OVS - Latest NewsTrue Faith

മങ്ങിയ കാഴ്ചകളും വെളിച്ചം കെടുത്തുന്ന കാഴ്ചപ്പാടുകളും നമ്മൾക്ക് കഴുകാം

ധ്യാന വേദി : ലക്കം 6
നമ്മളുടെ ചുറ്റുമുള്ള മങ്ങിയ കാഴ്ചകള്‍, നിറമില്ലാത്ത സ്വാർത്ഥ കാഴ്ചപ്പാടുകൾ, ലക്ഷ്യബോധമില്ലാത്ത തപ്പി തടച്ചിലുകൾ  ഒക്കെ വ്യക്തമായി കാണേണ്ടുന്ന കാലമാണ് പരിശുദ്ധ നോമ്പിന്റേത്. ജീവിത യാത്രയില്‍ തിരുവചനം കാലുകൾക്ക് വിളക്കും, പാതയ്ക്ക്  പ്രകാശവുമാകണെമെങ്കിൽ  ആ വിളക്കും വെളിച്ചവും  തിരിച്ചറിയുവാന്‍ നമ്മുടെ നയനങ്ങൾക്ക് സാധിക്കണം. എങ്കില്‍ മാത്രമേ കണ്ണറിയാത്ത കുരുടനെ പോലെ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ നമ്മൾക്കും സാധിക്കകയുള്ളൂ. വെളിച്ചത്തെ പറ്റി ക്രിസ്തു പറയുന്നത് ഇപ്രകാരമാണ്, ഞാൻ ലോകത്തിൻ്റെ  വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവൻ്റെ വെളിച്ചമുള്ളവൻ ആകും എന്ന് പറഞ്ഞു. (വി.യോഹന്നാൻ 8 : 12). ഇന്ന് വിശുദ്ധ ഏവൻഗേലിയോൻ ഭാഗമായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമീകരിച്ചിരിക്കുന്നത്, വിശുദ്ധ യോഹന്നാനൻ്റെ സുവിശേഷം 9:1- 41  വരെയുള്ള ഭാഗങ്ങളാണ്. ജന്മനാ കുരുടനായ ഒരുവനെ തമ്പുരാന്‍ ശാബത് ദിനത്തിൽ, തൻ്റെ തുപ്പലിൽ ഉപയോഗിച്ച  നിലത്തിൽ നിന്നും ചേറു കുഴ്ച്ച കണ്ണിൽ പൂശി ശീലാഹം കുളത്തിലെ വെള്ളം കൊണ്ട് കാഴ്ച നല്‍കി സുഖപ്പെടുത്തുന്നതാണ് ഇന്നത്തെ ചിന്താവിഷയം. മൂന്നു ചെറിയ ചിന്തകളാണ് ഈ വേദഭാഗത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നത്.

1 . കണ്ണറിയാത്തവനിൽ  കാണപ്പെട്ട  ദൈവിക പ്രവര്‍ത്തി

ശിഷ്യന്മാരുടെ ചോദ്യത്തോടെ കൂടിയാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. ആരുടെ പാപം കാരണമാണ് ഇവന് കാഴ്ചയില്ലാത്തവനായി തീര്‍ന്നത് ? അപ്പന്റെയോ, അമ്മയുടെയോ അതോ, ഇവന്‍റെ തന്നെ പാപമാണോ ഈ അന്ധതയ്‌ക്ക്‌ കാരണം?  പലസ്തീനില്‍ നിലനിന്നിരുന്ന മത ബോധന   ചിന്തകളാണ് ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുന്നത്. രോഗത്തിന്റെയും പ്രയാസത്തിന്റെയും കാരണം പാപമാണന്നുള്ള  ചിന്ത പുലര്‍ത്തിയിരുന്ന ഒരു സമൂഹത്തോടാണ് തമ്പുരാന്‍ പറഞ്ഞത്, ഇത് പാപം  നിമിത്തം നേരിടേണ്ടി വന്ന അന്ധതയല്ല മറിച്ചു ഇവനില്‍ കൂടി ദൈവിക പ്രവര്‍ത്തി വെളിപ്പെടാന്‍ വേണ്ടിയാണ്.  നമ്മുടെയൊക്കെ ജീവിതത്തില്‍ അനേകം പ്രയാസങ്ങള്‍ ഉണ്ടാകാം, ജീവിക്കുന്ന ചുറ്റുപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന വേദനകളും അവഗണനകളും ഉണ്ടാകാം, ഇവിടെയൊക്കെ ഞാന്‍ പാപിയാണ്, തെറ്റുകാരനാണ് എന്നുള്ള ചിന്തയില്‍ മടുത്തു പോകാതെ ദൈവിക പ്രവർത്തി  എന്നില്‍ നിറവേറാനുള്ള പാത്രമായി എന്നെ മെനയുകയാണോ എന്ന്‍ വിവേചിച്ചറിയാന്‍ നമ്മുടെ ഉള്‍ നയനങ്ങൾക്കു  സാധിക്കണം.

2 .  മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടവൻ  മണ്ണു കൊണ്ട് പൂർണ്ണനാക്കപ്പെടുന്നു.

ആദിയില്‍ തന്‍റെ നിത്യ സ്നേഹത്തിന്റെ  സാക്ഷാത്‍കാരമായി ഭൂമിയിലെ മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ  ദൈവം കാലത്തികവില്‍ മനുഷ്യനെ വീണ്ടും മെനയുകയാണ്. ഇവിടെ മനുഷ്യന്‍ പൂർണ്ണനാക്കപ്പെട്ടവനാണ്, അതുകൊണ്ട് വീണ്ടും മുഴുവനായും സൃഷ്ട്ടിക്കപെടെണ്ട കാര്യമില്ല. മറിച്ച്‌ അവൻ്റെ കാഴ്ചപാടുകള്‍ നേരെയാക്കുകയാണ്. ഇന്ന് നമ്മൾക്ക് ധാരാളം കാഴ്ചയുണ്ട്, വേണ്ടതും വേണ്ടാത്തതുമായ കാഴ്ചകള്‍ ആവോളം ആസ്വദിക്കാറുമുണ്ട്‌. പക്ഷെ, നഷ്ടപ്പെട്ട് പോയത് നമ്മുടെ കാഴ്ചപ്പാടുകളും  സമീപനങ്ങളുമാണ്. അതുമൂലം കണ്ണറിയാത്ത കുരുടനെ പോലെ നാമും ആയിരിക്കുന്നുവെങ്കിൽ ഈ വിശുദ്ധ നോമ്പില്‍ ദൈവിക സന്നിധിയില്‍ സമർപ്പിച്ചു, കാഴ്ചകളും ജീവിത വിശുദ്ധിയിലേക്ക്  നയിക്കുന്ന കാഴ്ചപ്പാടുകളും സൃഷട്ടിക്കാനും നമ്മൾക്ക്  ഇടയാകണം.

3. പുതു സൃഷ്ട്ടിയായി ക്രിസ്തുവിനെ ഹൃദയം കൊണ്ട്  ഏറ്റു പറയുക.

പിറവിയിലെ കുരുടനായ മനുഷന്‍ കാഴ്ച പ്രാപിച്ചതിനു ശേഷം നേരിടേണ്ടി വന്നത് യഹൂദമത നേതൃത്വം  സൃഷ്ട്ടിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നുള്ളതായിരുന്നു. യേശു ക്രിസ്തു യഹൂദമത പ്രമാണികളിൽ  സൃഷ്‌ടിച്ച  ഭയം അവര്‍ ഈ മനുഷ്യനില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അവൻ്റെ മാതാപിതാക്കന്മാര്‍ പോലും മതത്തില്‍ നിന്നും പുറത്താക്കപെടും എന്ന് ഭയന്ന് തങ്ങളുടെ മകന് കിട്ടിയ മഹാ സന്തോഷം ആസ്വദിക്കാനാകാതെ  ഒഴിഞ്ഞു മാറിയപ്പോഴും,  ഈ മനുഷ്യന്‍ പൂര്‍ണ്ണ ധൈര്യത്തോടെ തനിക്കു കിട്ടിയ സൗഖ്യത്തെയും  സൗഖ്യദായകനെയും  ഏറ്റു പറയുകയാണ്. മിശിഹാ തമ്പുരാൻ യഹൂദന്മാരുടെയും പരീശന്മാരുടെയും കണ്ണ് മുന്നിൽ , അവർ കാണെങ്കെ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. ഇതുപോലെയാണ് നമ്മളിൽ പലരും, നമ്മുടെ ജീവതത്തിൽ , ചുറ്റുപാടുകളിൽ ദൈവം പലതവണ പ്രവർത്തിച്ചിട്ടും, പ്രതികരിച്ചിട്ടും എല്ലാം കാണുന്ന സമർത്ഥരായ നമ്മളുടെ മങ്ങിയ കാഴ്ചകളിൽ പോലും  ഇത് ഒന്നും പതിയുന്നില്ല എന്നതാണ് ചിന്തീനിയം. ഇത്തരക്കാരെ പറ്റി, യെശയ്യാ പ്രവാചകനെ ഉദ്ധരിച്ച വി.യോഹന്നാൻ 12 : 40 ഇപ്രകാരം പറയുന്നു.” അവർ കണ്ണ് കൊണ്ട് കാണുകേയോ ഹൃദയം കൊണ്ട് ഗ്രഹിക്കുക്കയോ മനം തിരിയുകെയോ താൻ അവരെ സൗഖ്യമാക്കുക്കയോ ചെയ്യാതിരിക്കേണ്ടതിനു അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” നമ്മുടെ  ജീവിതത്തിലും പ്രയാസങ്ങളും പീഡനങ്ങളും ഒക്കെ ഉണ്ടാകാം, ക്രിസ്തുവിനു വേണ്ടി ജീവന്‍ നഷ്ടപെടുന്ന അവസ്ഥ പോലും വന്നു ഭവിച്ചേക്കാം. അവിടെയൊക്കെ ക്രിസ്തുവിനെ മുറുക്കി പിടിച്ചു പൂർണ്ണ ധൈര്യമുള്ള യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കാന്‍ നമ്മൾക്ക്  കഴിയണം. പരിശുദ്ധ പൗലോസ്‌ ശ്ലീഹ പറയുമ്പോലെ  ജീവിക്കുന്നത്  ക്രിസ്തുവും മരിക്കുന്നതു  ലാഭവുമാക്കുന്നു എന്നുള്ള  പ്രത്യാശയുള്ള വേറിട്ട ക്രിസ്തീയ  ജീവിത ശൈലി നമ്മളില്‍ രൂപപ്പെടാൻ  പരിശുദ്ധ നോമ്പ് ഇടയാക്കട്ടെ.

പ്രാര്‍ത്ഥന: പിറവിയിലെ കുരുടനായ മനുഷ്യന് കാഴ്ച്ചയെ സമ്മാനിച്ച ലോകത്തിന്റെ വെളിച്ചമായ ദൈവമേ,  ഈ ലോക  ഇമ്പങ്ങൾക്ക്  പുറകെ പോയി ഉൾകാഴ്ചയെ നഷ്ട്ടപെട്ട ഞങ്ങളെ ശീലഹോ കുളക്കരയിലേക്കു എന്നപോലെ അടിയങ്ങളുടെ  സകല പാപങ്ങളുടെയും, അന്ധതകളുടെയും പൂർണ മോചനത്തിനും, സൗഖ്യത്തിനും  അവിടത്തെ വി. ത്രോണോസിൻ്റെ  സന്നിധിയിലേക്ക് അയച്ച, കാഴ്ച്ചയെ പ്രാപിച്ചു, കാഴ്ചപ്പാടിനെ തിരികെ ലഭിച്ച ലോകത്തിനു നല്ല  ജീവിത സാക്ഷ്യം നൽകുവാൻ ഞങ്ങളെ ഒരുക്കണമേ, ആമീൻ.

ജെ.എൻ

https://ovsonline.in/latest-news/great-lent-week-5/

error: Thank you for visiting : www.ovsonline.in