സത്യം അറിയാതെ ബോധപൂർവ്വം സഭയെ വിമർശിക്കുന്നവർ നടത്തുന്നത് നികൃഷ്ട വിമർശനം
വിശുദ്ധ മാർത്തോമ സ്ലീഹായാൽ ഭാരതത്തിൽ നട്ട് വളർത്തപ്പെട്ട സഭയാണ് മലങ്കര സഭ. ഇതിൻ്റെ കാലാകാലങ്ങളിലുള്ള വളർച്ചയ്ക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. ഈ സഹായങ്ങളെല്ലാം സ്വീകരിക്കുന്നതോടൊപ്പം തന്നെ സ്വതന്ത്രവും തദ്ദേശീയവും ആയ ഒരു സഭ എന്ന നിലയിൽ ഈ സഭ ഭാരതത്തിൽ വളർന്നുവന്നു. ഇതിൻ്റെ സ്വാതന്ത്ര്യവും വിശ്വാസവും കാത്തുസൂക്ഷിക്കുവാൻ പിതാക്കന്മാർ സഹിച്ച ത്യാഗങ്ങളും, കഷ്ടപ്പാടുകളും നമുക്ക് വിസ്മരിക്കാവുന്നതല്ല. ഇപ്പോൾ സഭ കടന്നു പോകുന്നത് വളരെ പ്രയാസത്തിലാണ്. താൽക്കാലികമായ ഒരു തട്ടിക്കൂട്ട് സമാധാനം അല്ല, ശാശ്വതമായ സമാധാനം ആണ് സഭ ആഗ്രഹിക്കുന്നത്.
നൂറിലധികം വർഷത്തെ തലനാരിഴ കീറിയുള്ള പഠനവും, വാദപ്രതിവാദങ്ങളും ആണ് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത്. കീഴ്കോടതി മുതൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വരെ ഇതിൻ്റെ എല്ലാ വശങ്ങളും പഠിച്ച് പരിശോധിച്ചശേഷമാണ് ഒരു പൂർണമായ വിധിപ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. നിങ്ങൾക്ക് ഇത് വിശ്വാസത്തിന് കാര്യമാണെങ്കിൽ ഒരു പ്രത്യേക ട്രൈബ്യൂണലിനെ കൊണ്ട് അന്വേഷിച്ച് പരിഹരിക്കാവുന്നതല്ലെ എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ചോദിച്ചപ്പോൾ, ഇത് വിശ്വാസത്തിൻ്റെ പ്രശ്നം അല്ല, സുപ്രീംകോടതി തന്നെ വിധി പറഞ്ഞാൽ മതി എന്ന് ശഠിക്കുകയും, നാനൂറിലധികം പ്രാവശ്യം പലവിധ തടസ്സവാദങ്ങൾ ഉന്നയിച്ച് വിധിപറയുന്നത് മാറ്റിവയ്ക്കുകയും പിന്നീട് ധാരാളം വാദപ്രതിവാദങ്ങൾ ഉണ്ടാകുകയും ഇങ്ങനെ വർഷങ്ങളോളം നീണ്ട പഠനത്തിനും, വാദത്തിൻ്റെയും ഫലമായിട്ടാണ് 2017-ൽ അന്തിമമായ ഒരു വിധി ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്ന് വിഷയത്തിൽ ഉണ്ടാക്കുന്നത്.
ഈ വിഷയം സുപ്രീംകോടതി തന്നെ വിധിന്യായം പറയണം എന്ന് ശഠിച്ച വരാണ് ഇന്ന് വിധിയെ ധിക്കരിക്കാൻ ശ്രമിക്കുന്നത്. അനുരഞ്ജന ചർച്ചകൾ ഉണ്ടാകേണ്ടത് അന്തിമ വിധി വരുന്നതിന് മുമ്പ് ആയിരുന്നു. അന്ന് അതിനുള്ള എല്ലാ സാധ്യതകളെയും തള്ളിക്കളയും, അത്തരം സാഹചര്യങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയും ചെയ്തവർ തെറ്റിദ്ധാരണ പരത്തുകയും മറ്റുള്ളവരുടെ കൂട്ടുപിടിച്ച് താൽക്കാലികമായ ലാഭത്തിനു വേണ്ടി സാധാരണക്കാരായ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. ചില സ്വയംപ്രഖ്യാപിത അഭിനവ വക്താക്കളും, നേതാക്കന്മാരും പക്ഷം പിടിച്ച് കോടതിവിധിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും പ്രബുദ്ധരായ ഒരു സമൂഹത്തിന് ചേർന്നതല്ല.
പരിശുദ്ധ സഭ ഒരു ദേവാലയത്തിൽ നിന്നും ആരെയെങ്കിലും പുറത്താക്കണം എന്ന് പറഞ്ഞിട്ടില്ല. ഈ സഭ ആർക്കും എതിരല്ല. എല്ലാവരും ഒത്തു ചേർത്തു ഒരു സ്വതന്ത്ര സഭയായി ഭാരതത്തിൽ വളരണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ഈ സഭയുടെ വളർച്ചയ്ക്ക് സഹായിച്ചിട്ടുള്ള എല്ലാവരെയും സഭ നന്ദിപൂർവ്വം സ്മരിക്കുന്നു. റോമിലെയും അലക്സാണ്ട്രിയയിലെയും, അന്ത്യോഖ്യയിലെയും അങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ സഭകളും ആയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം എന്നാണ് ഈ സഭ ആഗ്രഹിക്കുന്നത്. എന്നാൽ അത് മറ്റൊന്നിൻ്റെ വാലായി പ്രവർത്തിക്കുന്നതിനോ, ഒന്നിനു മേൽ അധീശത്വം സ്ഥാപിക്കുന്നതിനോ ഇടയാകരുത്. ഈ സഭയ്ക്ക് അതിൻ്റെതായ സ്വാതന്ത്ര്യവും, സ്വയംഭരണാവകാശവും ഉണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് ഈ സഭയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കി. ഒരു സംഘടനാ ആശയം ഭാരതത്തിൽ ഉണ്ടാകുന്നതിനു മുമ്പ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന മലങ്കര അസോസിയേഷൻ എന്ന രീതി ഈ സഭയിൽ നിലവിൽ വന്നു. ഇത് ഈ സഭയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ച പിതാക്കന്മാരുടെ ക്രാന്തദർശനത്തിൻ്റെ ഫലമാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരുമായി ചേർന്ന് പാലകുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് അന്ത്യോക്യൻ നുകം മലങ്കരസഭയിൽ എത്തപ്പെട്ടത്. മലങ്കര സഭയുടെ മാറിൽ കയറ്റിവച്ച ഈ ഭാരം പുലിക്കോട്ടിൽ തിരുമേനിയും, വട്ടശ്ശേരിൽ തിരുമേനിയും പൊട്ടിച്ച് മാറ്റി എടുത്തുകളയാൻ ഒരു പുരുഷായുസ്സ് മുഴുവൻ പരിശ്രമിച്ചു. 1912 -ലെ കാതോലിക്കാ സ്ഥാപനം, 58, 95, 2017 കാലഘട്ടങ്ങളിൽ ഉണ്ടായ വിധിന്യായങ്ങൾ ഒക്കെ ഇതിൻ്റെ ചീളുകൾ ഈ സഭയുടെ വിരിമാറിൽ നിന്ന് എടുത്തു കളയുവാൻ ഉതകുന്നതുമാക്കി. വിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമൊടെ വാണരുളുന്ന ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് രണ്ടാമൻ ബാവ തിരുമേനിയുടെ കാലത്താണ് പരിപൂർണ്ണമായ സമാധാനം സഭയ്ക്ക് ലഭിക്കുന്നത്. ഇതിനുമുമ്പ് ആ സിംഹാസനത്തിൽ വാണരുളിയ പിതാക്കന്മാർ എല്ലാം ഈ സൗഭാഗ്യം കാണുവാൻ ആഗ്രഹിച്ചവർ ആയിരുന്നു. മലങ്കര സഭയുടെ സമാന്തരമായി ഒരു സംവിധാനവും ഇല്ല എന്ന് ബഹുമാനപ്പെട്ട കോടതി ശക്തമായി പ്രഖ്യാപിച്ചു.
വിധി ഞങ്ങൾക്ക് ബാധകമല്ല, നിയമം ഞങ്ങൾ അനുസരിക്കില്ല എന്ന രീതിയിൽ ധാർഷ്ട്യത്തോടെ ഒരു വിഭാഗം ഇതിനെതിരായി പ്രവർത്തിച്ച് നിയമം കൈയിലെടുക്കാൻ ശ്രമിക്കുമ്പോൾ വിരമിച്ച ന്യായാധിപന്മാർ ഉൾപ്പെടെയുള്ള ആളുകൾ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. അവർ നടത്തിയ വിധിന്യായങ്ങൾ പരിശോധിച്ചാൽ തന്നെ അവരുടെ ഇപ്പോഴത്തെ വിമർശനങ്ങളുടെ വൈരുദ്ധ്യം മനസ്സിലാക്കുവാൻ കഴിയും. ഒരുകാലത്ത് വിധി സഭയ്ക്കെതിരെ വന്നപ്പോൾ അതനുസരിച്ച് മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനമായ കോട്ടയം പഴയ സെമിനാരിയിൽ നിന്ന് ഇറങ്ങി കൊടുത്ത പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളത്. മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന വട്ടശ്ശേരി തിരുമേനിയുടെ അംഗരക്ഷകനെ വധിക്കുവാൻ ശ്രമിച്ചതും ചരിത്രത്താളുകളിൽ മായാതെ കിടക്കുന്നു. അക്കാലത്ത് മാധ്യമങ്ങളുടെ അതിപ്രസരമോ, സോഷ്യൽ മീഡിയയോ ഇല്ലാത്തതുകൊണ്ട് ഇതൊന്നും അധികം ആരും അറിഞ്ഞിരുന്നില്ല.
തങ്ങളുടെ ആദായം നഷ്ടമാകും എന്ന കാരണത്താൽ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ അരാജകത്വവും അക്രമവും അഴിച്ചുവിട്ടു സാധാരണ വിശ്വാസികളെ ഇരുട്ടിലേക്ക് നയിക്കുന്നവർ ക്രിസ്ത്യാനിയല്ല. മലങ്കര സഭയുടെ വളർച്ചയിൽ അസൂയ പൂണ്ട ചില നേതാക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ വിമർശിക്കുകയും, തങ്ങളാൽ ആവുന്ന വിധം നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിൻ്റെ പ്രകടമായ ദൃഷ്ടാന്തമാണ് പക്ഷം പിടിച്ചുള്ള അനവസരത്തിലെ ഇവരുടെ അഭിപ്രായ പ്രകടനങ്ങളും, സഭയ്ക്ക് നേരെയുള്ള വിമർശനങ്ങളും. എന്നാൽ നാം ഒന്നോർക്കണം. ഈ സഭ ദൈവത്താൽ നയിക്കപ്പെടുന്ന സഭയാണ്. അവർ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും സകല ദുർ വചനങ്ങളെയും നിങ്ങളുടെ നേരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ…. ഈ വചനം നമ്മുടെ ശക്തികരിക്കട്ടെ.
ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ രണ്ടാം പെരുന്നാളിൽ ഓതറ സെൻറ് ജോർജ് ദയറായിൽ വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത.
പള്ളികളില്‍ നിന്ന് വിശ്വാസികളെ പുറത്താക്കിയിട്ടില്ല: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്