കേട്ട് മാറ്റി എന്ന് സമ്മതിക്കുന്നതു തന്നെ വിവരക്കേടാണ്. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനം മലങ്കരയിലുറപ്പിച്ചതിൻ്റെ ശതാബ്ദി കൊണ്ടാടുവാനുള്ള ഒരുക്കത്തിനിടയില്‍ യഥാര്‍ത്ഥ ചരമദിനത്തിൻ്റെ കാര്യം ചരിത്രവ സ്തുതകളുടെ പിന്‍ബലത്തോടെ ഉറപ്പിക്കേണ്ടത് ഒരു കേവല അക്കാദമികാഭ്യാസമൊന്നുമല്ല.
പി. തോമസ്, പിറവം
(ജൂലൈ 2010)