OVS - ArticlesOVS - Latest News

വത്സന്‍ പാതിരി, മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പിന്നെ പരുമല പെരുന്നാളും

ഈ ലേഖകന് വ്യക്തിപരമായി അതീവ ചെറുപ്പം മുതല്‍ അറിയാമായിരുന്ന ഒരാള്‍ ഉണ്ടായിരുന്നു. പരമ സ്വാത്വികന്‍. ആരോടും മുഖം ചുളിച്ചോ വാക്കു കടുപ്പിച്ചോ ഒന്നും പറഞ്ഞതായി കേട്ടുകേഴ്‌വി പോലും ഇല്ല. ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടു പോലുമില്ല. നാട്ടുകാര്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍. തൊണ്ണൂറ്റഞ്ചാം വയസിലും സ്വയംപര്യാപ്തമായി ജീവിച്ച വ്യക്തി. copyright@ovsonline.in

പ്രായാധിക്യംമൂലം അദ്ദേഹം കിടപ്പിലായി. അതോടെ അദ്ദേഹത്തിൻ്റെ സ്വഭാവത്തിലും സമൂല മാറ്റം വന്നു. പിന്നീട് വാ പൊളിച്ചാല്‍ അസഭ്യമേ പറയു. രോഗാതുരനെ കാണന്‍ വരുന്ന നാട്ടുകാരെ അവര്‍ ആരാണന്നു കൃത്യമായ ഓര്‍മ്മയുണ്ടെങ്കിലും നാടന്‍ ഭാഷയില്‍ മ..യും താ…യും കൂട്ടിയേ സംബോധന ചെയ്യു. ഏറ്റവും വാത്സല്യവാനായ സ്വന്തം പേരക്കുട്ടിയേപ്പോലും പൂ… കൂട്ടി അല്ലാതെ വിളിക്കില്ല. എന്നിട്ടും അദ്ദേഹത്തെ നാട്ടുകാര്‍ വെറുത്തില്ല. അവര്‍ സമാധാനിച്ചു; അദ്ദേഹത്തിനു പ്രായത്തിൻ്റെ വികല്പമാണ്.

ചുറുചുറുക്കോടെ ഓടിനടന്ന ഒരു വ്യക്തി ഒരു സുപ്രഭാതത്തില്‍ വേദികളില്ലാതയോ ശാരിരീരിക ബലഹീനതകൊണ്ടോ ഒരു മുറിയിലേയ്‌ക്കോ കട്ടിലിലേയ്‌ക്കോ പരിമിതപ്പെടുത്തപ്പെടുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികമാണന്ന് മനഃസാസ്ത്രജ്ഞന്മാര്‍. റവ. ഡോ. വല്‍സന്‍ തമ്പുവിൻ്റെ സമീപകാല പ്രസ്താവനകളെയും ഈ പശ്ചാത്തലത്തില്‍ ഈ ലേഖകന് പരിമിതപ്പെടുത്തലിൻ്റെ വികല്പം എന്നു മാത്രമേ വിശേഷിപ്പിക്കാനാവു.

റവ. ഡോ. വത്സന്‍ തമ്പുവിനെ കേരളീയര്‍ അറിയുന്നത് മലയാളി, അതിപ്രശസ്തമായ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍, ദേശീയ ന്യുനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ ബഹുമാനാദരവുകളോടെയാണ്. പരമ്പരാഗതമായി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഒരു ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സി.എന്‍.ഐ.) പുരോഹിതന്‍ ആയിരിക്കണം എന്ന കീഴ്‌വഴക്കപ്രകാരം അദ്ദേഹം ആ സഭയിലെ ഒരു പട്ടക്കാരനാണെന്നും അനുമാനിക്കാം.

പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിനു പുരോഹിതന്‍ എന്ന നിലയിലുള്ള സംബോധനകളോട് വിരക്തിയാണ് എന്നാണ് ചിലര്‍ പറയുന്നത്. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു പട്ടക്കാരനെ മിസ്റ്റര്‍ എന്നോ അവര്‍കള്‍ എന്നോ സംബോധന ചെയ്യാന്‍ ഈ ലേഖകൻ്റെ സംസ്‌ക്കാരം അനുവദിക്കുന്നില്ല. നസ്രാണി പുരോഹിതന്മാര്‍ അന്നും ഇന്നും അറിയപ്പെടുന്നത് കത്തനാര്‍ എന്നാണ്. ഉത്തര-കോളോണിയല്‍ കാലത്ത് റോമാ-സുറിയാനിക്കാര്‍ ആയി മാറിയവരും കത്തനാര്‍ എന്ന് ഉപയോഗിച്ചത് നസ്രാണികള്‍ ക്ഷമിച്ചു. പാറമ്മേക്കല്‍ തൊമ്മന്‍ കത്തനാര്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍ ഇവയൊക്കെപ്പോലെ. പക്ഷേ തനി യുറോപ്യന്‍ പട്ടക്കാരെ ലത്തീനിലുള്ള പാദ്രെ, അതിൻ്റെ മലയാള തദ്ഭവമായ പാതിരി എന്നിങ്ങനെയാണ് സംബോധന ചെയ്തിരുന്നത്. പൗളിനാസ് പാതിരി, അര്‍ണോസ് പാതിരി, ക്ലമന്റ് പിയാനോസ് പാതിരി ഇതൊക്കെ ഉദാഹരണം. നസ്രാണികളില്‍നിന്നും ആഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്നവരും നസ്രാണി പാരമ്പര്യത്തിലെ കത്തനാര്‍ ഉപേക്ഷിച്ച് പാദ്രി അഥവാ പാതിരി എന്നാണ് ഉപയോഗിച്ചു വന്നത്. ജോര്‍ജ്ജ് മാത്തന്‍ പാദ്രി, ജോര്‍ജ്ജ് കുര്യന്‍ പാദ്രി, കുരുവിള കുരുവിള പാദ്രി എന്നിങ്ങനെ. അതിനാല്‍ ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ പട്ടമേറ്റ റവ. വത്സന്‍ തമ്പുവിനെ, വത്സന്‍ പാദ്രി എന്നോ പാതിരി എന്നോ മുമ്പോട്ട് അഭിസംബോധന ചെയ്യുന്നതില്‍ പരിഭവിക്കേണ്ടതില്ല.

ഒരു കാലത്ത് മാര്‍ത്തോമ്മാ സഭയുമായി നല്ല ബന്ധത്തിലായിരുന്നു വത്സന്‍ പാദ്രി. മാരമണ്‍ കണ്‍വന്‍ഷനില്‍ പ്രാസംഗികനായിപ്പോലും അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. പിന്നീട് ആ ബന്ധം ശിഥിലമായോ? അറിയില്ല. പക്ഷേ സമീപകാലത്ത് മാര്‍ത്തോമ്മാ സഭാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മായുടെ കബറടക്കവുമായി ബന്ധപ്പെട്ട് വത്സന്‍ പാദ്രി നടത്തിയ തികച്ചും അനാവശ്യവും അനവസരത്തിലുള്ളതുമായ പരാമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ കബറടക്കത്തില്‍ മാര്‍ത്തോമ്മാ സഭ അനുവര്‍ത്തിച്ച പാരമ്പര്യങ്ങളാണ് വത്സന്‍ പാതിരിയുടെ വിമര്‍ശനത്തിനു വിധേയമായത്.

ലോകത്ത് എല്ലാ മതങ്ങള്‍ക്കും അതിൻ്റെതായ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മരണാനന്തര കര്‍മ്മങ്ങളില്‍ വിശേഷിച്ചും. ക്രിസ്തുമതവും അതിൻ്റെ വിഭാഗങ്ങളും ഈ സംസ്‌ക്കാരത്തില്‍നിന്നും അന്യമല്ല. ഒരു വൈദീകന്‍ എന്ന നിലയില്‍ വത്സന്‍ പാതിരി ധരിക്കുന്ന പാശ്ചാത്യമട്ടിലുള്ള വെള്ളക്കോളര്‍ തന്നെ ക്രൈസ്തവസഭകളിലെ ഇത്തരം ആചാരങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ്.

മലങ്കര മാര്‍ത്തോമ്മാ സഭ, അതിൻ്റെ സ്ഥാപകനായ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ് മുതലുള്ള മെത്രാപ്പോലീത്താമാരുടേയും എപ്പിസ്‌ക്കോപ്പാമാരുടേയും കബറടക്കം നടത്തുന്നത് ഒരേ രീതിയിലാണ്. അവരില്‍ ആദ്യത്തെ ഒരാളുടേത് ഒഴികെ എല്ലാം നടത്തിയത് തിരുവല്ലാ പുലാത്തീന്‍ അരമനയിലും. അവയില്‍ നല്ല പങ്ക് വത്സന്‍ പാതിരിയുടെ നല്ലകാലത്തും. അന്നൊന്നും തോന്നാത്ത വേദവിപരീതം പാതിരിക്ക് ജോസഫ് മാര്‍ത്തോമ്മായുടെ കബറടക്കദിനം മാത്രം തോന്നിയത് ഏത് വെളിപാട് പുസ്തകം അനുസരിച്ചാണ് എന്നറിഞ്ഞാല്‍ കൊള്ളാം. ഈ അനുഷ്ഠാനങ്ങള്‍ പരിപാലിക്കുവാനുള്ള അവകാശം ആ സഭയ്ക്ക് ഉണ്ട്. അതില്‍ ഭേദഗതി വരുത്തുവാനുള്ള അധികാരം ആ സഭയ്ക്ക് മാത്രമാണ്. പുറത്തുനിന്ന് ആര്‍ക്കും അതില്‍ കൈകടത്തുവാനുള്ള അധികാരവും അവകാശവുമില്ല.

വത്സന്‍ പാതിരി ഒരു കാര്യം മനസിലാക്കണം. മലങ്കര മാര്‍ത്തോമ്മാ സഭ പാശ്ചാത്യ സുറിയാനി പരമ്പര്യം അവകാശപ്പെടുന്ന ഒരു സഭയാണ്. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ എപ്പിസ്‌ക്കോപ്പാമാരെ സിംഹാസനത്തില്‍ ഇരുത്തി കുന്തിരിക്കം കൊണ്ടു മൂടി കബറടക്കുന്നതാണ് പതിവ്. ഇതിനു വ്യക്തമായ വേദശാസ്ത്ര വ്യാഖ്യാനങ്ങള്‍ സുറിയാനി സഭാപിതാക്കന്മാരായ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഭീമമായ അടുത്തൂണ്‍ പറ്റി വിശ്രമജീവിതം നയിക്കുന്ന ഈ വാര്‍ദ്ധക്യകാലം ചുമ്മാ അന്യൻ്റെ കണ്ണിലെ കരട് എടുക്കാന്‍ ചിലവഴിക്കാതെ പൗരസ്ത്യ പിതാക്കന്മാരുടെ വേദശാസ്ത്ര ദര്‍ശനങ്ങള്‍ വായിച്ചു പഠിച്ച് പ്രബുദ്ധനാകാന്‍ പരിശ്രമിക്കുന്നതാവും വത്സന്‍ പാദ്രിയുടെ ഇഹലോക-പരലോക ഭാവിജീവിതത്തിനു ഭൂഷണം.

വത്സന്‍ പാതിരിക്ക് അറിവില്ലങ്കില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. സുറിയാനി പാരമ്പര്യത്തില്‍ മെത്രാന്മാരെ മാത്രമല്ല, പുരോഹിതരേയും സാധരണ ജനങ്ങളേയും പ്രതീകാത്മകമായെങ്കിലും കുന്തിരിക്കം ഇട്ടാണ് കബറടക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ ശവസംസ്‌കകാര ശുശ്രൂഷയില്‍ ”…നീ മണ്ണാകുന്നു…’ എന്ന അവസാന വചനങ്ങള്‍ കാര്‍മ്മികന്‍ ചൊല്ലുമ്പോള്‍ മണ്ണിനൊപ്പം പ്രതീകത്മകമായി സ്വല്‍പ്പം കുന്തിരിക്കവും കൂടി ചേര്‍ത്താണ് മൃതശരീരത്തില്‍ തൂവുന്നത്. മാര്‍ത്തോമ്മാ സഭയും പിന്തുടരുന്നത് ഇതേ സുറിയാനി പാരമ്പര്യമാണ്.

പരുമലയും പരുമല തിരുമേനിയും പരുമല തീര്‍ത്ഥാടനവും വത്സന്‍ പാതിരിക്ക് അപരിചിതമല്ലല്ലോ? 2017-ലെ പരുമല തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തിയത് ഇദ്ദേഹമായിരുന്നല്ലോ? പോരെങ്കില്‍ പ. പരുമല തിരുമേനിയുടെ ഊര്‍ശ്ലേം യാത്രാ വിവരണത്തിന് ”ദി സെയിന്റ് ഓഫ് പരുമല – എ ട്രിബ്യൂട്ട്’ എന്ന ആസ്വാദനം എഴുതിയതും വത്സന്‍ പാതിരിയാണ്. ഈ ഇംഗ്ലീഷ് കൃതി, ”പരുമലയിലെ പരിശുദ്ധന്‍ – ഒരു സ്തുത്യുപഹാരം’ എന്ന പേരില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നൊന്നും കാണാത്ത ”ഭക്തി വ്യവസായം’ പരുമലയില്‍ എന്ന് ആരംഭിച്ചെന്നാണ് വത്സന്‍ പാതിരി പറയുന്നത്? ഈ വിവാദം കൊഴുക്കുന്നപോഴും മുകളില്‍ പറഞ്ഞ തൻ്റെ പുസ്തകത്തെപ്പറ്റി ഓര്‍ത്തഡോക്‌സ് സഹോദരങ്ങളെ ആഹ്വാനം ചെയ്ത വത്സന്‍ പാതിരി നടത്തിയതും ഒരു ഭക്തി വ്യാപാരമല്ലേ?

2017-ല്‍ തീര്‍ത്ഥാടന വാരം പരുമല സെമിനാരിയില്‍ ഉത്ഘാടനം ചെയ്തുകൊണ്ടുള്ള വത്സന്‍ പാതിരിയുടെ പ്രസംഗം ആരംഭിച്ചത് ഇപ്രകാരമാണ്. ”…പരിശുദ്ധ പരുമല തിരുമേനിയോട് സ്‌നേഹമില്ലാത്തവരായി, അതീവ സ്‌നേഹമില്ലാത്തവരായി ആരെങ്കിലും ഇവിടെ ഉണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. നമ്മള്‍ ഇവിടെ ആയിരിക്കുന്നത് കേരളീയ ക്രിസ്തീയ സമൂഹത്തിന് മാത്രമല്ല, ലോക ക്രിസ്തീയ ആത്മീയ പരമ്പരയില്‍ നമുക്കു ലഭിച്ച വലിയ ഒരു നിധിയായ, സമ്പത്തായ പരുമല തിരുമേനിയെ വ്യക്തിപരമായി അറിയുവാനും സ്‌നേഹിക്കുവാനും, ആ സ്‌നേഹത്തില്‍ ഉള്‍ക്കൊള്ളുന്ന ചുമതലകള്‍ മനസിലാക്കി ഇന്നും നമ്മോടു കൂടെയുണ്ടെന്നുള്ള അറിവില്‍, ആത്മധൈര്യത്തില്‍, നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാനും നമ്മുടെ വ്യക്തിത്വത്തെ വളര്‍ത്തുവാനും നാം കടന്നു വന്നവരാണ്…’

ഈ അവസ്ഥയില്‍നിന്നും എന്തു മാറ്റമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് പരുമലയില്‍ സംഭവിച്ചത്?

അങ്ങ് അന്നു പറഞ്ഞ വാചകങ്ങള്‍ സംഗ്രഹിച്ചാല്‍; പൂര്‍ണ്ണതയിലേയ്ക്ക് വളരുന്നവരാണ് പരിശുദ്ധര്‍. തങ്ങള്‍ക്കു കിട്ടിയ താലന്തുകള്‍ പൂര്‍ണ്ണമായി വിനയോഗിക്കുന്നവരാണ് പൂര്‍ണ്ണതയിലേയ്ക്ക് വളരുന്നവര്‍. വത്സന്‍ പാതിരിയ്ക്കു കിട്ടിയ വലിയ താലന്തുകള്‍ വിനിയോഗിച്ച് പരിമിതമായെങ്കിലും പൗരസ്ത്യ വേദശാസ്ത്രവും സഭാ വിജ്ഞാനീയവും പഠിക്കാന്‍ ശ്രമിക്കുക. അങ്ങിനെ സ്വയം പൂര്‍ണ്ണതയില്‍ എത്താന്‍ പരിശ്രമിക്കുക. അല്ലാതെ ഇപ്പോള്‍ നടത്തുന്ന ഫേസ് ബുക്ക് ജല്പനങ്ങള്‍ പൂര്‍ണ്ണതയിലേയ്ക്കുള്ള ബദല്‍ പന്ഥാവുകളല്ല.

ഭക്തിവ്യവസായവും വാണിജ്യവും കേരളത്തില്‍ അനുദിനം വളരുന്ന ഒരു പ്രതിഭാസമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. കേവലം പൊന്തക്കാടായിരുന്ന ചതുപ്പ് ഒരു ദശാബ്ദത്തില്‍ താഴെ കാലംകൊണ്ട് പ്രതിവാരം ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായതും അതിനു സമാനമായ മറ്റനേകം സംഭവങ്ങളും നമുക്കു ചുറ്റും ദര്‍ശിക്കാം. ശൂന്യതയില്‍നിന്നും ഒരു വേദപുസ്തകം മാത്രം മൂലധനമാക്കി ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരന്മാരായ പാസ്റ്റര്‍മാരും ചുറ്റുപാടിലുണ്ട്. കോര്‍പ്പറേറ്റുകളെപ്പോലും പിന്‍തള്ളി ലോകത്തിലെ സകല വിപണന-പരസ്യ തന്ത്രങ്ങളും ഉപയോഗിച്ചാണ് ഈ വളര്‍ച്ചകള്‍ നേടിയത് എന്നതും പകല്‍പോലെ വ്യക്തം. ഇതൊക്കെയാണ് ഭക്തിവ്യവസായവും വാണിജ്യവും. അതിനെയൊക്കെ വത്സന്‍ പാദ്രീ വിമര്‍ശിച്ചാല്‍ അതിലൊരു യുക്തിയുണ്ട് അല്ലാതെ വെറുതെ ശതാബ്ദി കഴിഞ്ഞ പരുമല സെമിനാരിയെ ആക്രമിച്ചിട്ട് എന്തുകാര്യം? ഒരു നൂറ്റാണ്ടിലധികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പരുമല സെമിനാരിയിലെ ഭക്തജനപ്രവാഹം ഒരു സ്വാഭാവികമായ ജനകീയ ഉപാസനയാണ്. വ്യവസായവും വാണിജ്യവുമൊന്നുമല്ല. ആരെയും പരുമലയ്ക്കുപോകാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. യാതൊരുവിധ പ്രചരണങ്ങളോ അത്ഭുത രോഗശാന്തി പ്രക്ഷേപണങ്ങളോ നടത്താറുമില്ല. ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ എഴുതി അയയ്ക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍ മാനേജരുടെ ഫയലില്‍ ഭദ്രമായി നിത്യനിദ്ര പ്രാപിക്കും!

1902 നവംബര്‍ 2-ന് ആണ് പ. പരുമല തിരുമേനി കാലം ചെയ്യുന്നത്. പിറ്റേന്ന് അദ്ദേഹത്തെ പരുമല സെമിനാരിയില്‍ കബറടക്കി. അന്നുമുതല്‍ അനുദിനം സ്വാഭാവികമായി ഉണ്ടായ വളര്‍ച്ചയാണ് ഇന്നും പരുമലയില്‍ ദര്‍ശിക്കുന്നത്. പരുമല സെമിനാരി മാനേജരായിരുന്ന കല്ലശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ) കേവലം നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1906 ഒക്‌ടോബര്‍ 10-ന് സുഹൃത്തായ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന് എഴുതിയതും 1933-ല്‍ പ്രസിദ്ധീകരിച്ചതുമായ കത്തില്‍ ”…ദൈവകൃപയാല്‍ ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു. ഇവിടെ കബറുങ്കല്‍ പല നവീകരണക്കാരും, പ്രൊട്ടസ്റ്റണ്ടുകാരും റോമ്മരും വന്നു നേര്‍ച്ചയിടുന്നുണ്ട്. മഹാ വലിയ അത്ഭുതങ്ങളും നടക്കുന്നുണ്ട്. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക…’ എന്നാണ് രേഖപ്പെടുത്തുന്നത്.

1903-ലെ ഒന്നാം ദുഃഖറോനോ മുതല്‍ 1928 വരെ കാല്‍ നൂറ്റാണ്ടുകാലം യഥാക്രമം റമ്പാനായും മെത്രാനായും കാതോലിക്കാ ആയും ഒരിക്കലും മുടങ്ങാതെ പരുമല പെരുന്നാളില്‍ കാര്‍മ്മികനായിരുന്ന പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ഓരോ വര്‍ഷത്തെയും വളരുന്ന നടവരവും കുര്‍ബാനപ്പണവും ജനപ്രവാഹവും കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 1910-ല്‍ നടവരവായി ലഭിച്ച ഭീമമായ സംഖ്യ അന്ന് പരുമല ഉണ്ടായിരുന്ന അന്ത്യോഖ്യയുടെ അബ്ദള്ള ദ്വിതീയന്‍ പാത്രയര്‍ക്കീസിൻ്റെ ”കാല്‍ക്കല്‍ വെച്ചില്ല‘ എന്നതായിരുന്നു പ. വട്ടശേരില്‍ തിരുമേനിയെ മുടക്കാനുള്ള യഥാര്‍ത്ഥ കാരണങ്ങളില്‍ ഒന്ന്. 1902 മുതല്‍ ആരംഭിച്ച സ്വാഭാവിക വളര്‍ച്ച മാത്രമാണ് ഇന്ന് പരുമലയില്‍ ഉള്ളത്. അത് വിപണനം ചെയ്തിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ന് പരുമല എവിടെ എത്തുമായിരുന്നു? ഇത് വല്‍സന്‍ പാദ്രി ചിന്തിച്ചിട്ടുണ്ടോ?

പരുമലയില്‍ പ്രവേശന ഫീസോ പാര്‍ക്കീംഗ് ഫീസോ മറ്റേതെങ്കിലും നിര്‍ബന്ധിത പിരിവുകളോ ഒരിക്കലും നടത്തിയിട്ടില്ല. ആകെ നിശ്ചിത തുക നിര്‍ണ്ണയിച്ചിട്ടുള്ളത് കുര്‍ബാനപ്പണം മാത്രമാണ്. അതാവട്ടെ തങ്ങളുടെയോ, തങ്ങളുടെ ബന്ധുമിത്രാദികളുടെയോ, തങ്ങളുടെ മരിച്ചുപോയവരുടെയോ പേര് വി. കുര്‍ബാനയില്‍ ഓര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരില്‍ നിന്നും രസീത് കൊടുത്ത് ഇടാക്കുന്ന ഒരു നിസാര സംഖ്യ. ഇത് പരമ്പരാഗതമായി മലങ്കരസഭയിലെ എല്ലാ പള്ളികളിലുമുണ്ട്. കുര്‍ബാന ചൊല്ലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ആരുടെമേലും ഇല്ലതാനും.

പിന്നിട് ഭക്തജനങ്ങള്‍ ഭണ്ഡാരത്തില്‍ ഇടുന്ന നേര്‍ച്ചപ്പണം. വെറുംകൈയ്യോടെ ദേവാലയത്തില്‍ എത്തരുത് എന്ന് പഴയനിയമം പഠിപ്പിക്കുന്നു. നിര്‍ധനയായ വിധവ ഭണ്ഡാരത്തിലിട്ട ചില്ലിക്കാശിനെ യേശുക്രിസ്തു പ്രകീര്‍ത്തിക്കുന്നു. ഇതൊക്കെയാണ് പരുമല കബറുങ്കലെത്തുന്ന ഭക്തസഹസ്രങ്ങളും ചെയ്യുന്നത്. ഭണ്ഡാരവും തളികയും മലങ്കരയിലെ എല്ലാ പള്ളികളിലും ഉണ്ട്. മലങ്കരയിലെ പള്ളികളില്‍ മാത്രമല്ല, മാര്‍ത്തോമ്മാ, സി.എസ്.ഐ. പോലുള്ള സഭകളിലുമുണ്ട്. അത് തികച്ചും സ്വമേധദാനമാണ്. നിര്‍ബന്ധമോ നിബന്ധനകളോ ഇല്ല. തീവൃപ്രൊട്ടസ്റ്റ് സഭകളെപ്പോലെ അണാ-പൈസാ കണക്കു പറഞ്ഞ് ദശാംശം ഊറ്റിവാങ്ങുന്ന പതിവും ഈ സഭകള്‍ക്കില്ല.

പരുമലയിലെ നേര്‍ച്ചപ്പെട്ടികളില്‍ വീഴുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി കണക്കുവെക്കാന്‍ വ്യവസ്ഥാപിത സംവിധാനമുണ്ട്. അംഗീകരിക്കപ്പെട്ട കമ്മറ്റി ചൊവ്വാഴ്ചതോറും ഭണ്ഡാരങ്ങള്‍ തുറന്ന് പണമെടുത്ത് എണ്ണി തിട്ടപ്പെടുത്തി കണക്കു വയ്ക്കുന്നു. അതും ആവശ്യമെങ്കില്‍മാത്രം രണ്ടു കാപ്പിയും ഒരു ഉച്ചയൂണും പ്രതിഫലം പറ്റിക്കൊണ്ട്! പ്രതിഫലം പറ്റാത്തവരുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഈ സേവനവും ഒരു നേര്‍ച്ചയായി ആണ് അവര്‍ കണക്കാക്കുന്നത്. സിഖ് ഗുരുദ്വാരകളിലെ കര്‍സേവപോലെ.

ഇനി പരുമല പണം വിനയോഗിക്കുന്നത്. അതിന് ലിഖിത നിയമാവലി അനുസരിച്ച് രൂപീകരിക്കപ്പെട്ട പരുമല കൗണ്‍സില്‍ ഉണ്ട്. ഈ കൗണ്‍സിലിനാണ് ധനവിനിയോഗാധികാരം.

മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ പരുമല കൗണ്‍സിലില്‍,
ശ്രേഷ്ഠ നിയുക്ത കാതോലിക്ക (എക്‌സ് ഒഫീഷ്യാ),
പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി (എക്‌സ് ഒഫീഷ്യാ),
നിരണം ഭദ്രാസന മെത്രാപ്പോലീത്താ (എക്‌സ് ഒഫീഷ്യാ),
പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് തിരഞ്ഞെടുക്കുന്ന മൂന്ന് മെത്രാന്മാര്‍,
വൈദീക ട്രസ്റ്റി (എക്‌സ് ഒഫീഷ്യാ),
അവൈദീക ട്രസ്റ്റി (എക്‌സ് ഒഫീഷ്യാ),
അസോസിയേഷന്‍ സെക്രട്ടറി (എക്‌സ് ഒഫീഷ്യാ),
നിരണം ഭദ്രാസന സെക്രട്ടറി (എക്‌സ് ഒഫീഷ്യാ),
മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുക്കുന്ന ഒരോ കത്തനാരും അവൈദികനും,
പരുമല സെമിനാരിയില്‍ കൂടിനടക്കുന്നവരില്‍നിന്നും തിരഞ്ഞെടുക്കുന്ന അരികുപുറത്തു കുടുംബത്തില്‍നിന്നള്ള ഒരാളടക്കം മൂന്ന് അവൈദികര്‍,
നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്ന് കത്തനാരുമാര്‍,
പരുമല സെമിനാരി മാനേജര്‍ (എക്‌സ് ഒഫീഷ്യാ)

അസോസിയേഷന്‍ സെക്രട്ടറിയാണ് അഞ്ചുവര്‍ഷ കാലാവധിയുള്ള പരുമല കൗണ്‍സിലിൻ്റെയും സെക്രട്ടറി. 20 അംഗ കൗണ്‍സിലില്‍ നാലുപേര്‍ ഒഴികെ ബാക്കിയുള്ളവര്‍ പല സമതികളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. പരുമല കൗണ്‍സിലില്‍ അദ്ധ്യക്ഷനെ കൂടാതെ മെത്രാന്മാരും കത്തനാരുമാരും അവൈദികരും 6:7:6 എന്ന അനുപാതത്തിലാണന്നും ശ്രദ്ധിക്കുക. ഈ കൗണ്‍സിലാണ് പ്രതിവര്‍ഷം കണക്കു തയാറാക്കി, സഭയുടെ ആഭ്യന്തര-ബാഹ്യ ഓഡിറ്റര്‍മാരുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം സര്‍ക്കാരിലേയ്ക്കു സമര്‍പ്പിക്കുന്നത്. ഇത്രയും സുതാര്യമായ ഭരണ സംവിധാനമുള്ള പരുമല സെമിനാരിയെ ആണ് വത്സന്‍ പാദ്രി ആക്ഷേപിക്കുന്നത്!

വത്സന്‍ പാദ്രീയുടെ പരുമല നിരസനവും അതിനോടനുബന്ധിച്ച പ്രസ്താവനകളും കേരളത്തിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളെപ്പറ്റിയുള്ള മുന്‍ പ്രസ്താവനകളും ശ്രവിക്കുമ്പോള്‍ ചില അവിഹിത ബന്ധങ്ങള്‍ ഘ്രാണിക്കുന്നതില്‍ ക്ഷമിക്കണം. പ. പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല സെമിനാരിക്കു ബദല്‍ സംവിധാനം അതേ ദ്വീപില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച. സമീപകാലത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ (എപ്പിസ്‌ക്കോപ്പല്‍) സഭകളൊന്നും സുതാര്യമായ കണക്കോ കണക്കെഴുത്തോ ഇല്ലാത്ത പ്രസ്ഥാാനങ്ങളാണന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച, അങ്ങയെ അച്ചന്‍ എന്നു സംബോധന ചെയ്യുന്നതുപോലെ തന്നെ തിരുമേനി എന്നു വിളിക്കുന്നതിനെ പ്രസിദ്ധിക്കു വേണ്ടി മാത്രം എതിര്‍ക്കുന്ന ഒരു മെത്രാൻ്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനം. അതല്ലങ്കില്‍ തുറന്നു പറയണം.

വത്സന്‍ പാദ്രീ ഒരു കാര്യം മനസിലാക്കണം. നഷ്ട വ്യക്തിമോഹങ്ങള്‍ക്കു പ്രതികാരമായി പരുമല തിരുമേനിയേയോ ആ പുണ്യപുരുഷൻ്റെ കബറിടത്തേയോ ഉപയോഗിച്ചാല്‍ മലങ്കര സഭ ഒന്നും ചെയ്യില്ല. ഒരു താക്കീതു മാത്രം തരുന്നു, മുള്ളിന്മേല്‍ ഉതയ്ക്കരുത്. അതിൻ്റെ ഫലം കൊണ്ടറിയും.

പലകാര്യത്തിലും മാര്‍ത്തോമ്മാ സഭയുമായും, വിശിഷ്യാ കാലംചെയ്ത ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുമായും മലങ്കര സഭയ്ക്ക് അഭിപ്രായ വിത്യാസമുണ്ട്. എങ്കില്‍പ്പോലും അദ്ദേഹത്തെ കുഴിമാടത്തില്‍ അപമാനിച്ച നടപടിക്ക് മലങ്കരസഭ കൂട്ടുനില്‍ക്കുമെന്ന് വത്സന്‍ പാദ്രി ധരിച്ചെങ്കില്‍ തെറ്റി. നസ്രാണിക്ക് സ്വന്തം ആഭിജാത്യമുണ്ടെന്ന കാര്യം പാതിരി മറന്നു.

പെരുന്നാള്‍ ദിനങ്ങള്‍ ഒഴികെ അതിരാവിലെ അഞ്ച് മണിക്ക് പള്ളിയില്‍ രാത്രി നമസ്‌ക്കാരം ആരംഭിക്കുമ്പോഴാണ് പരുമല കബര്‍ മുറി തുറക്കുന്നത്. രാത്രി പത്തിന് ശയന നമസ്‌ക്കാരം പൂര്‍ത്തിയാക്കുമ്പോള്‍ ആ മുറി അടയ്ക്കും. വത്സന്‍ പാദ്രീ ഒന്നു ചെയ്യണം. അത്തരം സാധാരണ ദിവസങ്ങളില്‍ രാവിലെ നാലര മുതല്‍ രാത്രി പത്തര വരെ ആ കബറിനു മുമ്പില്‍ നില്‍ക്കണം. അവിടെ എത്തുന്നവരോട് ചോദിക്കണം: എന്തിനു വന്നു? എന്തു പ്രലോഭനത്തില്‍ വന്നു? ആരു പ്രേരിപ്പിച്ചു? ഒരു മണിക്കൂറിനുള്ളില്‍ പാതിരി കട്ടേംപടോം മടക്കി സ്റ്റാന്റ്റ് വിടുമെന്ന് ഉറപ്പ്.

അസ്ഥാനത്തുള്ളത് അശ്ലീലം എന്ന് അശ്ലീലത്തെ നിര്‍വചിച്ചത് സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഈ മാനദണ്ഡമനുസരിച്ച് ജോസഫ് മാര്‍ത്തോമ്മായുടെ കബറടക്കത്തെപ്പറ്റിയും പരുമല പെരുന്നാളിനെപ്പറ്റിയും വത്സന്‍ പാതിരി നടത്തിയ പ്രസ്ഥാവനകള്‍ ആശ്ലീലമാണ്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള, ഇത്രയും ഉയര്‍ന്ന പദവികള്‍ അലങ്കരിച്ച ഒരാള്‍ ഇപ്രകാരം അശ്ലീലം പുലമ്പുന്നത് ആദ്യംപറഞ്ഞ വികല്പം ബാധിച്ചതു കൊണ്ടല്ലാതെ മറ്റെന്താണ്? copyright@ovsonline.in

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 06 നവംബര്‍ 2020)

error: Thank you for visiting : www.ovsonline.in