നിരണം ഭദ്രാസന വൈദിക യോഗം പ്രതിഷേധിച്ചു
തിരുവല്ല: സുദീർഘ കാലത്തെ വ്യവഹാരങ്ങൾക്ക് ശേഷം ഉണ്ടായ കോടതി വിധികൾ നടപ്പാക്കാൻ വൈകിക്കുന്നതിലും സർക്കാർ പക്ഷപാതപരമായി പെരുമാറുന്നതിലും മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന വൈദിക യോഗം പ്രതിഷേധിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈദിക സംഘം സെക്രട്ടറി ഫാ. മാത്യുസ് ജോൺ അവതരിപ്പിച്ച പ്രതിഷേധ പ്രമേയം യോഗം പാസാക്കി. പ്രതിഷേധം മുഖ്യമന്ത്രിയെയും ഭദ്രാസന അതിർത്തിയിൽ ഉൾപ്പെടുന്ന നിയമസഭാ അംഗങ്ങളെയും രേഖാമൂലം അറിയിക്കും. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം, അഡ്വ.ചെറിയാൻ വർഗ്ഗീസ്, ഫാ. എബി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.