OVS - Latest NewsOVS-Kerala News

പോത്താനിക്കാട് മേഖല പ്രതിഷേധ മഹാസമ്മേളനവും വിശദീകരണ യോഗവും ഡിസംബര്‍ 14 ശനിയാഴ്ച

മലങ്കരസഭക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ പോത്താനിക്കാട് മേഖലയിലെ പള്ളികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധ മഹാസമ്മേളനവും, വിശദീകരണ യോഗവും 2019 ഡിസംബര്‍ 14 വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ടൗണില്‍ വച്ച് നടത്തപ്പെടുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തുന്നു. കോതമംഗലം ചെറിയപള്ളി വികാരി വന്ദ്യ തോമസ് പോള്‍ റമ്പാച്ചന്‍, പിറവം വലിയ പള്ളി വികാരി റവ. ഫാ. ഏലിയാസ് ചെറുകാട്ട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. റോണി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിക്കുന്നു.

പ്രതിഷേധ സഹന സമരം എന്തിന് ?

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഇന്ന് കടുത്ത നീതി നിഷേധം നേരിട്ടുകൊണ്ടിരിക്കുകയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പല അസത്യങ്ങളും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മലങ്കര സഭയെ സംബന്ധിച്ച് യഥാര്‍ത്ഥ സത്യാവസ്ഥ പൊതുജനത്തെ ബോദ്ധ്യപ്പെടുത്തേണ്ട സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു.

എന്താണ് ബഹു. സുപ്രീം കോടതി വിധികളുടെ സാരാംശം?

മലങ്കര സഭ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണെന്നും അതിലെ ഇടവക പള്ളികള്‍ സഭയുടെ അവിഭാജ്യ ഘടകങ്ങളായ യൂണിറ്റുകള്‍ ആണെന്നും അവയെല്ലാം മലങ്കര സഭയുടെ 1934ല്‍ കൂടിയ അസോസിയേഷനാല്‍ രൂപീകൃതമായ സഭാ ഭരണഘടന (1934 ഭരണഘടന) പ്രകാരം ഭരിക്കണം എന്നും ബഹു. സുപ്രീം കോടതി 1958 ലെ ഭരണഘടനാ ബെഞ്ചും 1995, 2018 ലെ 3 അംഗ ബെഞ്ചും 2017, 2018, 2019 വര്‍ഷങ്ങളിലെ ഡിവിഷന്‍ബെഞ്ചും വ്യക്തമായി വിധി കല്പിച്ചിരിക്കുന്നു. ടി ഭരണഘടനക്ക് വിപരീതമായി നടക്കുന്ന എല്ലാ ഭരണങ്ങളും സമാന്തര ( Parallel Administration) ഭരണത്തില്‍ ഉള്‍പ്പെടുന്നതും ആയവ അനുവദിക്കാന്‍ പാടില്ലാത്തതും, നിരോധിക്കപ്പെട്ടതുമാണ്. മലങ്കര സഭയുടെ പള്ളികളില്‍ 1934 ലെ സഭാ ഭരണഘടനാ പ്രകാരമല്ലാതെ നിയമിതനായതോ, വാഴിക്കപ്പെട്ടതോ ആയ കാതോലിക്കയോ, മെത്രാന്‍മാരോ, വൈദീകരോ പള്ളികളില്‍ ആത്മീയ-ലൗകീക ഭരണം നടത്താന്‍ പാടില്ല എന്നും അങ്ങനെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവര്‍ക്കും നിരോധനം ഏര്‍പെടുത്തിയിരിക്കുന്നതുമാണ്.

എന്നാല്‍ ടി വിധികള്‍ കാറ്റില്‍പ്പറത്തികൊണ്ട് നിയമ പീഠത്തെ വെല്ലുവിളിച്ചു നടത്തുന്ന കയ്യേറ്റങ്ങളാണ് ഇന്ന് പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്നത്. ആയതിനു ഒത്താശ ചെയ്യുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നിയമ വാഴ്ച ഉറപ്പു വരുത്തേണ്ട സര്‍ക്കാരും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണകൊടുക്കുമ്പോള്‍ മലങ്കര സഭ ഇപ്രകാരമുള്ള പ്രതിഷേധ സഹന സമരത്തിന് നിര്‍ബന്ധിതരാകുന്നു.

ഇടവക പള്ളികളില്‍ നിന്ന് ഇടവകക്കാരെ പുറത്താക്കുന്നുവോ?

ഇത് തികച്ചും തെറ്റായ പ്രചാരണമാണ് നടത്തുന്നത്. പാത്രിയര്‍ക്കീസ് വിഭാഗം കൈകാര്യം ചെയ്തിരുന്ന പള്ളികളിലെ അംഗങ്ങള്‍ ആയിരുന്നു എന്നതിന്‍റെ പേരില്‍മാത്രം ആരെയും ഇതുവരെ പുറത്താക്കിയിട്ടില്ല. ഒരാള്‍ നിയമ പ്രകാരം ഇടവകാംഗം ആകണമെങ്കില്‍ സഭയുടെ ചിട്ട അനുസരിച്ച് ഉള്ള വിശ്വാസവും സഭയുടെ ഭരണഘടനയും അംഗീകരിക്കണം. ഇത് ഒരു പുതിയ കാര്യമല്ല. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഏതൊരു സമൂഹത്തിന്‍റേയും നിലനില്‍പ്പിന് ഇതാവശ്യമാണ്. അപ്രകാരമുള്ള നിയമ നടപടി മാത്രമേ സഭ ഇക്കാര്യത്തിലും സ്വീകരിക്കുന്നുള്ളൂ. അത് നിയമപരമായി ചെയ്യാതിരിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചുകൊള്ളുന്നു. അല്ലാതെയുള്ള എല്ലാ വ്യാജ പ്രതികരണങ്ങളും സഭയെ പൊതു സമൂഹത്തില്‍ അപകീര്‍ത്തി പ്പെടുത്താനും സഭയില്‍ വിഭാഗീയത വളര്‍ത്തുവാനും ഉള്ളതാണ് എന്ന് സമൂഹം തിരിച്ചറിയണം.

മലങ്കര സഭ ശവസംസ്കാരത്തിനു തടസം നില്‍ക്കുന്നുവോ?

മലങ്കര സഭയെ പൊതു സമൂഹത്തില്‍ അവഹേളി ക്കുന്നതിനു വേണ്ടി പാത്രിയര്‍ക്കീസ് വിഭാഗം കരുതികൂട്ടി പ്രചരിപ്പിക്കുന്ന അസത്യമാണിത്. ആരുടേയും ശവ സംസ്കാരം തടയുന്നതിന് മലങ്കര സഭ ഇതുവരെ ആഹ്വാനം ചെയ്തിട്ടില്ല. മലങ്കര സഭയുടെ എന്നല്ല ഏതൊരു സഭയുടെയും സെമിത്തേരികള്‍ പൊതു ശ്മശാനങ്ങള്‍ അല്ല. ആയതിനാല്‍ തന്നെ അവയുടെ എല്ലാം സൂക്ഷിപ്പ് അതിന്‍റെ നിയമാനുസൃത വികാരിക്കാണ്. മലങ്കര സഭയുടെ സെമിത്തേരികളില്‍ ഒരാളെ അടക്കം ചെയ്യണമെങ്കില്‍ നിയമാനുസൃതമായ വികാരി അറിഞ്ഞിരിക്കണം. ടി വികാരി ആയിരിക്കണം ശവസംസ്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ മലങ്കര സഭയുടെ ഇടവക പള്ളികളില്‍ അടച്ചുപൂട്ടിയ ശവപ്പെട്ടികളില്‍ അനധികൃതമായി മറവുചെയ്യാന്‍ ശ്രമിക്കുന്ന താണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അനധികൃതമായി അടക്കം നടത്തി പരാതി ഉണ്ടായാല്‍ വികാരി അതിന് ഉത്തരവാദിയാകും എന്നതിനാലാണ് നിയമപരമായി അത് തടയേണ്ടിവരുന്നത്. അത് വികാരി നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്വം കൂടിയാണ്. പാത്രിയാര്‍ക്കീസ് വിഭാഗത്തിന് സെമിത്തേരിയില്‍ അടക്കം നിര്‍വഹിക്കണം എങ്കില്‍ അത് നിയമാനുസൃത വികാരി ചെയ്തു കൊടുക്കാന്‍ തയ്യാറാണ് എന്ന് പത്ര പരസ്യം വഴിയും നേരിട്ടും അറിയിച്ചിട്ട് കൂടി ചിലരുടെ മാത്രം മൃതദേഹം വച്ച് വിലപേശുകയും സഭാ തര്‍ക്കത്തിന്‍റെ ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പാത്രിയാര്‍ക്കീസ് കുടിലത പൊതു സമൂഹം തിരിച്ചറിയണം.

സഭാ തര്‍ക്കം രമ്യതയില്‍ പരിഹരിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ എതിര്‍ക്കുന്നുവോ? മദ്ധ്യസ്ഥരുടെ ഇടപെടല്‍ ആവശ്യമോ?

മലങ്കര സഭ എന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തയ്യാറായിരുന്നു. 1958 ലെ ബഹു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സഭയില്‍ സമാധാനം ഉണ്ടായി. എന്നാല്‍ വീണ്ടും 1974 ല്‍ മലങ്കര സഭയുടെ അംഗീകാരമില്ലാതെ മെത്രാന്മാരെയും വൈദീകരെയും വാഴിച്ചു സഭയില്‍ വിഭാഗീയത ഉണ്ടാക്കി. ബഹു. സുപ്രീം കോടതി ഇത് ശരിയല്ല എന്ന് 1995ല്‍ വിധി പ്രഖ്യാപി ക്കുകയും സഭയില്‍ സമാധാനം ഉണ്ടാകാന്‍ എല്ലാ സ്ഥാനികളോടും 1934 ലെ ഭരണഘടന അംഗീകരിച്ചു മലങ്കര അസോസിയേഷനില്‍ പങ്കെടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അസോസിയേഷന്‍ നീതിയായി നടത്താന്‍ റിട്ട. ജഡ്ജിയുടെ സേവനം നല്‍കി. എന്നാല്‍ പാത്രിയാര്‍ക്കീസ് വിഭാഗം അതും അട്ടിമറിച്ച് വേറെ സഭയും ഭരണഘടനയും 2002ല്‍ ഉണ്ടാക്കി പിരിഞ്ഞു പോയി. ആയത് നിലനില്‍ക്കുന്നതല്ല എന്ന് 2017ല്‍ സുപ്രീം കോടതി വിധിച്ചു.

ഇപ്രകാരമുള്ള എല്ലാ വിധികള്‍ക്ക് മുന്‍പും കോടതി കേസുകള്‍ മീഡിയേഷന് വിടുന്ന പതിവുണ്ട്. അപ്രകാരമുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ച ശേഷമാണ് കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നത്. വിവിധ തലത്തില്‍ മദ്ധ്യസ്ഥം വഹിച്ചതിന് ശേഷം കോടതി വിധി പ്രസ്താവിക്കുകയും വിധിയില്‍ തോറ്റതിനുശേഷം വീണ്ടും മദ്ധ്യസ്ഥം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് കോടതിയേയും നിയമത്തെയും വെല്ലുവിളിക്കുന്നതിനും കളിയാക്കുന്നതിനും തുല്യമാണ്. മാത്രമല്ല, അതാതുകാലത്തെ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നിരവധി തവണ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും അതില്‍നിന്നെല്ലാം അവസാന നിമിഷം പാത്രിയാര്‍ക്കീസ് വിഭാഗം പിന്മാറുകയാണുണ്ടായത്. ആയതിനാലാണ് മലങ്കര സഭ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിരി ക്കുന്നത്. വിധി നടപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ മദ്ധ്യസ്ഥ ശ്രമങ്ങളോടും സഭ പൂര്‍ണ്ണമായും യോജിക്കുമ്പോള്‍ തന്നെ മലങ്കര സഭയെന്ന ട്രസ്റ്റ് വിഭജിക്കാനോ, നിലവിലെ കോടതി വിധികളില്‍ മദ്ധ്യസ്ഥം വഴി വെള്ളം ചേര്‍ക്കുന്നതിനോ വിധി നടപ്പാക്കല്‍ അനന്തമായി വൈകിപ്പിക്കുന്നതിനോ ഒരുക്കമല്ല.

മലങ്കര സഭയുടെ ഇപ്രകാരമുള്ള നിലപാട് പൊതുസമൂഹം മനസിലാക്കണം. സഭയ്ക്ക് അവകാശമില്ലാത്ത ഒരു പള്ളികളിലും ഒരു അവകാശ തര്‍ക്കത്തിനും സഭ ഇതുവരെ പോയിട്ടില്ല. എന്നാല്‍ മലങ്കര സഭയുടെ പള്ളികളാണ് എന്ന് നീതിപീഠം അന്തിമമായി വിധി പ്രഖ്യാപിച്ച പള്ളികള്‍ വിട്ടു നല്‍കില്ല എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ ധിക്കാരം പൊതുസമൂഹം മനസിലാക്കി അതിനെതിരെ പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് 2019 ഡിസംബര്‍ 14 വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് കവലയില്‍ വച്ച് നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പോത്താനിക്കാട് മേഖലാ പ്രതിഷേധ സഹന സമ്മേളനത്തിന് നിങ്ങളുടെ എല്ലാ പിന്തുണയും സാന്നിദ്ധ്യവും അഭ്യര്‍ത്ഥിക്കുന്നു.

error: Thank you for visiting : www.ovsonline.in