കാൽവറിയിൽ ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നോ?
വലിയ അത്താഴത്തിനു ശേഷം ക്രിസ്തു പോകുന്നത് ആ തോട്ടത്തിലെക്കാണ്, പ്രാത്ഥനയിലുടെ ദൈവത്തോട് സംസാരിക്കാൻ. മുന്നേ നടന്ന വിരുന്നിൽ പാനപാത്രം കൈയിൽ വഹിച്ചെങ്കിൽ പാപത്തിൻ്റെ പാനപാത്രം രുചിക്കാനുള്ള ഒരുക്കത്തിൻ്റെ തുടക്കം ഒന്ന് മാത്രം ആയിരുന്നു ആ തോട്ടത്തിലേക്കുള്ള യാത്ര. ഉറങ്ങി പോയ പ്രീയപ്പെട്ട ശിഷ്യമാരെ വിട്ടു ക്രിസ്തു അവിടെ ഇപ്രകാരം ദൈവത്തോട് പറയുന്നു ‘ഈ പാനപാത്രം എന്നിൽ നിന്നു അകറ്റണമേ’. പ്രാർത്ഥിക്കാൻ പഠിപ്പിച്ച, അത്ഭുതങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ദൈവപുത്രൻ പിതാവായ ദൈവത്തോട് പറയുന്നു കഴിയുമെങ്കിൽ ഈ കഷ്ടത എന്നിൽ നിന്നു അകറ്റണമേ എന്ന്. എത്രമാത്രം വേദനയോടെ ക്രിസ്തു പ്രാത്ഥിച്ചു എന്ന് സുവിശേഷങ്ങൾ അവിടെ വരച്ചു കാട്ടുന്നുണ്ട്. ലൂക്കോസ് സുവിശേഷകൻ പറയുന്നു അവൻ്റെ വിയർപ്പുതുള്ളികളിൽ രക്തം പൊടിഞ്ഞു എന്ന് അത്ര മാത്രം ആഴമായി ദൈവത്തോട് സംസാരിക്കുന്ന ക്രിസ്തുവിനെ നമ്മൾക്ക് അവിടെ കാണാൻ സാധിക്കും. ബൈബിളിൽ ഒരിടത്തും ഒരു മനുഷ്യനും ഇത്ര തിവ്രമായി ദൈവത്തോട് സംസാരിച്ചിട്ടുണ്ടാകില്ല. എന്നിട്ടും ഈ ലോകത്തിൻ്റെ പാനപാത്രം അവനിൽനിന്നു പിതാവ് മാറ്റുന്നില്ല എന്നതാണ് നാം കാണുന്നത്.
എന്താണ് ഇവിടെ അർത്ഥമാകുന്നത് ഒരു നിലവിളിയും ദൈവം കേൾക്കില്ലന്നോ അതോ എല്ലാം ജീവിതകഷ്ടങ്ങളും അനുഭവിക്കാൻ ഉള്ളത് ആണെന്നാണോ നാം ചിന്തിക്കണ്ടത്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളേ വിനീതമായി സ്വീകരിക്കാൻ പഠിപ്പിച്ച ക്രിസ്തുപോലും ഇവിടെ പതറുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നുണ്ടോ എന്ന് ചിലപ്പോൾ തോന്നും, ഇതും നമ്മൾക്കു വേണ്ടി ആണന്നാണ് മറ്റൊരു പഠിപ്പിക്കൽ, കാരണം മുന്നമേൽ നാം അറിയുന്ന ക്രിസ്തു എന്നത് അല്ലെങ്കിൽ സുവിശേഷങൾ പറയുന്ന ക്രിസ്തു എന്നത് പാപം ഒഴികെ എല്ലാം കാര്യത്തിലും നമ്മൾക്ക് സമൻ എന്നാണ്. മാനുഷികമായ എല്ലാം ചിന്തകൾക്കും ക്രിസ്തു നമ്മൾക്കു കൂട്ട് വന്നിട്ടുണ്ട് എന്നതാണ് സത്യം. ഇവിടെ പിതാവാം ദൈവം പുത്രനിലുടെ നമ്മളോട് പറയുന്നു എല്ലാം പാനപാത്രവും കുടിക്കാൻ ഉള്ളതാണ് അത് അനുഭവങ്ങള്ളിൽ വരുമ്പോളാണ് ദൈവത്തിൻ്റെ കൃപകളെ നാം മനസിലാക്കുന്നത്. അപ്പോൾ മറ്റൊരു ചിന്ത നമ്മളിൽ ഉണ്ടാകും പിന്നെ എന്തിനാണ് പ്രാർത്ഥിക്കുന്നത് സുവിശേഷം അവിടെ മനോഹരമായി പറയുന്നു “സ്വർഗത്തിൽ നിന്നു ഒരു ദുതൻ വന്നു അവനെ ബലപ്പെടുത്തി” ചില ബലപെടുത്തലുകൾ നമ്മൾക്ക് ഉണ്ടാകാൻ അത്ഭുതങ്ങൾക്കും അപ്പുറം ചില അനുഭവങ്ങൾ ആണ് ജീവിതമെന്നും, പ്രാർത്ഥന അതിനുള്ള ആയുധം എന്നും ഗത്സമനയിൽ ക്രിസ്തു നമ്മൾക്കു കാണിച്ചു തരുന്നു. ശേഷം സുവിശേഷങ്ങൾ ഒക്കെ കാണിച്ചുതരുന്നത് പ്രമാണിമാരുടെയും പുരോഹിതവർഗ്ഗത്തിൻ്റെയും കയ്യിൽ അകപ്പെടുന്ന ക്രൂരമായ വേദനകളെ സ്വീകരിക്കുന്ന ക്രിസ്തുവിനെയാണ് പല ചോദ്യങ്ങളേയും വിചാരണകളേയും നേരിടുന്ന നിർമലനായ ക്രിസ്തുവിനെയാണ്.
എല്ലാം സുവിശേഷങ്ങളിലും ക്രിസ്തുവിൻ്റെ കാൽവറി യാത്ര വളരെ ആഴമായി തന്നെ നമ്മോടു സംസാരിക്കുന്നുണ്ട്. കാൽവറിലെക്കുള്ള ഓരോ നിമിഷങ്ങളിലും ഓരോ ഇടങ്ങളിലും ചില മനുഷ്യരെ നമ്മുക്കു കാണുവാൻ സാധിക്കും. അവരൊക്കെ ഇന്നും നമ്മളുമായി എവിടെയോക്കയോ ചില ബന്ധങ്ങൾ ഉണ്ട് എന്നതാണ് സത്യം. പിലാത്തോസിനെ നമ്മുക്കു ഒന്ന് ഓർക്കാം (മത്തായി 27: 11 – 23 വരെ) വിചാരണ വേളയിൽ ക്രിസ്തുവിനോട് വളരെ അധികം കരുണ കാണിക്കുന്നുണ്ട് ആ മനുഷ്യൻ. അതിൽ ഒരു ശ്രെമം ആയിരുന്നു ഹേറോദേസിൻ്റെ അടുക്കലേക്കു ക്രിസ്തുവിനെ പറഞ്ഞു വിടുന്നത്. പിന്നീട് ജനക്കുട്ടത്തോടെ പറയുന്നു ‘ഇവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല അവനെ അടുപ്പിച്ചു വിട്ടയക്കാം എന്ന്. (ലൂക്കോസ് 23: 14-18) അപ്പോഴും ജനം ക്രൂശിക്കുക എന്ന് നിലവിളിച്ചുകൊണ്ടിരിന്നു. വീണ്ടും പീലാത്തോസ് അവിടെ പറയുന്നു ‘മരണയോഗ്യമായ ഒന്നും ഞാൻ ഇവനിൽ കാണുന്നില്ല എന്ന്, എന്നിട്ട് ബാറാബ്ബാസിനെ മുന്നിൽ നിർത്തി ക്രിസ്തുവിനെ (യോഹന്നാൻ 18: 39 – 40) സംരക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നു പീലാത്തോസ് ചില തീരുമാനം മുന്നമേൽ ഉറപ്പിച്ചപോലെ ജനം അവിടെ പറഞ്ഞു ബാറാബ്ബാസിനെ വിട്ടു തരിക ഇവനെ ക്രൂശിക്കാ. ഇവിടെ പീലാത്തോസിൻ്റെ കരുണ കർമ്മപദത്തിൽ എത്തിക്കാൻ മാത്രം സാധിക്കുന്നില്ല, അതിനുള്ള ബലമോ ആർജ്ജവമോ ആ മനുഷ്യനു ഇല്ലാതെ പോകുന്നു എന്നും കാണാം. പലപ്പോഴും നമ്മളോ നമ്മളുടെ സമൂഹമോ ഇങ്ങനെ അല്ലെ? ചില ഉത്തരവാദിത്തങ്ങളിൽ നിന്നു തെന്നിമാറി പോകാൻ ശ്രെമിക്കുന്നു അത് ചിലപ്പോൾ ആത്മീയമോ അല്ലങ്കിൽ മറ്റു തലത്തിൽ ഉള്ള ജീവിതവുമായി ബന്ധപെട്ടത് ആകാം. ഒരു തീരുമാനം എടുക്കണ്ട വ്യക്തി മറ്റുള്ളവരുടെ ജീവിതത്തിലേക്കു അത് കൈമാറുമ്പോൾ ഉണ്ടാകുന്ന ദുരന്തത്തിന്റെയും വേവലാതിയുടെ ആകെ ചിത്രമാണ് പീലാത്തോസ്.
മറ്റൊരാൾ കുറേനകാരൻ ആയ ശിമോൻ ആണ്. ക്രിസ്തുവിൻ്റെ കൂടെ കാൽവറിയിലേക്ക് സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ, മർക്കോസ് 15: 21-ൽ പറയുന്നു അലക്സന്തറിൻ്റെയും രുഫോസിൻ്റെയും അപ്പനായ ശിമോൻ എന്ന്. ഇന്നിൻ്റെ ലോകത്തിൽ നമ്മൾ സഹനത്തിൻ്റെ കുരിശു വഹിക്കാൻ എത്രപേർ തയ്യാറാകും. മറ്റുള്ളവരുടെ വേദനകളിൽ പങ്ക്ചേരുവാൻ എത്ര പേർക്ക് സാധിക്കുന്നു. കാൽവറിയിലെ ശിമോൻ ഇന്നു നഷ്ടപെട്ടു പോകുന്ന ചില നല്ല വ്യക്തിത്തങ്ങളുടെ അനുഭവങ്ങളുടെ ഒക്കെ പ്രതിനിധി ആയിട്ടാണ് കാണുന്നത്.
ബാറാബ്ബാസ്, അപ്പൻ്റെ മകൻ എന്ന് പേരുള്ള മനുഷ്യൻ. അവനു പകരമായി ആണ് ക്രിസ്തു കുരിശിൽ തറക്കപെട്ടത്. ഒരു ജനതയുടെ തെറ്റായാ തീരുമാനം ആയിരുന്നു ഇവനെ ക്രൂശിച്ചു ബാറാബ്ബായെ വിട്ടു തരിക എന്നത്. സമകാലിക സമൂഹത്തിൽ ഈ ഒരു ജനതയെ ഇന്നും നമ്മൾക്ക് കാണാൻ സാധിക്കും. പലപ്പോഴും നമ്മളും അതിൽ ഭാഗമാകാറുണ്ട് എന്നതാണു സത്യം. ഇന്നും ആ ചോദ്യം നമ്മളോട് നിശബ്ദമായി ചോദിക്കുന്നുണ്ട് ‘ആരെ നിങ്ങൾക്ക് ആവിശ്യം, ക്രിസ്തുവിനെയോ ബാറാബ്ബാസിനെയോ‘ പിന്നീട് തനിക്കു പകരം ക്രൂശിൽ തൂക്കപ്പെട്ട ക്രിസ്തുവിനെ കാണാൻ ബാറാബ്ബാസ് വന്നു എന്നാണ് സഭയുടെ ചരിത്രം ഓർമപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ ബാറാബ്ബാ നമ്മളുടെ പ്രതിനിധി ആണ്. നമ്മൾക്കു വേണ്ടിയാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്. ആ വേദനകൾ ഒക്കെ നമ്മൾക്കു വേണ്ടിയാണ് എന്ന തിരിച്ചറിവ് പോലും ഇന്നിൻ്റെ തലമുറകൾക്കു ഇല്ല എന്നതാണ് യാഥാർഥ്യം.
ഒരു വലിയ വെള്ളി കൂടി നമ്മളിലുടെ കടന്നു പോകുകയാണ്. കാൽവറിലെക്കുള്ള യാത്രകൾ നമ്മടെ ഹൃദയത്തിൽ ആണ് ഇനി ഉണ്ടാകണ്ടത്. ഇന്നും ആ കാൽവറി നമ്മളുടെ ജീവിതക്രമങ്ങളെയാണ് വരച്ചു കാട്ടുന്നത്. നമ്മുക്കു വേണ്ടി ജീവനെ നൽകിയ സ്നേഹിച്ച നമ്മളുടെ കർത്താവ്, ഇന്നും നമ്മളെ പരിധികൾ ഇല്ലാതെ നമ്മളെ കരുതുന്നു. അവനെ ഉപദ്രവിച്ചവർ ഒക്കെ പിന്നീട് ചരിത്രം നോക്കിയാൽ ക്രിസ്തിയ സഭയുടെ കെട്ടുപണിക്കായി ജീവിച്ചു എന്ന് കാണാൻ സാധിക്കും. മൗനമായി ഒന്ന് ചിന്തിച്ചു നോക്കാം ഇന്നും ക്രിസ്തു നമ്മളാൽ ക്രൂശിക്കപ്പെടുന്നുണ്ടോ, ഉണ്ടെന്നു ആണ് ഉത്തരമെങ്കിൽ നാം മാറുന്ന കാലം വരെ അത് തുടർന്നുകൊണ്ടേയിരിക്കും കാരണം ക്രിസ്തു നമ്മളെ അത്രമാത്രം സ്നേഹിക്കുന്നു…..