മലങ്കര ഓർത്തഡോക്സ് സഭയ്ക്കായി നമുക്ക് ഉണരാം
സീറ്റ് ചർച്ചകളും ഗ്രൂപ്പ് വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറയുന്ന ഒരു തിരഞ്ഞെടുപ്പ് കാലംകൂടി ആഗതമായി. ജനാധിപത്യ മൂല്യത്തിൽ വിശ്വസിക്കുന്ന പൗരന് തിരഞ്ഞെടുപ്പുകൾ അവസരത്തിന്റെതും പ്രതികരണത്തിന്റെതുമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ അതിപ്രഗൽത്ഭരായ നേതൃനിരയെ സംഭാവന ചെയ്യുവാൻ കഴിഞ്ഞ പൗരാണിക സഭയാണ് നമ്മുടേത്. ഇലഞ്ഞിക്കൽ ജോൺ വക്കീൽ,സി.എം സ്റ്റീഫൻ, പി.സി അലക്സാണ്ടർ തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്.
കഴിഞ്ഞ പത്തു വർഷത്തിലധികമായി രാഷ്ട്രീയ രംഗത്ത് നമ്മുടെ സഭാംഗങ്ങളുടെ സാന്നിദ്ധ്യവും അവർക്ക് ലഭിക്കുന്ന പ്രാതിനിധ്യവും വല്ലാതെ കുറഞ്ഞുപോയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭകളിൽ അംഗസംഖ്യകൊണ്ട് രണ്ടാം സ്ഥാനത്തുള്ള ഈ സഭയെ എന്തുകൊണ്ട് ഇരു മുന്നണികളും അവഗണിക്കുന്നു എന്ന് നാം അടിയന്തിരമായി അന്വേക്ഷിക്കേണ്ടിയിരിക്കുന്നു.ഓർത്തഡോക്സ് സഭാംഗങ്ങൾ മത്സരിച്ചു വന്ന സീറ്റുകളിൽ പല കാരണങ്ങൾ പറഞ്ഞു കൈക്കലാക്കുകയും പകരം മറ്റു ഇടങ്ങളിൽ ആവശ്യപ്പെടുമ്പോൾ പല കാരണങ്ങൾ പറഞ്ഞു അവഗണിക്കുകയും ചെയ്യുന്നത് ഇപ്പോൾ രാഷ്ട്രീയക്കാർക്ക് ശീലമായിട്ടുണ്ട്.നമ്മുടെ വിശ്വാസികൾ എന്ത് പറഞ്ഞാലും അവർക്ക് വോട്ട് ചെയ്തോളും എന്ന ചിന്തയാണ് ഈ അബദ്ധ ധാരണകൾക്ക് അടിസ്ഥാനം. തിരുവല്ലയും, മാവേലിക്കരയും, അടൂരും, കൊട്ടാരക്കരയുമൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മുടെ വിശ്വാസികൾ വേണ്ടി വന്നാൽ മാറി ചിന്തിക്കും എന്ന സൂചന നൽകിയിട്ടും വീണ്ടും സഭയോടുള്ള അവഗണന തുടരുകയാണ്.
ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു നമ്മുടെ വിശ്വാസികൾ കൂടുതൽ തീക്ഷ്‌ണമായി പ്രതികരിച്ചാൽ മാത്രമേ ഇനിയും നമുക്ക് രാഷ്ട്രീയപരമായി എന്തെങ്കിലും നേടിയെടുക്കാൻ കഴിയൂ.അംഗസംഖ്യയിൽ തുലോം പരിമിതമായ സഭകൾക്ക് പോലും പ്രാതിനിധ്യം അരമനകളിൽ കൊടുക്കുമ്പോൾ നാം മാത്രം അവഗണിക്കപ്പെടുന്നു. ആരുടെയൊക്കൊയോ ധാർഷ്ട്യ ചിന്താഗതികൾ അതിന്റെ പിന്നിലുണ്ട്. സമയമാകുമ്പോൾ എന്തെങ്കിലും നടക്കാത്ത വാഗ്ദാനങ്ങൾ നൽകി ഈ സഭയെ കൂടെ നിർത്താം എന്നാവാം അവരുടെ ചിന്ത.
അയ്യായിരത്തിൽ താഴെ ഭൂരിപക്ഷവുമായിട്ടാണ് എല്ലാ ജനപ്രതിനിധികളും ഇവിടെ ജയിക്കുന്നത്. സഭക്ക് നേരിട്ട അപമാനവും തിരസ്കരണവും നമ്മുടെ വേദനയായി നാം കാണുന്നുവെങ്കിൽ നമുക്ക് പത്രപ്രസ്താവനയും ചാനൽ ചർച്ചകളും ഇല്ലാതെ നിശബ്ദമായി പ്രതികരിക്കാൻ കഴിയണം. ഒരു തിരഞ്ഞെടുപ്പിലെങ്കിലും അത് ഉണ്ടാവാതെ ഇനിയും നമുക്ക് ഉയർത്തെഴുന്നേൽപ്പ് രാഷ്ട്രീയ രംഗത്ത് ഉണ്ടാവുകയില്ല.
രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങൾക്കുപരി സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആണ് നമ്മുടെ വലിയ ആത്മവിശ്വാസം. നേതൃത്വത്തെ അവഗണിച്ചാലും ജനത്തെ കൂടെ നിർത്താം എന്ന ചിലരുടെ പാഴ്കിനാവുകൾക്ക് മറുപടി പറയുവാൻ നേരമായി. എന്നും സഭ നേതൃത്വത്തോട് അടിയുറച്ചു നിന്ന് കൂറ് തെളിയിച്ച നസ്രാണി പൗരുഷം വീണ്ടും തെളിയിക്കപ്പെടാൻ നമുക്ക് അണിചേരാം. രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബദലായി സഭയുടെ യശസ്സിനായി ജാനാധിപത്യപരമായ ശബ്ദം ഉയർത്തുവാൻ നമുക്ക് ഉണരാം. ഇനിയും മൗനം പാലിച്ചാൽ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് നാം മായിക്കപ്പെടും എന്ന തിരിച്ചറിവോടെ നമുക്ക് ഉണരാം.
പരിശുദ്ധ സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഭദ്രാസന മുഖപത്രമായ ‘ബഥേൽ പത്രിക’യിലെ പുതിയ ലക്കത്തിൽ എഴുതിയ മുഖപ്രസംഗം.