പെസഹാ പെസഹായിൽ
ഇസ്രായേൽ മക്കളുടെ ചരിത്രത്തിൽ പെസഹാ പെരുന്നാളിന് അതീവ പ്രാധാന്യമാണുള്ളത്. “പെസഹാ” എന്നതിന് “കടന്നു പോക്ക്” (pass over) എന്നാണ് അർഥം. പെസഹാ പെരുന്നാൾ നീസാൻ മാസം (1 ആം മാസം) 14-ആം ആയിരിക്കണമെന്നും, 15-ആം തീയതി പുളിപ്പ് ഇല്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിച്ചു, അത് 7 – ദിവസം ആചരിക്കണമെന്നും യഹോവ മോശയോട് കല്പിച്ചു (ലേവ്യ – 23 : 4 – 8). ആയതിനാൽ ഇസ്രായേൽ മക്കൾ പെസഹാ പെരുന്നാളും, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളും ചേർന്ന് ആചരിച്ചിരുന്ന രണ്ടു വ്യത്യസ്‍ത പെരുന്നാളുകളാണ്. പെസഹാ പെരുന്നാളും, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളും ആചരിക്കുന്ന ഓരോ യഹൂദന്റെയും മനസിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ സംഹാര ദൂതനിൽ നിന്നും, ഫറവോനിൽ നിന്നും വിമോചനം പ്രാപിച്ചതും, യഹോവ നൽകിയ ദേശത്തു തങ്ങളുടെ പൂർവ്വ പിതാക്കന്മാർ ആചരിച്ച കൊയ്ത് പെരുന്നാളിന്റെയുമായിരുന്നു. എന്നാൽ പെസഹാ, ക്രിസ്ത്യാനിക്കൾക്കു തങ്ങളുടെ വീണ്ടടുപ്പുകാരനായ ക്രിസ്തുവിൻ്റെ ബലിയുടെ നിഴലാണ്.
പെസഹായുടെ ഒരുക്കം യഹൂദന്:
പെസഹാ പെരുന്നാളിന് രണ്ടു അനുഷ്ഠാനങ്ങൾ സാധാരണയായുണ്ട്. പെസഹാ കുഞ്ഞാടിന് ദേവാലയത്തിൽ വെച്ച് വെട്ടി ആചാരപ്രകാരം രക്തം ബലി പീഠത്തിൽ ഒഴിക്കുക. തിരികെ കൊണ്ട് വരുന്ന മാംസം ആചാരപ്രകാരം ഭവനങ്ങളിൽ വെച്ച് ഭക്ഷിക്കുക എന്നതാണ് രണ്ട് അനുഷ്ഠാനങ്ങൾ. ഓരോ യഹൂദനും തൻ്റെ ഭവനത്തിൽ പുളിപ്പിൻ്റെ ഒരംശം പോലും ആവേശിക്കുന്നില്ല എന്ന് അന്വേഷിച്ചു ഉറപ്പു വരുത്തുന്നതാണ് പെരുന്നാളിന്റെ ആചാരപരമായ ആദ്യ ഭാഗം. കുടുംബനാഥൻ കൈയ്യിൽ ഒരു വിളക്കുമേന്തി വീടിൻ്റെ മൂക്കിലും മൂലയിലും പരതി പുളിപ്പ് ഒരു തരി പോലുമില്ലെന്ന് അന്വേഷിച്ചു ഉറപ്പു വരുത്തും. ഈ അന്വേഷണത്തിൻ്റെ ആരംഭത്തിലും അവസാനത്തിലും ഓരോ ചെറിയ പ്രാർത്ഥനകൾ ഉണ്ട്. ആരംഭത്തിൽ ‘പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആചരിക്കാൻ ഞങ്ങളോട് കല്പിച്ച, കല്പനകളിലൂടെ ഞങ്ങളെ ശുദ്ധീകരിച്ച ലോകേക രാജാവും ഞങ്ങളുടെ ദൈവമായ യഹോവ വാഴത്തപ്പെട്ടവൻ” എന്നും, അവസാനത്തിൽ “ഞാൻ അറിഞ്ഞോ അറിയാതെയോ ഈ ഭവനത്തിൽ ഒരു തരി പുളിപ്പെങ്കിലും ശേഷിക്കുന്നവെങ്കിൽ അതിനെ ഭൂമിയിലെ പൊടി പോലെ നീ കണക്കാക്കണമേ”
പിറ്റേ ദിവസം പെസഹാ സന്ധ്യയ്ക്കു മുൻപായി ഊനമില്ലാത്ത കുഞ്ഞാടിനെ ദേവാലയത്തിൽ കൊണ്ട് ചെന്ന് രക്തം ബലി പീഠത്തിൽ അർപ്പിച്ചു മാംസം തിരികെ ഭവനത്തിൽ കൊണ്ട് വരും. അങ്ങനെ കൊണ്ട് വരുന്ന മാംസം തീയിൽ വറുത്ത ഓരോ ഭവനങ്ങളിലും അല്ലെങ്കിൽ രണ്ടോ മൂന്നോ ഭവനങ്ങൾ ഒന്നിച്ചു ചേർന്ന (10 ആളുകൾക്ക് ഒരാട്) ആചാരപരമായ പെസഹാ ആരംഭിക്കും. പത്തോളും ആളുകൾ ഒരു മേശയ്ക്കു ചുറ്റം കൂടി വരുമ്പോൾ അവിടെ ആവശ്യം ഉണ്ടായിരിക്കേണ്ട വസ്തുക്കൾ ഇവയാണ് ;
1. പെസഹാ കുഞ്ഞാട്; ഇജ്യപറ്റിൽ വെച്ച് കുഞ്ഞാടിൻ്റെ രക്തം പൂശിയ ഭവനങ്ങളെ സംഹാര ദൂതൻ കടന്നു പോയതിന്റെ ഓർമ്മ.
2. പുളിപ്പില്ലാത്ത അപ്പം: മിസ്രയിമിൽ നിന്നും തിടുക്കത്തിൽ പുറപ്പെട്ടതിൻ്റെ ഓർമ്മ.
3. ചെറു പാത്രത്തിൽ ഉപ്പു വെള്ളം: മിസ്രയിമിൽ പൊഴിച്ച് കണ്ണുനീരിൻ്റെയും ചെങ്കടലിൻ്റെയും ഓർമ്മ .
4. കൈയ്പ്പ് ചീര: മിസ്രെമിലെ കയ്‌പ്പേറിയ ജീവിതം .
5. ഹരോഷെത് (പഴങ്ങളുടെ കുഴമ്പു ): മിസ്രയിമിൽ മണ്ണ് കുഴ്ച്ച ഇഷ്ടിക ഉണ്ടാക്കിയ ഓർമ്മ.
6. നാലു കപ്പു വീഞ്ഞ്: യഹോവ നൽകിയ നാല് വാഗദാനങ്ങളുടെ ഓർമ്മ (പുറപ്പാട് 6 : 6 – 7)
ഇത്രയും ക്രമീകരിച്ചതിനു ശേഷം കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടി എഴുന്നേറ്റു ചോദിക്കും, എന്ത് കൊണ്ട് ഈ രാത്രി മറ്റു രാത്രികളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതു എന്ന്. അതിനു മറുപടിയായി ഏറ്റവും മുതിർന്ന വ്യകതി പഴയ നിയമ ചരിത്ര സംഭവങ്ങൾ വിവരിക്കും. തുടർന്ന് സങ്കീർത്തനങ്ങളോടും പ്രാർത്ഥനകളോടും കൂടി ഘട്ടം ഘട്ടമായി പെസഹാ ഭക്ഷിക്കും. യെരുശലേം പട്ടണത്തിനു പുറത്തു പെസഹാ ആചരിക്കുന്നവർ അടുത്ത വർഷം “പെസഹാ യെരുശലേമിൽ” എന്ന പ്രാർത്ഥനയോടെ പെസഹാചരണം അവസാനിപ്പിക്കും.
പുതിയ നിയമത്തിൽ നമ്മുടെ കർത്താവു ആചരിച്ചത് പഴയ നിയമ പെസഹാ അല്ലെന്നും ആണെന്നുമുള്ള ബൗദ്ധികമായ അഭിപ്രായ വ്യത്യാസങ്ങൾ നില നില്ക്കുന്നുണ്ട്. സമ വീക്ഷണ സുവിശേഷങ്ങളും, വി. യോഹന്നാൻ്റെ സുവിശേഷവും താരതമ്യം ചെയ്യുമ്പോഴാണ് കർത്താവു ആചരിച്ചത് പെസഹായാണെന്നും, അല്ല അന്ത്യത്താഴമാണെന്നുമുള്ള ചിന്തകൾ വരുന്നത്. നമ്മുടെ രക്ഷിതാവായ ക്രിസ്തു പെസഹാ കുഞ്ഞാടായി കാലവറിയിൽ അർപ്പിക്കപ്പെട്ടു, “പെസഹാ പെസഹായിൽ” ചേർത്ത് എന്ന് നാം വിശ്വസിക്കുന്നു. വി. യോഹന്നാന് യേശു ക്രിസ്തു ലോകത്തിൻ്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായിരുന്നു. ക്രിസ്തുവിനെ പെസഹാ കുഞ്ഞാടായി ചിത്രീകരിക്കുന്ന പുതിയ നിയമത്തിലെ മറ്റു ഭാഗങ്ങൾ ഇവയാണ്; 1 കൊരിയന്ത്യർ – 5 : 7 , 1 പത്രോസ് – 1 : 19 , വി.യോഹാഹന്നാൻ – 1 : 29
ക്രിസ്തീയ സമൂഹം പുളിപ്പില്ലാതാണെന്നും (1 കൊരിയന്ത്യർ 5: 7 – 8), കുഞ്ഞാടിൻ്റെ രക്തത്താൽ രക്ഷിക്കപെട്ടതാണെന്നും (1 പത്രോസ് 1 : 13) പുതിയ നിയമം സാക്ഷിക്കുമ്പോൾ, പഴയ നിയമ പെസഹായ്ക്കു ക്രിസ്തീയമായ പുതിയ മാനം കൈവരുന്നു. നമ്മുടെ പെസഹാ കുഞ്ഞാട് സാക്ഷാൽ ക്രിസ്തു തന്നെ.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |