OVS - ArticlesOVS - Latest News

ശാപം ശാപം, പറയാതെ വയ്യ……

ഇതു എഴുതണമോ എന്ന് ഒരുപാട് തവണ ആലോചിച്ചു. ഓരോ ദിവസവും കേൾക്കുന്ന, കാതടപ്പിക്കുന്ന ചില കാര്യങ്ങൾ കണ്ടപ്പോൾ പറയാതെ, എഴുതാതെ നിവർത്തിയില്ല എന്ന് തോന്നി. പറഞ്ഞു വരുന്നത്, പരി. ബസേലിയോസ് പൗലോസ് കാതോലിക്കാ ബാവ തിരുമേനിയെ കുറിച്ചാണ്. ശാരീരികമായി ഒരു അസുഖം വന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടെ മറുവിഭാഗത്തിലെ ചില ആളുകൾ പറഞ്ഞു പരത്തുന്നത് തീരെ യോജിക്കാൻ പറ്റാത്ത ചില വാക്കുകളും എഴുത്തുകളുമാണ്. ശാപം ആണ് പോലും, ആരുടെ ശാപം, എന്ന് വച്ചാൽ ഞങ്ങളുടെ ശാപം. എന്നാണ് ചിലരുടെ ഒരു വെപ്പ്. എനിക്ക് പുച്ഛം തോന്നുന്നു നിങ്ങളോട്. നിങ്ങൾ വിശ്വസിക്കുന്നതും, ആരാധിക്കുന്നതും, ശപിക്കുന്ന ഒരു ദൈവത്തെ ആണ് എന്ന് നിങ്ങളുടെ മൗഢ്യത്തെ ഓർത്തു. ഒന്നുകിൽ നിങ്ങളെ ഇങ്ങനെ ഒക്കെ ആരോ പറഞ്ഞു പഠിപ്പിച്ചു. അന്ത്യോക്യയിൽ നിന്ന് അനുഗ്രഹം വരും, ആ വഴിയേ തന്നെ ശാപവും വരും. എന്തായാലും അതും അന്ത്യോക്യ വഴി എന്ന് ഓർക്കുമ്പോൾ ഉള്ളിൽ ഒരു ചിരി നിറയുന്നു. ക്രിസ്‌തീയ സഭയുടെ അടിത്തറ പാകിയ, അതിനുമപ്പുറം ആരായിരുന്നു ക്രിസ്തു എന്ന് കാലങ്ങൾ കഴിഞ്ഞും കാട്ടി തന്ന വേദ പണ്ഡിതനും സ്വാതികനുമായിരുന്നു പരി. പൗലോസ് ശ്ളീഹാ എന്നതിൽ തർക്കം ഇല്ല.

കാലത്തിൻ്റെ കുത്തൊഴുക്കിന് എതിരെ സഭയെ നയിച്ച ഇത് പോലെ ഒരാൾ ഇല്ല എന്ന് തന്നെ പറയാം. അദേഹത്തിൻ്റെ ഒരു സങ്കടം സ്വർഗീയ പിതാവിനോട് പറഞ്ഞപ്പോൾ അതു അവിടെ ഇരിക്കട്ടെ, എൻ്റെ കൃപ നിനക്ക് മതി എന്നായിരുന്നു ഉത്തരം. ഇന്ന് ഈ കാലത്തും ഞങ്ങളുടെ പിതാവിന് അതു മതി ദൈവത്തിൻ്റെ ആ വലിയ കൃപ. അതു ആവോളം പരിശുദ്ധ ബാവ അനുഭവിക്കുന്നതുമുണ്ട്. സ്വർഗീയമായ തമ്പുരാൻ്റെ കരുണയും കരുതലുമില്ലെങ്കിൽ പ്രതിസന്ധികളുടെ പെരുമഴയിലും ഈ പാവം മലങ്കര സഭയെ ഇത്ര ഉറച്ച നിലപാടിലൂടെ എങ്ങനെ ശക്തമായി നയിക്കും?

നേരുള്ളവർക്കേ നിലപാടുണ്ടാകൂ, നിലപാടുള്ളവർക്കേ നിലയുണ്ടാകൂ, നിലയുള്ളവർക്കേ വിമർശകരും ശത്രുക്കളും ഉണ്ടാകൂ എന്ന് പഴമൊഴികൾ പരിശുദ്ധ പിതാവിൻ്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. പ്രതിച്ഛായയുടെ കൃതിമത്വമില്ലാതെ പൗരസ്ത്യ കാതോലിക്കാ – മലങ്കര മെത്രാപോലീത്ത എന്ന അനിഷേധ്യ മഹത്വ സ്ഥാനത്തിനോടും, പൂർവിക പിതാക്കന്മാരുടെ പോരാട്ടങ്ങളോടും പരിപൂർണ സത്യസന്ധത പുലർത്തിയ പിതാവ് മലങ്കര സഭയുടെ എക്കാലത്തെയും ചരിത്രത്തിൽ അനശ്വരനായിരിക്കും. അധികാരികളുടെ ഭീഷണിക്കും, പ്രകോപനങ്ങൾക്കും, പ്രലോഫനങ്ങൾക്കും വഴങ്ങി കൊടുക്കാതെ, വിഘിടിത നേതൃത്തിൻ്റെയും അവരുടെ സൈബർ ചാവേറുകളുടെയും ക്രൂരമായ ആക്ഷേപങ്ങളിലും, ന്യായവിധിയിലും വഴുതി വീഴാതെ, സ്വന്തം പാളയത്തിലെ തന്നെ അവസരവാദികളുടെയും അസൂയക്കാരുടെയും പിൻകുത്തിൽ കാലിടറാതെ മലങ്കര സഭയിലെ തൻ്റെ ചരിത്ര ദൗത്യം പരിശുദ്ധ പിതാവ് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു. ചരിത്രം പിൽക്കാലത്തു തന്നെ എങ്ങനെ അടയാളപ്പെടുത്തണം എന്ന്, മലങ്കര നസ്രാണികളുടെ ഉൾത്തുടിപ്പു നന്നായി അറിയുന്ന പരിശുദ്ധ പിതാവിന് നല്ല ബോദ്യമെന്നുമുണ്ട്. അത് കൊണ്ട് തന്നെ രോഗമോ, പീഡയോ, ശാപമോ, ആക്ഷേപമോ ഒന്നും പരിശുദ്ധ പിതാവിനെ തൻ്റെ സഭയുടെയും, വിശ്വാസികളുടെയും അവകാശങ്ങളെ നേടുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിയില്ല. പരമ സ്വാതികനായ പരിശുദ്ധ ഔഗേൻ ബാവ ഉൾപ്പെടെയുള്ള പൂർവ്വ കാതോലിക്കാ ബാവമാരൊക്കെയും, തങ്ങൾ നിയോഗിക്കപ്പെട്ട വലിയ ദൗത്യത്തിന് അനുസരിച്ചു സഭയെ മുന്നിൽ നിന്നും നയിക്കാൻ കരുത്തു കാട്ടിയിരുന്ന പിതാക്കന്മാർ ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യകതമാകും. അത് കൊണ്ട് മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷന്മാരുടെ ഉറച്ചു സുധീര നിലപാടുകളിൽ കൊതി കെറുവ് മൂലം പ്രാകുന്നവർ നിങ്ങളുടെ അവസാനം ശ്വാസം വരെ അത് തുടരേണ്ടി വരും. കാരണം, മലങ്കര സഭ ഭരണഘടനുസൃതമായി ഒരു വ്യസ്ഥാപിത ചട്ടക്കൂട്ടിൽ നിന്നും പ്രവർത്തിക്കുന്ന ഒരു സംവിധാനം എന്ന് നിലയിൽ നേതൃനിരയിലെ വ്യകതികൾക്കു വലിയ പങ്കില്ല. സഭയുടെ അവകാശങ്ങൾക്കും, നിലപാടുകൾക്കും മാത്രമാകും എന്നും മുൻ തൂക്കം. ആയതിനാൽ ഏത് ബാവ വന്നാലും മലങ്കര സഭ അതിൻ്റെ അവകാശ പോരാട്ടങ്ങളിൽ നിന്നും, നിലപാടുകളിൽ നിന്നും ഒരിഞ്ചു പുറകോട്ടു പോകില്ല. പോകാൻ ദൈവം അവരെ അനുവദിക്കില്ല. അതാണ്‌ പരമായ യാഥാർഥ്യം.

മലങ്കര സഭയുടെ കഴിഞ്ഞ കാലങ്ങളുടെ താളുകൾ മറിച്ചാൽ ഈ സഭയെ ഭരിച്ച ഏതു മലങ്കര മെത്രപ്പോലീത്തമാരാണ് മോശം? ഏതു കാതോലിക്കമാരാണ് മികവിൽ ഇത്തിരി താഴ്ന്നു നില്കുന്നത്.? ആരും തന്നെ ഇല്ല, കാരണം ദൈവമാണ് അവരെ തെരെഞ്ഞെടുത്തത്. കാലത്തിനു അനുസരിച്ച് ദൈവം അവരെ നടത്തി എന്ന് തന്നെ ഉറച്ചു പറയാം. പറഞ്ഞു വന്നത് കോടതി വിധികളെ കുറിച്ചാണ് പരി. ബസേലിയോസ് പൗലോസ് ബാവയുടെ കാലത്തു, ആ ചരിത്ര വിധി ഉണ്ടായി. അത് അദ്ദേഹത്തിന് ഒരു നിയോഗമായി. മലങ്കര സഭയിൽ ശാശ്വത സമാധാനത്തിനു ഉതകുന്ന കടുപ്പമുള്ള തീരുമാനം എടുക്കാൻ ദൈവം ബാവയെ തിരഞ്ഞെടുത്തു എന്നാണ് ഞങ്ങൾ മക്കളുടെ വിശ്വാസം. അതിനെ ചിലർ എവിടെയോ അതുമല്ലങ്കിൽ ചിലരൊക്കെ, അതു അകത്തും പുറത്തും എന്ന്‌ വേണേൽ പറയാം, ഗുരുത്വദോഷം, ശാപം എന്നൊക്കെ ഉള്ള വാക്കുകൾ കൊണ്ട് വെള്ള പൂശാൻ ശ്രമിക്കുന്നു. അങ്ങനെ ഉള്ളവർ ഒന്ന് ചിലരെ ഓർത്തുകൊള്ളുക ഇതിനു മുന്നേ ഉള്ള ശ്രേഷ്ഠ ബാവ കിടപ്പിലായതു ആരുടെ ശാപം ആണ്. ഞങ്ങളുടെ അല്ല എന്തായാലും. ഇനിയും ഉണ്ട് മഞ്ഞനിക്കരയുടെ മഹാ പരിശുദ്ധനു അസുഖം പിടിപെട്ടത് ആരുടെ ശാപമാണ്, അതു ഇനി പരി. വട്ടശ്ശേരി തിരുമേനിയെ മുടക്കിയത് കൊണ്ട് ആണ് എന്ന്‌ ഞങ്ങൾ പറയില്ല. നിങ്ങളിൽ ചിലർ പറഞ്ഞാലും. യാക്കോബ് ബുർദന മരുഭൂമിയിൽ അലഞ്ഞത് ആരുടെ ശാപമാണ്. അങ്ങനെ അങ്ങനെ പറയാൻ ഇനിയും കിടക്കുന്നു. പറഞ്ഞു വന്നത് പരിശുദ്ധ ബാവ തിരുമേനിയുടെ ഈ വിശ്രമ കാലത്തു ഈ സഭക്ക് ഒരു തളർച്ചയും വരില്ല. കാരണം ആ മഹാ പുരോഹിതൻ ഈ സഭക്കു വേണ്ടിയും അവിടുത്തെ മക്കൾക്കു വേണ്ടിയും, തൻ്റെ 53 വയസിൽ രോഗം മൂലം സ്വർഗീയ സന്നിധ്യയിലേക്കു വിളിച്ചു ചേർക്കപ്പെട്ട മലങ്കര സഭയുടെ മഹാ പരിശുദ്ധൻ്റെ സന്നിധിയിൽ ഇടവിടാതെ പ്രാർത്ഥിക്കുന്നു. ഭയമുള്ളിലുള്ളവർ ഇനിയും ഭയപ്പെടണം, കാരണം ഈ പാവം സഭയെ നയിക്കാനുള്ള ദൈവിക തേജസുള്ള കാതോലിക്കയെ ഇനിയും ദൈവം ശക്തമായി മടക്കി കൊണ്ട് വരും. പറയാൻ കാരണം, കാലവും ചരിത്രവും അങ്ങനെ ആയിരുന്നു വരച്ചുകാട്ടുന്നത്. ദേവലോകത്തിൻ്റെ മട്ടുപ്പാവിൽ ഒരു ഇടമുണ്ട്. ഇതുവരെ മലങ്കര സഭയെ ഭരിച്ചിരുന്ന ബാവാമാർ സ്വർഗീയ പിതാവിൻ്റെ മുന്നിൽ മുട്ടുമടക്കി കണ്ണീരോടെ പ്രാത്ഥിച്ച ഇടം. അതിനാൽ മലങ്കര നസ്രാണിക്ക് തൻ്റെ പരിശുദ്ധ പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ തീരെ ആശങ്ക ഇല്ല. കർത്താവ് നാൽപതു ദിനം ഉപവസിച്ചു വന്നപോലെ ഞങ്ങളുടെ പിതാവിനെ ഞങ്ങൾ കാത്തിരിക്കുന്നു, ഒരു വലിയ പ്രകാശമായി ഈ സഭയിൽ നിറയാൻ…. ഞങ്ങളെ കരുത്തോടെ നയിക്കാൻ.. കലഹരഹിതമായ, വ്യവഹാരരഹിതമായ മലങ്കര സഭയ്ക്കായി..

കെൽ‌വിൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/articles/malankara-church-4/

error: Thank you for visiting : www.ovsonline.in