പ്രകൃതി സംരക്ഷണത്തിന് യുവജനങ്ങൾ ഫലപ്രദമായി ഇടപെടണം: വീണാ ജോർജ് MLA
മൈലപ്ര: യുവജനങ്ങൾ പ്രകൃതിയേ സംരക്ഷിക്കാനുള്ള അർത്ഥവത്തായ ഇടപെടലുകൾ നടത്തണമെന്ന് വീണാ ജോർജ് എം. എൽ. എ. ഓർത്തഡോക്സ് യുവജനപ്രസ്ഥാനവും പത്തനംതിട്ട ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് കമ്യൂണിറ്റി റസ്ക്യൂ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു എം. എൽ.എ. കേരളത്തിന്റെ ഭൂപ്രകൃതി സുരക്ഷിതമല്ലെന്ന് സമീപകാലത്തെ പ്രകൃതിദുരന്തങ്ങൾ തെളിയിക്കുന്നു. പ്രകൃതിയെ ആദരപൂർവം കരുതുന്ന ഭാരതീയ രീതി അനുവർത്തിച്ച് പരിസ്ഥിതി പ്രശ്നങ്ങളിൽ നാം ഉത്തരവാദിത്വം നിറവേറ്റണം.ദുരന്തമുഖത്ത് നിഷ്ക്രിയരാകാതെ പ്രായോഗിക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എം. എൽ. എ. പറഞ്ഞു. മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ വച്ച് നടന്ന തുമ്പമൺ- നിലയ്ക്കൽ- അടൂർ ഭദ്രാസനങ്ങളുടെ മേഖലാ സമ്മേളനം കുര്യാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ത്വരിതപ്പെടുന്നതിന് കാരണം മനുഷ്യർ ഒട്ടും കരുണയില്ലാതെ പ്രകൃതിയെ ദ്രോഹിക്കുന്നത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിന്റെയും വനങ്ങളുടെയും നദികളുടെയും സ്വഭാവികത നിലനിർത്തുവാൻ ഏവരും പ്രതിജ്‌ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. “കാലാവസ്ഥാ വ്യതിയാനവും യുവജനദൗത്യവും”എന്ന വിഷയത്തിൽ നടന്ന ചർച്ചാസമ്മേളനത്തിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, ഫാ. യൂഹാനോൻ ജോൺ, പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ വി. എന്നിവർ സംസാരിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. വർഗീസ് റ്റി. വർഗീസ് മോഡറേറ്ററായിരുന്നു. നഥാനിയേൽ റമ്പാൻ, ഫാ. ബിജു തോമസ്, മിന്റാ മറിയം വർഗീസ്, ജോജി പി. തോമസ്, സോഹിൽ വി. സൈമൺ, ടിജു വർഗീസ് ദാനിയേൽ, നിതിൻ മണക്കാട്ടുമണ്ണിൽ, ഫിന്നി മുളളനിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.