മെത്രാന്‍ കായലും പഠിത്തവീടും മെത്രാനും – ഡോ. എം. കുര്യന്‍ തോമസ്
സമീപ ദിവസങ്ങളിൽ വാര്‍ത്തകളിൽ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് മെത്രാൻ കായൽ. അതോടെ കുമരകത്തുള്ള ഈ പാടശേഖര ഉല്പത്തിയും നാമവും ചര്‍ച്ചാവിഷയമാവുകയും അവയെക്കുറിച്ചു അനേകം അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തിട്ടുണ്ട് . സെമിനാരിക്കായൽ എന്നും കൂടി അറിയപ്പെടുന്ന മെത്രാൻ കായലിന്‍റെ ഉല്‍പത്തിയേക്കുറിച്ചാണ് ഈ കുറിപ്പ്.
പേര് സൂചിപ്പക്കുന്നതുപോലെ കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച പഠിത്തവീടായ കോട്ടയം പഴയ സെമിനാരിയുമായി മെത്രാൻ കായലിനു അഭേദ്യമായ ബന്ധമുണ്ട്. പക്ഷേ പലരും കരുതുന്നതുപോലെ സെമിനാരി സ്ഥാപകനായ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനു (പിന്നീട് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്താ) തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദാനം നല്‍കിയ സ്ഥലമല്ല ഇത്. പഠിത്തവീടിന്‍റെ നിത്യചിലവിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്‍കിയത് മണ്‍റോ തുരുത്താണ്. കൊച്ചി പഞ്ചായത്തു കോടതിയുടെ 1840 ഏപ്രില്‍ 4നു-ണ്ടായ വിധിപ്രകാരം മണ്‍റോ തുരുത്ത് സി.എം.എസ്. മിഷിനറിമാര്‍ കൈയ്യടക്കി. കൊച്ചിൻ അവാര്‍ഡ് എന്നറിയപ്പെടുന്ന ഈ വിധി നടപ്പാക്കിയതോടെ വരുമാനം നിലച്ച സെമിനാരിയിലെ അദ്ധ്യാപനം പ്രതിസന്ധിയിലായി, എതാണ്ടു നിലച്ചു. വിധി ഏകപക്ഷീയവും നീതിനിഷേധവുമാണെന്ന കാരണത്താൽ സര്‍ക്കാരിൽ ശേഷിച്ചിരുന്ന വട്ടിപ്പണ പലിശയോ ഇതര സംഖ്യകളോ കൈപ്പറ്റാന്‍ മലങ്കരസഭ തയാറായില്ല.
ചിലര്‍ കരുതുന്നതുപോലെ മെത്രാന്‍ കായല്‍ പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ സമ്പാദിച്ചതുമല്ല. കെട്ടിക്കിടക്കുന്ന വട്ടിപ്പണപ്പലിശ ബ്രിട്ടീഷ് ഗവണ്മന്ടിനു ഒരു ബാദ്ധ്യതയായി മാറിയതിനാല്‍ ആ തുക കൈപ്പറ്റാന്‍ ഇവര്‍ മലങ്കര മെത്രാപ്പോലീത്തായെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ 1870 മകരം 26നു പഴയ സെമിനാരിയില്‍ കൂടിയ മലങ്കര പള്ളിയോഗം കൊച്ചിന്‍ അവാര്‍ഡ് പ്രകാരമുള്ള ഈ തുക കൈപ്പറ്റുവാന്‍ തീരുമാനിച്ചു. മാത്രമല്ല, …പഞ്ചായത്തു തീര്‍പ്പും പ്രകാരമുള്ള മുതല്‍ പൂര്‍വ്വസ്വത്താകയാല്‍, ആയതിന്‍റെ ഉഭയംകൊണ്ട പഠിത്വം നടത്തേണ്ടതും , വസ്തു ക്രമപ്പെടുത്തുന്നതുവരെ, പലിശ വരുവാന്‍ തക്കവിധത്തില്‍, പണം ഉറപ്പിക്കേണ്ടതും ആകുന്നു… എന്നും നിശ്ചയിച്ചു. ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ ഒരു ആലോചനക്കൂട്ടത്തേയും യോഗം നിശ്ചയിച്ചു. യോഗനിശ്ചയമനുസരിച്ച് അതേവര്‍ഷം ആലപ്പുഴ ട്രഷറിയില്‍നിന്നും അതുവരെയുള്ള വട്ടിപ്പണ പലിശയും ഇതര സംഖ്യകളും ചേര്‍ത്തു 35,480 രൂപ, 10 അണ, 2 പൈസ കൈപ്പറ്റുകയും, ആ തുക അന്നുതന്നെ ആലപ്പുഴ ബാങ്കില്‍ അഞ്ചു ശതമാനം പലിശയ്ക്കു നിക്ഷേപിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് 1870 ഇടവം 9നു ഭാഗികമായെങ്കിലും പഴയസെമിനാരിയില്‍ വിദ്യാഭ്യാസം പുനരാരംഭിച്ചു. നിക്ഷേപ തുകയുടെ പലിശ പഠനച്ചിലവിന് ഉപയോഗിച്ചുവന്നതായി 1871ലെ സെമിനാരി കണക്കുകളില്‍ കാണുന്നുണ്ട്.
ആലപ്പുഴ ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ കൊല്ലവര്‍ഷം 1048 (1872) മീനം 15നുനിക്ഷേപസംഖ്യയും ശേഷിച്ച പലിശയുമടക്കം 36,899 രുപ, 13 അണ, 9 പൈസ മെത്രാപ്പോലീത്താ കൈപ്പറ്റി സെമിനാരിയില്‍ എത്തിച്ചു. അതേ മാസം 29ന് പഴയ സെമിനാരിയില്‍ കൂടിയ ആലോചനക്കൂട്ടം,…പലിശ ഈടാക്കുവാന്‍ തക്കവണ്ണം ആയിരം രൂപയില്‍ കുറയാതെ ഉള്ള തുകയില്‍ ഇനി ലാഭത്തില്‍ കൊടുക്കുകയോ, വസ്തു വാങ്ങിക്കുകയോ ചെയ്യേണ്ടതാകുന്നു എന്നു നിശ്ചയിച്ചു. അതനുസരിച്ച് കൊല്ലവര്‍ഷം 1048 കര്‍ക്കിടകം വരെ 26,405 രൂപ ചിലവഴിച്ചതായി ആ വര്‍ഷത്തെ സെമിനാരി കണക്കിലുണ്ട്. തുടര്‍ന്ന് കൊല്ലവര്‍ഷം 1056 (1881) വരെയുള്ള കണക്കുകളില്‍ പ്രതിവര്‍ഷം പാട്ടം നെല്ല് ലഭിച്ചതായും, 1056ല്‍ കര്‍ക്കിടകംവരെ മുന്‍ വര്‍ഷങ്ങളിലെ പാട്ടബാക്കിയടക്കം 4,226 പറ 5/8 ഇടങ്ങഴി നെല്ല് പാട്ടമായി ലഭിച്ചതായും കാണുന്നു. ഇതില്‍നിന്നും സെമിനാരിക്കായി നെല്‍പ്പടങ്ങള്‍ ഇക്കാലത്ത് വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഇവയില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് 1873-74 വര്‍ഷങ്ങളിലാണെന്ന് ചില രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
പക്ഷേ ഇത് കുമരകം കായല്‍ നിലം അല്ല. മാര്‍ മാത്യൂസ് അത്താനാസ്യോസ് 1877ല്‍ കാലംചെയ്തതിനേത്തുടര്‍ന്ന്, തന്നെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും നിയമാനുസൃത മലങ്കര മെത്രാപ്പോലീത്തായുമായി പ്രഖ്യാപിക്കണമെങ്കും, എതിര്‍ കൈവശത്തിലുള്ള സമുദായ സ്വത്തുക്കള്‍ നടത്തിയെടുത്തു തരണമെങ്കും ആവശ്യപ്പെട്ട് പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മെത്രാപ്പോലീത്താ ആലപ്പുഴ ജിസ്റ്റാ കോടതിയില്‍ കൊല്ലവര്‍ഷം 1054ല്‍ ഒറിജിനല്‍ സ്യൂട്ട് നമ്പര്‍ 439 ആയി ഫയല്‍ ചെയ്ത കേസിലെ സ്ഥാവരവസ്തുക്കളുടെ പട്ടികയില്‍ കുമരകം കായല്‍നിലം ഇല്ല. 17വസ്തുക്കളുള്ള പട്ടികയില്‍ പതിനാലാമതായി ചെങ്ങന്നൂര്‍ ജില്ലയില്‍ ചെന്നിത്തല മുറിയില്‍ നേന്ത്രവേലി നിലം എന്ന വിസ്തൃതമായ പാടശേഖരം കാണാനുണ്ട്. 1889ല്‍ തിരുവിതാംകൂര്‍ റോയല്‍കോടതി വിധിക്കുശേഷം അദ്ദേഹം നടത്തിയെടുത്ത വസ്തുക്കളിലും നേന്ത്രവേലി നിലം ഉള്‍പ്പെടുന്നു. അതില്‍നിന്നും 187374 കാലത്ത് വാങ്ങിയ വസ്തു ഇതാണന്നു വ്യക്തമാകുന്നുണ്ട്.
പഴയസെമിനാരി വസ്തുക്കളുടെ വസ്തു രജിസ്റ്റര്‍ അനുസരിച്ച് കുമരകം കായല്‍നിലം സമ്പാദിച്ചതും വികസിപ്പിച്ചതും പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായാണ്. ഈ രേഖപ്രകാരം 1899-1900 കാലത്താണ് കോട്ടയം താലൂക്കില്‍ കുമരകം പ്രവൃത്തിയില്‍ കുമരകം മുറിയില്‍ കായല്‍നിലം പതിപ്പിച്ചെടുത്ത് കൃഷിയോഗ്യമാക്കിയത്. പില്‍ക്കാലത്ത് മുരിക്കന്‍ വളച്ചെടുത്ത കായല്‍ നിലങ്ങള്‍ക്ക് അദ്ദേഹം റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നു പേരിട്ടതുപോലെ മലങ്കര മെത്രാപ്പോലീത്താ കൃഷിയോഗ്യമാക്കിയ നെല്‍പാടത്തിനു ജനം നല്‍കിയ പേരാണ് മെത്രാന്‍ കായല്‍. അതേകാലത്ത് കോട്ടയം അമയന്നൂരില്‍ അദ്ദേഹം പതിപ്പിച്ചെടുത്ത ചേരിക്കല്‍ പുരയിടം ഇന്നും മെത്രാന്‍ചേരി എന്നാണ് അറിയപ്പെടുന്നത്. മെത്രാന്‍ കായല്‍ പഴയ സെമിനാരി വകയായതിനാല്‍ അപൂര്‍വമായി സെമിനാരിക്കായല്‍ എന്നും അറിയപ്പെട്ടു.
നാലായിരം പറ വിത്തുപാട് (ഏകദേശം 417 ഏക്കര്‍) ആണ് മെത്രാന്‍ കായലിന്‍റെ മൊത്തം വിസ്തൃതി. പക്ഷേ വസ്തു രജിസ്റ്റര്‍ പ്രകാരം 1912 ആകുമ്പോള്‍ മലങ്കരസഭയുടെ കൈവശം 178 ഏക്കര്‍ 80 സെന്‍റ് ഭൂമി മാത്രമാണ് ഉള്ളത്. ഇക്കാലത്തിനിടയില്‍ മെത്രാന്‍ കായലിന്‍റെ പലഭാഗങ്ങളും വിറ്റതായും വിട്ടുകൊടുത്തതായും സൂചനകളുണ്ട്. 1912ല്‍ അവസാനിച്ച റീസര്‍വേയ്ക്കു ശേഷം പ്രതിവര്‍ഷം 750 രൂപയായിരുന്നു സെമിനാരിയില്‍നിന്നും ശേഷിച്ച ഭാഗത്തിനു നല്‍കേണ്ട ഭൂനികുതി.
തിരുവിതാംകൂര്‍ സര്‍ക്കാര്‍ കുട്ടനാട്ടിലെ നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്ന അക്കാലത്ത് വേമ്പനാട്ടു കായലിന്റെ പാര്‍ശ്വങ്ങളിലുള്ള ചതുപ്പു നിലങ്ങളോ കായല്‍ തന്നെയോ പതിച്ചെടുക്കുക എന്നത് പ്രായേണ ലളിതമായ ഒരു പ്രക്രിയയായിരുന്നു. നിശ്ചിത സംഖ്യ സര്‍ക്കാരില്‍ അടച്ചാല്‍ അന്നു ആര്‍ക്കും ഭൂമി പതിച്ചുകിട്ടുമായിരുന്നു. പക്ഷേ സമുദ്രനിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ താഴ്ന്നുകിടക്കുന്ന വേമ്പനാട്ടുകായലില്‍ ചുറ്റും കട്ടകുത്തി പുറവരമ്പിട്ട് ഉള്ളിലെ വെള്ളം തേകിപ്പറ്റിച്ച് കൃഷിയിറക്കുക എന്നത് കഠിനമായ അദ്ധ്വാനവും ഭീമമായ പണച്ചിലവുമുള്ള ഒരു ഭഗീരഥപ്രയത്‌നം ആയിരുന്നു. അതിനാല്‍ത്തന്നെ ചെറുകിടക്കാര്‍ക്ക് അസാദ്ധ്യവും. എന്നും ധനികനും എന്നും ദരിദ്രനുമെന്നു വിശേഷിപ്പിക്കപ്പെടുന്ന മാര്‍ ദീവന്നാസ്യോസിന്‍റെസാമ്പത്തികനില ഇത്തരമൊരു മഹാപ്രസ്ഥാനം ഒറ്റയ്ക്കു നടത്തുവാന്‍ അനുകൂലമല്ലായിരുന്നു. അതിനാല്‍ മികച്ചൊരു സംരംഭകനായിരുന്ന മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മുന്‍കൈയ്യെടുത്തു പതിപ്പിച്ചെടുത്ത പണ്ടാരവക നിലം അക്കാലത്തുതന്നെ മറ്റു പലരുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി മാറി. പുറവരമ്പുകളുടെ അറ്റകുറ്റപ്പണികൂടാതെ പ്രതിവര്‍ഷ നികുതിയും കായല്‍നിലങ്ങളുടെ ബാദ്ധ്യതയായിരുന്നു. ഈ സാഹചര്യങ്ങളിലും മെത്രാന്‍കായലിന്‍റെ പലഭാഗങ്ങളും വിറ്റുമാറിയതായി സൂചനകളുണ്ട്. എങ്കിലും മൊത്തം പാടശേഖരം മെത്രാന്‍ കായല്‍ എന്നുതന്നെ അറിയപ്പെട്ടു.
പഴയ സെമിനാരിയുടെ പഠനച്ചിലവിനാണ് മെത്രാന്‍ കായലില്‍ കൃഷിയിറക്കിയത്. പക്ഷേ സമീപകാലത്ത് ചിലര്‍ രേഖപ്പെടുത്തിയതുപോലെ അവിടുത്തെ അദ്ധ്യാപകരോ വൈദീക വിദ്യാര്‍ക്കികളോ അതിനു കായികാദ്ധ്വാനമൊന്നും നടത്തിയിട്ടില്ല. കഠിനവും വൈദഗ്ദ്യം ആവശ്യമുള്ളതുമായ കട്ടകുത്തും ചക്രം ചവിട്ടി വെള്ളംവറ്റിക്കലും ഇതര കൃഷിപ്പണികളും നടത്തിയത് കുട്ടനാട്ടിലെ പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍,താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരും ആയിരുന്നു. സെമിനാരി നേരിട്ട് ഒരിക്കലും മെത്രാന്‍ കായലില്‍ കൃഷി ചെയ്തിരുന്നില്ല. അനേകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി നല്‍കിയാണ് കൃഷി ഇറക്കിയിരുന്നത് എന്നതിനു രേഖകളുണ്ട്.
1909ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കാലംചെയ്തതിനേത്തുടര്‍ന്നു പ. വട്ടശ്ശേരില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് ആറാമനും 1934ല്‍ അദ്ദേഹം കാലംചെയ്തതിനേത്തുടര്‍ന്നു പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായുമായി മെത്രാന്‍ കായലിന്‍റെ ജഗ്നി. 1950-60കളില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് പഴയ സെമിനാരിയുടെ നെല്‍പാടങ്ങളില്‍ ഭുരിപക്ഷവും നഷ്ടപ്പെട്ടു. അവശേഷിച്ച അപുര്‍വം പാടങ്ങള്‍, നെല്‍കൃഷി ദുഷ്‌ക്കരമാവുകയും ലാഭകരമല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ 1970കളില്‍ വിറ്റു. അതിനു ലഭിച്ച തുശ്ചവില കോട്ടയം എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍ററിന്‍റെ പണിക്ക് ഉപയോഗിച്ചു. ഈ പാടശേഖരങ്ങളുടെ വരുമാനം പഠിത്തവീടിനു അവകാശപ്പെട്ടത് ആയിരുന്നതിനാല്‍ എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍ററിന്‍റെ വാടകയില്‍ ഒരുഭാഗം പഴയസെമിനാരിക്കു നല്‍കിത്തുടങ്ങി. അതോടെ മലങ്കര മെത്രാനും സെമിനാരിയ്ക്കും മെത്രാന്‍ കായലുമായുള്ള ബന്ധവും അവസാനിച്ചു. ഇന്നു മെത്രാന്‍ കായലുമായി പടിത്തവീടിനും മലങ്കര മെത്രാനും ബന്ധമൊന്നുമില്ല. പക്ഷേ മെത്രാന്‍ കായല്‍ അത് പേരില്‍ നെല്‍പാടമായിത്തന്നെ എന്നും നിലനില്‍ക്കണം. അത് കുട്ടനാടന്‍ കാര്‍ഷിക സംസ്‌കൃതിയുടേയും ചരിത്രത്തിന്‍റെയും തിരുശേഷിപ്പാണ്. ഒപ്പം കൃഷിയിറക്കുന്ന നാലുമാസമൊഴികെ പ്രതിവര്‍ഷം എട്ടുമാസം വെള്ളത്തിലാണ്ട് കിടക്കുന്ന തണ്ണീര്‍ത്തടവും.
എഴുതിയത് :- ഡോ. എം. കുര്യന്‍ തോമസ്