ഹാ! വെള്ളിച്ചരട് അറ്റുപോയി!! പൊന്‍കിണ്ണം തകര്‍ന്നു!!
അങ്ങിനെ അവസാനം ലാസ്റ്റില് അത് സംഭവിച്ചു. 1975 ഓഗസ്റ്റ് 21-ന്, അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ്, തൻ്റെ 360/75-ാം നമ്പര്‍ കല്പനപ്രകാരം പൗരസ്ത്യ കാതോലിക്കാ പ. ബസേലിയോസ് ഔഗേന്‍ പ്രഥമനെയും തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ ഇതര വൈദീകസ്ഥാനികളേയും മുടക്കി. അത് 2020 ഓഗസ്റ്റ് 20-ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന ‘യാക്കോബായ സഭയുടെ പ്രാദേശിക സുന്നഹദോസ്‘ നിലവില്‍ വരുത്തി എന്നു പ്രസ്താവന ഉണ്ടായി. ഇപ്പോള്‍ ഈ മുടക്ക് പ്രാബല്യത്തില്‍ വരുത്താനുള്ള ‘തിരുവെഴുത്തു വിളംബരം‘ പുറപ്പെട്ടു കഴിഞ്ഞു. Mt – 5/2020-ാം നമ്പറായി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റെറില്‍നിന്നും Catholicate of Jacobite Syrian Christian Church-ൻ്റെ ലെറ്റര്‍പാഡില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ 2020 ഒക്‌ടോബര്‍ 26-ാം തീയതി പുറപ്പെടുവിച്ചതായി നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കല്പനയിലാണ് മലങ്കര സഭയെ ‘കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള‘ പുറത്തെ അന്ധകാരത്തിലേയ്ക്കും നിത്യനരകത്തിലേയ്ക്കും തള്ളുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഇന്ന് (29-10-2020) മാതൃഭൂമി ദിനപ്പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതിനാല്‍ സംഭവം സത്യം തന്നയെന്നു കരുതണം. അതോടെ ഓര്‍ത്തഡോക്‌സ്‌കാര്‍ക്ക് സഭാപ്രസംഗി പറയുന്നതുപോലെ ‘വെള്ളിച്ചരട് അറ്റുപോയി; പൊന്‍കിണ്ണം തകര്‍ന്നു.’
മാര്‍ത്തോമ്മശ്ലീഹായ്ക്ക് ‘കഹനൂസോ‘ പോയിട്ട് ‘കപ്യാരുസോ‘ പോലും ഇല്ലായിരുന്നു എന്നു വിധിച്ച യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസിൻ്റെ കുപ്രസിദ്ധമായ 203/70-ാം നമ്പര്‍ കല്പന ‘പടച്ചത്‘ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെ അന്നത്തെ ആസ്ഥാനമായ ബേയ്‌റൂട്ടിലല്ല; മറിച്ച് കോട്ടയത്തിന് 15 കിലോമീറ്റര്‍ ചുറ്റളവിലാണന്ന് അക്കാലത്ത് പ്രബലമായ ഒരു സംസാരം ഉണ്ടായിരുന്നു. ഇത്തവണ സംശയിക്കാനൊന്നുമില്ല. ഇത് പക്കാ പുത്തന്‍കുരിശ് സൃഷ്ടിയാണന്ന് അതില്‍ത്തന്നെ പറയുന്നുണ്ട്.
‘ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള കൗദാശിക ബന്ധങ്ങള്‍’ സംബന്ധിച്ച് മെത്രാപ്പോലീത്താമാര്‍ക്കയച്ച ഈ കല്പനയിലെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ വിവാഹം മൂറോന്‍ എന്നിവയെ സംബന്ധിച്ചാണ്. മലങ്കര സഭയിലെ വൈദീകര്‍ക്ക് പട്ടമില്ലാ എന്നും, അതിനാല്‍ അവര്‍ നടത്തുന്ന കൂദാശകള്‍ സാധുവല്ലാ എന്നും ധ്വനിപ്പിക്കുവാനാണ് മൂറോന്‍ ആയുധമാക്കിയിരിക്കുന്നത്. വധൂവരന്മാര്‍ക്ക് വീണ്ടും മൂറോന്‍ പൂശണമെന്നു നിബന്ധന വെച്ചിരിക്കുകയാല്‍ സാധുത്വമില്ലായ്മയ്ക്ക് 1975 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നു വ്യക്തമാണ്.
കശുമാങ്ങാ, വവ്വാല്‍, നീര്‍നായ എന്നിവപോലെ ‘പടച്ചോന്‍ പടയ്ക്കണ്ടേത്’ വല്ലോനും പടച്ചാല്‍’ ഉണ്ടാകുന്ന തൊന്തിരിവും ‘ആകാരോ ഹൃസ്വ’ ആയ ടി. കല്പനയില്‍ ഉണ്ട്. സഭകള്‍ തമ്മിലുള്ള കൗദാശിക ബന്ധങ്ങള്‍, മൂറോന്‍ എന്നിവയെപ്പറ്റി ഈ കല്‍പ്പന പടച്ചുണ്ടാക്കിയവര്‍ക്ക് അംഗനവാടി വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അടിസ്ഥാന ജ്ഞാനം പോലുമില്ലന്നത് ഈ തിരുവെഴുത്ത് വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ കൗദാശിക ബന്ധം ഇല്ലാത്ത സഭകളില്‍ നിന്നും സ്വീകരിച്ച കൂദാശകളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് ഓര്‍ത്തഡോക്‌സ് സഭകള്‍ക്കുണ്ട്. റോമന്‍ കത്തോലിക്കാ, നെസ്‌തോറിയന്‍ സഭകളുമായി ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് കൂദാശാ ബന്ധം ഇല്ല. ബൈസെന്റൈന്‍ സഭകളുമായും ഇല്ല. പക്ഷേ ആ സഭകളില്‍ ഉള്‍പ്പെട്ട ഒരാള്‍ സ്വീകരിച്ച കൂദാശകള്‍ – മാമോദീസാ, സ്തിരീകരണം (Confirmation – വി. മൂറോനഭിഷകം) പട്ടത്വം ഇവ ഒരു കാരണവശാലും ആവര്‍ത്തിക്കില്ല. അതായത്, ഈ സഭകളില്‍നിന്നും ഓര്‍ത്തഡോക്‌സ് സഭകളിലേയ്ക്ക് കടന്നുവരുന്നവര്‍ക്ക് അവര്‍ സ്വീകരിച്ച ഒരു കൂദാശയും – മാമോദീസാ, മൂറോന്‍, പട്ടത്വം – ഇവ ആര്‍ത്തിയ്ക്കാന്‍ പാടില്ല. ചെയ്യാറുമില്ല. റോമന്‍ കത്തോലിക്കാ, നെസ്‌തോറിയന്‍ സഭകളും ഇതേ നയം പിന്തുടരുന്നു. പരസ്പരം കുര്‍ബാന ബന്ധം ഇല്ലാത്ത ഓറിയന്റല്‍ – ബൈസന്റിയന്‍ സഭകളും ഇത് പിന്തുടരുന്നു. എന്നാല്‍ ഇവരാരും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസത്തിലേയ്ക്കു കടന്നുവന്നശേഷം മാതൃസഭയില്‍നിന്നും ഇവയടക്കമുള്ള കൂദാശകള്‍ സ്വീകരിക്കന്‍ അനുവദിക്കുന്നുമില്ല.
‘ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള കൗദാശിക ബന്ധങ്ങള്‍’ നിയമപരമായി നിലവില്‍ ഇല്ലാത്ത ‘ജാക്കബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ സഭ’ വിശ്ചേദിച്ചതിനെ ഈ ലേഖകന്‍ ചോദ്യം ചെയ്യുന്നില്ല. അതവരുടെ ആഭ്യന്തര കാര്യം. പക്ഷേ യാതൊരു യുക്തിക്കും നിരക്കാത്ത ഇത്തരം വേദശാസ്ത്ര വികല്‍പ്പങ്ങള്‍ക്ക് എന്തിനും ഏതിനും വ്യാഖ്യാനവും നേതൃത്വവും നല്‍കുന്ന, അന്തര്‍ദേശീയ അംഗീകാരമുണ്ടന്ന് സ്വയം അവകാശപ്പെടുന്ന, അവരുടെ ചില വേദശാസ്ത്രജ്ഞന്മാര്‍ യുക്തിപരമായ മറുപടി നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ശാസ്ത്രീയമായ ഒരു വിശദീകരണം നല്‍കാന്‍ അവര്‍ക്കു സാദ്ധ്യമല്ല എന്നത് അവര്‍ക്കു തന്നെ അറിയാവുന്ന യാഥാര്‍ത്ഥ്യം.
‘കല്ലേപ്പിളര്‍ക്കുന്ന ശ്രേഷ്ഠകല്പന’ അവിടെ നില്‍ക്കട്ടെ, ഒരു സംശയം ബാക്കി നില്‍ക്കുന്നു. വി. മൂറോന്‍ വഴി പ. സഭയില്‍ അംഗമായവര്‍ക്കു മാത്രമേ പട്ടം കൊടുക്കാനാവു. അപ്രകാരമല്ലാതെ നല്‍കുന്ന വൈദീക സ്ഥാനങ്ങള്‍ സാധുവല്ല. മലങ്കര നസ്രാണികളുടെ പാരമ്പര്യമനുസരിച്ച് മാതാവിൻ്റെ ഇടവകപ്പള്ളിയിലാണ് ആദ്യ സന്തതിയെ മാമോദീസാ മുക്കുന്നത്. അല്ലെങ്കില്‍ പരുമല പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍. 1975-നു ശേഷം അപ്രകാരം മലങ്കര സഭയില്‍ മാമോദീസാ മുഴുകി മൂറോനഭിഷേകം പ്രാപിച്ച അനേകര്‍ ഇന്ന് മുന്‍ യാക്കോബായ വിഭാഗത്തിലെ വൈദീകരായുണ്ട്. അവര്‍ക്ക് വീണ്ടും മൂറോനഭിഷേകം നടത്തി, അഴിച്ചു പട്ടം കൊടുത്ത് അവരുടെ പട്ടത്വം ക്രമപ്പെടുത്തുമോ? അല്ലെങ്കില്‍ അവരോടും അവരുടെ പട്ടത്വത്തെ വിശ്വസിച്ച് അവരില്‍ നിന്നും കൂദാശകള്‍ സ്വീകരിച്ചുവരുന്ന ‘അന്ത്യോഖ്യാ വിശ്വാസികളോടും‘ ചെയ്യുന്ന അക്രമമല്ലേ?
ഒരു നൂറ്റാണ്ടുമുമ്പ് പിന്നീട് മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം മെത്രാന്‍ ആയ ഒരാള്‍ കാനോനികമായി മാമോദീസാ സ്വീകരിച്ച ശേഷമല്ല കോറൂയോ ആയത് എന്നറിഞ്ഞപ്പോള്‍ തൻ്റെ പഴയ സെമിനാരി പഠനകാലത്ത് മാമോദീസാ മുക്കി മൂറോനഭിഷേകം നല്‍കിയ ശേഷം ശെമ്മാശപട്ടം നല്‍കിയ ചരിത്രം നിലവിലുണ്ട്.
മൂറോൻ്റെ കാര്യം പറഞ്ഞാല്‍ ഒത്തിരി പഴയ കഥ പറയാനുണ്ട്. 1876-ല്‍ മലങ്കരയില്‍വച്ച് താന്‍ കൂദാശ ചെയ്ത മൂറോന്‍, കാനോന്‍ നിയമത്തിനു തികച്ചും വിരോധമായി വിപണന വസ്തു ആക്കിയതിനാണ് സഹയാത്രികനായ അബ്ദുള്ളാ മാര്‍ ഗ്രീഗറിയോസ് മെത്രാനെ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മുടക്കിയത്. അതേ അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പിന്നീട് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസായി മലങ്കരയിലെത്തി 1910-ല്‍ വി. മൂറോന്‍ കൂദാശ നടത്തി. ആ മൂറോനും സ്വയം ‘കച്ചവടം നടത്തി‘ എന്നും, അത് എത്തിച്ചേര്‍ന്നത് അനര്‍ഹരുടെ കൈയ്യിലാണന്നും ഉള്ള രേഖാധിഷ്ഠിതമായ ആരോപണം നിലവിലുണ്ട്. പിന്നീട് സഖാ പ്രഥമന്‍ ബാവായെക്കൊണ്ട് വേദവിപരീതികള്‍ക്ക് മൂറോന്‍ നല്‍കിക്കാന്‍ ശ്രമിച്ചു എന്നും, അതിനുശേഷം സമീപകാലത്ത് ഭീമമായ വിലവാങ്ങി പെന്തക്കോസ്ത് പാസ്റ്റര്‍ക്ക് വിറ്റു എന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അതില്‍ ‘തരകു പറ്റി‘ എന്നു സമൂഹത്താല്‍ ആരോപിക്കപ്പെടുന്ന, ‘ബുദ്ധിജീവി‘ എന്നു സ്വയം അഭിമാനിക്കുന്ന, മെത്രാനും കൂട്ടരുമാണ്. അത്രയുമേ ഉള്ളു ‘ജാക്കബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ സഭ’യുടെ പരിശുദ്ധ മൂറോനെപ്പറ്റിയുള്ള കാഴ്ച്ചപ്പാട്. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ‘വ്യാപാരത്താല്‍ തലന്തുകള്‍ വര്‍ദ്ധിപ്പിച്ചവര്‍’ എന്നാണല്ലോ സുറിയാനി പാരമ്പര്യത്തില്‍ ഉത്തമ ആചാര്യന്മാരെ വിശേഷിപ്പിക്കുന്നത്. അതിനൊന്നും തല്‍ക്കാലം സമയമോ യാഗ്യതയോ ഇല്ലാത്തവര്‍ അതീവ ലാഭകരമായ മൂറോന്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കും! അതിലെന്താ തെറ്റ്?
തുടര്‍ച്ചയായി വിശുദ്ധ മൂറോനെ വിപണന വസ്തുവാക്കിയവര്‍ ഇന്നതിനെ മലങ്കര സഭയെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി മാറ്റിയതില്‍ അത്ഭുതത്തിന് അവകാശമില്ല. അത്ര വിലയേ അവര്‍ പരിശുദ്ധ മൂറോന് നല്‍കിയിട്ടുള്ളു. ഈ ഭീഷണി ഭയന്ന് മലങ്കര സഭ, ‘കടുകു തുളച്ച് അതിനകത്ത് ഒളിക്കുമെന്ന്‘ വിശ്വസിച്ചവര്‍ക്കു തെറ്റി. മലങ്കര സഭ നിന്ന നിലയില്‍ത്തന്നെ നില്‍ക്കും. ഉറച്ചുതന്നെ.
രണ്ടാമതും മൂന്നാമതും മൂറോന്‍ പൂശണമെന്നു ജല്‍പ്പിക്കുമ്പോള്‍, മലങ്കരസഭയില്‍നിന്നും മാമോദീസായും മൂറോനും സ്വീകരിച്ച, ഇല്ലാത്ത സഭയിലെ ‘വേദജ്ഞാനികളായ മെത്രാന്മാര്‍’ ഒന്നു ശ്രദ്ധിക്കണം. മലങ്കര സഭയുടെ മുഖ്യധാരയില്‍ നിന്നും പുത്രവധുവായി വന്ന മരുമകളുടെ ഇടവകയില്‍ നസ്രാണി പാരമ്പര്യമനുസരിച്ച് ‘പൊക്കണവും കല്ലും കവിണിയുമായി’ തലതൊടാന്‍ പോകുന്ന പാവം ‘അന്ത്യോഖ്യാ വിശ്വാസി‘യെ ഒന്നു പരിഗണിക്കണം. പട്ടമില്ലാത്ത ‘കുപ്പായധാരി’ ചൊല്ലിത്തരുന്ന വിശ്വാസ പ്രഖ്യാപനം ഏറ്റുചൊല്ലി ആ പൈതലിനെ സഭാംഗമാക്കേണ്ടി വരുന്ന തികഞ്ഞ അന്ത്യോഖ്യാ വിശ്വാസിയായ ആ ഹതഭാഗ്യൻ്റെ മനസില്‍ എന്തായിരിക്കും?
അതു മാത്രമല്ല; റോമന്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ പാരമ്പര്യങ്ങള്‍ പോലെ സ്തിരീകരണത്തിനു മാത്രമല്ല സുറിയാനി പാരമ്പര്യത്തില്‍ മൂറോന്‍ ഉപയോഗിക്കുന്നത്. മാമോദീസായുടേയും ഭാഗമാണ് വി. മൂറോന്‍. മലങ്കരസഭയുടെ മൂറോന്‍ ത്യജിതമെങ്കില്‍ അവരുടെ മാമോദീസായും വ്യര്‍ത്ഥ്യം. പിന്നെന്തിനു അത് അംഗീകരിക്കണം? അതു മനസിലാകണമെങ്കില്‍ കൂദാശാ ദൈവശാസ്ത്രത്തെക്കുറിച്ചു പ്രാഥമികജ്ഞാനമെങ്കിലും ഉണ്ടാകണം. അതില്ലല്ലോ. അതെങ്ങിനെ അറിയാന്‍? കൊട്ടിഘോഷിക്കുന്ന ‘അന്ത്യോഖ്യാ വിശ്വസം’ നെസ്‌തോറിയന്‍ വേദവിപരീതമാണന്നു പോലും അറിയാത്ത അന്തർദേശീയ ‘വേദശാസ്ത്രജ്ഞന്മാരാണ്’ പുത്തന്‍കുരിശു പ്രസ്ഥാനത്തിൻ്റെ പ്രണേതാക്കള്‍.
പിന്നെ വിവാഹം. സാങ്കേതികമായി ഇപ്പോള്‍ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളികളില്‍നിന്നും മലങ്കര സഭയ്ക്ക് ദേശകുറി സ്വീകരിക്കാനാവില്ല എന്നതാണ് സത്യം. നിയമാനുസൃത വികാരിയും കൈക്കാരനും ചേര്‍ന്നാണ് ദേശകുറി എഴുതേണ്ടത്. മുന്‍ യാക്കോബായ വിഭാഗം നിയമിച്ച ഒരു പട്ടക്കാരനും നിയമാനുസൃത വികാരിയല്ല. അതിനാല്‍ത്തന്നെ കൈക്കാരനും. അവരെഴുതുന്ന ദേശകുറിക്ക് നിയമദൃഷ്ട്യാ കടലാസിൻ്റെ വില പോലുമില്ല! അനധികൃത കൈവശത്തിലിരിക്കുന്ന പള്ളികളില്‍നിന്നും നിയമാനുസൃത വികാരിയുടെ ദേശകുറി മാത്രമേ സ്വീകരിക്കൂ എന്നു മലങ്കര സഭ തീരുമാനിച്ചാല്‍ അന്നു തീരും ദേശകുറി വിലക്ക്.
മറിച്ച്, മലങ്കരസഭയില ഒരു ഇടവകയില്‍ നിന്നും ദേശകുറി ഏഴുതുന്നത് മലങ്കരസഭയിലെ ഒരു ഇടവകയിലേയ്ക്കു മാത്രമാണ്. അവിടെ വികാരിയുടെ പേര് അപ്രസക്തമാണ്. അവിടുത്തെ നിയമാനുസൃത വികാരി ആരാണോ അദ്ദേഹമാണ് അത് സ്വീകരിക്കേണ്ടത്. അല്ലാതെ ഒരിക്കലും പുത്തന്‍കുരിശു സൊസൈറ്റിക്ക് എഴുതില്ല. അധിനിവേശ കാഷ്മീര്‍ പോലെ അനധികൃത കൈവശത്തിലിരിക്കുന്ന ഇടവകകളിലെ നിയമാനുസൃത വികാരിമാരുടെ ദേശകുറി മാത്രമേ സ്വീകരിക്കു എന്നു മലങ്കര സഭ കര്‍ശനമായ തീരുമാനമെടുത്താല്‍ അന്നു തീരുന്ന പ്രശ്‌നമേയുള്ളു.
മുമ്പ് ഈ ലേഖകന്‍ ചോദിച്ച ചോദ്യം ഒരിക്കല്‍ക്കൂടെ ആവര്‍ത്തിച്ചുകൊള്ളട്ടെ. മലങ്കരസഭയിലെ എല്ലാ പള്ളികള്‍ക്കും നിയമാനുസൃത വികാരിയെ ഭരണഘടനപ്രകാരം നിയമിച്ചിട്ടുണ്ട്. പ. സഭയിലേയ്ക്ക് മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളികളില്‍നിന്നും വിവാഹം നിശ്ചയിക്കുകയും ദേശകുറി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ പോലും അവിടുത്തെ നിയമാനുസൃത വികാരിയെ സമീപിച്ച് ദേശകുറി വാങ്ങുന്നതിനെ തടയാനാവുമോ? ദേശകുറി ലഭിക്കാത്ത ആരെങ്കിലും കോടതിയെ സമീപിച്ചാലോ? ‘യാക്കോബായ‘ വികാരി സ്വമേധയാ പുറത്താവുകയാവും ഫലം.
ഇല്ലാത്ത ‘ജാക്കബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ സഭ’യുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസിൻ്റെ തീരുമാനം ഇല്ലാത്ത സഭയുടെ കാതോലിക്കാ (അതോ മപ്രിയായനയോ?) കല്പനമൂലം ശാശ്വതമാക്കിയപ്പോള്‍ തട്ടുകേടു കിട്ടിയത് അതേ ‘ഇല്ലാത്ത സഭ’യിലെ കത്തനാരുമാര്‍ക്കാണ്. ടി. കല്പനപ്രകാരം ഓര്‍ത്തഡോക്‌സ് ഭവനങ്ങളില്‍ ഇനി ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും മറ്റും കറുത്ത കുപ്പായം ഉപയോഗിക്കാന്‍ പാടില്ല. ഇനി ഓര്‍ത്തഡോക്‌സ് ബന്ധുവീടുകളില്‍ – സ്വന്തം അമ്മായിയപ്പൻ്റെ ശവമടക്കിനു പോലും – അവര്‍ വെറും പാന്റ്‌സും ഷര്‍ട്ടും ധരിച്ചു പോകേണ്ടിവരും! കാരണം മലങ്കരയിലെ കശ്ശീശാമാര്‍ വെളുത്ത കുപ്പായം ധരിക്കുന്നത് 1875-ല്‍ത്തന്നെ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്! ഇപ്പോഴത്തെ കല്‍പ്പനയില്‍ കറുത്തകുപ്പായം നഹി! പാത്രിയര്‍ക്കീസിൻ്റെ കല്പനയില്‍ വെളുത്തകുപ്പായം നഹി!! വലഞ്ഞല്ലോ ദൈവമേ?
ഏതായാലും ‘വിത്തെടുത്ത് കുത്തിയതുപോലെ’ ആയിപ്പോയി ഇപ്പോഴത്തെ ഉടക്കു കല്പന. 1975-ലെ പാത്രിയര്‍ക്കീസിൻ്റെ മുടക്ക് പ്രാബല്യപ്പെടുത്തിയത് 2020 ഓഗസ്റ്റില്‍ ‘മെത്രാപ്പോലീത്തന്‍ ട്രസ്റ്റി’യുടെ ഇടവകയായ മുളന്തുരുത്തിപ്പള്ളി, കോടതിവിധിപ്രകാരം ഭാഗികമായി സര്‍ക്കാര്‍ നടത്തിയെടുത്തപ്പോഴാണ്. ഇപ്പോള്‍ പാശുപാതാസ്ത്രവും കയറി പ്രയോഗിച്ചു കഴിഞ്ഞു. ഇനി ആവനാഴിയില്‍ അമ്പുകളൊന്നും ബാക്കിയില്ലല്ലോ? ഇനി മുളന്തുരുത്തിപ്പള്ളി വിധി നടത്തിപ്പ് പൂര്‍ണ്ണമാക്കുമ്പോഴും, ഒന്നിനുപുറകെ ഒന്നായി ഇതര പള്ളികളില്‍ കോടതിവിധി പ്രാബല്യത്തില്‍ വരുമ്പോഴും എന്തു ചെയ്യും?
1911 തുലാമാസത്തില്‍ പരമസ്വാത്വികനായിരുന്ന മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് (പിന്നീട് ഒന്നാം കാതോലിക്കാ) പിറവത്തുപള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞ് അദ്ദേഹത്തെ മദ്ബാഹായില്‍ ഇരുത്തിക്കൊണ്ടുതന്നെ കണ്ടനാട് ഭദ്രാസന ഭരണത്തില്‍ നിന്നും ഒഴിവാക്കിയ അബ്ദുള്ളാ ദ്വിതീയന്‍ പാത്രിക്കീസിൻ്റെ കല്പന വായിച്ചു. പിറവത്തെ ചില കത്തനാരുമാരും പ്രമാണികളും ചേര്‍ന്നു സംഘടിപ്പിച്ചതാണെങ്കിലും അത് പരസ്യമായി വായിക്കാന്‍ അതേ കത്തനാരുമാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു ശെമ്മാശനാണ് കല്പന വായിച്ചത്. ഇതു കേട്ട് ഹൃദയം തകര്‍ന്ന മാര്‍ ഈവാനിയോസ് ഉഗ്രമായ ഒരു ശാപം പേരെടുത്തുപറഞ്ഞ് നടത്തി. ‘…ഈ കല്പന എഴുതിയവന്‍ മറ്റൊരു കല്പനയും എഴുതാതെ പോകട്ടെ. അവന്‍ തൻ്റെ ആസ്ഥാനത്തു ചെന്നു പറ്റാന്‍ സാധിക്കാതെ കണ്ണു രണ്ടും പൊട്ടി ഇടയ്ക്കുവച്ച് കാലഗതിയെ പ്രാപിക്കും. ഈ കല്പന ദേവാലയത്തില്‍ കൊണ്ടുവന്നവനു കുഷ്ഠരോഗംപിടിക്കും. ഇതിവിടെ വായിച്ചവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്ന് മറ്റൊന്നും വായിക്കാനിടയാകാതെ പോകട്ടെ…’ ഇത്യാദി ആരംഭിച്ച ശാപവചനങ്ങളില്‍ ആ കല്പന എഴുതിക്കാന്‍ ബദ്ധപ്പെട്ടവരും കൂട്ടുകൂടിയവരുമായ മറ്റു പല പ്രമുഖ വൈദികരെ സംബന്ധിച്ചും അദ്ദേഹം വ്യക്തമായ ചില പരാമര്‍ശനങ്ങള്‍ നടത്തി. അതെല്ലാം കൃത്യമായി പില്‍ക്കാലത്ത് സംഭവിച്ചു. അബ്ദുളള പാത്രിയര്‍ക്കിസ് മര്‍ദീനില്‍ തിരിച്ചെത്താന്‍ സാധിക്കാതെ രണ്ടു കണ്ണിൻ്റെയും കാഴ്ച നഷ്ടട്ടെ് യറുശലേമില്‍ എത്തി അന്ത്യം പ്രാപിച്ചു. നിരോധന കല്പന പളളിയില്‍ കൊണ്ടുവന്നയാളിനു പിന്നീട് കുഷ്ഠരോഗം പിടിപെട്ടു കൈകാലുകളുടെ വിരലുകള്‍ അറ്റുപോയി ദുരിതമനുഭവിച്ചു മരിച്ചു. കല്പന വായിച്ച ശെമ്മാശന്‍ അധികനാള്‍ കഴിയുന്നതിനുമുമ്പു കത്തനാരാകതെ മരിച്ചു. അതുപോലെ ബന്ധപ്പെട്ട എല്ലാവര്‍ക്കും അദ്ദേഹം വൃണിതഹൃദയനായി കല്പിച്ച വാക്കുകളെല്ലാം ഫലിച്ചതായിട്ടാണ് ചരിത്രം.
പരിശുദ്ധാത്മാവിനു വിരുദ്ധമായ 26-10-2020 കല്പനയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ‘ഈ കല്പന പ്രാവര്‍ത്തികമാക്കുന്നവര്‍….’ എന്നുകൂടി കൂട്ടിച്ചേര്‍ക്കണമെന്നുമാത്രം.
ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു. ‘വിവേകപൂര്‍വം പ്രയോഗിക്കണം’ എന്ന് 2020 ഓഗസ്റ്റ് 20-ലെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് നിര്‍ദ്ദേശിച്ച മുന്‍ യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറിയെ വെട്ടാനാണോ ഇപ്പോള്‍ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്? കല്പനയില്‍ പ്രതിപാദിക്കുന്നതുപോലെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് ഇതിനെക്കുറിച്ച് വല്ല അറിവുമുണ്ടോ?
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 30 ഒക്‌ടോബര്‍ 2020)