OVS - ArticlesOVS - Latest News

1064: ആയിരത്തി അറുപത്തിനാലല്ല!

മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് നിരന്തരം ഉയര്‍ന്നു വരുന്ന രണ്ടു സംഖ്യകളാണ് 1934-ലും 1064-ലും. മലങ്കര സഭാ ഭരണഘടന പാസാക്കിയ വര്‍ഷമാണ് 1934 എന്നും, മലങ്കരസഭയില്‍ കേസിലുള്‍പ്പെട്ട പള്ളികളുടെ സംഖ്യയാണ് 1064 എന്നും സാമാന്യേന അറിയാം എങ്കിലും 1064-ൻ്റെ ഉത്ഭവവും വ്യാപ്തിയും ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്. Copyright ovsonline.in

1970-കളില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അനധികൃതമായി ഏതാനും മെത്രാന്മാരെ വാഴിച്ചതിനെ തുടര്‍ന്നുണ്ടായ വ്യവഹാര പരമ്പരയിലാണ് 1064 പള്ളികള്‍ എന്ന സംജ്ഞ ഉടലെടുക്കുന്നത്. അപ്രകാരം വാഴിക്കപ്പെട്ട പൗലൂസ് മാര്‍ അത്താനാസ്യോസ്, തോമസ് മാര്‍ ദീവന്നാസ്യോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് പ്രതികളായും, ഒരു കോറപ്പിസ്‌ക്കോപ്പയും 10 കത്തനാരുമാരും മൂന്നു ശെമ്മാശന്മാരും പ്രതികളായും കോട്ടയം ജില്ലാ കോടതിയില്‍ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് ഔഗോന്‍ പ്രഥമന്‍ ഒന്നാം വാദിയായും, ഒന്നാം വാദിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും സഹായിയായി നിയമിപ്പെടുകയും ചെയ്തിരിക്കുന്ന മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടാം വാദിയായും 1974-ല്‍ ഫയല്‍ ചെയ്ത് കേസിനെത്തുടര്‍ന്നാണ് 1064 പ്രത്യക്ഷപ്പെട്ടത്. കോട്ടയം ജില്ലാ കോടതിയില്‍ അസല്‍ 1974-ല്‍ 147 എന്നു നമ്പറിട്ട ഈ കേസ്, മോറാന്‍ മാര്‍ ബസേലിയോസ് കാതോലിക്കാ Vs. പി.എം.എ. മെത്രാപ്പോലീത്താ എന്നാണ് നിയമ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്.

ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ മെത്രാനടുത്ത കര്‍മ്മങ്ങള്‍ നടത്തുന്നതും, പ്രതികളാരും മലങ്കര സഭയുടെ പള്ളികളിലോ സ്ഥാപനങ്ങളിലോ പ്രവേശിക്കുന്നതും കര്‍മ്മങ്ങള്‍ നടത്തുന്നതും നിരോധിക്കണമെന്നുമായിരുന്നു അന്യായത്തിലെ മുഖ്യ അപേക്ഷ. മലങ്കര സഭാ ഭരണഘടന, ഹൂദായ കാനോന്‍ ഇവ മാത്രമായിരുന്നു തെളിവായി ആദ്യ ഹാജരാക്കിയത്. 1995-ല്‍ സുപ്രീം കോടതി വിധി പ്രഖ്യാപനം നടത്തിയത് ഈ കേസിലാണ്.

ടി. അന്യായത്തിൻ്റെ പതിനൊന്നാം ഖണ്ഡികയില്‍ … മലങ്കരസഭയില്‍ ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചു ലക്ഷം വിശ്വാസികള്‍ ഏതാണ്ട് ആയിരത്തോളം പള്ളികളില്‍ ഇടവക പള്ളികളില്‍ ആരാധന നടത്തുന്നു. അവയുടെ പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു… എന്നു പ്രതിപാദിക്കുന്നുണ്ട്. അപ്രകാരം തയാറാക്കി സമര്‍പ്പിച്ച ചാപ്പലുകള്‍ അടക്കമുള്ള ആരാധനാലയങ്ങളുടെ പട്ടികയിലെ അവസാനത്തെ ക്രമ നമ്പറാണ് 1064. അപ്രകാരമാണ് 1064 പള്ളികള്‍ എന്ന പ്രയോഗം പ്രശസ്തദമായത്. Copyright ovsonline.in

എന്നാല്‍ ടി. കേസിലെ അന്തിമ വിധിപ്രകാരം ക്‌നാനായ, പൗരസ്ത്യ സവിശേഷ സമാജം, സിംഹാസന പള്ളികള്‍, ഹോണോവാര്‍ മിഷന്‍ എന്നിവ തല്‍സ്ഥിതിയില്‍ മലങ്കരസഭയുടെ ഭാഗം അല്ലാതെയായി. അതോടെ 1064 പള്ളികളുടെ പട്ടിക തകിടം മറിഞ്ഞു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ ആണോ അല്ലയോ എന്നു നിര്‍ണയിക്കുവാന്‍ കോടതി നിരീഷകൻ്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന മലങ്കര അസോസിയേഷനില്‍ പങ്കെടുക്കാവുന്ന പള്ളികളുടെ എണ്ണം സംബന്ധിച്ച് വാദപ്രതിവാദം ഉണ്ടായി. മുകളില്‍ പറഞ്ഞ വിഭാഗങ്ങളെ ഒഴിവാക്കി 1064-ല്‍ 913 പള്ളികള്‍ മാത്രമേ അര്‍ഹരായി ഉള്ളു എന്നു മുന്‍ യാക്കോബായ വിഭാഗം വാദിച്ചു. അവയെ ഒഴിവാക്കി, 1974 ശേഷം സ്വതന്ത്രമായതും പുതുതായി സ്ഥാപിക്കപ്പെട്ടവയുമടക്കം 1624 പള്ളികളുടെ പുതുക്കിയ പട്ടിക മലങ്കര സഭ സമര്‍പ്പിച്ചു. അതോടുകൂടി 1064 പള്ളികള്‍ എന്ന പട്ടികയ്ക്ക് പുതിയ മാനം കൈവന്നു.  ഈ പട്ടികകളുടെയെല്ലാം അടിസ്ഥാനത്തിലാണ് 2002 മാര്‍ച്ച് 20-ന് പരുമലയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വിളിച്ചുകൂട്ടിയത്. 1774 പള്ളികള്‍ക്കാണ് അന്ന് നോട്ടീസ് അയച്ചത്. സുപ്രീം കോടതി നിരീഷകനായ ജ. മാളിമഠിന്റെ റിപ്പോര്‍ട്ട് പ്രകാരം 1654 പള്ളികളാണ് പട്ടികയിലുള്ളത്. ഇതൊരു പക്ഷേ ആവര്‍ത്തനങ്ങളും സ്വതന്ത്ര നിലയുള്ള ചാപ്പലുകളും ഒഴിവാക്കിയതാവാനാണ് സാദ്ധ്യത.

ഈ പട്ടിക തയാറക്കുന്ന ഘട്ടംവരെ മുന്‍ യാക്കോബായ വിഭാഗം അസോസിയേഷന്‍ നടപടികളോട് സഹകരിച്ചിരുന്നു. അതിനു ശേഷമാണ് അവര്‍ അസോസിയേഷന്‍ നടപടികള്‍ ബഹിഷ്‌ക്കരിച്ചത്. അതിനാല്‍ ഈ പട്ടികയില്‍ അവര്‍ക്ക് തര്‍ക്കം പറയാനാവില്ല. നിയമപരമായി ആ പള്ളികള്‍ എല്ലാം മലങ്കരസഭയുടെ ഭാഗവും, 1934 സഭാഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടവയും ആണ്. ഇന്ന് ആ പട്ടിക അതിലും വിപുലമാണ്. കാരണം പുതിയ ഇടവകകള്‍ രൂപമെടുക്കുന്നു എന്നതുതന്നെ. 1974-ല്‍ ഫയല്‍ ചെയ്ത മൂല അന്യായത്തിലെ ആവശ്യമനുസരിച്ചും, 2017-19 കാലത്തെ സുപ്രീം കോടതി വിധികളനുസരിച്ചും അവയിലൊന്നിലും 1934 ഭരണഘടനപ്രകാരം അല്ലാത്ത വൈദീക സ്ഥാനികള്‍ പ്രവേശിയ്ക്കുകയോ, കര്‍മ്മം നടത്തുകയോ, ഭരണത്തിലിടപെടുകയോ ചെയ്യാന്‍ സാദ്ധ്യമല്ല. നിലവിലുള്ള പള്ളികളെ പൗരസ്ത്യ സുവിശേഷ സമാജത്തിലോ സിംഹാസന പള്ളികളിലോ ഉള്‍പ്പെടുത്തി മലങ്കരസഭാ ഭരണഘടനയെ മറികടക്കാനുമാവില്ല.

ഈ പട്ടിക തയാറാക്കിയത് 1963-നു മുമ്പായിരുന്നുവെങ്കില്‍ ബാഹ്യകേരളത്തിലെ പള്ളികള്‍ ഇതില്‍ ഉള്‍പ്പെടുമായിരുന്നില്ല. ആ വര്‍ഷമാണ് അവയ്ക്ക് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അംഗത്വം ലഭിച്ചത്. അതുവരെ അവയെ ഒരു സ്വതന്ത്ര വ്യക്തിത്വമായിട്ടായിരുന്നു കണ്ടുവന്നത്. അവര്‍ക്ക് സ്വന്തമായ ഒരു അസോസിയേഷന്‍ രൂപീകരിക്കാനുള്ള ശ്രമം നടന്നിരുന്നു. പരിഷ്‌ക്കാരങ്ങളോടെ 1934 ഭരണഘടനയുടെ ഒരു രൂപം ബാഹ്യകേരള പള്ളികള്‍ക്കും അസോസിയേഷനും വേണ്ടി തയാറാക്കുകയും ചെയ്തിരുന്നു. 1963-ല്‍ ആ ശ്രമം ഉപേഷിച്ച് ബാഹ്യകേരള പള്ളികളെക്കൂടി മലങ്കര അസോസിയേഷന്റെയും മാനേജിംഗ് കമ്മറ്റിയുടേയും അവിഭാജ്യ ഘടകമാക്കി.

ഇന്ന് 1064 പള്ളികള്‍ എന്ന പ്രയോഗം കേവലം ഒരു പ്രതീകം മാത്രമാണ്. അതില്‍ ഉള്‍പ്പെട്ടതോ ഉള്‍പ്പെടാത്തതോ ആയ പള്ളികള്‍ക്ക് പ്രത്യേക സവിശേഷതകളൊന്നുമില്ല. കേസ് ഫയല്‍ ചെയ്ത 1974-ല്‍ പ്രസക്തമായിരുന്ന 1064 പള്ളികളുടെ പട്ടികയില്‍ ഇന്ന് അതിനേക്കാള്‍ ബഹുശതം പള്ളികള്‍ കൂടുതലുണ്ട്. അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ ഇവയെല്ലാം – നിലവിലുള്ളതും, പുതുതായി സ്ഥാപിക്കപ്പെടുന്നവയും – 1934 സഭാഭരണഘടനയുടെ പരിധിയില്‍ വരുന്നവയാണ്. അതിനാല്‍ത്തന്നെ പ്രതീകാത്മകമായി അവയെല്ലാം 1064 പള്ളികളില്‍ ഉള്‍പ്പെടും.

ഡോ. എം. കുര്യന്‍ തോമസ് Copyright ovsonline.in
(OVS Online, 19 ജൂണ്‍ 2019)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
1974-ല്‍ ഫയല്‍ ചെയ്ത് കേസിലെ 1064 പള്ളികൾ
error: Thank you for visiting : www.ovsonline.in