മുളന്തുരുത്തി പള്ളി സംഭവങ്ങളും മലങ്കര സഭയുടെ പോരാട്ടങ്ങളും.
ഇതിനു മുൻപ് ഞാൻ എഴുതിയ “മലങ്കര മൂപ്പനും കേരളത്തിലെ കൊളോണിയൽ സഭകളുടെ നേതൃത്വങ്ങളും -ഒരു വിശദീകരണം” എന്ന ചെറിയ കുറിപ്പിൻ്റെ തുടർച്ചയാണ് ഇത് .
മുകളിൽ വിവരിച്ച ചെറു ലേഖനം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന മലങ്കര സഭയെ എന്തുകൊണ്ട് പാശ്ചാത്യ കൊളോണിയൽ സഭകൾ എതിർക്കുന്നു എന്നത് വിശദീകരിക്കാനായിരുന്നു. അതിൻ്റെ തുടർച്ചയെന്നോണം മുളന്തുരുത്തി പള്ളിയിൽ കേരള സർക്കാർ കോടതിയുടെ ആജ്ഞ, താമസിച്ചെങ്കിലും നിവർത്തിയില്ലാതെ അനുസരിച്ചു എന്നുള്ളത് സ്വാഗതാർഹമാണെന്നു പറയേണ്ടതില്ലലോ. ഇപ്പോൾ തന്നെ വിഘടിത വിഭാഗം പൗരോഹിത്യം നിയമവിരുദ്ധമായി കൈയേറിയിരുന്ന അമ്പതോളം പള്ളികൾ മലങ്കര മൂപ്പൻ്റെ നിയന്ത്രണത്തിലായി കഴിഞ്ഞു എന്നുള്ളത് സ്വാഗതാർഹമാണ്. അവിടെയെല്ലാം ഇടവകാംഗങ്ങളിൽ മറുപക്ഷത്തു നിന്നിരുന്ന സാധാരണക്കാർ കൂട്ടമായി അതാതു പഴയ പള്ളികളിൽ സഹകരിച്ചു തുടങ്ങി എന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. താമസിയാതെ മറ്റുള്ളവരും യഥോചിതമായും, യുക്തിപരമായും ചിന്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നാൽ, ഈ കഴിഞ്ഞ ആഴ്ച്ചയിൽ പാശ്ചാത്യ സഭകളുടെ ഇന്ത്യൻ പതിപ്പുകൾ പ്രസ്താവനകളുടെ / കത്തുകളുടെ മദ്ധ്യേ മലങ്കര സഭയെ തേജോവധം ചെയ്യാൻ ശ്രമിച്ചു എന്നുള്ളത് ദുഖകരമായ സംഗതിയാണ്. തന്നെയുമല്ല ഒരു റിട്ടയർ ചെയ്ത ഹൈക്കോർട്ട് ജഡ്ജ് നീതി നടപ്പാക്കുന്നില്ല എന്ന് വ്യക്തമായി ആക്രോശിക്കുന്നതു കേൾക്കുവാനിടയായി. എന്തുകൊണ്ടാണ് പാശ്ചാത്യ സഭകളും, മുസ്ലിം മതത്തിലെ ചില തല്പരകക്ഷികളും ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കാതെ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്? അതുപോലെ കമ്യൂണിസ്റ്റു പാർട്ടികളും, കോൺഗ്രസ്സ് പാർട്ടിയിലെ ഒരു വലിയ ഭൂരിപക്ഷവും വിധി നടത്തിപ്പിനെ എതിർക്കുന്നു? എന്നാൽ ഇവിടുത്തെ ഹൈന്ദവ സംഘടനകളും, ഹിന്ദുത്വ തത്വചിന്തയിൽ അടിസ്ഥാനമിട്ടു പ്രവർത്തിക്കുന്ന രഷ്ട്രീയ സാമൂഹിക സംഘടനകളും മലങ്കര സഭക്ക് ഒപ്പം നിൽക്കുന്നു ? ചിന്തിക്കേണ്ട വിഷയമാണ്.
പാശ്ചാത്യ സഭകളുടെ ഇന്ത്യൻ പതിപ്പുകൾ.
സീറോ – മലബാർ കൂട്ടായ്മ, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ സഭ തുടങ്ങിയ സഭകളാണ് ഈ അട്ടിമറിയുടെ ഏറ്റവും മുൻപിൽ നിൽക്കുന്നത്. സിറോ-മലബാർ സഭ വിധി നടത്തിപ്പു മാറ്റിവെക്കണമെന്നും, സമാധാനമായി പരിഹരിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. മാർത്തോമ്മാ സഭ വിഘടിത വിഭാഗത്തിലെ ഗ്രീഗോറിയോസ് തിരുമേനിക്ക് സഹായവും, സിമ്പതിയും വാഗ്ദാനം ചെയ്തുകൊണ്ട് കോടതി നടപടികൾ ശരിയായില്ല എന്ന് കത്തയയ്ക്കുന്നു. മലങ്കര കത്തോലിക്കാ റീത്തുസഭ ഒരുപടി കൂടിക്കടന്നു തങ്ങളുടെ ആളില്ലാത്ത പള്ളികൾ യാക്കോബായ സഭക്ക് ഉപയോഗിക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു.
എന്തുകൊണ്ടാണ് മലങ്കര സഭയുടെ / കോടതിയുടെ വിധികൾ നടപ്പിലാക്കാൻ ഈ പാശ്ചാത്യ കൊളോണിയൽ ഉത്പന്നങ്ങൾ സംഘടിതമായി ശ്രമിക്കുന്നതു? സുപ്രീം കോടതി വിധികളും ഈ സഭകളുടെ ഉത്ഭവ ചരിത്രവും പഠിച്ചാൽ നമുക്ക് കാര്യങ്ങൾ വ്യക്തമായി മനസിലാകും. മലങ്കര സഭയുടെ നാശത്തിലൂടെയേ അവർക്കു ഇന്ത്യയിൽ ചരിത്രപരമായ നിലനിൽപ്പുള്ളൂ എന്നുള്ളതാണ് ഒന്നാമത്തെ യാഥാർഥ്യം. മലങ്കര സഭയുടെ ഭാഗമായിരുന്ന ചുരുക്കം ചില മലങ്കര നസ്രാണികളെ പണം കൊടുത്തും, മറ്റു അനായാസ ജീവിത മാർഗ്ഗങ്ങൾ കൊടുത്തും പ്രലോഭിപ്പിച്ചു ഈ വിദേശ സഭകളുടെ ഇന്ത്യൻ പതിപ്പുകൾ സൃഷ്ടിക്കുകയും അതിലേക്കു മറ്റു ജാതികളിൽ നിന്നും കൂട്ടായ മതപരിവർത്തനം നടത്തിയും സൃഷ്ടിച്ചെടുത്ത സഭകളാണ് സീറോ-മലബാർ സഭയും, മലങ്കര കത്തോലിക്കാ സഭയും. എന്നാൽ മാർത്തോമ്മാ സഭ തിരുവല്ല കേന്ദ്രീകരിച്ചു ഉണ്ടായ ഒരു മലങ്കര നസ്രാണി പുരോഹിതൻ്റെ ആംഗ്ലിക്കൻ മിഷ്ണറിമാരുടെ അപഥ സഞ്ചാരത്തിൻ്റെ പരിണിതഫലമാണ്. എന്നാൽ അന്ന് അന്ത്യോക്യൻ പാത്രിക്കീസിനെ എതിർത്ത് മലങ്കര സഭ സ്വതന്ത്രമാണെന്നു വാദിച്ചവരുടെ പിൻഗാമി തന്നെയാണ് ഇപ്പോൾ സുറിയാനി സഭകൾ പാത്രിക്കീസിൻ്റെ അടിയിൽ പോകണമെന്നു വാദിക്കുന്നതു, അതിനും പലരും കാണാത്ത മാനങ്ങളുണ്ട് എന്നുള്ളതാണ് വസ്തുത.
ഇന്ന് സുറിയാനി സഭകൾ എന്നറിയപ്പെടുന്ന എല്ലാ സഭകളുടെയും ചരിത്രപരമായ നിലനിൽപ്പ് ബഹുമാനപെട്ട സുപ്രീം കോടതി വിധിപ്രകാരം മലങ്കര സഭയിലൂടെ ആണ് എന്നുള്ളതാണ്. ആ മലങ്കര സഭയോ 1490 -വരെയും സുറിയാനിസഭയുടെ പാരമ്പര്യമോ, ആചാരങ്ങളോ ഇല്ലാതിരുന്ന തനി ഇന്ത്യൻ സഭയായിരുന്നു എന്നുള്ളതാണ് വസ്തുത. അതായത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുറകോട്ടുള്ള ചരിത്രം വീണ്ടും വിചിന്തനം ചെയ്യപ്പെട്ടാൽ ഇന്നുള്ള എല്ലാ സുറിയാനി സഭകളുടെയും നിലനിൽപ്പ് മലങ്കര മൂപ്പൻ്റെയും മലങ്കര സഭയുടെയും ചരിത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. അതുപോലെ സുപ്രീം കോടതി വിധിപ്രകാരം മലങ്കര നസ്രാണിയത്തിൻ്റെ കസ്റ്റോഡിയൻ മലങ്കര മൂപ്പനാകായൽ മലങ്കര സഭയുടെ എല്ലാ സ്ഥാപനങ്ങളുടെയും കസ്റ്റോഡിയൻ അദ്ദേഹമായി മാറുന്നു. അതായതു ചരിത്രപരമായി ഉരുത്തിരിഞ്ഞ ഈ ഇൻസ്റ്റിറ്റിയൂഷൻ നാളെ തൻ്റെ പദവി തിരിച്ചറിയുകയും സീറോ -മലബാറുകാരും, മാർത്തോമക്കാരും കൈയ്യടക്കിവെച്ചിരിക്കുന്ന പള്ളികളും, സ്ഥാപനങ്ങളും (ഇവരുടെ പിരിഞ്ഞുപോക്കലിന് മുൻപുള്ള) തിരിച്ചു ചോദിച്ചാൽ അത് ഈ വിദേശ ഇടപെടലിൽ ഉണ്ടായ ഉത്പന്നങ്ങളുടെ അസ്തിത്വത്തെ ബാധിക്കും എന്നവരറിയുന്നു എന്നുള്ളതാണ്. തന്നെയുമല്ല അക്രൈസ്തവരായ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ഉത്ഭവ രൂപീകരണങ്ങൾ തിരിച്ചറിഞ്ഞാൽ തങ്ങളുടെ നൂതന അവകാശവാദങ്ങൾ അപഹാസ്യമാക്കപ്പെടും എന്ന് അവർ ഭയക്കുന്നു. അതുകൊണ്ടു അവർ മലങ്കര സഭയെന്ന ഏക പുരാതന സഭയെ തകർക്കാൻ ശ്രമിക്കുന്നു.
കമ്യൂണിസ്റ്റു പാർട്ടികളും, കോൺഗ്രസ് നേതൃത്വങ്ങളും.
കമ്യൂണിസ്റ്റു പാർട്ടികൾക്ക് സാമുദായിക, മത പ്രഷർ ഗ്രൂപ്പുകളെ നശിപ്പിക്കുക എന്നുള്ളത് അവരുടെ സാർവദേശീയ അജണ്ടയാണ്. അത് അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്. മലങ്കര നസ്രാണികളുടെ ഐക്യം അതുകൊണ്ടു അവർ തീർച്ചയായും എതിർക്കുമെന്നു മാത്രമല്ല, അവരെ നശിപ്പിക്കുക എന്നുള്ളത് അവരുടെ ഒളിച്ചു വെയ്ക്കപെട്ട അജണ്ട കൂടെയാണ്. ലോക രാഷ്ട്രീയ രംഗത്ത് നിർമാർജ്ജനം ചെയ്യപെട്ടു കൊണ്ടിരിക്കുന്ന കമ്യൂണിസം എല്ലായിടങ്ങളിലും ദേശീയതയെ പിന്താങ്ങുന്ന, തനതു സമുദായങ്ങളെ ഒറ്റുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. തന്നെയുമല്ല മലങ്കര നസ്രാണികളും മലങ്കര സഭയും ദേശീയതയിൽ ഒന്നിച്ചാൽ കമ്യൂണിസ്റ്റുകളുടെ പല അജണ്ടകളും നടക്കുകയില്ല എന്നുള്ളത് അവർക്കു നന്നയി അറിയാം. അതുകൊണ്ടു ഈ പാർട്ടികൾ സഭകളുടെ സഹായികളായി കടന്നുകൂടുകയും ഈ വഴക്കുകൾ കൂടുതൽ സങ്കീർണമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.
കോൺഗ്രസിൻ്റെ പ്രശ്‍നം എന്തെന്നുള്ളത് ഓരോ നേതാക്കളുടെയും അരിപ്രശ്നംവും ഇസ്ലാമിക തീവ്രവാദത്തിൽ ഹൈജാക്ക് ചെയ്യപ്പെട്ട അവസ്ഥയും പരിഗണിച്ചുള്ളതാണ്. അടുത്തകാലത്ത് അതിൽ നിന്നും അവർക്കു മോചനമുണ്ടന്നു കരുതുക വയ്യ.
മുസ്‌ലിം സംഘടനകളും തീവ്രവാദി ഇസ്ലാമിസ്റുകളും
ഇന്ന് കോതമംഗലം തുടങ്ങിയ പള്ളികളിൽ വളരെ ആശങ്കാജനകമായ ഇസ്ലാമിക തീവ്രവാദികളുടെ ഇടപെടൽ നടക്കുന്നു എന്നുള്ളത് ഇന്ത്യൻ രാജ്യരക്ഷ സംഘടനകളുടെ നിരീക്ഷണത്തിലുള്ളതാണ്. അതിനെക്കുറിച്ചു അന്വേഷണങ്ങൾ നടക്കുന്നതുകൊണ്ടു പ്രതികരിക്കുവാൻ കഴിയുകയില്ല. എങ്കിലും എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകൾ ഈ വിഷയത്തിൽ കോടതി വിധികൾക്കെതിരെ നിലപാടുകൾ എടുക്കുന്നു എന്നുള്ളത് ചിന്തിച്ചാൽ മനസിലാകുന്നതാണ്. അടുത്തകാലത്ത് ഹാഗ്ഗിയ സോഫിയ പള്ളിയുടെ വിഷയത്തിൽ തുറന്ന നിലപാടെടുത്ത മുസ്‌ലിം നേതൃത്വം എന്താണ് വിരൽ ചൂണ്ടുന്നത് എന്ന് സർവർക്കും മനസിലാകുന്നതാണ്. അതായതു കേരളത്തിൻ്റെ സാമൂഹിക / മത അന്തരീക്ഷത്തിൻ്റെ തീവ്രവത്കരണം ഏറ്റവും ആപത്കരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതു. അതിൽ വിഘടിത മലങ്കര പൗരോഹിത്യ നേതൃത്വം തീകൊണ്ടാണ് കളിക്കുന്നത് എന്ന് പറയേണ്ടതില്ലലോ.
എന്തുകൊണ്ട് ഹിന്ദുക്കളും, ഹിന്ദുത്വ സംഘടനകളും മലങ്കര സഭയെ പിന്തുണക്കുന്നു.
ഇതു ചരിത്രപരമായ നിയോഗമാണ്, നൂറ്റാണ്ടുകളുടെ ആത്മബന്ധമാണ് ഹിന്ദുക്കളോടും ഹൈന്ദവികതയോടും മലങ്കര നസ്രാണികൾക്കുള്ളതു. അവരുടെ ചരിത്രം ഇഴപിണഞ്ഞു കിടക്കുന്നു എന്നുള്ളതാണ് വാസ്തവം. അതു തിരിച്ചറിഞ്ഞു ആദ്യം പ്രതികരിച്ചത് RSS ആചാര്യനായ സുദർശൻ അവർകൾ തന്നെയാണ്. അന്ന് മലങ്കര സഭയോട് സഹകരിക്കാൻ അവർ തയാറായിരുന്നിട്ടും മലങ്കര സഭയിലെ ഇടതുപക്ഷ ചാരന്മാരാണ് അതിനു തുരങ്കം വെച്ചത് എന്ന് ഓരോ മലങ്കര നസ്രാണിയും ഓർക്കേണ്ടതാണ്. ഇന്ന് കാര്യങ്ങൾ മാറിവരുന്നുണ്ട് എന്നുള്ളതിലും, പല മലങ്കര സഭ നേതാക്കളും അവരുടെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ തുടങ്ങിയെന്നുള്ളതും ആശാവഹമാണ്.
മലങ്കര സഭാ വഴക്കിൽ ബഹുമാനപെട്ട സുപ്രീം കോടതി വിധികളെ അട്ടിമറിക്കാൻ എന്തുകൊണ്ട് മുകളിൽപ്പറഞ്ഞ നേതൃത്വങ്ങൾ ശ്രമിക്കുന്നു എന്നുള്ളതിന് യുക്തിപരമായ വിശദീകരണം ഇതാണ്. ചിലകാര്യങ്ങൾ തുറന്നുപറയുന്നതിലുള്ള നിസ്സഹായതയുണ്ട് എങ്കിലും വ്യക്തമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട് എന്നുതോന്നുന്നു.
മലങ്കര സഭാനേതൃത്വം അടിയന്തിരമായി ചെയ്യേണ്ടകാര്യങ്ങൾ.
1) കോടതിവിധി നടത്തിപ്പിനാധാരമായ കാര്യങ്ങളിൽ പിന്നോട്ടു പോകാതെ വർത്തിക്കുക.
2) മലങ്കര സഭയ്ക്ക് തിരിച്ചു കിട്ടിയ പള്ളികളിൽ അവിടത്തെ അല്മയക്കാരുമായി ഇടപെടലുകൾക്കു ഇടവക തലത്തിലെ മഹത് വ്യക്തിത്വങ്ങളെ നിയോഗിക്കുക
3) മാർത്തോമക്കാരുമായി പങ്കുവെക്കപ്പെടുന്ന പള്ളികളും, കത്തോലിക്കർ മലങ്കര സഭയിൽ നിന്നു പിടിച്ചെടുത്തു കൈവശം വെക്കുന്ന പള്ളികളുടെയും കാര്യത്തിൽ വിചിന്തനം ചെയ്യുന്നതിന് ഒരു വിദഗ്ധസമിതിയെ നിയോഗിക്കുക. നടപടികൾ പുറത്താകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
4) മലങ്കര നസ്രാണികളുടെ എല്ലാ ചരിത്ര രേഖകളും സൂക്ഷിക്കാൻ ഒരു മ്യൂസിയം മലങ്കര മൂപ്പൻ്റെ കസ്റ്റോഡിയൻഷിപ്പിൽ പണിയുകയും നമുക്ക് നഷ്ടപെട്ട എല്ലാ ചരിത്ര രേഖകളും (മാർത്തോമക്കാർ അടിച്ചുമാറ്റിയിട്ടുള്ളത് അടക്കം) തിരിച്ചു കൊണ്ടുവരുവാൻ ഉള്ള നയപരവും നിയമപരവുമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുക.
കക്ഷി ഭേദമെന്യേ എല്ലാ മലങ്കരനസ്രാണികളുടെയും ഐക്യത്തിനായി നോക്കിപ്പാർക്കുന്നു.
Reference : https://www.facebook.com/thomas.george.148/posts/1796126990518057
മലങ്കര സഭാ വഴക്കുകളും കേരളത്തിൻ്റെ രാഷ്ട്രീയ സാമുദായിക സാമ്പത്തിക സമവാക്യങ്ങളും .