OVS - Latest NewsOVS-Kerala News

പത്തിന്‍റെ നിറവിൽ MARP

മലങ്കരസഭയുടെ ചരിത്രത്തിലെ അറിയപ്പെടാത്ത ചില ഏടുകൾ ഇന്ന് കുറേയൊക്കെ വെളിച്ചത്ത് കണ്ട് വരുന്നുവെങ്കിൽ നാം മനസിലാക്കേണ്ടത് അദ്ധ്വാനികളായ ഗവേഷണ കുതുകികളായ ഒരു പറ്റം ചെറുപ്പക്കാർ അവയുടെ പിറകിലുണ്ട് എന്ന വസ്തുതയാണ്. വിസ്മൃതിയിൽ ആണ്ടു പോയിരുന്ന മലങ്കര സഭയുടെ സ്വതന്ത്ര കത്തോലിക്കാ മിഷൻ, ക്രിസ്ത്യൻ കാത്തലിക്ക് റീത്ത് ഓഫ് അമേരിക്ക എന്ന സമൂഹങ്ങളെ പറ്റി ഒരു സംഘം ആളുകൾ ഗവേഷണം നടത്തിയതിൻ്റെ ഫലമായാണ് അൽവാറിസ് മാർ യൂലിയോസ് തിരുമേനിയുമായും, ആർച്ച് ബിഷപ്പ് റെനി വിലാത്തി മാർ തിമോത്തിയോസുമായും ബന്ധപ്പെട്ട അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല സമൂഹങ്ങളേപ്പറ്റിയുള്ള വിവരങ്ങളും പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞത്.

പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലെ പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് സമൂഹങ്ങളെപ്പറ്റി, പ്രത്യേകിച്ച് സുറിയാനി-മലങ്കര ഓർത്തഡോക്സ് സഭകളുടെ കാര്യത്തിൽ പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടുള്ള  ഗവേഷണ സംരംഭമാണ് MARP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെട്രോപ്പോലീത്തൻ അൽവാറിസ് യൂലിയോസ് റിസേർച്ച് പ്രൊജക്ട്. Orthodoxy Cognate Page Society (OCP) എന്ന സംഘടനയുടെ സാരഥികളിൽ ഒരാളായ ഡോ. അജേഷ് റ്റി ഫിലിപ്പാണ് ഇതിന് പ്രധാനമായും നേതൃത്വം കൊടുക്കുന്നത്. ആഗോളതലത്തിൽ ഓർത്തഡോക്സ് സഭകൾക്കിടയിൽ ആരോഗ്യപരവും, സമാധാനപരവുമായ സഹവർത്തിത്യം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് Orthodoxy Cognate Page Society (OCP) പ്രവർത്തിക്കുന്നത്. OCP മുൻപോട്ട് കൊണ്ടുവന്ന ഓർത്തഡോക്സ് സ്വതന്ത്ര സ്റ്റഡിയുടെ (COS) നേതൃത്വത്തിലുള്ള ഒരു ഗവേഷണ വിഭാഗമായാണ് MARP പ്രവർത്തിക്കുന്നത്.

ലോകത്തിലെ ഏറ്റവും ബൃഹത്തായ പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് ഗവേഷണ സംരംഭമാണ് MARP. ഒരു പക്ഷെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാശ്ചാത്യ റീത്തിനെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയതും ചിലവേറിയതുമായ ഗവേഷണം സംരഭമാണിത്. മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യൂമിനിക്കൽ റിലേഷണൽ ഡിപ്പാർട്ടുമെന്റുമായ് ചേർന്നാണ് OCP – COS – MARP പ്രവർത്തനം. ഇതോടൊപ്പം ക്രിസ്ത്യൻ കാത്തലിക്ക് ചർച്ച് കാനഡ, ബ്രിട്ടീഷ് ഓർത്തഡോക്സ് പാത്രിയർക്കേറ്റ് എന്നിവരും റിസേർച്ചിംഗ് പാർട്ണർ ആയി പ്രവർത്തിക്കുന്നു. ഇതു കൂടാതെ ധാരാളം വ്യക്തികളും സംഘടനകളും ഗവേഷണങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു. MARP എന്ന പ്രൊജക്ടിൻ്റെ ഉത്സാഹഫലമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല ശ്രീലങ്ക പോലുള്ള അയൽരാജ്യങ്ങളിലും മലങ്കരസഭയുടെ അന്യം നിന്നു പോയ പൂർവ്വകാല സാന്നിദ്ധ്യം ചികഞ്ഞെടുക്കുവാൻ നടത്തിയ കഠിനാദ്ധ്വാനം ശ്ലാഘനീയമാണ്.

2009 മുതലുള്ള MARP -ൻ്റെ നേട്ടങ്ങൾ
OCP  പ്രതിനിധിസംഘം 2009-ൽ ബ്രഹ്മാവർ  പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് സമൂഹത്തിൽ സന്ദർശനം നടത്തുകയും അതോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് സമൂഹങ്ങളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങളുടെ ആരംഭം കുറിക്കുകയും ചെയ്തു. 2010-ൽ പരി. പരുമല മാർ ഗ്രിഗോറിയോസിനോട് ബന്ധപ്പെട്ട സമൂഹത്തെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ഡോ. അജേഷ് ടി. ഫിലിപ്പ് കണ്ടെത്തിയത് MARP -ൻ്റെ ഉത്സാഹഫലമായി ആയിരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ സുവിശേഷദൗത്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡിണ്ടിഗലിനു സമീപം ഒരു സമൂഹം ഓർത്തഡോക്സ് വിശ്വാസധാരയിലേക്ക് വന്നത്. അവർ ഇന്നും പരിശുദ്ധ പരുമല തിരുമേനിയെ ആത്മീയപിതാവായി അംഗീകരിക്കുകയും പാലക വിശുദ്ധ സ്ഥാനം നൽകി ആദരിച്ചു പോരുകയും ചെയ്യുന്നു.

2013-ൽ മെട്രോപൊളിറ്റൻ അൽവാറീസ് ജൂലിയസ് റിസേർച് പ്രോജക്റ്റ് (MARP) – ൻ്റെ  വെബ് പോർട്ടൽ ആരംഭിച്ചു. ഇതിലൂടെ എല്ലാ ഗവേഷണ വിവരങ്ങളും പൊതുസമൂഹത്തിന് ലഭ്യമാക്കുവാൻ സാധിച്ചു. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും മാർ അൽവാറീസ് യുലിയോസിൻ്റെ മിഷൻ പ്രവർത്തന മേഖലകൾ സന്ദർശിച്ചതും വിവരശേഖരണം നടത്തിയതുമായ പ്രഥമ സംരംഭമാണ് OCP യുടെ MARP പ്രൊജക്ട്.

2013-ൽ MARP -ൻ്റെ നേതൃത്വത്തിൽ ചെമ്പട്ടി ഗ്രാമത്തിൽ നടത്തിയ ഗവേഷണഫലമായി കണ്ടെടുക്കുവാൻ സാധിച്ച ദേവാലയമാണ് ചെമ്പട്ടി സെൻറ് ജെയിംസ് സ്വതന്ത്ര കാത്തലിക് ദേവാലയം. ഇവിടെയുള്ള മുതിർന്നവർക്ക് അവരുടെ പൂർവിക മലങ്കരസഭാ ബന്ധത്തേക്കുറിച്ച് ഇപ്പോഴും അറിവുള്ളവരാണ്.

2014-ൽ ചെമ്പാട്ടിയിലുള്ള സെൻറ് ജെയിംസ് സ്വതന്ത്ര കത്തോലിക്കാ പള്ളിയിൽ നിന്ന് തോമ്മാ മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത എഴുതിയ രേഖയും പഴയ സന്ദർശക ഡയറിയും കണ്ടെടുത്തത് മലങ്കര സഭയ്ക്ക് ഈ സമൂഹവുമായുള്ള അടുപ്പം മനസിലാക്കുന്നതിന് സാധിച്ചു. അഭി. തോമാ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ പലതവണ ഇവിടം സന്ദർശിച്ചിരുന്നതിൻ്റെ തെളിവുകൾ ഗവേഷകർക്ക് കണ്ടെത്തുന്നതിനും സാധിച്ചു.

സ്വതന്ത്ര കത്തോലിക്കാ മിഷൻ അതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് സിലോണിലെ ഒരു ദേവാലയത്തിൽ നിന്നായിരുന്നു. എന്നാൽ ആഭ്യന്തര യുദ്ധത്തിൻ്റെ ശേഷം അവിടെ സംജാതമായ സ്ഥിതി വിശേഷങ്ങളുടെ ഫലമായി ഈ ദേവാലയം സ്വതന്ത്ര കത്തോലിക്കാ മിഷൻ പ്രവർത്തകർക്ക് വീണ്ടെടുക്കുവാൻ സാധിച്ചില്ല. ക്രമേണ മിഷൻ പ്രവർത്തനങ്ങൾ ദുർബലമാവുകയും ചെയ്തു. എന്നാൽ 2014-ൽ MARP -ൻ്റെ നേതൃത്വത്തിൽ ദീർഘകാലം നടത്തിയ അന്വേഷണങ്ങൾ, മാർ അൽവാറീസ് യൂലിയോസിൻ്റെ നഷ്ടപ്പെട്ടുപോയ കത്തീഡ്രൽ ദേവാലയം കൊളംബോയിൽ ഉള്ള “ഔവർ ലേഡി ഓഫ് ഗുഡ് ഡെത്ത് കത്തീഡ്രൽ (ബോണാ മോർട്ടേ ചർച്ച്)” ആണെന്ന് തിരിച്ചറിയുകയും അവിടെ ആരാധന നടത്തുകയും ചെയ്തു.

ചെന്നൈയുടെ മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദീയസ്കോറോസിനോടൊപ്പം ഡിണ്ടിഗൽ, ചെമ്പാട്ടി പ്രദേശങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ മൂലം മലങ്കര സഭയ്ക്ക് ഈ പ്രദേശങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, ഇവിടങ്ങളിൽ പുതിയ പല പദ്ധതികളും തുടക്കം കുറിക്കുന്നതിനും സാധിച്ചു.

2015 ജൂലൈയിൽ ചെമ്പാട്ടി പ്രദേശത്ത് തന്നെയുള്ള പള്ളിത്താനം ഹോളി എപ്പിഫനി ദേവാലയത്തിൽ നിന്ന് നമ്മുടെ ഒരു തബ് ലൈത്താ കണ്ടെടുക്കുന്നതിനും ഡോ. അജേഷ് ടി. ഫിലിപ്പിനും സംഘത്തിനും സാധിച്ചു. 2018-ൽ സുറിയാനി-മലങ്കര ഓർത്തഡോക്സ് സഭകളുടെ പാശ്ചാത്യ റീത്തുകളെപ്പറ്റിയുള്ള ഇതുവരെയുള്ള ഗവേഷണങ്ങളും പഠനങ്ങളും മലങ്കര സഭയുടെ എക്യൂമിനിക്കൽ ഡിപ്പാർട്ട്മെൻറുമായി സഹകരിച്ച് ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഇത്തരത്തിലുള്ള പ്രഥമ ഗവേഷണ ഗ്രന്ഥമാണ് Western Rites of Syriac-Malankara Orthodox Churches – Part One . ഇതിൻ്റെ പ്രകാശനം സോഫിയ സെന്ററിൽ വെച്ച് അഭി. സഖറിയാസ് മാർ നിക്കോളാവാസ് തിരുമേനിയാണ് നിർവ്വഹിച്ചത്. ഈ പുസ്തകം ആഗോളതലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും, വളരെ നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്.

MARP 2018 -ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് മറുപടിയായി അബ്ബാ സെറാഫിം പാത്രിയർക്കീസ് 2018 ഡിസംബറിൽ ‘As Far As East Is From West’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

OCP – COS- MARP റെ പ്രവർത്തനങ്ങൾ FT ലങ്ക, സൺഡേ ഒബ്സർവർ, ഡൈജി വേൾഡ്, പാക്കിസ്ഥാൻ ക്രിസ്ത്യൻ പോസ്റ്റ്, യുണികോൺ, ക്രിസ്ത്യൻ കമ്യൂണിറ്റി, ഗ്‌ളാസ്റ്റൻബറി റിവ്യൂ, ഓക്സിഡന്റൽ സ്റ്റഡീസ് മാഗസിൻ (OSI) തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങളിൽ പ്രത്യേക പരാമർശ വിധേയമായിട്ടുണ്ട്.

2018-ൽ പ്രസിദ്ധീകരിച്ച Western Rites ഗ്രന്ഥത്തിൻ്റെ രണ്ടാം ഭാഗം ഇന്റർനാഷണൽ പതിപ്പ് 2019 ഓഗസ്റ്റിൽ പ്രകാശനം ചെയ്യപ്പെട്ടു. ഇന്ത്യൻ പതിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാകുന്നതാണ്.

ഉപസംഹാരം

MARP -ൻ്റെ പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടങ്ങളിലായി പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലെ പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് സമൂഹങ്ങളെപ്പറ്റി വിശദമായി ഗവേഷണ പഠനങ്ങൾ നടത്തുകയും മലങ്കര സഭയുടെ ചരിത്രത്തിൽ മറഞ്ഞ് കിടന്നിരുന്ന അൽവാറിസ് തിരുമേനിയുടെയും, മാർ റെനി വിലാത്തിയുടെയും സ്വതന്ത്ര കത്തോലിക്കാ മിഷനുകളേപ്പറ്റിയും, അവർ നടത്തിയ വിവിധ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളേപറ്റിയും പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതിന് MARP ന് സാധിച്ചു. ഇനിയും ധാരാളം കാര്യങ്ങൾ പുറത്തു വരുന്നതിനായിട്ടുണ്ട്. ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾക്കായി OCP- COS – MARP -ൻ്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മലങ്കര സഭയുടെ എക്യൂമിനിക്കൽ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ച് മലങ്കര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്വതന്ത്ര കത്തോലിക്കാ സമൂഹങ്ങളെ കണ്ടെത്തുക, മലങ്കര സഭയോട് യോജിപ്പിച്ച് നിർത്താൻ സാധിക്കുന്ന സമൂഹങ്ങളെ പറ്റി പഠിക്കുക സാധ്യമെങ്കിൽ അവരെ യോജിപ്പിച്ച് നിർത്തുക, ഇത് വരെ പുറത്തിറക്കിയ ഗവേഷണ പ്രബന്ധ ഗ്രന്ഥങ്ങളുടെ മലയാള വിവർത്തനം നടത്തുക തുടങ്ങിയവ OCP- COS – MARP -ൻ്റെ ലക്ഷ്യങ്ങളിൽ ചിലതാണ്.

Ten years of Alvares Julios Research Project: English version

A Journey in Pictures

Compiled by Tibin Chacko (Editor – Malayalam Affairs @ OCP Editorial Board), Special Courtesy- Deacon Job(UTC), Basil Varghese, George Joseph

error: Thank you for visiting : www.ovsonline.in