സമാധാനത്തിലേയ്ക്കുളള പാത ഹൃസ്വമല്ല: ഡോ. എം. കുര്യന്‍ തോമസ്
മലങ്കര സഭയില്‍ നാല് പതിറ്റാണ്ടില്‍ അധികം കാലമായി നിലനില്‍ക്കുന്ന കലഹത്തിന് ശമനമാകുമെന്ന് ഇപ്പോള്‍ അനേകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അതിനായി പല തലങ്ങളില്‍ ചര്‍ച്ചകളും ഇന്ന് നടക്കുന്നുണ്ട്. എല്ലാം ഭംഗിയായി കലാശിക്കാന്‍ പ്രാര്‍ത്ഥിക്കാം.
എന്നാല്‍ ഒരു ദിവസം കൊണ്ടു എത്തിച്ചേരാവുന്ന ഒന്നല്ല ശാശ്വത സമാധാനം. വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചാല്‍പ്പോലും അതിൻ്റെ നിയമപരമായ ചട്ടക്കൂടുകള്‍ പൂര്‍ത്തീകരിയ്ക്കാന്‍ കുറെ ദീര്‍ഘ പ്രക്രിയകളുടെ പരമ്പര തന്നെ ആവശ്യമായി വരും. ഇനിയുമൊരു പിളര്‍പ്പ് ഒഴിവാക്കാന്‍ സൂക്ഷ്മമായിത്തന്നെ ഈ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അനിവാര്യമായ ഈ യാഥാര്‍ത്ഥ്യവും എല്ലാവരും മനസിലാക്കണം.
സമീപ ദിവസങ്ങളില്‍ 2020 ഒക്ടോബര്‍ 5-ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചകളില്‍ സമര്‍പ്പിക്കുന്ന ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ എന്ന പേരില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന രചനയാണ് ഈ കുറിപ്പിന് ആധാരം. ആ കുറിപ്പ് എഴുതിയ വ്യക്തി ആരായാലും സഭയില്‍ സമാധാനം എന്ന ഉദ്ദേശശുദ്ധിയോടെയാണ് അതു ചെയ്തതെങ്കില്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
ടി. കുറിപ്പില്‍ ഇരു വിഭാഗത്തിലേയും കോര്‍ കമ്മറ്റികള്‍ തയാറാക്കി സമര്‍പ്പിക്കുന്ന വ്യവസ്ഥകള്‍ അന്നുതന്നെ നടപ്പില്‍ വരുമെന്നും സമാധാനത്തിൻ്റെ പ്രതീകാത്മക ആവിഷ്‌ക്കാരം ഒക്‌ടോബര്‍ 11-ന് തന്നെ നടക്കുമെന്നും കാണുന്നു. ഇത് തികച്ചും അപ്രായോഗികമാണ്. മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഇത്തരം അതീവ പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനും മാനേജിംഗ് കമ്മറ്റിക്കും മാത്രമേ അധികാരമുള്ളു. അവയ്ക്കാകട്ടെ അജണ്ട, നോട്ടീസ് പീരിഡ് മുതലായ നിയമപരമായ കടമ്പകളുമുണ്ട്. 1934-ലെ ഭരണഘടന യാക്കോബായ സഭ അംഗീകരിക്കും എന്നു ടി. കുറിപ്പില്‍ കാണുന്നതും അസംഭാവ്യമാണ്. കാരണം അപ്രകാരം ഒരു സഭയോ സഭയ്ക്ക് ഒരു ഭരണസംവിധാനമോ നിയമപരമായി നിലവിലില്ലാത്തതിനാല്‍ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടാല്‍ പോലും അതിനു നിയമസാധുത ഇല്ല.
1934-ലെ സഭാ ഭരണഘടന അംഗീകരിയ്ക്കാതെ ആര്‍ക്കും മലങ്കര സഭയുടെ മുഖ്യധാരയില്‍ പ്രവേശനം സാദ്ധ്യമല്ല എന്ന് ഏതാണ്ട് എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. പക്ഷേ ആ പ്രക്രിയ കുടുംബതലത്തില്‍നിന്നേ തുടങ്ങേണ്ടിയിരിക്കുന്നു. മുന്‍ യാക്കോബായ വിഭാഗം അടക്കം മലങ്കര സഭയിലെ എല്ലാ ഇടവകകളിലും ഏകീകൃതമായ മാതൃകയില്‍ ഒരു സത്യവാങ്മൂലം തയാറാക്കി സമയബന്ധിതമായി എല്ലാ കുടുംബങ്ങളില്‍ നിന്നും പൂരിപ്പിച്ചു വാങ്ങുക എന്നതു മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഇടവക രജിസ്റ്റര്‍ പുതുക്കാനും ഇതേ രേഖതന്നെ അടിസ്ഥാനമാക്കാം.
…ഓര്‍ത്തഡോക്സ് സഭയിലെ നിലവിലുള്ള ഭദ്രാസനങ്ങള്‍ക്കു പുറമെ, അങ്കമാലി 5 ആയും കണ്ടനാടിനെ മൂന്നായും കൊച്ചി, കോട്ടയം രണ്ടായും. വിഭജിക്കുന്നതായിക്കും. യാക്കോബായ സഭയിലെ ക്‌നാനായ ഭദ്രാസനം, സിംഹസന പള്ളികള്‍ ഒഴിച്ചുള്ള മെത്രാപോലിത്തമാരെ ഈ ഭദ്രാസനങ്ങളില്‍ ഉള്‍കൊള്ളിക്കും… എന്നതാണ് നിര്‍ദ്ദേശങ്ങളുടെ കാതല്‍. പ്രായോഗികമെങ്കിലും ഇത്തരമൊരു നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അനേക കടമ്പകളുണ്ട്.
ഒന്നാമതായി, മുന്‍ യാക്കോബായ വിഭാഗം മെത്രാന്മാര്‍ക്ക് മലങ്കര സഭയില്‍ ഭദ്രാസന ഭരണം ലഭിക്കണമെങ്കില്‍ കുറഞ്ഞത് അവരെ മെത്രാന്മാരായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിക്കണം. അതിൻ്റെ പ്രാരംഭപടിയായി ടി. മെത്രാന്മാര്‍ 1934 ഭരണഘടന അംഗീകരിക്കുന്നതായി നിയമസാധുതയുള്ള രേഖ നല്‍കണം. അവരുടെ വിശ്വാസ പ്രഖ്യാപനം പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സ്വീകരിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഭദ്രാസന ഭരണത്തിന് അര്‍ഹത ലഭിക്കൂ.
രണ്ടാമതായി, മേല്‍ പറഞ്ഞ വിധം ഭദ്രാസനങ്ങളെ പുനര്‍ക്രമീകരിക്കണമെങ്കില്‍ അത് ഭരണഘടനപ്രകാരം പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും ചെയ്യേണ്ടതാണ്. അപ്രകാരം ഒരു നടപടി പൂര്‍ത്തിയാക്കാതെ അവരെ ഭദ്രാസനങ്ങളില്‍ വിന്യസിക്കുവാന്‍ സാദ്ധ്യമല്ല.
നിലവിലുള്ള സമിതികള്‍ പിരിച്ചുവിടും എന്നതാണ് ടി. കുറിപ്പിലെ മറ്റൊരു പരാമര്‍ശനം. സമതികള്‍ എന്നു വിവക്ഷിക്കുന്നത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍, അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി, ഭദ്രാസന കൗണ്‍സിലുകള്‍ എന്നിവയാണന്ന് ഊഹിക്കാം. രണ്ടു കാരണങ്ങളാല്‍ ഇത് അസാദ്ധ്യമാണ്.
ഒന്നാമതായി, 2002-ല്‍ ബഹു. ഇന്ത്യന്‍ സുപ്രീംകോടതി ടി സമതികളുടെ കാലാവധി 5 വര്‍ഷമായി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച മലങ്കരസഭയുടെ നിലവിലുള്ള സമതികള്‍ക്ക് 2022 മാര്‍ച്ച് വരെ തുടരാം. ലോക്‌സഭയോ സംസ്ഥാന നിയമസഭകളോ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് പിരിച്ചുവിടാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. പക്ഷേ സഭാസമതികളെ കാലാവധി തീരുംമുമ്പ് പിരിച്ചുവിടാന്‍ മലങ്കരസഭാ ഭരണഘടനയില്‍ ചട്ടങ്ങളില്ല. അതിനാല്‍ത്തന്നെ അപ്രകാരം ഒരു നീക്കം നിയമവിരുദ്ധവും ആര്‍ക്കും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതുമാണ്.
രണ്ടാമതായി, മുന്‍ യാക്കോബായ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി സഭാ സമതികള്‍ പുനഃക്രമീകരിയ്ക്കുക എന്ന സദുദ്ദേശമാണ് ഈ നിര്‍ദേശത്തിനു പിന്നിലെങ്കില്‍ അതിനും നിലവിലുള്ള സമതികള്‍ തുടരേണ്ടിയിരിക്കുന്നു എന്നതാണ് വിരോധാഭാസം.
പുതിയ സമതികള്‍ ഉണ്ടാകണമെങ്കില്‍ ആദ്യം ഇടവകപ്പള്ളികളില്‍ നിയമാനുസൃത പൊതുയോഗം വിളിച്ചുകൂട്ടി അസോസിയേഷന്‍/ഭദ്രാസന പ്രതിനിധികളെ തിരഞ്ഞെടുക്കണം. അതു വിളിച്ചുകൂട്ടുവാന്‍ 1934 ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിയ്‌ക്കേ അധികാരമുള്ളു. അപ്രകാരമുള്ള നിയമാനുസൃത വികാരിയെ നിയമിക്കേണ്ടത് അതേ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തായാണ്. നിലവില്‍ അത്തരം സ്ഥാനികളൊന്നും മുന്‍ യാക്കോബായ വിഭാഗത്തിലില്ല. അതിനാല്‍ത്തന്നെ വ്യവസ്ഥാപിതമായി നിലവില്‍വരുന്ന പുതിയ സമതികളില്‍ മുന്‍ യാക്കോബായ വിഭാഗത്തിന് ഇടം കാണില്ല! അതാരും ആഗ്രഹിക്കുന്നില്ലല്ലോ?
വളരെ ലളിതമായ പരിഹാരമാര്‍ഗ്ഗം ഇതിനുണ്ട്. അതാകട്ടെ നിലവിലുള്ള സമതികളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. യഥാര്‍ത്ഥ സമാധാനത്തിന് മുന്‍ യാക്കോബായ പക്ഷത്തിന് താല്പര്യമുണ്ടെങ്കില്‍ അവര്‍ തന്നെ അതിനു മുന്നിട്ടിറങ്ങണം. മുന്‍ യാക്കോബായ മെത്രാന്മാര്‍ തങ്ങളോടൊപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഇടവകകളില്‍നിന്നും വൈദീകരില്‍നിന്നും മുകളില്‍ പറഞ്ഞ ഭരണഘടന അംഗീകരിയ്ക്കുന്ന സത്യവാങ്മൂലവും അനുബന്ധരേഖകളും വാങ്ങി അവയോടൊപ്പം താന്‍ നല്‍കേണ്ട നിശ്ചിതരേഖകളും ചേര്‍ത്ത് സമയബന്ധിതമായി കേന്ദ്രത്തില്‍ സമര്‍പ്പിക്കുക.
ഈ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ താഴെ പറയുംവിധം സംഗ്രഹിക്കാം.
1). പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും ഭദ്രാസനങ്ങളുടെ പുനര്‍ക്രമീകരണം നിയമപരമായി പൂര്‍ത്തിയാക്കി അവ നിലവില്‍ വരുത്തുക.
2). മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൂടി മുന്‍ യാക്കോബായ വിഭാഗത്തിലെ മെത്രാന്മാരെ മാനദണ്ഡമനുസരിച്ച് അംഗീകരിയ്ക്കുക.
3). ടി. മെത്രാന്മാരെ നിശ്ചിത ഭദ്രസനങ്ങളിലേയ്ക്ക് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും നിയോഗിച്ച് ഭരണഘടനപ്രകാരം നിയമിക്കുക.
4). ടി. മെത്രാന്മാര്‍ തങ്ങളുടെ ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഭരണഘടപ്രകാരം വികാരിമാരെ നിയമിക്കുക.
5). ടി. വികാരിമാര്‍ 1934 ഭരണഘടനപ്രകാരം പള്ളി പൊതുയോഗം കൂടി ഇടവക ഭരണസമതി, അസോസിയേഷന്‍/ഭദ്രാസന പ്രതിനിധികളെ തിരഞ്ഞെടുക്കുക.
6). ടി. പ്രതിനിധികള്‍ ഭരണഘടനപ്രകാരം 2022 മാര്‍ച്ചില്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി, ഭദ്രാസന കൗണ്‍സില്‍, കൂട്ടു ട്രസ്റ്റിമാര്‍ എന്നിവരെ തിരഞ്ഞെടുക്കുക.
തികച്ചും നിയമപരമായ മാര്‍ഗ്ഗം ഇത് മാത്രമാണ്. അതിനു നിലവിലുള്ള ഭരണസംവിധാനം തുടരേണ്ടിയിരിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ത്തന്നെ പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമി, മലങ്കരയില്‍ ഒഴിവുള്ള മെത്രാന്‍ സ്ഥാനങ്ങള്‍ എന്നിവയിലേയ്ക്കുള്ള തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കണം.
മുകളില്‍ പറഞ്ഞ സാമൂഹികമാദ്ധ്യമ കുറിപ്പിലെ നിര്‍ദ്ദേശങ്ങളെപ്പറ്റി ഗുണദോഷ വിചാരത്തിനു തല്‍ക്കാലം ഈ ലേഖകന്‍ മുതിരുന്നില്ല. ഒന്നു മാത്രം പറയാം. തികച്ചും നിയമപരമായ മാര്‍ഗ്ഗത്തിലല്ലാതെ ഇനിയുമൊരു സമാധാനം ഉണ്ടാക്കിയാല്‍ അത് ശാശ്വതമാകില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സാവധാനം അവധാനതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യപ്രാപ്തി – ശാശ്വത സമാധാനം – കൈവരുത്തുകയുള്ളു.
ഈ ചക്രം ചലിച്ചു തുടങ്ങണമെങ്കില്‍ ആദ്യം വേണ്ടത് ഇതൊന്നുമല്ല. തൻ്റെ മുന്‍ഗാമിയുടെ 203/70, മുടക്ക് എന്നി കല്പനകള്‍ നിരുപാധികം അടിയന്തിരമായി പിന്‍വലിച്ച് പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് സമാധാനത്തിനുള്ള പശ്ചാത്തലമൊരുക്കണം. അതിന് അദ്ദേഹം തയാറാകുമോ എന്നതാണ് സമാധാന പാതയിലെ സുപ്രധാന ചുവടുവെയ്പ്പ്.
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 26-09-2020)
സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; ചരിത്രപരം:- പള്ളിത്തർക്കത്തിൻ്റെ കാണാപ്പുറങ്ങൾ