നേരമായീ നേരുകേടിൻ വ്യാധിയെ തുരത്താൻ
മഹാവ്യാധികൾക്ക് മുന്നിൽ മനുഷ്യൻ പകച്ചുനിന്ന പഴയൊരു കാലമുണ്ടായിരുന്നു. ശാസ്ത്രീയമായ അറിവോ വിദഗ്ദോപദേശങ്ങളോ ഇല്ലാത്ത മനുഷ്യരെ, വസൂരിയും പ്ലേഗും കോളറയുമൊക്കെ നേരിട്ടത് ഒരു ചരിത്രം. ചുരുട്ടിക്കൂട്ടിയ പായ്ക്കുള്ളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ആചാരങ്ങൾ പോലും നിഷേധിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട കാലം. ഉള്ളിലെവിടെയോ ഉറങ്ങാതെ കിടന്ന പ്രാണനിൽ നിന്നും പൊടിഞ്ഞ നനവുള്ള പ്രാർത്ഥനയുടെ കണ്ണീർ ആയുധമാക്കിയാണ് അന്ന് ഓരോരുത്തരും പടവെട്ടിയത്.
പള്ളിയിൽ കൂടിനടക്കാനുള്ള ആവേശത്തിൽ മൈലുകൾ പിന്തള്ളാൻ കാലുകൾക്ക് കരുത്തുണ്ടായിരുന്ന കാലം. ദൂരെനിന്നും കൂട്ടമായി എത്തുന്നവരെ പ്രതീക്ഷിച്ചു ”വെളിവുനിറഞ്ഞോരീശോ …’‘ രണ്ടും മൂന്നും വട്ടം പാടി കാത്തിരിക്കുന്ന കത്തനാരന്മാർ. പള്ളിപ്പടി കയറുമ്പോഴേ വന്നവരുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങും. ഉടുപ്പുള്ളവർ ധരിച്ചും ഇല്ലാത്തവർ തോളത്തൊരു കവണി ഇട്ടും. ചിലരൊക്കെ പള്ളിക്കുള്ളിൽ കയറിയാൽ തോളത്തെ കവണി അരയിൽ കെട്ടി നിന്നിരുന്നു. ”യജമാനൻ വരുമന്നേരം…” എന്ന പാട്ടിനെ അന്വർത്ഥമാക്കി.
തുബ്ദേൻ എന്ന ഇൻ്റർവെൽ സംസ്കാരം ഏതാണ്ട് 60=70 ആണ്ട് മുൻപ് വരെ ഇല്ലായിരുന്നു എന്നോർക്കുക. അത്ര ക്ഷീണം ഉള്ളവർ തുബ്ദേനും ഖണ്ഡിപ്പിനും ഇടയ്ക്കുള്ള അൽപസമയം ഇരുന്നു വിശ്രമിച്ചിരുന്നു. നാട്ടുവഴികളിലൂടെ നടന്നാൽ ”ഞങ്ങൾക്കുള്ള കർത്താവേ…” യും, അപ്പന്മാർ ഉറക്കെ ചൊല്ലുന്ന രഹസ്യ പ്രാർത്ഥനകളും കേട്ടിരുന്നു. രണ്ടു മണിക്കൂർ നീളുന്ന വേദപാരായണം. വന്നു കയറിയ പെണ്ണുങ്ങൾ വേദപുസ്തകം വായിക്കുന്നതിനിടയിൽ ഒന്ന് ചാരി ഇരുന്നാൽ കേൾക്കാം സിംഹ ഗർജ്ജനങ്ങൾ. കുടുംബം നൽകിയ രുചികളും കൈപിടിച്ചവർ പങ്കിട്ട ആസ്വാദനങ്ങളും. മറ്റൊരു വഴിയെപ്പറ്റി (അപഥം) ചിന്തിക്കാനേ കഴിയാതിരുന്ന നാളുകൾ. മണ്ണിനോടും മാരകരോഗങ്ങളോടും പോരാടുമ്പോൾ ഒരൊറ്റ പ്രാർത്ഥനയേ അന്നുണ്ടായിരുന്നുള്ളൂ, അധ്വാനിക്കാനുള്ള ആരോഗ്യവും, അളവ് തെറ്റാതെ വേണ്ട മഴച്ചാർത്തും. എന്തായിരുന്നു പിന്നീട് സംഭവിച്ചതെന്ന് പൂർവ്വസൂരികളുടെ ചരിത്രം പറഞ്ഞു തരുന്നുണ്ട്. അവർ ആർജിച്ചെടുത്ത ആത്മബോധത്തിന്റെയും മനക്കട്ടിയുടെയും ഒരു അംശം പോലും പിന്നീടില്ലാതെ പോയിട്ടുണ്ട്.
മഹാമാരിയ്ക്കിടയിൽ മുങ്ങിപ്പോയ തട്ടിപ്പുകളെയും ആൾദൈവങ്ങളെയും പരിഹസിക്കുന്ന കൂട്ടത്തിൽ കൈമുതലായിരുന്ന യഥാർത്ഥ വിശ്വാസവും ഇന്ന് തീർച്ചയായും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചിലരൊക്കെ നിരീശ്വരവാദികളെ പോലെ ചോദിച്ചും തുടങ്ങുന്നു. ഓർക്കണം, ചുറ്റുമുള്ള മുറികളിൽ പാർക്കുന്നവരുടെ നടുവിലുണ്ടായിരുന്ന ആകെ സമ്പത്തായിരുന്ന നെല്ലറയും നിലവറയും ബാങ്കുകളിലെ നോട്ടുകെട്ടുകളായി മാറിയത്. സന്ധ്യാവന്ദന നേരം സ്വീകരണമുറിയിലെ അസംബന്ധ കഥകളുടെ ആരാധന. പട്ടിണികിടന്നും ശേഖരിച്ചിരുന്നത്, ഭാവി പണയം വെച്ചും ലോണെടുക്കുന്നതായി മാറിയത്. ആസ്വാദനങ്ങൾ അന്വേഷിച്ച് നാം വീടുകൾ വിട്ട് തെരുവിലേക്കിറങ്ങി (അപഥം). നമസ്കാരങ്ങളും രഹസ്യ പ്രാർത്ഥനകളും തോറ്റമ്പി, ഗുമ്മുള്ള തെറിപ്പുകളിലേക്ക് വഴിമാറി. ചില പാതിരിമാരും അരകെട്ടി തുള്ളാൻ തയ്യാറായി നിന്നു. ഒരു വിരുന്നുകാര ന്റെ അപമാനത്തെ ഇല്ലാതാക്കുവാൻ കാനാവിലെ കൽഭരണികളെ ആർദ്രമായി നോക്കി വീഞ്ഞാക്കുകയും സമൂഹം തിരിഞ്ഞുനോക്കാത്ത കുഷ്ഠരോഗിക്കും വിധവയ്ക്കും കൂനിയ്ക്കും വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തവൻ്റെ പേരിൽ ക്ഷണിച്ചുവരുത്തിയവരുടെ മുന്നിലെ പൊറാട്ടുമേളകൾ. Super natural എന്നൊക്കെ കേട്ട് ചിലരെങ്കിലും തരിക്കുന്നുണ്ടാകും. കേൾക്കുക! അപമാനിക്കപ്പെട്ടവൻ ഇന്നും പുറത്തുണ്ട്, കുഷ്ഠരോഗികളും കൂനിയുമൊക്കെ തെരുവിലും… നമ്മുടെയൊക്കെ മുൻഗണനാ പട്ടികളിൽ 20-ഉം 30-ഉം സ്ഥാനത്ത് പോലും എത്തപ്പെടാത്തവർ. അപ്പോൾ യഥാർത്ഥ വിശ്വാസം ഏതു സ്ഥാനത്തായിരിയ്ക്കും. ( St. Luke 18. 8).
ജീവിത നിലവാരം ഓരോ പടി ഉയരുമ്പോഴും കൽപ്പനകളുടെ 10 പടികളും ദ്രവിച്ചു പോയി. എല്ലാ അരുതായ്മകളെയും ആശീർവദിക്കാൻ വേദവാക്യങ്ങളും ദൈവദാസൻമാരും. നോമ്പുകളും പ്രാർത്ഥനകളും ഓപ്ഷണൽ ആയി മാറി. സഹോദരൻ്റെ അതിരു മാന്തിയവനും അമ്മയ്ക്ക് കഞ്ഞിവെള്ളം കൊടുക്കാത്തവനും ഭണ്ഡാരത്തിൽ നിന്ന് പിടുങ്ങുന്നവനും പള്ളിമുറ്റത്ത് ഒരുമിച്ചുകൂടി കള്ളുകുടിക്കുന്നവനും മുക്കാൽപകുതി പുറത്തും അവസാനപകുതി അകത്തും കസേരയിലുണ്ട്. സന്തതി തലമുറകൾ പടിഞ്ഞാറോട്ട് തിരിഞ്ഞു സൊറ പറഞ്ഞ് നടയിലിരിപ്പുണ്ട്. ചിലരുടെ കയ്യിൽ വിലമതിക്കാനാകാത്ത ഉപകരണങ്ങളും ചിലരൊക്കെ അച്ചൻ്റെ മോട്ടിവേഷണൽ സ്പീച് കേൾക്കാനുള്ള ത്രില്ലിൽ. ചിലരുടെ കണ്ണുകൾ മച്ചിലെ കൊത്തുപണികളിൽ. ചിലരാകട്ടെ ഇനി നടത്തേണ്ട അഴിച്ചു പണികളുടെ മനകോട്ടയിൽ. ജീവിതത്തിൻ്റെ കേന്ദ്രമാകണ്ട ക്രിസ്തു (വിശുദ്ധ കുർബാന) നിരാലംബനായി വിശുദ്ധ ത്രോണോസിൽ.
മതസൗഹൃദത്തിൻ്റെ ഈറ്റില്ലമായിരുന്ന കേരളത്തിൽ വോട്ടിനും നോട്ടിനും വേണ്ടി ആരോ എറിഞ്ഞുകൊടുത്ത ഉച്ഛിഷ്ടങ്ങൾക്ക് പിറകെയാണ് മറ്റു ചിലരൊക്കെ വർഗ്ഗീകരണം, സംഘശക്തി, രാഷ്ട്രീയ അവബോധം. ഹൃദയങ്ങൾ ചിന്തേരിടാൻ ഉളിയുരച്ച തച്ചൻ്റെ പിന്മുറക്കാർ കുരിശിനെ കുടൽമാല പിളർക്കുന്ന കുന്തമാക്കിയ ചരിത്രം മുതൽ (crusades).
ശരിക്കും ഒരു പിൻവാങ്ങലിൻ്റെ നേരമാണിത്. നേടിയതും അഹങ്കരിച്ചതുമെല്ലാം അസ്തമയ സീമയിൽ കാണേണ്ടിവരുന്ന നിമിഷങ്ങൾ. ആഘോഷങ്ങളും മേളകളും ആചാരങ്ങളുമെല്ലാം താത്കാലികമായെങ്കിലും അവസാനിച്ചിരിക്കുന്നു. അനിവാര്യമായ വി. കുർബ്ബാന മാത്രം അവശേഷിക്കുന്നു. ഒന്നോർത്താൽ അതിൽ പങ്കെടുക്കാനുള്ള നമ്മുടെ അവസരം (അർഹത?) പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മഹാവ്യാധിയുടെയും മരണനിഴലിൻ്റെയും അകമ്പടി നമ്മോട് ചിലതൊക്കെ പറയട്ടെ. പ്രാണനോളം കടന്നുചെല്ലുന്ന വാൾ അകം നൊമ്പരപ്പെടുത്തട്ടെ. കാരണം ചില നേരങ്ങളിൽ പഠിപ്പിക്കുന്നത് ആളുകളല്ല അനുഭവങ്ങളാണ്.
കൊറോണയെ പേടിച്ചിട്ടല്ല പക്ഷേ,
* കൈ കഴുകാം – സഹജീവികളെ വഞ്ചിച്ച കറകൾ മായാൻ
* സാനിറ്റൈസർ പുരട്ടാം – മറ്റാരും കാണാത്ത മനസ്സിൻ്റെ നികൃഷ്ടതകൾ ഇല്ലായ്മ ചെയ്യാൻ
* അകലം പാലിക്കാം – മാടിവിളിക്കുന്ന തിന്മകളിൽ നിന്നും അരുതായ്മകളിൽ നിന്നും
* പടർത്താതിരിയ്ക്കാം – ഭ്രമങ്ങളും മോടികളും ശീലക്കേടുകളും അഹങ്കാരവുമൊന്നും.
* കൈ കൂപ്പാം – നിരന്തരം ദിവ്യചൈതന്യത്തെ സ്മരിച്ചു കൊണ്ട്.
* കൈ കണ്ണിൽ കൊണ്ടു പോകരുത്,തുടയ്ക്കരുത്- കാരണം കരയണം ഏറെ നേരം…
കണ്ണീർ മറികടന്നിട്ടില്ല ഒരു ദൈവവും. നേരുകേടുകൾ മാറ്റിയപ്പോഴാണ് വ്യാധികൾ ശമിപ്പിച്ചിട്ടുള്ളതും.
ഫാ. തോമസ് പി. മുകളിൽ (മുകളിലച്ചൻ)
frthomasp@gmail.com