OVS - Latest NewsSAINTS

ശമുവേൽ:- യഥാർത്ഥ യഹോവ ഭക്തൻ

ഇസ്രായേലിലെ വലിയ ഒരു പ്രവാചകനായി ശമുവേൽ കണക്കാക്കപ്പെടുന്നു(അപ്പൊ. പ്രവൃ. 3:24). അദ്ദേഹം ഏലി പുരോഹിതൻ്റെ പിൻഗാമിയായിത്തീർന്നു (1 ശമു. 13: 13). എഫ്രയീമ്യനായ ഏല്ക്കാനായുടെയും ഹന്നായുടെയും പുത്രനായി ശമുവേൽ ജനിച്ചു. വളരെ നാൾ മക്കൾ ഇല്ലാതിരുന്ന ഹന്നായ്ക്ക് തൻ്റെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ശമുവേലിനെ ലഭിച്ചത്. ഞാൻ യഹോവയോട് അപേക്ഷിച്ചു വാങ്ങി (1 ശമു. 1:21) എന്നു പറഞ്ഞാണ് അവന് ശമുവേൽ എന്ന് പേർ ഇട്ടത്. ഈ വാക്കിൻ്റെ അർത്ഥം “ദൈവത്താൽ കേൾക്കപ്പെട്ടവൻ ” എന്നാണ്‌.

മുലകുടിമാറിയ ശമുവേലിനെ മാതാവായ ഹന്നാ തൻ്റെ പ്രതിജ്ഞ നിർവ്വഹിക്കുവാൻ ദേവാലയത്തിൽ ഏലി പുരോഹിതൻ്റെ പക്കൽ ഏല്പിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ശമുവേലിന് ദൈവത്തിൻ്റെ അരുളപ്പാടുകൾ ലഭിച്ചിരുന്നു (1 ശമു 3: 1-21). ദാൻ മുതൽ ബേർ ശേബ വരെയുള്ള യിസ്രായേലൊക്കെയും, ശമുവേൽ യഹോവയുടെ വിശ്വസ്ത പ്രവാചകനാണെന്ന് അംഗീകരിച്ചു (1 ശമു. 3: 20)

ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യിസ്രായേൽ തോൽക്കുകയും നിയമപെട്ടകം പിടിച്ചടക്കുകയും ചെയ്തു. ഇതേ തുടർന്ന് ഏലി പുരോഹിതൻ അന്തരിച്ചു. ഇതോടെ അഹരോൻ കുടുംബത്തിലെ പൗരോഹിത്യം അവസാനിച്ചു. ശാമുവേൽ ലേവി ഗോത്രക്കാരനാണ്. പൂർണ്ണ ഹൃദയത്തോടെ യഹോവയിലേക്ക് തിരിയാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. യിസ്രായേല്യർ ഫെലിസ്ത്യരെ തോൽപ്പിച്ചതിന്റെ സ്മാരകമായി മിസ്പയ്ക്കും ശേനിനും, മധ്യേ ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചിരിക്കുന്നു എന്ന അർത്ഥത്തിൽ “എബനേസർ” എന്ന പേരിൽ ഒരു കല്ലു നാട്ടി. ആണ്ട് തോറും ബെഥേലിലും, ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ച ശേഷം ഇസ്രായേലിനു ന്യായപാലനം ചെയ്തു. ഇസ്രായേൽ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട്, ശമുവേൽ ശൗലിനെ രാജാവായി വാഴിച്ചു.

ശൗൽ ദൈവത്തിന് അനിഷ്ടൻ ആയപ്പോൾ ദൈവത്തിൻ്റെ നിയോഗപ്രകാരം ദാവീദിനെ ഇസ്രായേലിൻ്റെ രാജാവായി ശാമുവേൽ അഭിഷേകം ചെയ്തു. ശമുവലിൻ്റെ മരണത്തിൽ എല്ലാ യിസ്രായേല്യരും വിലപിക്കുന്നുണ്ട്. (1 ശമുവേൽ 25:1) സ്വദേശമായ രാമയിൽ ശമുവേലിനെ അടക്കം ചെയ്തു. അവസാനത്തെ ന്യായാധിപനും, ആദ്യത്തെ പ്രവാചകനും എന്ന് ശാമുവേലിനെ വിശേഷിപ്പിക്കാം.

Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

error: Thank you for visiting : www.ovsonline.in