ഏലിയാ പ്രവാചകൻ
ഇസ്രായേലിൻ്റെ ചരിത്രത്തിലെ ഒരു നിർണായ ഘട്ടത്തിൽ ദൈവജനത്തെ പാഷാണ്ഡതയിൽ നിന്ന് വീണ്ടെടുത്ത് യഹോവയോടുള്ള വിശ്വസ്തതയിൽ ഉറപ്പിച്ചു നിർത്തുവാൻ ദൈവിക ആയുധമായി പരിണമിച്ച പ്രവാചക ശ്രേഷ്ഠൻ ആയിരുന്നു എലിയ. ഗിലെയാദിലെ തിഷ് ബെയിൽ നിന്നുള്ള ഈ പ്രാവാചകൻ്റെ പൂർവ്വ ചരിത്രം എങ്ങും കാണുന്നില്ല. മൽക്കിസ ദേക്കിനെ പോലെ പിതാവോ മാതാവോ വംശപരബരയോ തൻ്റെ ദിവസങ്ങൾക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ലാത്തവനായി പഴയ നിയമത്തിൽ ഏറെ പരാമർശിക്കപ്പെടുകയും ചെയ്യുന്ന ഈ പ്രവാചകൻ മോശക്ക് സമമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല.
അഹറോൻ്റെ പൗത്രനായ ഫിനെഹാസിൻ്റെ പുനരവതാരമായും മനുഷ്യരൂപം സ്ഥീകരിച്ച മാലാഖ ആയും ഏലിയായെ വാഴ്ത്തിയ റബ്ബിമാരുണ്ട്. ആഹാബിൻ്റെയും ഇസബേലയുടെയും വിവാഹത്തിലുടെ യഹോവാ ഭക്തിയിലെ ഏകാഗ്രതയാണ് നഷ്ടമായത്. ഇസബേലയുടെ സ്വാധീനത്തിൽ ബാലിൻ്റെ ആരാധന പ്രചരിപ്പിക്കുക മാത്രമല്ല കർത്താവിൻ്റെ ജനത്തെ പരമാവധി പീഡിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇസബേലിൻ്റ പ്രവർത്തനഫലമായി ജനങ്ങൾ ബാൽ ഭക്തിയിലേക്ക് കൂടുതലായി തിരിഞ്ഞു. ഈ പോക്ക് തടയുക ആയിരുന്നു ഏലിയായുടെ ജീവിത ദൗത്യം.
സൈന്യങ്ങളുടെ ദൈവമായ യഹോവയെ പ്രതി ഉള്ള തീക്ഷ്ണതയിൽ ജ്വലിച്ചവനാണ് ഏലിയാ. പഴയ നിയമത്തിൽ ഇത്രയും തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ഏറെ ഇല്ല. തന്നിലൂടെ ദൈവം പ്രവർത്തിച്ച അൽഭുതങ്ങൾ മൂന്ന് വർഷം മഴയെ മാറ്റി നിർത്തിയവൻ, കെരീത്തിനരികെ മലങ്കാക്കളിൽ നിന്ന് ഭക്ഷണം സ്വീകരിച്ചവൻ, സാരെ ഫാത്തിലെ വിധവയ്ക്ക് എണ്ണയും മാവും വർധിപ്പിച്ച് കൊടുക്കുകയും അവളുടെ മകനെ ഉയർപ്പിക്കുകയും ചെയ്തവൻ.
ഏലിയ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാൽ തീക്ഷണമായ പ്രാർത്ഥനയാൽ നമുക്കാവാത്ത സംഗതികൾ അവൻ സാധിച്ചു. ഏലിലാ ഓരോ പെസഹായിലും യഹൂദർ പ്രതീക്ഷിക്കുന്ന അതിഥിയാണ്. ഇന്നും പെസഹാ ഭക്ഷിക്കുമ്പോൾ ഏലിയായ്ക്ക് ഒരു കസേര ഒഴിച്ചിടുന്നു.
സിറിയൻ ഓർത്തഡോക്സ് സഭയിൽ പ്രകൃതികോപങ്ങളിൽ പെടുന്നവരുടെ മധ്യസ്ഥനാണ് ഏലിയാ. ഏലിയാ പ്രവാചകൻ്റെ മാദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് കൊണ്ട് ലോകത്തിൽ ഇന്നനുഭവപ്പെടുന്ന മഹാമാരിയെ മാറ്റിത്തരുവാൻ നമുക്ക് അപേക്ഷിക്കാം. നമ്മുടെ സഭ ജൂലൈ 20-ന് ഏലിയായുടെ ഓർമ്മ ആചരിക്കുന്നു.