OVS - Latest NewsTrue Faith

ശുബ്ക്കോനോ- നിരപ്പിന്റെ ശുശ്രൂഷ

സഭയിൽ നോമ്പ് തുടങ്ങുന്നത് ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. നോമ്പിൽ ആദ്യ ഞായറാഴ്ച സന്ധ്യയിലോ തിങ്കളാഴ്ച പ്രഭാതത്തിലോ ഉച്ചയ്ക്കോ നമസ്കാരത്തോട് ചേർന്ന് നടത്തുന്നു. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാർഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതർ തങ്ങളോട് ക്ഷമിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ വണങ്ങുന്നു. ജനങ്ങൾ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സ്മാധാനം നലകി (കൈയ്യസൂരി നൽകി) ശുബ്ക്കോനോ ശുശ്രൂഷകൾ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയും ഒക്കെ ഈ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കൂന്നു.

അമ്പതു നോമ്പ് വലിയ ഒരു ആത്മീയ യാത്രയാണ് …. ആ യാത്രയിൽ നമ്മൾ കാൽവറിയിൽ എത്തുന്നുണ്ട്. കാൽവറിയിൽ ദൈവപുത്രൻ യാഗമായി തീരുന്നുണ്ട്. ആ യാഗത്തിൽ പങ്കാളികൾ ആകാനായി നമ്മൾ നോമ്പിലേക്ക് കടക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യയത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പറയുന്നത് ശ്രദ്ധിക്കുക…. “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. ” (മത്തായി 5:23-24). ക്ഷമയുടേയും അനുരഞ്ജനത്തിന്റെയും ഓർമ്മപ്പെടൂത്തലാണ് യേശു നടത്തുന്നത്. യാഗപീഠത്തിന്റെ മുമ്പിലുള്ള അനുരഞ്ജനമാണ് ശുബക്കോനയിലൂടെ നിവർത്തിക്കൂന്നത്.

അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ക്ഷമയാണ്. കാൽവറിമലയിൽ വേദനസഹിക്കാനാവാതെ യേശു പിടയുമ്പോൾ പിതാവിനോട് നടത്തുന്ന നിലവിളി കേൾക്കൂ…. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:34). തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കേണമേ എന്ന് യേശു നിലവിളിക്കുന്നു. കാൽവറിയിലെ ക്ഷമിക്കൂന്ന സ്നേഹമായിരുന്നു യാഗമായി തീർന്നത്. യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ” (മത്തായി 6:12). നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുന്നതുപോലെതന്നെ നമമുടെ കടങ്ങളും ദൈവം ക്ഷമിക്കും. ഇതിനോട് അനുബന്ധമായി യേശുപറയുന്നത് കേൾക്കുക , “നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ” (മത്തായി 6:15)… മർക്കോസിന്റെ സുവിശേഷം 11 ന്റെ 25 കൂടി ഓർക്കുക,,,.. “നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. “.

ക്ഷമയാണ് അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറഞ്ഞല്ലോ. യേശുവിന്റെ ന്യായവിധി സമയത്തും യേശു ശത്രുക്കളെ അനുരഞ്ജനപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. ശത്രുക്കളായിരുന്ന ഹെരോദാവും പീലാത്തോസും ശത്രുത വെടിഞ്ഞ് സ്നേഹിതരായി തീരുന്നത് യേശുവിന്റെ ന്യായവിധിയോട് അനുബന്ധിച്ചായിരുന്നു. യേശുവിനെ പീലാത്തോസ് ഹെരോദാവിന്റെ അടുത്തേക്ക് അയച്ചതിനെതുടർന്ന് അവരുടെ അവർ തങ്ങടെ ശത്രുത മറന്ന് സുഹൃത്തക്കളാകുന്നു. ഹെരോദാവ് യേശുവിനെ തിരിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കൂന്നു. “അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.” എന്ന് ലൂക്കൊസിന്റെ സുവിശേഷം 23 ന്റെ 12 ൽ നമ്മൾ വായിക്കുന്നു.

പരസ്പരം ക്ഷമിച്ച് അനുരഞ്ജനപ്പെട്ട് നമുക്ക് ഒരുമിച്ച് ഈ വലിയ യാത്ര തുടങ്ങാം.

പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കി മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അപ്പോൾ മാത്രമേ നമുക്ക് നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക.

error: Thank you for visiting : www.ovsonline.in